ADVERTISEMENT

അനുഭവങ്ങളോടു നീതി പുലര്‍ത്തുമ്പോഴാണ് മികച്ച കൃതികള്‍ സൃഷ്ടിക്കപ്പെടാറ്. സ്വന്തം കാലത്തോടും താന്‍ ജീവിക്കുന്ന സമൂഹത്തോടും തനിക്കേറെ പരിചിതമായ സാഹചര്യങ്ങളോടുമുള്ള താദാത്മ്യപ്പെടല്‍. ഉള്ളില്‍ തട്ടിയ അനുഭവം വായനക്കാരനും അതേ തീവ്രതയില്‍ പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഐക്യഭാവവും ശക്തിപ്പെടും. മിക്ക എഴുത്തുകാരുടെയും ജീവിതത്തില്‍ ഇങ്ങനെ എടുത്തുകാണിക്കാനാവുന്ന സൃഷ്ടികളുണ്ട്. മാസ്റ്റര്‍പീസുകള്‍; കാലത്തെ അതിജീവിക്കുന്ന ക്ലാസ്സിക്കുകള്‍.  അക്കിത്തത്തിന്റെ കവിതാ ലോകത്ത് ഇത്തരം മികച്ച സൃഷ്ടികള്‍ ഒന്നിലേറെയുണ്ടെങ്കിലും ആത്മാര്‍ഥതയാലും ആര്‍ജവത്താലും ജീവിതനിരീക്ഷണത്താലും മുന്നിട്ടുനില്‍കുന്ന സൃഷ്ടിയാണ് ‘പണ്ടത്തെ മേശാന്തി’. 

 

താനുള്‍പ്പെട്ട നമ്പൂതിരി സമുദായത്തിലെ ഒരു യുവാവിന്റെ ജീവചരിത്രമാണ് കവി അവതരിപ്പിക്കുന്നത്; ആത്മകഥാ രൂപത്തില്‍. ഒരു കഥയായി തുടങ്ങുന്ന കവിത ഓരോ വ്യക്തിയും ജീവിതത്തോടു പുലര്‍ത്തേണ്ട മനോഭാവത്തെ ഉജ്വലമായ വാക്കുകളില്‍ അടിവരയിട്ട് അവതരിപ്പിക്കുന്നു. ഒരു ദുരന്തകാവ്യമെങ്കിലും വിശ്വാസത്തിന്റെ ശക്തിയും ശുഭപ്രതീക്ഷയുടെ വെളിച്ചവും പകരുന്നു. ഒറ്റത്തവണ വായനകൊണ്ടുപോലും കവിതയിലെ ചില വരികള്‍ മനസ്സില്‍ എന്നെന്നേക്കുമായി മുദ്രണം ചെയ്യപ്പെടും. 

 

തുപ്പന്‍ എന്ന ഉണ്ണിനമ്പൂതിരി. കാലം മാറുന്നതറിയാതെ ഇല്ലത്ത് സമൃദ്ധമായി ആഹാരം കഴിച്ചും വിനോദങ്ങളില്‍ മുഴുകിയും കാലം പോക്കുന്ന, ഒരു കാലഘട്ടത്തിലെ നമ്പൂതിരി സമൂദായത്തിന്റെ പ്രതീകമായ യുവാവ്. പകിടകളിയാണ് പ്രധാന വിനോദങ്ങളിലൊന്ന്. കളിക്കിടെ വിശന്നപ്പോള്‍, തിടുക്കത്തില്‍ ഓടിച്ചെന്ന് ഉണ്ണാനിരുന്നു. അപ്പോള്‍ വാതില്‍ക്കല്‍ വന്ന അമ്മ പറയുന്നു: 

കര്‍ക്കടക മാസം കഴിയുംവരെയ്ക്കിനി- 

ക്കഞ്ഞിയാണുണ്ണീ, നിനക്കിഷ്ടമാകുമോ ? 

 

സുഖത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അലസതയുടെയും അല്ലലില്ലായ്മയുടെയും ലോകം തുപ്പനു ചുറ്റും പൊട്ടിത്തകരുകയാണ്. യാഥാര്‍ഥ്യത്തിന്റെ കല്ലേറു കൊണ്ടു തകരുന്ന ദന്തഗോപുരം. കഞ്ഞി തുപ്പനു വിരോധമൊന്നുമില്ല. എന്നാല്‍ അമ്മയുടെ വാക്കുകളിലെ അമര്‍ത്തിയ വിഷാദം അയാള്‍ അറിയുന്നു. അറിയാതെ പുറത്തുവന്ന ഗദ്ഗദം. ‘ആഴിത്തിരകളുടെ ഗദ്ഗദം പോലെ’  ചെവിക്കുള്ളില്‍ വീണ്ടും വീണ്ടും മുഴങ്ങുന്നു. അന്നു പിന്നെ കളി തുടരാന്‍ പോയില്ല. ചിന്തിച്ചു. കണ്ണീര്‍ വാര്‍ത്തു. താനൊരു ശുംഭനാണെന്നും പാപിയാണെന്നും അയാള്‍ തിരിച്ചറിയുന്നു. അയാളിരുന്ന തഴപ്പായ അന്നാദ്യമായി കണ്ണീരില്‍ കുതിര്‍ന്നു. പിറ്റേന്ന് അരയിലൊരു ചാലിയത്തോര്‍ത്തുമായി  മുറ്റത്തിറങ്ങി. അച്ഛനോട് യാത്ര ചോദിച്ചു. മകനെ പഠിപ്പിച്ച് യോഗ്യനാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. അതു കഴിയാതെ വന്നതിന്റെ സങ്കടം അയാളുടെ മനസ്സിലുണ്ട്. 

 

ശാന്തി തേടി പോവുന്ന മകനെ വിലക്കാന്‍ തനിക്ക് അധികാരമില്ലല്ലോ എന്ന നിസ്സഹായതയില്‍ മകനെ യാത്രയയയ്ക്കുന്നു. പിതാവിന്റെ പൂണുനൂലും കണ്ണീരില്‍ നനഞ്ഞു. ഒന്നു തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കണ്ണുനീര്‍ നിറഞ്ഞ നാലു കണ്ണുകള്‍ തന്നെ പിന്തുടരുന്നു. 

 

ജോലി തേടി ഏറെ പടികള്‍ കയറിയിറങ്ങി. ഒടുവില്‍ ആന വലിച്ചാലനങ്ങാത്ത ഭണ്ഡാരവും സ്വര്‍ണ്ണക്കൊടിമരവുമുള്ള ദേവന്റെ കോവിലില്‍ ശാന്തിപ്പണി കിട്ടി. ഒരു താക്കീതോടെയാണ് ജോലി കിട്ടിയത്. മുന്‍പ് ശാന്തി ചെയ്തിരുന്നയാള്‍ കള്ളത്തരം കാണിച്ചതുകൊണ്ട് പിരിച്ചുവിടുകയായിരുന്നെന്നും അങ്ങനെയൊന്നും ഉണ്ടാകരുതെന്നും. ആമാശയത്തില്‍ ഒരു സൂചി പോലെ വാക്കുകള്‍ കുത്തിനോവിച്ചുകൊണ്ടിരുന്നു. 

ഒരു കാപട്യവുമില്ലാതെ ജോലി ചെയ്തു. ശാരീരിക ക്ലേശം. മനഃക്ലേശം. ഒക്കെയുണ്ടായിരുന്നു. ഉത്സവകാലത്ത് ഊണും ഉറക്കവും വെടിഞ്ഞ് രാപകലില്ലാതെ ജോലി ചെയ്തു. ഒരു ഉത്സവകാലത്ത് തുപ്പന്‍ കൂടല്ലൂരാനയുടെ പുറത്ത് പ്രതാപശാലിയായി ഇരിക്കുന്നതു കണ്ടപ്പോള്‍ ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകളില്‍ ബഹുമാനം. നടയടച്ച്, വിശന്നുവലഞ്ഞ് ഉണ്ണാന്‍ ഓടുമ്പോള്‍ കുട്ടികള്‍ തുപ്പന്റെ ചുറ്റും കൂടി. 

 

എന്നെയുമാനപ്പുറത്തു കയറ്റണ- 

മെന്നെയുമെന്നെയുമെന്നെയുമെന്നെയും ! 

 

ഉത്സവസ്ഥലത്തു കൂടിയ ആളുകള്‍ ആ കാഴ്ച കണ്ടു ചിരിച്ചു. 

 

തുപ്പന്‍ കുട്ടികളോട് പറഞ്ഞു: 

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ 

എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ ! 

 

വര്‍ഷങ്ങള്‍ കടന്നുപോയി. യാത്ര ചോദിക്കുമ്പോള്‍ തന്റെ നേര്‍ക്കു നീണ്ടു വന്ന നാലു കണ്ണുകളുടെ ഉടമസ്ഥര്‍ കിടപ്പിലായി. ശ്രീകോവിലില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ ഊര്‍ധ്വന്‍ വലിക്കുന്ന ശബ്ദം അയാളുടെ ചെവികളില്‍ മുഴങ്ങി. അന്നാദ്യമായി ഔചിത്യ ചിന്ത വെടിഞ്ഞ് 

‘എന്തുണ്ടിനിശ്ശാന്തിവൃത്തി’ എന്ന് ഊരാളനോടു ചോദിച്ചുപോയി. വ്യാജം പ്രവര്‍ത്തിച്ചില്ലെങ്കിലും അതുമതിയായി അപ്രിയത്തിന്. കൂപ്പു കയ്യോടെ അവിടം വിട്ടുപോകേണ്ടിവന്നു. 

 

പിന്നീട് നഗരത്തിലെത്തി. ഫാക്ടറിത്തൊഴിലാളിയായി. കുടുമ മുറിച്ചു. മേല്‍മീശ വളര്‍ത്തി. പൂണുനൂല്‍ ഊരിക്കളഞ്ഞു. ഓത്തുവായ് കൊണ്ട് ഇറച്ചിയും മീനും കഴിച്ചു. മന്ത്രങ്ങളും തന്ത്രങ്ങളും മറന്നു. പണ്ടു നിവേദിച്ച പണപ്പായസത്തിന്റെ സ്വാദ് മറന്നേപോയി. മദ്യപാനത്തിലൂടെ ആത്മഹത്യയുടെ അനുഭൂതിയെന്തെന്നറിഞ്ഞു. അപ്പോഴും ആളുകള്‍ക്ക് ഒന്നേ പറയാനുള്ളു: തുപ്പനു ഭാഗ്യമുണ്ട്. അതു കേള്‍ക്കുമ്പോള്‍ തന്റെ തന്നെ വാക്കുകള്‍ തുപ്പന്‍ ഓര്‍മിക്കുന്നു: 

 

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ 

എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ ! 

നിങ്ങള്‍ തന്‍ കുണ്ഠിതം കാണ്‍മതില്‍ ഖേദമു- 

ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍ വിധിയെ ഞാന്‍. 

ഗര്‍ഭഗൃഹത്തിലുണ്ടാശ്രിത വാത്സല്യ- 

നിര്‍ഭരനായൊരാളെന്റെയായെന്റെയായ് ! 

പൊള്ളോ പൊരുളോ പറഞ്ഞു ഞാനെന്നെന്ന

ഭള്ളെനിക്കിപ്പോഴുമില്ലൊരു ലേശവും 

കാണായതപ്പടി കണ്ണുനീരെങ്കിലും 

ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസശക്തിയാല്‍ ’ 

 

English Summary : Akkitham Achuthan Namboothiri poet of love And Humanism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com