ADVERTISEMENT

അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനനം.  

 

8 മുതൽ പിതാവിൽനിന്നും മറ്റും ഋഗ്വേദവും പിന്നീട് കൊടക്കാട്ട് ശങ്കുണ്ണിനമ്പീശനിൽനിന്നു സംസ്കൃതം, ജ്യോതിഷം എന്നിവയും 14–ാം വയസ്സിൽ തൃക്കണ്ടിയൂർ കളത്തിൽ ഉണ്ണികൃഷ്ണമേനോനിൽ നിന്ന് ഇംഗ്ലിഷ്, കണക്ക് എന്നിവയും അഭ്യസിച്ചു. വി.ടി. ഭട്ടതിരിപ്പാടിൽനിന്നു തമിഴും പഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. 

 

എട്ടാം വയസ്സിൽ കവിതയെഴുതിത്തുടങ്ങി. കുമരനല്ലൂർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും അസുഖം മൂലം പഠനം തുടരാനായില്ല. തിരികെ വന്ന് തൃശൂർ മംഗളോദയം പ്രസിൽ ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി.

 

ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു കുട്ടിക്കാലം മുതൽ താൽപര്യം. പൊന്നാനിക്കളരിയിൽ ഇടശേരി, വിടി, ഉറൂബ്, നാലപ്പാടൻ എന്നിവരുടെ സന്തതസഹചാരിയായി. ഇളമുറക്കാരായ എം.ടി.വാസുദേവൻ നായരും സി.രാധാകൃഷ്ണനും സാഹിത്യസപര്യയിൽ കൂട്ടായി.

 

അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ‘കൂട്ടുകൃഷി’യിലെ അഭിനയത്തിന് മുണ്ടശ്ശേരിയുടെ അഭിനന്ദനം.

 

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായ കവി പിന്നീട് യോഗക്ഷേമസഭയുടെ സജീവ പ്രവർത്തകനുമായി.

 

1949ൽ പട്ടാമ്പി ആയമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനവുമായി വിവാഹം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.

 

1946 മുതൽ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനും യോഗക്ഷേമം, മംഗളോദയം മാസികകളുടെ പത്രാധിപസമിതി അംഗവുമായിരുന്നു. ആകാശവാണിയിൽ 1956 മുതൽ 75 വരെ കോഴിക്കോട്ടും തുടർന്നു തൃശൂരിലും പ്രവർത്തിച്ചു. 1985 ൽ എഡിറ്ററായി വിരമിച്ചു.

 

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

 

ഫ്രഞ്ച് റേഡിയോയിൽ അഭിമുഖം പ്രക്ഷേപണം ചെയ്‌തു. കവിതകളുടെ ഫ്രഞ്ച് വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജാക് ജുവേ, ഡൊമനിക് ബുസേ, ഗീത കൃഷ്‌ണമൂർത്തി എന്നിവരാണു വിവർത്തകർ.

 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഇ.എം.ജെ. വെണ്ണിയൂർ ഇംഗ്ലിഷിലേക്കും ഗോപാൽ ജയിൻ ഹിന്ദിയിലേക്കും എൽ.ആർ.സ്വാമി തെലുങ്കിലേക്കും വിവർത്തനം ചെയ്‌തു. അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന പേരിൽ ഓരോ കൃതികൾ ഹിന്ദിയിലേക്ക് യു.കെ.എസ്.ചൗഹാനും വി.കെ.ഹരിഹരനുണ്ണിത്താനും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 

പ്രധാന കൃതികൾ

 

∙ കവിത

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരുകുല മുന്തിരിങ്ങ, ഒരുകുടന്ന നിലാവ്, വീരവാദം, വളകിലുക്കം, മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ, കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ, ബലിദർശനം, കുതിർന്ന മണ്ണ്, ധർമസൂര്യൻ, ദേശസേവിക, പണ്ടത്തെ മേൽശാന്തി

 

∙ നാടകം

ഈ എട്ടത്തി നുണയേ പറയൂ

 

∙ ചെറുകഥാ സമാഹാരം

അവതാളങ്ങൾ, കാക്കപ്പുള്ളികൾ

 

∙ ലേഖന സമാഹാരം

ഉപനയനം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ, കവിതയിലെ വൃത്തവും ചതുരവും, പൊന്നാനിക്കടൽ.

 

പ്രധാന പുരസ്കാരങ്ങൾ

∙ പത്മശ്രീ (2017)

∙ ജ്ഞാനപീഠം (2019)

∙ കേരള സാഹിത്യ അക്കാദമി അവാർഡ് (ബലിദർശനം–1972)

∙ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)

∙ ഓടക്കുഴൽ അവാർഡ് (1974)

∙ സഞ്ജയൻ പുരസ്കാരം (1952)

∙ പത്മപ്രഭ പുരസ്കാരം (2002)

∙ അമൃതകീർത്തി പുരസ്കാരം (2004)

∙ മധ്യപ്രദേശ് സർക്കാരിന്റെ കബീർ സമ്മാനം (2007)‍

∙ മൂർത്തീദേവി പുരസ്കാരം (2009)

∙ എഴുത്തച്ഛൻ പുരസ്കാരം (2008)

∙ വയലാർ അവാർഡ് -2012

∙ ആശാൻ പുരസ്കാരം (1994)

∙ ഉള്ളൂർ പുരസ്കാരം (1994)

∙ ലളിതാംബിക അന്തർജനം അവാർഡ് (1996)

∙വള്ളത്തോൾ സമ്മാനം (1996)

∙ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1998)

∙ ബാലാമണിയമ്മ പുരസ്കാരം

∙ തൃപ്പൂണിത്തുറ സംസ്കൃത കോളജിന്റെ ‘സാഹിത്യനിപുണ’ ബിരുദവും സുവർണമുദ്രയും (1973)

∙പട്ടാമ്പി സംസ്കൃത കോളജിന്റെ ‘സാഹിത്യരത്ന’ ബിരുദവും സുവർണമുദ്രയും (1973)

∙ കൊച്ചി വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ‘പണ്ഡിതരത്ന’ ബിരുദം (1997)

 

English Summary: Akkitham Achuthan Namboothiri, Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com