ADVERTISEMENT

കവിതയാണ് കവിയുടെ പ്രത്യയശാസ്ത്രമെങ്കില്‍ അക്കിത്തം അച്യൂതന്‍ നമ്പൂതിരി ഏതു പക്ഷത്ത് എന്നതിനെക്കുറിച്ച് തര്‍ക്കത്തിന്റെ ആവശ്യം തന്നെ ഇല്ല. എന്നാല്‍, കവിതയ്ക്കു പുറത്തും കവി എന്ന മനുഷ്യന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതു ചിലപ്പോള്‍ ക്രൂരമായിട്ടുണ്ട്. അന്യായമായിട്ടുണ്ട്. വിമര്‍ശനത്തെ കൂസാതെ കവിതയിലൂടെ നിലപാട് പ്രഖ്യാപിക്കുന്നതായിരുന്നു അക്കിത്തത്തിന്റെ രീതി. അതാണദ്ദേഹം വിശ്വസിച്ച നീതി; കാവ്യനീതി. ജീവിതത്തില്‍ പലപ്പോഴും നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കവിത തലയുയര്‍ത്തിനിന്നപ്പോഴൊക്കെ അക്കിത്തം അപരാജിതനായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും പോരാടുന്നവര്‍ക്കുമൊപ്പം അദ്ദേഹം പടയാളിയായി. എന്നാല്‍ അക്രമത്തിന്റെയും അനീതിയുടെയും ഭാഗമാകാന്‍ ഒരിക്കലും തയാറായതുമില്ല. 

 

യോഗക്ഷേമസഭയില്‍ അംഗമായിരുന്നിട്ടുണ്ട് അക്കിത്തം എന്ന യുവാവ്. നമ്പൂതിരി സമൂദായത്തിലെ പരിഷ്കരണങ്ങള്‍ക്കുവേണ്ടി വാദിച്ചിട്ടുണ്ട്. പ്രയത്നിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചു. ഗാന്ധിജിയെ വാഴ്ത്തി, പിന്നീട് ജവാഹര്‍ലാല്‍ നെഹ്റുവിനെ വാഴ്ത്തി ഒട്ടേറെ കവിതകളും എഴുതിയിട്ടുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് യോഗക്ഷേമ സഭയുടെ പ്രമുഖ നേതാക്കളായിരുന്ന വി.ടി.ഭട്ടതിരിപ്പാട്, ഇഎംഎസ് നമ്പൂതിരിപ്പാട്, ഒഎംസി നാരായണ നമ്പൂതിരിപ്പാട് എന്നിവരുടെ പഴ്സനേല്‍ സെക്രട്ടറിയായിരുന്നു. ഇതിനെല്ലാമുപരി ഒരു കാലത്ത് അടിയാളര്‍ എന്നു വിളിക്കപ്പെടുന്നവര്‍ നടത്തിയ സമരത്തില്‍ കവിതയിലൂടെ അദ്ദേഹം അണി ചേര്‍ന്നിട്ടുമുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് അവകാശം കൊടുത്തില്ലെങ്കില്‍ അവര്‍ അധികാരം പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രം ഉറക്കെ പ്രഖ്യാപിക്കുന്ന അത്തരം കവിതകള്‍ക്കും അക്കിത്തത്തിന്റെ കവിതാലോകത്ത് സ്ഥാനമുണ്ട്. ഒട്ടേറെയുണ്ട് ഉദാഹരണങ്ങള്‍. 

 

‘കുതിര്‍ന്ന മണ്ണ്’  എന്ന കവിതയില്‍ ദലിത് ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്ന കവിയെക്കാണാം. വിപ്ലവത്തിന്റെ ചോര വീണ് മണ്ണു കുതിരുകയാണെന്ന് പേരിലൂടെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. 

 

കോരന്‍ എന്ന കര്‍ഷകനും കുടുംബവും തമ്പുരാന്റെ മണ്ണില്‍ പണിയാന്‍ ചോര നീരാക്കുന്നവരാണ്. എന്നാല്‍, പാടത്തു ചാലുകള്‍ കീറുന്നതും  പൊന്‍പൊടിമണ്ണില്‍ വിത്തിടുന്നതു കളകള്‍  നീക്കുന്നതും താനാണെങ്കിലും പുന്നെല്‍ക്കുലകള്‍ നാളെ തനിക്കുള്ളതല്ലെന്ന് കോരന് അറിയാം. എങ്കിലും കോരന്‍ പ്രതീക്ഷിച്ചു; നാളെ വിശക്കുമ്പോള്‍ തനിക്കും കിട്ടും പുന്നെല്‍ക്കതിര്‍ക്കുലകള്‍ എന്ന്. ക്ഷാമം വരികയും അരി ലഭിക്കാതെവരികയും ചെയ്തപ്പോള്‍ മകള്‍ നീലി രോഗക്കിടക്കിയിലായി. തമ്പുരാന്‍ സഹായിച്ചില്ല. എന്നുമാത്രമല്ല സ്വാതന്ത്ര്യം എന്ന വികാരം പോലും അര്‍ഥമില്ലാത്തതാകുന്നതായി കോരനു തോന്നി. സായിപ്പിന്റെ കാലത്ത് പത്തൗണ്‍സ് ആയിരുന്നു റേഷന്‍. നാടന്‍ ഭരണാധികാരികള്‍ വന്നപ്പോള്‍ അറായി കുറഞ്ഞു. കൊമ്പന്‍ മീശ തടവുന്ന നാടന്‍ മന്ത്രിമാരാണ് നാട് ഭരിക്കുന്നത്. എന്നാലും കോരനെപ്പോലുള്ളവര്‍ക്ക് മണ്ണിന്റെ അധികാരമില്ല. 

 

നീലിയെപ്പോലെ കുടുംബത്തില്‍ എല്ലാവരും മരിക്കുമെന്ന നില വന്നപ്പോള്‍ അവര്‍ ഒരുമിച്ച് ഒരു കൂട്ടമായി തമ്പുരാന്റെ വീട്ടിലെത്തി. വെക്കവിടെ താക്കോല്‍ എന്നുതന്നെ കല്‍പിച്ചു. പത്തായം വെട്ടിപ്പൊളിച്ച് പുത്തന്‍ധാന്യം പുറത്തെടുത്ത് പങ്കിട്ടെടുത്തു. എന്നാല്‍ അവരുടെ വിജയം അന്തിമമായിരുന്നില്ല. പാവങ്ങളുടെ കുടിലുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. എതിര്‍ത്ത കോരനും കൂട്ടുകാര്‍ക്കും കിട്ടിയത് വെടിയുണ്ടകള്‍. പിറന്ന മണ്ണില്‍ അധികാരികളാകാതെ അവര്‍ മരിച്ചുവീഴുന്നു. 

 

രക്തം പൊട്ടിയൊഴുകിയാ മെയ്യില്‍ 

മുക്തി പുഞ്ചിരി തൂകിയാച്ചുണ്ടില്‍ ! 

 

ഒരു മരംകൊത്തി തന്റെ കുഞ്ഞിനു വേണ്ടി കൂട് നിര്‍മിക്കുന്ന ചിത്രത്തിലാണു കവിത അവസാനിക്കുന്നത്. 

വെടിയൊച്ച കേട്ടിട്ടാവണം കൊക്ക് പൊക്കി തരിമ്പിട നിന്നതിനുശേഷം മരംകൊത്തി കൊത്ത് വീണ്ടും തുടരുന്നു. കഥ കോരനില്‍ അവസാനിക്കുന്നില്ലെന്നും അലമാലകള്‍ പോലെ കര്‍ഷകരോഷം സ്വന്തം ശബ്ദം കണ്ടെത്തുമെന്നു പ്രവചിക്കുകയാണ് അക്കിത്തം എന്ന കവി; അദ്ദേഹത്തിന്റെ കവിതയും. 1952 -ലാണ് കുതിര്‍ന്ന മണ്ണ് എഴുതിയെങ്കില്‍ 1994 ല്‍ എഴുതിയ തിത്തിത്യുരുള എന്ന കവിതയില്‍ ദിനംപത്രം വായിച്ച് കണ്ണീര്‍ വാര്‍ക്കുന്ന കവിയെക്കാണാം. 

 

എപ്പോളെന്തിന്നെവിടേയ്ക്കെങ്ങെനെ 

പൊയ്പ്പോയ് ഭാരത സംസ്കാരം 

തേനാല്‍പ്പാലാല്‍ ഭൂമിയെ മുഴുവന്‍ 

തേവിനനച്ച പരിഷ്ക്കാരം ? 

 

കല പോലും മനുഷ്യന്റെ സുരക്ഷയ്ക്കെത്താത്ത, സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ കല പോലും പര്യാപ്തമല്ലാത്ത കാലത്ത് നഷ്ടസ്വര്‍ഗങ്ങളുടെ കൂട്ടത്തില്‍ ഉജ്വലമായ ഭാരത സംസ്കാരം മാത്രമല്ല, സോഷ്യലിസത്തെക്കുറിച്ചും അദ്ദേഹം വേദനിക്കുന്നുണ്ട്. 

 

എവിടെപ്പോയി ഗാന്ധി മഹാത്മാ- 

വെവിടെപ്പോയി നേതാജി ? 

എവിടെപ്പോയി ജയപ്രകാശജി- 

യെവിടെപ്പോയി വിനോബാജി. 

പോയി ലോഹ്യകളെവിടേയ്ക്കെമ്മെന്‍ 

റോയികള്‍ , ദീനദയാലുക്കള്‍ ? 

 

സോഷ്യലിസത്തിന്റെ മരണത്തില്‍ വേദനിച്ച കവി തന്നെയാണ് ജനാധിപത്യത്തിന്റെ അധഃപതനത്തിനു മൂകസാക്ഷിയായി ദിനപത്രം നോക്കി കണ്ണീര്‍ വാര്‍ക്കുന്നത്. 

 

എന്നിട്ടും ഏതു ചേരിയില്‍ എന്നു ചോദ്യം ഉയര്‍ത്തി അക്കിത്തത്തോട് ചിലരെങ്കിലും. അവര്‍ക്കുള്ള മറുപടിയുണ്ട് ആ കണ്ണുനീരില്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ മുതല്‍ തുള്ളിത്തുളുമ്പിയ അതേ കണ്ണീര്‍ക്കണം. സ്നേഹവും സഹാനുഭൂതിയും മഴവില്ലായി തിളങ്ങിയ അശ്രുകണം. 

 

English Summary : Akkitham Achuthan Namboothiri's view point towards Life and poetry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com