ADVERTISEMENT

ഏഴു പതിറ്റാണ്ടിനിടെ 650-ല്‍ പരം കവിതകള്‍. അഞ്ച് ഖണ്ഡകാവ്യങ്ങള്‍. ഒരു ഗാനകഥാ കാവ്യവും നാടകവും. ഒരു ചെറുകഥാ സമാഹരം. പ്രബന്ധങ്ങള്‍. ശ്രീമദ് ഭാഗവതം ഉള്‍പ്പെടെ 4 വിവര്‍ത്തനങ്ങള്‍. ദീര്‍ഘായുസ്സുള്ള ജീവിതത്തില്‍ ഇത്ര വലിയ സംഭാവന മലയാളത്തിനു നല്‍കിയ മറ്റൊരു കവിയില്ല അക്കിത്തത്തെപ്പോലെ മലയാളത്തില്‍. അദ്ദേഹത്തിന്റെ കവിതകളുടെ മാത്രം സമ്പൂര്‍ണ സമാഹാരം 1000- ല്‍ അധികം പേജുകള്‍ വരും. ഈ കണക്കുകള്‍ മാത്രം മതി അക്കിത്തവും മലയാളവും തമ്മിലുള്ള അഭേദ്യ ബന്ധം അടയാളപ്പെടുത്താന്‍. മലയാളത്തിനു സമര്‍പ്പിച്ച ആ ധന്യജീവിതത്തെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും. 

 

അമ്പലച്ചുമരില്‍ ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അക്കിത്തം ആദ്യത്തെ വരികള്‍ കുറിക്കുന്നത്. അരമംഗലത്തമ്പത്തിന്റെ ചുവരുകളില്‍ കുട്ടികള്‍ കുത്തിവരച്ച വികൃതരൂപങ്ങളില്‍ പ്രതിഷേധിച്ച് അലക്കുകണക്കെഴുതുന്നതുപോല  എഴുതിയ നാലു വരികള്‍. 

 

അമ്പലങ്ങളിലീവണ്ണം 

തുമ്പില്ലാതെ വരയ്ക്കുകില്‍ 

akkitham-b
അക്കിത്തത്തിന് യാത്രാമൊഴി – ചിത്രം ജിൻസ് മൈക്കിൾ

വമ്പനാമീശ്വരന്‍ വന്നി- 

ട്ടെമ്പാടും നാശമാക്കിടും 

 

വരികള്‍ക്കു താഴെ അച്യുതന്‍ ഉണ്ണി എന്നെഴുതാനും ആ ബാലന്‍ മറന്നില്ല. യാദൃച്ഛികമന്നതിനേക്കാള്‍ മനപൂര്‍വം എന്നുതന്നെ പറയാം അദ്ദേഹത്തിന്റെ അവസാനത്തെ കൃതിയിലും അമ്പലമുണ്ട്; ഈശ്വരനും. 2008 ഏപ്രിലില്‍ എഴുതിയ ഗീതാധ്യാനം. 

 

ഇമവെട്ടാത്തൃക്കണ്ണുകളോടെ 

ഇരിപ്പു മുന്നില്‍ ശ്രീകൃഷ്ണന്‍ 

അടക്കിനിര്‍ത്തീടുന്നു കുതിര- 

ക്കടിഞ്ഞാണുകളാത്തൃക്കൈകള്‍. 

 

ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനം ഗീതാ സന്ദേശങ്ങളും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉദ്ബോധനങ്ങളുമാണെന്നു സമര്‍ഥിക്കുന്ന കവിത അവസാനിക്കുന്നതു പരമമായ ഭക്തിരസത്തില്‍.

 

അതിലമരുന്നു ഭഗവാന്‍, ശാശ്വത- 

നനന്തനാരായണ മൂര്‍ത്തി; 

അവനാകുന്നു നമ്മുടെ കരളിലെ-

യാനന്ദം, പരമാനന്ദം. 

 

1932 കാലത്ത് അമ്പലച്ചുമരില്‍ ആദ്യത്തെ വരികളെഴുതിയ അക്കിത്തത്തിന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവരുന്നത് 1944 ല്‍ . പേര് വീരവാദം. 13 കവിതളായിരുന്നു ആദ്യ സമാഹാരത്തില്‍. ആത്മാവ് ഉള്ളിടത്തോളം കാലം സമുദായ നീതിയുടെ കുപ്പായത്തില്‍ ഭദ്രമായി വസിക്കുന്ന കാപട്യത്തിനു നേരെ താന്‍ ഭിക്ഷ യാചിക്കുകയില്ല എന്നാണ് വിരവാദം എന്ന കവിത പ്രഖ്യാപിക്കുന്നത്. 

 

2007 ല്‍ പുറത്തുവന്ന അന്തിമഹാകാലമാണ് അവസാനത്തെ കാവ്യസമാഹാരം. 49 കവിതകളാണ് ഈ സമാഹാരത്തില്‍. ആത്മീയതയ്ക്കൊപ്പം രാഷ്ട്രീയവും നിറഞ്ഞുനില്‍ക്കുന്നുണ്ട് അന്തിമഹാകാലത്തിലെ കവിതകളില്‍. ഭഗവദ്ഗീത വായിച്ച് ഉള്‍ക്കൊണ്ടവരായിരിക്കണം പ്രധാനമന്ത്രിമാരാകേണ്ടത് എന്ന ആഗ്രഹം അക്കിത്തം പങ്കുവയ്ക്കുന്നുണ്ട് പ്രധാനമന്ത്രി എന്ന കവിതയില്‍. പുളകോദ്ഗമം എന്ന കവിത തുടങ്ങുന്നത് സിപിഎം നേതാവ് പ്രകാശ് കാരാട്ടിനെക്കുറിച്ചു പറഞ്ഞുകൊണ്ട്. ധര്‍മത്തിന്‍ നീതിയില്‍ അധിഷ്ഠിതമായ വളര്‍ച്ചയാണ് രാജ്യത്തിനു വേണ്ടത് എന്ന കാരാട്ടിന്റെ വാക്കുകളില്‍ നിന്ന് കവിത തുടങ്ങുന്നു. കാരാട്ടിന്റെ വാക്കുകള്‍ കവിയെ ഓര്‍മിപ്പിക്കുന്നത് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ. തിരഞ്ഞെടുപ്പിനു ശേഷം കക്ഷിഭേദം മറന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുലക്ഷ്യത്തിനുവേണ്ടി ഒരുമിക്കണം എന്ന കലാമിന്റെ വാക്കുകള്‍ പ്രാവര്‍ത്തിക്കമാക്കേണ്ടതിന്റെ ആവശ്യം. രാജ്ഘട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന ദൈവത്തിന്റെ വാക്കുകളില്‍ ഹിരോഷിമയിലും നാഗസാക്കിയിലും പോലും പ്രതിബിംബിക്കുന്നതായും കവിത ഓര്‍മിപ്പിക്കുന്നു. 

 

English Summary : Akkitham Achuthan Namboothiri's View Point About Spirituality And Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com