ഇതല്ല അക്കിത്തത്തെ മുൻനിർത്തി രാഷ്ട്രീയ വിശകലനത്തിനുള്ള സമയം: സി. രാധാകൃഷ്ണൻ

Mail This Article
വലിയൊരു സംസ്കാരത്തിന്റെ അറുതിയാണ് അക്കിത്തത്തിന്റെ വിടവാങ്ങലിലൂടെ സംഭവിച്ചിരിക്കുന്നത്. വ്യക്തിപരമായി ഗുരുസ്ഥാനീയനായ, ജ്യേഷ്ഠതുല്യനായ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. ഈ അവസരത്തിൽ അദ്ദേഹത്തെ മുൻനിർത്തി രാഷ്ട്രീയ വിശകലനം നടത്തുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് പക്ഷഭേദങ്ങളുണ്ടായിരുന്നു, പക്ഷങ്ങളുണ്ടായിരുന്നു. അതൊക്കെ നമുക്കറിയാം. എന്നാൽ അതിനെക്കുറിച്ച് ചർച്ചചെയ്യേണ്ട സമയമല്ല ഇത്.
ഉപനിഷത്തുകളുടെ ജ്ഞാനത്തെ ആധുനിക ജീവിതവുമായി ബന്ധപ്പെടുത്തി പുനപ്പരിശോധിച്ച് മൂല്യനിർണയം നടത്തി ലോകത്തിനു വിശദീകരിക്കുക എന്നതാണ് അദ്ദേഹം പുലർത്തിപ്പോന്നിരുന്ന ഒരു പാരമ്പര്യം. ആ പരമ്പരയിൽ ഇനി അധികം ആളുകളില്ല എന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
ഒരു സ്നേഹചരനായ മനുഷ്യൻ എങ്ങനെ ലോകത്തെ കാണുന്നു എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചയുടെ സവിശേഷത. അതിനു പകരംവയ്ക്കാൻ നമുക്ക് മറ്റൊന്നില്ല എന്നതാണ് സത്യം.
ഒരു കവിക്ക് ഏറ്റവും ആവശ്യമായ രണ്ടു കാര്യങ്ങൾ ആത്മാർഥതയും സഹോദര സ്നേഹവുമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.വാല്മീകി മുതലുള്ള കവികളിൽ നമുക്കു കാണാൻ കഴിയുന്ന ഒരു പാരമ്പര്യമാണത്. ‘അരുത് കാട്ടാളാ’ എന്ന കൽപനയുടെ പുറകില്‍ ആ കിളിയോടുള്ള സഹതാപമുണ്ട്, അത് ആരോടും തുറന്നു പറയാനുള്ള ആത്മാർഥതയുമുണ്ട്. ഇത് രണ്ടുമുള്ള കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തോട് അദ്ദേഹം നിർവഹിച്ചത് ഇതേ കടമയാണ്.
ഈ നിമിഷത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുക, അദ്ദേഹം ചെയ്യാൻ ബാക്കിവച്ചതെന്തെങ്കിലും ഉണ്ടെങ്കിൽ അതു പൂർത്തിയാക്കുക; ഇതാണ് നമ്മളിനി ചെയ്യേണ്ടത്.
English Summary: C. Radhakrishnan Remembering Akkitham Achuthan Namboothiri