ADVERTISEMENT

മലയാള സാഹിത്യത്തിന്റെ ഏറ്റവും മികച്ച സംഭാവനകള്‍ രണ്ട് ഇതിഹാസങ്ങളാണെന്നു പറയാം. ഗദ്യത്തില്‍ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും കവിതയില്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും. 

കാലാതിവര്‍ത്തികളാണ് ഇതിഹാസങ്ങള്‍; കാലത്തിനു മുന്നേ സഞ്ചരിച്ചവയും. ഇതിഹാസങ്ങളെക്കുറിച്ചുള്ള ഈ നിര്‍വചനങ്ങളെ പൂര്‍ണമായി ശരിവയ്ക്കുന്നുണ്ട് വിജയന്റെയും അക്കിത്തത്തിന്റെയും കൃതികളെന്നു തെളിയിച്ചു പില്‍ക്കാല മലയാള സാഹിത്യം. ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന രീതിയില്‍ സാഹിത്യ ചരിത്രത്തെത്തന്നെ വിഭജിച്ച കൃതികള്‍. 

 

സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡങ്ങളായി എഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ പേരിലാണ് അക്കിത്തം എന്ന കവി ഏറ്റവും കൂടുതല്‍ പുകഴ്ത്തപ്പെട്ടതും ഇകഴ്ത്തപ്പെട്ടതും. ഹിംസയെ നിരാകരിച്ച് അഹിംസയെ വരിച്ചതിന്റെയും ബോംബിനെയും തോക്കിനെയും വാളിനെയും നിരാകരിച്ച് സ്നേഹത്തെ അംഗീകരിച്ചതിന്റെയും പേരില്‍ വിപ്ലവത്തെ വഞ്ചിച്ച കവി എന്നുപോലും അക്കിത്തം ക്രൂരമായി വിമര്‍ശിക്കപ്പെട്ടു.

 

1952 ല്‍ പുറത്തുവന്ന ഇതിഹാസം, ഒരിക്കല്‍ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഒരു വ്യക്തിയൂടെ കുമ്പസാരത്തിന്റെയും പശ്ചാത്താപത്തിന്റെയും കണ്ണീര്‍ പുരണ്ട വാക്കുകളാണ്. ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട, എന്നാല്‍ മനഃസാക്ഷിയില്ലാത്ത പ്രവൃത്തികളിലൂടെ നരകത്തില്‍ വീണ മനുഷ്യന്‍. അവസാന നിമിഷമുണ്ടാകുന്ന തിരിച്ചറിവിലൂടെ, വലിയ വിപ്ലവങ്ങളല്ല വേണ്ടതെന്നും തൊട്ടടുത്തുള്ള മനുഷ്യന്റെ കണ്ണീരൊപ്പുകയാണ് മഹത്വം നിറഞ്ഞ പ്രവൃത്തിയെന്നും മനസ്സിലാക്കി ഭൂമിയിലെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്തുന്നു. ബോംബ് ഉണ്ടാക്കാന്‍ അനേകം മനുഷ്യരുടെ അധ്വാനം ദുര്‍വ്യയം ചെയ്യുകയല്ല, ഇരുട്ട് വീണ ഗ്രാമത്തിലെ കവലയില്‍ വിളക്കു കൊളുത്തുകയാണ് മനുഷ്യന്റെ കടമയെന്ന് ഇതിഹാസം മലയാളിയെ പഠിപ്പിച്ചു. തോക്കും വാളും ഉണ്ടാക്കാന്‍ വേണ്ടി കാത്തുവച്ച ഇരുമ്പ് കലപ്പയാക്കി മാറ്റിയാല്‍ പട്ടിണി മാറ്റാമെന്നും ഇതിഹാസം കണ്ടെത്തുന്നു. ഭാരത സ്വാതന്ത്ര്യത്തിന് അഞ്ചു വര്‍ഷം മാത്രം പ്രായമുള്ളപ്പോഴാണ് അക്കിത്തം ഇതിഹാസം എഴുതുന്നത്. അതിനടുത്ത ദശകങ്ങളില്‍ കേരളത്തിലും മുഴങ്ങി വസന്തത്തിന്റെ ഇടിമുഴക്കം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹിക അന്തരീക്ഷത്തെ ചുവപ്പിച്ച അറുപതുകളും എഴുപതുകളും. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിപ്ലവത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ സ്നേഹത്തിന്റെയും കണ്ണീരിന്റെയും പശ്ചാത്താപത്തിന്റെയും വഴികളില്‍ തിരിച്ചെത്തുന്നത്. അവര്‍ക്കും എത്രയും മുന്നേ സഞ്ചരിച്ചു എന്നതുതന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയുടെ പ്രവചന ശക്തി. 

 

ഒരിക്കല്‍ വര്‍ഗ്ഗസമരത്തിനു വേണ്ടി ഘോരഘോരം വാദിച്ചവരില്‍ ചിലര്‍ ഇന്നും കേരളത്തിലുണ്ട്. ശാരീരികവും മാനസികവുമായ പരുക്കുകളോടെ രക്ഷപ്പെട്ടവര്‍. ചിലര്‍ പുതുവഴികള്‍ തേടി. ചിലര്‍ സമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവം. ചിലര്‍ നഷ്ടബോധത്തില്‍ കണ്ണീര്‍ പൊഴിച്ച്, പാഴാക്കിയ കാലത്തെയോര്‍ത്ത് പരിതപിക്കുന്നു. 80 കള്‍ക്കു ശേഷമാണ് ഈ മാറ്റം യാഥാര്‍ഥ്യമായതെങ്കില്‍ 50 കളുടെ തുടക്കത്തില്‍ത്തന്നെ അക്കിത്തം ഈ മാറ്റം പ്രവചിച്ചു; ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെ. 

 

എന്നാല്‍, ബോധപൂര്‍വം വിപ്ലവത്തെ തള്ളിപ്പറയാന്‍ ആസൂത്രിതമായി എഴുതിയതല്ല ഇതിഹാസമെന്നാണ് അക്കിത്തത്തിന്റെ സത്യവാങ്മൂലം. 

ഇതിഹാസത്തിന്റെ ആദ്യത്തെ മൂന്നു ശ്ലോകമാണ് അക്കിത്തം ആദ്യം എഴുതിയത്. അതോടെ ആ കവിത പൂര്‍ത്തിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. കണ്ണീര്‍ക്കണത്തിലാണു കവിത തുടങ്ങുന്നത്; മറ്റുള്ളവര്‍ക്കുവേണ്ടി കണ്ണീര്‍ പൊഴിക്കവേ ഉള്ളിലുദിക്കുന്ന ആയിരം സൗരമണ്ഡലത്തെക്കുറിച്ച്, മറ്റൊരാള്‍ക്കുവേണ്ടിയുള്ള പുഞ്ചിരിയാണ് നിത്യനിര്‍മ്മല പൗര്‍ണ്ണമിയെന്ന്.  ഈ സത്യങ്ങള്‍  ഇത്രനാളും അറിയാതിരുന്നതു മഹാ നഷ്ടമാണെന്നും ആ നഷ്ടം തന്നെ കരയിക്കുന്നെന്നുമാണ് ആദ്യത്തെ മൂന്നു ശ്ലോകങ്ങള്‍ പറയുന്നത്. 

നിഷ്കളങ്കമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഈ മൂന്നു ശ്ലോകങ്ങള്‍ എഴുതിയതിന്റെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ മറ്റു ഖണ്ഡങ്ങള്‍ ഓരോ ദിവസം കൊണ്ടാണ് കവി എഴുതിപ്പൂര്‍ത്തിയാക്കിയത്. അക്കിത്തം ഇതിങ്ങനെ വിശദമാക്കുന്നത് ഒരു തെറ്റിദ്ധാരണ ഒഴിവാക്കാന്‍വേണ്ടിയാണ്. ഒരു രാഷ്ട്രീയകക്ഷിയോടും ഒരു വിരോധവും തീര്‍ക്കാന്‍ വേണ്ടിയല്ല ഇതിഹാസം എഴുതിയത്. മനഃസാക്ഷിയുടെ അനുദിന വികാസമായിരുന്നു കവിത. 

വര്‍ഗ്ഗസമരത്തില്‍ വിശ്വസിച്ച ഒരു കാലം കവിക്കുമുണ്ടായിരുന്നു. അതദ്ദേഹം നിഷേധിച്ചിട്ടില്ല. എന്നാല്‍ അക്കാലത്തും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് താന്‍ പൂര്‍ണമായി യോജിച്ചിട്ടില്ലെന്ന് കവി വിശദീകരിക്കുന്നു. 

‘സാമ്പത്തിക സാമൂഹിക സ്ഥിതികളില്‍ സമത്വം അവരെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അത് ഇന്നും എനിക്കുള്ളതുമാണ്. അതിനുകാരണം ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍തന്നെ അക്കാര്യമുണ്ടെന്ന ബോധമാണ്. ‘സമാനോമന്ത്രസ്സമിതിസ്സമാനീ സമാനം മനസ്സഹ ചിത്തമേഷാം (സമാനമായ മന്ത്രം, സമാനമായ കൂടിച്ചേരല്‍, സമാനമായ മനസ്സ്, സമാനമായ ചിത്തം)’ 

 

ലക്ഷ്യം മഹത്തായിരുന്നാല്‍ അവിശുദ്ധ മാര്‍ഗവും സ്വീകരിക്കാം എന്ന കമ്യൂണിസ്റ്റ് ബോധത്തെ നിരാകരിക്കുകയാണ് കവി ഇതിഹാസത്തില്‍.  ലക്ഷ്യം മാത്രമല്ല മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം എന്ന ഉന്നത ചിന്തയിലേക്കാണ് കവിത വികസിക്കുന്നത്. യഥാര്‍ഥത്തില്‍ ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ എന്ന ചിന്തയും കവിയെ അസ്വസ്ഥനാക്കിയിരുന്നു. മാര്‍ഗ്ഗം ശുദ്ധമായാല്‍ അത്രത്തോളം ലക്ഷ്യത്തോടടുത്തു എന്ന സമാധാനിക്കുക മാത്രമേ ചെയ്യാനുള്ളൂ. 

 

എന്റെ കാതിലലയ്ക്കുന്നു 

നിത്യമാനുഷരോദനം ; 

എന്റെ കാലില്‍ത്തറയ്ക്കുന്നു 

മനുഷ്യത്തലയോടുകള്‍. 

 

കാവുമ്പായ്,ക്കരിവെള്ളൂരില്‍ 

മുനയന്‍കുന്നിലും വൃഥാ 

അലയുന്നുണ്ടൊരാളാത്മ- 

ചൈതന്യപരിപീഡിതന്‍. 

 

അവന്‍ കൈകളുയര്‍ത്തുന്നു 

വലിപ്പൂനിജമൂര്‍ദ്ധജം; 

അപാരാകാശത്തില്‍ നോക്കി-

ക്കിതച്ചീടുന്നുമുണ്ടവന്‍. 

 

അവിടെ പ്രഭ വീശുന്നു 

കോടി കണ്ണീര്‍ക്കണങ്ങളോ ? 

 

English Summary : Tribute to Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com