ADVERTISEMENT

രാമന്‍ സോമയാജിപ്പാട്. അക്കിത്തത്തിന് അഞ്ച് വയസ്സുള്ളപ്പോള്‍ മരിച്ച വലിയച്ഛന്‍. തറ്റുടുത്ത വസ്ത്രം കൊണ്ട് ഇടയ്ക്കിടെ കണ്ണട ഊരി, കണ്ണു തുടയ്ക്കുന്ന വലിയച്ഛനില്‍നിന്നാണ് ജീവിതത്തിലെ വിലയേറിയ പാഠങ്ങള്‍ കവി പഠിക്കുന്നത്. കുട്ടിക്കാലത്തു തന്നെ മനസ്സിലുറച്ചതും പിന്നീടൊരിക്കലും മാഞ്ഞുപോകാത്തതുമായ പാഠങ്ങള്‍. 

ഇല്ലത്തിനു വടക്കുപുറത്തുള്ള ശാലപ്പറമ്പില്‍ രണ്ടേക്കര്‍ സ്ഥലത്ത് പയര്‍ വിതയ്ക്കുക സോമയാജിപ്പാടിന്റെ പതിവാണ്. അതു പൂത്തുകായ്ച്ചു നില്‍ക്കുമ്പോള്‍ രണ്ടു തൊഴുത്തുകളിലുമുള്ള പത്തുപതിനഞ്ചു പശുക്കളെ ശാലപ്പറമ്പിലേക്ക് വിടും. അവ പയറു മുഴുവന്‍ തിന്നുതീര്‍ക്കുന്നതുവരെ അദ്ദേഹം അതു കണ്ടുനില്‍ക്കും. 

തന്റെ പൂണുനൂല്‍ പലപ്പോഴും അഴിച്ചുവച്ചിട്ടുണ്ടെങ്കിലും അതു തന്റെ സൂക്ഷ്മശരീരത്തില്‍നിന്ന് ഒരിക്കലും അഴിഞ്ഞുപോയിട്ടില്ല എന്ന് അക്കിത്തം പറയുന്നതും ഇതുകൊണ്ടുതന്നെ. പാരമ്പര്യത്തെ പാടേ തള്ളിക്കളഞ്ഞ് ആധുനികതയെ മുറുകെപ്പുണരാന്‍ കവിക്കു കഴിയാത്തതും ഇതുകൊണ്ടുതന്നെ. നന്‍മയുടെ, സ്നേഹത്തിന്റെ, നിസ്വാര്‍ഥതയുടെ, വിശുദ്ധിയുടെ ഒട്ടേറെ പാഠങ്ങള്‍ കവി പഠിക്കുന്നത് ഇന്നലെകളില്‍നിന്ന്. കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായിക്കൊണ്ടിരുന്ന സംസ്കാരത്തിന്റെ ഈടുവയ്പുകളില്‍നിന്ന്. എന്നാല്‍ തെറ്റിനെ തെറ്റെന്നു പറയാനും തള്ളിപ്പറയേണ്ടവയെ തിരിച്ചറിയാനും അദ്ദേഹത്തിനു കഴി‍ഞ്ഞിട്ടുമുണ്ട്. എല്ലാറ്റിനും ഉപരിയായി 

എല്ലാ കണ്ണുകളിലും ഊറിനില്‍ക്കുന്ന കണ്ണുനീര്‍ കാണാനും ആ ജലബിന്ദുവിനെ കവിതയുടെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മറ്റു കവികളില്‍നിന്ന് അക്കിത്തത്തെ വ്യത്യസ്തനാക്കുന്നതും ഉയരെ പ്രതിഷ്ഠിക്കുന്നതും അദ്ദേഹത്തിന്റെ 

ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ അവബോധം തന്നെ. 

ഇന്നലെപ്പാറ പൊടിച്ചുനിരത്തിയ 

മന്നിലെ ധീരനെ പൂജിച്ചിടുന്നു ഞാന്‍

എന്നു കവി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം, ആ ധീരനെ ബഹുമാനിക്കുമെങ്കിലും അയാള്‍ക്കു പിന്നാലെ നടക്കാന്‍ താനില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാലൊരിക്കലും കേള്‍ക്കില്ലവനുടെ 

പിന്നിലെന്‍ പാദപതനജന്യാരവം. 

നിരുപാധികമായ സ്നേഹം ഒന്നുമാത്രമാണ് കവി മുന്നോട്ടുവച്ച ഔഷധം. ലോകത്തിന്റെയും ജീവിതത്തിന്റെയും എല്ലാ ആധികള്‍ക്കും വ്യാധികള്‍ക്കുമുള്ള ദിവ്യൗഷധം. വിദ്വേഷമോ വെറുപ്പോ കാപട്യമോ ഇല്ലാത്ത സ്നേഹം. അതെങ്ങനെ വേണമെന്നതിനെക്കുറിച്ച് സംശയിക്കുന്നവരോട് അക്കിത്തം ഒരു അനുഭവകഥ പറയാറുണ്ട്. തന്റെ വലിയമ്മയെക്കുറിച്ച്. രാമന്‍ സോമയാജിപ്പാടിന്റെ പത്നി നീലിപ്പത്തനാടി. പശുക്കളെ തല്ലുന്നതിനു പോലും എതിരായിരുന്നു അവര്‍. എല്ലാത്തരം അക്രമങ്ങള്‍ക്കും ഹിംസകള്‍ക്കും എതിര്. മനുഷ്യനെ മാത്രമല്ല, ജീവനുള്ളതോ അല്ലാത്തതോ ആയ ഒരു വസ്തുവിനെപ്പോലും വേദനിപ്പിക്കാന്‍ പാടില്ലെന്ന് അവര്‍ പറയുമായിരുന്നു. പശുക്കളെ തല്ലുന്നതിനെക്കുറിച്ച് കുട്ടിയായിരിക്കുമ്പോള്‍ അക്കിത്തത്തിന് അവര്‍ ഒരു ഉപദേശവും നല്‍കി: 

പയ്യിനെത്തല്ലേണമോ? തച്ചോളൂ. പക്ഷേ, അതു തെച്ചിപ്പൂവിന്റെ ആര് ഏഴായിച്ചീന്തിയിട്ട് അതിലൊന്നുകൊണ്ടായിരിക്കണം. വെണ്ണനെയ്യുരുള കൊണ്ടു മാത്രമേ പയ്യിനെ എറിയാവൂ എന്നും. ഈ വാക്കുകളുടെ ഓര്‍മയില്‍ അക്കിത്തം ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്: പശുവും മനുഷ്യനും. 

അക്കിത്തം എന്ന കവിയുടെ എല്ലാ കവിതകളും കൂട്ടിവച്ചാല്‍ കിട്ടുന്ന ആകെത്തുകയും ഇതു തന്നെ: 

നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍ 

ഇതാണഴകിതേ സത്യം ഇതു ശീലിക്കല്‍ ധര്‍മവും 

തന്റെ ജീവിതം കൊണ്ടും എഴുത്തുകൊണ്ടും അക്കിത്തം സമര്‍ഥിക്കാന്‍ ശ്രമിച്ചതും ഇതുതന്നെ. ജീവിതാദര്‍ശത്തെക്കുറിച്ച് അര്‍ഥശങ്കയില്ലാതെ അദ്ദേഹം വ്യക്തമാക്കി: 

ചക്രവാളം എത്ര സുന്ദരമാണ്. എങ്കിലും അതെപ്പോഴും അകലെയേ നില്‍ക്കൂ. ക്ഷമാശീലനു മാത്രമേ സുഖമുള്ളൂ. അഥവാ സുഖം എന്നതു ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന്നൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ. സ്നേഹം. അവിടെയാണ് മനുഷ്യന്‍. 

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ 

ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ! 

 English Summary : Tribute to poet Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com