ADVERTISEMENT

തൊട്ടിൽപ്പാലത്തങ്ങാടിയിലെ രാജേട്ടന്റെ ബാർബർഷാപ്പിൽ വച്ചാണ് അമിതാഭ് ബച്ചൻ എന്റെ ജീവിതത്തിലേക്ക് ആദ്യമായി കയറിവന്നത്. ‘‘ബച്ചൻ കട്ട് അടിക്കണോ?’’ രാജേട്ടൻ ചോദിച്ചു. വേണമെന്നോ വേണ്ടെന്നോ ഞാൻ പറഞ്ഞില്ല, മനസ്സിലാകാത്തതിന്റെ ജാള്യം മറയ്ക്കാൻ കൊഞ്ചിച്ചോദിച്ചു: ‘‘എനിക്ക് ചേര്വോ?’’ ഇടം കൈയിൽ നീളൻ ചീർപ്പും വലംകൈ വിരലുകളിലിറുക്കി മേലോട്ടുയർത്തിപ്പിടിച്ച കത്രികയുമായി രാജേട്ടൻ എന്നെ ചുമ്മാ ഒന്നു വലം വച്ചു, എന്നാ ജാഡയാന്നോ. മുമ്പൊക്കെ എന്റെ സൗന്ദര്യസങ്കൽപങ്ങൾക്ക് ഒരു പരിഗണനയും തരാതെ വെട്ടിവിട്ടയാളാ, കുറേപ്പേർ കടയിലുണ്ട് - ഇതപമാനിക്കാൻ തന്നെയാണ്. ഞാനങ്ങനെ ചിന്തിച്ചിരിക്കെ അതാ വന്നു ഒരു പിടിയുമില്ലാത്ത അടുത്ത ഡയലോഗ്: ‘‘ക്രോപ്പടിക്കാം.’’ 

:

എന്ത് കോപ്പെങ്കിലുമടിക്ക് എന്ന് പറയേണ്ട കലിയുണ്ട് എനിക്കന്ന്. ഈ അപമാനം എനിക്കാദ്യമല്ലെന്നേ. ഒരു ഞായറാഴ്ച പകലാണ്, സ്കൂളില്ല. ചിത്രഭൂമിയിൽനിന്ന് വെട്ടിയ മോഹൻലാലിന്റെ പടവും കീശയിലിട്ട് രാജേട്ടന്റെ കടയിലേക്ക് വച്ചുപിടിച്ചു. ആരുമില്ലെങ്കിൽ പുറത്തെടുക്കാൻ അതിനു മുമ്പും ശേഷവും ഞാനിതു പോലെ പേപ്പർക്കഷണങ്ങൾ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ ആരെങ്കിലുമില്ലാതെ ഒരിക്കലും ആ കട എനിക്ക് വേണ്ടി തുറന്നിട്ടില്ല. പറഞ്ഞ വിഷയം വിട്ടുപോയി - ഞായറാഴ്ച, പകൽ. കാത്തിരുന്നു, എന്റെ ഊഴം വന്നു. അപ്പഴതാ അനിയന്റെ മുടി വെട്ടിക്കാൻ കൂട്ടുവന്നിരിക്കുന്നു, പൂച്ചക്കണ്ണും പുള്ളിപ്പാവാടയുമുള്ള ഒരു സുന്ദരിപ്പെൺകുട്ടി. 

 

rakhee-gulzar
രാഖി ഗുൽസാർ

മുടി വെട്ടാനൊന്നും പെൺകുട്ടികൾ രാജേട്ടന്റെ പീടികയിൽ വരാറേയില്ല. കൂട്ടുവരവ് തന്നെ ഇതുപോലെ വല്ലപ്പോഴുമാണ്. പെൺകുട്ടികൾ അന്നു പോയിരുന്നത് ഷഹനാസിലാണ്. നൂലു കടിച്ചു പിടിച്ച് പുരികം പറിച്ചെടുക്കുന്ന ലോക സുന്ദരിയായ ഒരു ചേച്ചി! ‘‘കാണാൻ രാഖിയെപ്പോലെ.’’ സബിമ പറഞ്ഞു. അക്കഥ പറയുമ്പോൾ സബിമയുടെ ഉണ്ടക്കണ്ണുകൾ തിളങ്ങി വരുമായിരുന്നു. ആ തിളക്കമാണ് എനിക്ക് ഷഹനാസ് പാർലർ. ‘‘അപ്പോൾ അവരുടെ ചുണ്ടുകൾ പുരികത്തിനടുത്തായിരിക്കില്ലേ ?’’ ‘‘ആം’’ സബിമ മൂളും. ‘‘അപ്പോൾ അവരുടെ ശ്വാസം കവിളിൽ പതിക്കില്ലേ?'’’ ‘‘ആം’’ അവൾ ചിരിക്കും. ‘‘അപ്പോൾ’’, ‘‘അപ്പോളൊന്നുമില്ല. അപ്പം തിന്നാ മതി, കുഴിയെണ്ണണ്ട.’’ അവൾ കഥയവസാനിപ്പിക്കും.

 

കുഴിയെണ്ണാനായിരുന്നു കുട്ടിക്കാലം മുതൽക്കേ എനിക്കു കൗതുകം. പക്ഷേ അപ്പം മാത്രമായിരുന്നു അവരെപ്പോഴും എനിക്കു നീട്ടിയത്. പുരികത്തിന് മുകളിലിടുന്ന വെളുത്ത പൗഡർ പൊതിഞ്ഞ കടലാസ് ചുരുട്ട് ഒരു ദിവസം അവളെനിക്ക് കടത്തിക്കൊണ്ടു തന്നു. മയക്കുമരുന്നു കെട്ട് പൊളിക്കുന്ന ജാഗ്രതയോടെ മൂലയ്ക്കു മാറിനിന്ന് അവളും ഞാനും അത് പൊളിച്ചു. ‘‘നിനക്കിതെന്തിനാ ?’’ അവള് ചോദിച്ചു. ‘‘ചുമ്മാ തൊടാൻ.’’ അവള് പിന്നേം കുഴിയെണ്ണി, ‘‘തൊട്ടിട്ടെന്താ ?’’

 

തൊട്ടിട്ടെന്താണെന്ന് പറയും? രാഖി തൊട്ട പൗഡറിനോടുള്ള കൗതുകമെന്ന് പറഞ്ഞാൽ അവൾക്ക് മനസ്സിലാകുമോ. രാഖി എന്റെ പ്രിയപ്പെട്ട നായികയായിരുന്നു. കഭീ കഭീ മേരേ ദിൽ മേ എന്ന് പാടി ഞാനവൾക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. അതൊന്നും പക്ഷേ സബിമ വിശ്വസിക്കില്ല.  

 

ഏബ്രഹാം ടെര്‍റ്റ്സിന്റെ ഒരു പുസ്തകമുണ്ട്, ‘എ വോയ്സ് ഫ്രം ദ് കോറസ്’. ജയിലിൽ കിടക്കുമ്പോള്‍ അയാൾ കാമുകിക്ക് എഴുതിയ കത്തുകളാണ് അതിൽ നിറയെ. ഗംഭീര പുസ്തകമാണ്. എ സൈലന്റ് ബോംബ് ഓഫ് എ ബുക്ക് എന്ന് വാഴ്ത്തപ്പെട്ട പുസ്തകം. ഏബ്രഹാം ടെര്‍റ്റ്സ് എഴുതി, ‘‘ഞാന്‍ പലപ്പോഴും നിനക്ക് കത്തെഴുതാന്‍ ഇരിക്കുന്നത് പ്രാധാന്യമുള്ള എന്തെങ്കിലും ഒന്ന് നിന്നെ അറിയിക്കാനുണ്ടായിട്ടല്ല. നീ കൈയിലെടുക്കുന്ന കടലാസ്സ് കഷണം എനിക്കൊന്നു തൊടാന്‍വേണ്ടി മാത്രമാണ്.’’ സബിമയോട് ഞാൻ അതു തന്നെ പറഞ്ഞു, ‘‘ഒന്നുമുണ്ടായിട്ടല്ല, ചുമ്മാ തൊടാനാണ്’’ അവൾ തുറിച്ചു നോക്കി.

 

വലിയ കണ്ണുകളായിരുന്നു സബിമയ്ക്ക്. അനിയന്റെ മുടി വെട്ടിക്കാൻ കൂട്ടുവന്നിരിക്കുന്ന, പൂച്ചക്കണ്ണും പുള്ളിപ്പാവാടയുമുള്ള കുട്ടി സബിമയെക്കാൾ സുന്ദരിയാണ്. എല്ലാരോടും ചിരിക്കുന്ന ശീലമുണ്ട് എനിക്കന്ന്. ആളെ അറിയണമെന്നൊന്നുമില്ല, ചുമ്മാ ചിരിക്കും. ഞാനവളോട് ചിരിച്ചു, അവളും. സിംഹാസനത്തിലേക്ക് ഒരു രാജാവിനെപ്പോലെ കയറാൻ തുടങ്ങിയതും, കറങ്ങുന്ന സിംഹാസനക്കൈകളിൽ പലക വച്ച് കയറി ഇരിക്കാൻ പറഞ്ഞു രാജേട്ടൻ! ആ മരക്കഷണത്തെയും രാജേട്ടനെയും അവളെയും ഞാൻ മാറി മാറി നോക്കി.  ഭാഗ്യം, ആരുടെ മുഖത്തും എന്നെ കളിയാക്കുന്ന ചിരിയില്ല. ആശ്വാസത്തോടെ ഞാൻ, കസേരയിൽ കയറ്റി വെച്ച ആ മരക്കഷണത്തിന് മുകളിലേക്ക് കയറാൻ തുടങ്ങിയതും രാജേട്ടന്റെ കമന്റ് വന്നു, ‘‘പേടിക്കണ്ട, നീ വീഴുകയൊന്നുമില്ല. ആരും നിന്നെ കളിയാക്കില്ല.’’ വീഴുമെന്ന പേടിയൊന്നും എനിക്കുണ്ടായിരുന്നില്ല. ആരും എന്നെ കളിയാക്കുകയും ചെയ്തിരുന്നില്ല. പക്ഷേ അങ്ങോർ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു, ‘‘ഒന്നും പേടിക്കണ്ട !!’’  

 

ചില മനുഷ്യർ ഇങ്ങനെയാണ്. മൈത്രേയീദേവി എഴുതിയ ‘ടഗോർ ബൈ ഫയർസൈഡ്’ എന്ന പുസ്തകത്തിൽ ഇതു പോലൊരു കഥയുണ്ട്. ടഗോർ കല്‍ക്കട്ടയ്ക്കു പോകുമ്പഴാണ്, തീവണ്ടി ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ അദ്ദേഹം ഒരു ലമണേഡ് വാങ്ങിക്കുടിച്ചു. വണ്ടി നീങ്ങാറായി, പണം കൊടുക്കാൻ നോക്കുമ്പോൾ കാണുന്നില്ല. ടാഗോർ കീശകളിൽ തപ്പിക്കൊണ്ടിരിക്കെ, ആരോ അതു കൊടുത്തു. ടഗോർ തലയുയർത്തി നോക്കിയതും, ‘‘ഡോണ്ട് വറി - ഡോണ്ട് വറി, ഐ വിൽ പേ.’’ എന്ന് അയാൾ സ്നേഹത്തോടെ പറഞ്ഞു.

 

മൈത്രേയീ ദേവി എഴുതി, ‘‘ട്രെയിൻ നീങ്ങി. ടഗോർ പറഞ്ഞു, വൺ ഈസ് നോട്ട് വറീങ്. നീഡ്‌ലെസ് ടു സേ, പക്ഷേ നമ്മൾ പറയും. വിഷമിക്കേണ്ട, വിഷമിക്കേണ്ട. ഞാൻ പണം കൊടുക്കാം എന്നു തന്നെ. അതുവരെ ഒരു വിഷമവും മറ്റേയാൾക്കുണ്ടാവില്ല. അയാൾ നിസ്സഹായനും ദയനീയനുമാകുന്നത് ഇപ്പോൾ പക്ഷേ നിങ്ങൾക്ക് കാണാൻ കഴിയും,’’ എന്ന്.

 

രാജേട്ടൻ പറഞ്ഞു, ‘‘പേടിക്കണ്ട, ആരും നിന്നെ കളിയാക്കില്ല.’’ അവളെ നോക്കാതിരിക്കാൻ പാടുപെട്ട് ഞാൻ പലകയിൽ തല കുനിച്ചിരുന്നു. കത്രികയുടെ ‘ക്ടിം ക്ടിം’ ശബ്ദം കൂട്ടമണിയൊച്ച പോലെ തലയ്ക്കകത്ത് മുഴങ്ങി. അന്ന് പലകയുടെ രൂപത്തിൽ എന്റെ  ബാല്യചോദനകളെ ഭസ്മമാക്കിയതാണ് രാജേട്ടൻ, ഇന്നിതാ ഒരു ബച്ചനുമായി വന്നിരിക്കുന്നു. ഞാൻ വീണ്ടും കൊഞ്ചി, ‘‘ചേര്വോ ?’’ ആധികാരികമായിത്തന്നെ രാജേട്ടന്റെ മറുപടി വന്നു, ‘‘ബച്ചൻ കട്ട് നിനക്ക് ചേരില്ല.’’ അന്നുമുതൽ എന്റെ ചപ്രത്തലമുടികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത സുന്ദരമുടികളുള്ള വില്ലനായി ബച്ചനുണ്ട്. ‘കഭീ കഭീ മേരേ ദിൽ മേ, ഖയാൽ ആതാ ഹേ’ എന്ന് മൂളി അയാളും രാഖിയും വരുമ്പോൾ, പലവട്ടം ഞാൻ കണ്ണടച്ച് കളഞ്ഞിട്ടുണ്ട്. ജിംബൂംബാ എന്ന് ചൊല്ലി അയാളുടെ ഉടലിൽ ചാടിക്കേറി രാഖിയെ വട്ടം പിടിച്ചിട്ടുണ്ട്.

 

കഭീ കഭീ !! ആ പാട്ട് കേട്ടിട്ടുണ്ടോ ? നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നീ ഭൂമിയിലേക്കു ക്ഷണിക്കപ്പെട്ടതുതന്നെ എനിക്കു വേണ്ടിയാണെന്നാണ് അതിലെ വരികൾ. പണ്ടെനിക്ക് ആ വരികൾ ഇഷ്ടമായിരുന്നില്ല. എന്റെ നായികമാരെ മുഴുവൻ കെട്ടിപ്പിടിച്ചിരുന്ന അമിതാഭ് ബച്ചനെയും പണ്ടെനിക്കിഷ്ടമായിരുന്നില്ല. എന്റെ പ്രണയ ലോകത്തുനിന്ന് നിങ്ങളുടെ നായികമാരെ പുറത്താക്കിയതിനു ശേഷമാണ്  ബച്ചൻ, ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങുന്നത്. അമിതാഭ് ബച്ചൻ, ആ പാട്ട് നിങ്ങളെക്കുറിച്ചായിരുന്നു. അതുകൊണ്ടാണ് അത് കേൾക്കുമ്പോഴൊക്കെ നിങ്ങളോടുള്ള കലി കൊണ്ട് എന്റെ തല പെരുത്തത്. 

 

സാഹിർ ലുധിയാൻവി പാടുന്നു. ബച്ചൻ, നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നിങ്ങൾ ഭൂമിയിലേക്ക് ക്ഷണിക്കപ്പെട്ടതു തന്നെ ഞങ്ങളുടെ ഭാഗ്യമാണ്. കഭീ കഭീ മേരേ ദിൽ മേ, ഖയാൽ ആതാ ഹേ !!

 

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar, Amitabh Bachchan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com