ADVERTISEMENT

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഇടയിലെ ആത്മീയകവിയാണ് ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ.  സത്യവേദ പുസ്തകത്തെ അടിസ്ഥാനമാക്കി ധാരാളം  ഭക്തികവിതകൾ ഇതിനകം രചിച്ചു കഴിഞ്ഞു.  അത് ഒരു അർച്ചന കൂടിയാണ് ടീച്ചർക്ക്. അടിയുറച്ച ദൈവവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും  കാവ്യാർച്ചന.  ക്രിസ്തുമതത്തിന്റെ ചട്ടക്കൂടുകളിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ മനോഹരങ്ങളായ ബൈബിൾ  കവിതകൾ രചിക്കാം എന്ന് അവർ നമുക്കു കാണിച്ചു തരുന്നു. എന്നുവച്ച് എല്ലാം ഭക്തികവിതകൾ ആണെന്നു കരുതിയാൽ തെറ്റി.  മറ്റു കവിതകളും ധാരാളം എഴുതുന്നു. സന്ദർഭോചിതമായി, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചും കവിതകൾ രചിക്കുന്നു.

സമൂഹത്തിലെ അനീതികൾക്കെതിരെ തന്റെ തൂലിക പടവാളാക്കുന്നു. ആശംസാകവിതകൾ, സ്നേഹാദര കവിതകൾ, മംഗളകാവ്യങ്ങൾ  വിലാപകാവ്യങ്ങൾ  അങ്ങിനെ പോകുന്നു ടീച്ചർ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ. ഗൃഹാതുരത്വവും പിറന്ന നാടിനോടുള്ള സ്നേഹവും ആ  കവിതകൾക്കു വിഷയമാകാറുണ്ടെങ്കിലും  ഭക്തിക്കാണ് കൂടുതൽ  ഊന്നൽ.  മലയാളി ചെറുപ്പം മുതൽ കേട്ട് പഠിച്ച, പദ്യ ഭാഷയിലുള്ള കവിതകളാണ് ടീച്ചറുടെ ശൈലി. ദ്രാവിഡ വൃത്തങ്ങൾ  ഉപയോഗിച്ചുള്ള ഈ പദ്യരചനാ രീതി ഇഷ്ടപ്പെടുന്നവർ ധാരാളം.  ഈണത്തിൽ ചൊല്ലാവുന്ന അതിമനോഹരങ്ങളായ വരികൾ അങ്ങനെ മലയാളികൾക്ക് പ്രിയങ്കരമാവുന്നു.       

malayala-sahithyam-americayil-series-by-meenu-elizabeth-elcy-yohannan-shankarathil
ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, എൽസി യോഹന്നാൻ

അമേരിക്കയിലെയും കേരളത്തിലെയും മിക്ക ആനുകാലികങ്ങളിലും മലയാളത്തിലും ഇംഗ്ലിഷിലും കവിതകളും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ടഗോറിന്റെ ഗീതാഞ്ജലി വിവർത്തനം, വൃത്തബദ്ധമായ 435 കവിതകളിലായി ഇംഗ്ലിഷിൽനിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അമേരിക്കൻ മലയാള സാഹിത്യത്തിനും മലയാളഭാഷയ്ക്കും വലിയൊരു മുതൽക്കൂട്ട് തന്നെയാണ്.  ഇത് കൂടാതെ പത്തു കവിതാ സമാഹാരങ്ങളും രണ്ടു ലേഖന സമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.    

ആറു പതിറ്റാണ്ടുകളായി തുടരുന്നു എൽസി യോഹന്നാന്റെ സാഹിത്യ സപര്യ. പ്രധാനപ്പെട്ട ധാരാളം പുരസ്കാരങ്ങളും അവരെത്തേടിയെത്തിയിട്ടുണ്ട്. മാമ്മൻ മാപ്പിള മെമ്മോറിയൽ അവാർഡ്, നാലപ്പാട്ട്‌ നാരായണമേനോൻ അവാർഡ്, ഫോമാ, ഫൊക്കാന, ഈമലയാളി അവാർഡ് തുടങ്ങിയവ അവയിൽ ചിലതു മാത്രം.

സാമൂഹിക, ആത്മീയ മണ്ഡലങ്ങളിലും ഇവർ വളരെ സജീവമാണ്. അമേരിക്കൻ മലയാളികളുടെ പ്രിയ പുരോഹിതൻ ശങ്കരത്തിലച്ചന്റെ പത്നിപദം ഒരു ദൈവവിളി പോലെ കാണുന്നു എൽസി യോഹന്നാൻ. ഒരു പുരോഹിത ഭാര്യയുടെ കടമയെന്നതിലുപരി സഭയിലെ സ്ത്രീകളുടെ ആത്മീയ പ്രവർത്തങ്ങളിൽ  സജീവമാണ് എൽസികൊച്ചമ്മ എന്ന് ഇടവകക്കാർ സ്നേഹപൂർവം വിളിക്കുന്ന എൽസി യോഹന്നാൻ ശങ്കരത്തിൽ. 1981 ൽ അമേരിക്കയിൽ മലങ്കര ഓർത്തോഡോക്സ് വനിതാ സമാജം രൂപവർക്കരിക്കുന്നത്തിനു നേതൃത്വം കൊടുക്കുകയും  വർഷങ്ങളോളം ഈ വനിതാ സമാജത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 49 വർഷമായി സൺ‌ഡേ സ്‌കൂൾ അധ്യാപികയായ ഇവർ, ദേവാലയത്തോടു ചേർന്ന് പ്രവർത്തിക്കുന്ന മലയാളം സ്‌കൂളിൽ കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുന്നു.

elcy-yohannan-shankarathil-books
എൽസി യോഹന്നാൻ എഴുതിയ പുസ്തകങ്ങൾ

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് താഴെതിൽ ടി. ജി. തോമസിന്റെയും തങ്കമ്മയുടെയും മകളായി ജനിച്ച എൽസിക്ക് ഏഴു സഹോദരങ്ങളാണുള്ളത്. ഡിഗ്രിക്ക് ശേഷം ബിഎഡ്‌ എടുത്തു കൂനൂർ സ്റ്റെയിൻസ് ഹൈസ്‌കൂൾ, നീലഗിരി കടമ്പനാട് ഹൈസ്‌കൂൾ ഇവിടെയല്ലാം അധ്യാപികയായി. അക്കാലത്താണ് ചെമ്മാച്ചനായിരുന്ന ഫാദർ.യോഹന്നാൻ ശങ്കരത്തിലുമായുള്ള വിവാഹം.   1970  ൽ അച്ചനുമൊന്നിച്ചാണ് അമേരിക്കയിൽ എത്തുന്നത്. അധ്യാപനത്തിലും എൻജിനീയറിങ്ങിലും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നു മാസ്റ്റർ ബിരുദങ്ങൾ നേടിയ എൽസി യോഹന്നാൻ 35 വർഷത്തോളം ന്യൂയോർക്കിലെ  നാസാ കൗണ്ടി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോൿസ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ വികാരിയും അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്‌ക്കോപ്പയും ന്യൂ യോർക്ക് ലോങ് ഐലൻഡ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയുമായ വെരി. റവ. ഡോക്ടർ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പയോടൊപ്പം ന്യൂ യോർക്കിലെ ഗാർഡൻ സിറ്റി പാർക്കിൽ  സ്ഥിരതാമസമാക്കിയിരിക്കുന്ന ഇവർക്ക് രണ്ടു ആണ്മക്കളാണുള്ളത്. ഇൻവെസ്റ്റ്മെന്റ് ബാങ്കറായ മാത്യു യോഹന്നാനും കോർപ്പറേറ്റ് അറ്റോർണിയും ബിസിനസുകാരനുമായ തോമസ് യോഹന്നാനും.

നന്മയും വിശുദ്ധിയും കലർന്ന ഇതിവൃത്തങ്ങളിലൂടെ ആവിഷ്‌ക്കരിച്ച തന്റെ കവിതകൾക്ക്  വായനക്കാരെ സദാചാരത്തിന്റെയും ഭക്തിയുടെയും പാതയിലേക്ക് നയിക്കുവാൻ സാധിച്ചിട്ടുണ്ടെന്നു പ്രിയ കവയിത്രി  ഉറച്ചു വിശ്വസിക്കുന്നു. അലങ്കാരങ്ങളും വ്യാകരണങ്ങളുമെല്ലാം ഉൾപ്പെടുത്തി കവിതകൾ രചിക്കുകയും ക്ലാസ്സിക് കവിതകളോട് പ്രതിബദ്ധത പുലർത്തുകയും ചെയ്യുന്നതാണ് തന്റെ രീതി. ആധുനിക കവിതകളിൽനിന്നു കൃത്യമായ  അകലം പാലിക്കുവാനും ശ്രദ്ധിക്കുന്നു. കവിതകൾ വായനക്കാരന് മനസ്സിലാകണം. അതേസമയം അവനെ നന്മയിലേക്കു നയിക്കുവാനും ഉതകണമെന്നു കവി എൽസി യോഹന്നാൻ ശങ്കരത്തിൽ  വിശ്വസിക്കുന്നു. ക്രിസ്തുമതത്തിന്റെ അന്തഃസത്തയായ സ്നേഹത്തിലൂടെ മാനവികതയെ നോക്കിക്കാണുന്നു. ആ വിശ്വാസത്തിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ ഇന്നും വളരെ സജീവമായി എൽസി യോഹന്നാൻ ശങ്കരത്തിൽ എഴുത്തു തുടർന്ന് കൊണ്ടേയിരിക്കുന്നു; സസന്തോഷം. 

English Summary : Malayala Sahithyam Americayil - Series by Meenu Elizabeth - Elcy Yohannan Shankarathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com