ADVERTISEMENT

മറൈൻ ക്യാംപസിലെ താഴും താക്കോലുമില്ലാത്ത ഹോസ്റ്റൽ മുറി. വാതിലോടാമ്പൽ ഒരു ചെറിയ കയറിൻ കഷണംകൊണ്ടു കെട്ടി, പൂട്ടിയതായി സ്വയം സമാധാനപ്പെടുത്തി, ഞങ്ങൾ വരാന്തയിലേക്കിറങ്ങിയപ്പോൾ ഗെയിറ്റിങ്കൽ തെറിപ്പൂരം. കാവൽക്കാരൻ നേപ്പാളിയുമായി പിടിവലി നടത്തുന്നയാളെ ക്ഷണത്തിൽ മനസ്സിലായി. ഓടിച്ചെന്നു. ഒരുതരത്തിൽ രണ്ടുപേരെയും പിടിച്ചു മാറ്റി. ഭായി മാറിപ്പോയെങ്കിലും അപരൻ പിൻമാറുന്നില്ല. 

 

‘അണ്ണാ വേണ്ട, പോട്ടെ വിട്ടേക്ക്.’

എത്ര സാന്ത്വനിപ്പിച്ചിട്ടും കലിയടങ്ങാതെ കത്തിജ്വലിച്ചു നിൽക്കുകയാണ് കവി എ. അയ്യപ്പൻ. മുഷിഞ്ഞ മുണ്ട് താഴെ വീണു കിടക്കുന്നു. കാവി നിറമുള്ള ജൂബ പാളപോലെ കീറിയിട്ടുണ്ട്. പതിവായി ‘പൂശുന്ന’ വാസനത്തൈലം ഉടലാകെ രൂക്ഷതയോടെ മണക്കുന്നു. ഉന്തിനും തള്ളിനുമിടയിൽ തെറിച്ചുപോയ കടലാസുകൾ പെറുക്കി എടുക്കുന്നതിനിടയിലും ഭായി ചുണ്ടിൻകീഴിൽ എന്തോ പിറുപിറുത്തതിനെ കവി കൃത്യമായി പിടിച്ചെടുത്തു-

 

‘പാകൽ നിന്റ തന്ത. കിണ്ടി കൊറച്ചൊക്കെ എനിക്കും അറിയാടാ ... മോനെ’. അയ്യപ്പൻ പിന്നെയും കുതിച്ചുചാടാൻ നോക്കി. ഞങ്ങൾ വിട്ടില്ല. ബലത്തിൽ പിടിച്ചു, തൊട്ടടുത്തുള്ള തട്ടുകടയുടെ മുന്നിലെ തടിബഞ്ചിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു.

 

ഒരു ചൂടുകാപ്പി ഇറങ്ങിച്ചെന്നപ്പോൾ ലേശം തിരിച്ചറിവു വന്നു.

‘നീ ഏതാടാ നീർക്കോലി?’

അയ്യപ്പൻ എന്നെ നോക്കി കണ്ണുകൾ ചുരുക്കിപ്പിടിച്ചു.

‘അണ്ണാ എന്നെ മനസ്സിലായില്ലേ? കഴിഞ്ഞവർഷം നമ്മൾ മാനന്തവാടിയിൽ...’

ഇഷ്ടകവിയുടെ ഓർമനഷ്ടത്തെ തിരികെ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചതിനെ മുഴുമിപ്പിക്കാൻ അല്പവും അനുവദിച്ചില്ല.

‘ആ, എനിക്കെങ്ങും അറിഞ്ഞൂടാ’.

 

അയ്യപ്പൻ ഞങ്ങളെ മാറി മാറി നിരീക്ഷിച്ചു.

‘മാന്യമ്മാര് കോട്ടും സൂട്ടും ഇട്ടിട്ടുണ്ടല്ലോ! പറ, എങ്ങോട്ടാ? എങ്ങോട്ടു പോകുവാ?’   

ചാക്കോ കണ്ണുകാട്ടി വിലക്കിയിട്ടും ഞാനങ്ങു പറഞ്ഞു. പറയാതിരിക്കുന്നതെങ്ങനെ? ഒരു കവിയല്ലേ ചോദിക്കുന്നത്? അതിനൊരു ബഹുമാനം കൊടുക്കണം.

‘അണ്ണാ. ഞങ്ങൾ ഒരു സിനിമാ കാണാൻ ഇറങ്ങിയതാ.’

‘യെന്നാ, സിനിമാക്കളി എനിക്കും കാണണം.’

അയ്യപ്പൻ ശഠിച്ചു. ഞങ്ങൾ സംശയിച്ചുനിന്നു.  

‘ഏതാടാ പടം?’  

‘ഹിന്ദി സിനിമയാ, അണ്ണാ. അമിതാബച്ചന്റെ.’

ഒരു മലയാളം കവി ഏതായാലും ഹിന്ദിപ്പടം കാണാൻ വരില്ല എന്ന ഉറപ്പുള്ളതുകൊണ്ടും ഞാൻ സത്യം സത്യമായി പറഞ്ഞു. പക്ഷേ പ്രതീക്ഷ തകിടം മറിഞ്ഞു. ‘ഇപ്പൊ എന്തായി’ എന്നമട്ടിൽ ചാക്കോ ചുണ്ടുകൾ കോട്ടി.

 

ഞാൻ പിന്നെയും അലിഞ്ഞു. ഒരു വലിയ കവിയുടെ ചെറിയ മോഹമല്ലേ, സാധിച്ചു കൊടുത്തേക്കാം. ചാക്കോ അത്രയും അലിഞ്ഞില്ല.

‘കാശു വേണ്ടേ? അതിനെന്തു ചെയ്യും?’

‘നമുക്കേ, കൊറച്ചു മുമ്പിലോട്ടിരിക്കാം. ബച്ചനെ അടുത്തു കാണുകേം ചെയ്യാം.’ ഞാൻ പറഞ്ഞ ഉപായം ചാക്കോ ചെറിയ മടിയോടെ അംഗീകരിച്ചുതന്നു.

‘എന്തെടാ, ഒരു ഗൂഢാലോചന? എന്നെ തട്ടിക്കളയുന്ന കാര്യമാണോ?’

‘ഹേ, ഒന്നുമില്ലണ്ണാ. വാ പോകാം.’

 

അയ്യപ്പൻ നടുവിലും ഞങ്ങൾ വശങ്ങളിലുമായി നേരേ കവിത തിയേറ്ററിലേക്കു നടന്നു. അയ്യപ്പന്റെ കീറിപ്പറിഞ്ഞ  വേഷവിധാനം കണ്ടിട്ടാകാം എതിരെ വന്ന പലരും സൂക്ഷിച്ചുനോക്കി. ദോഷം പറയരുതല്ലോ, അവർക്കെല്ലാം നല്ല മുഴുത്ത തെറിയും കിട്ടി. തുടക്കത്തിൽ അല്പം അസ്വസ്ഥത തോന്നിയെങ്കിലും പിന്നെപ്പിന്നെ ഞങ്ങൾക്കും അതിൽ രസം തോന്നി. അയ്യപ്പനെ ശ്രദ്ധിക്കാതെ കടന്നുപോയവരെ ഞങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുത്തു. അവരും തെറി വാങ്ങി. ഒരേതരം തെറികൾ ആവർത്തിച്ചപ്പോൾ ചാക്കോ ഒരു നിർദേശം വച്ചു. അതിനുശേഷം ഞങ്ങൾ പറയുന്ന അക്ഷരത്തിൽ പുതിയ തെറികളുണ്ടാക്കി നാട്ടുകാരെ അഭിഷേകം ചെയ്തു. രണ്ടെണ്ണം ഞങ്ങൾക്കും തന്നു.

 

തിയേറ്ററിലെത്തിയതേ അയ്യപ്പൻ ബാൽക്കണിയുടെ ഭാഗത്തേക്കു വച്ചുപിടിച്ചു. ഞങ്ങൾ പുറകോട്ടു വലിച്ചുകൊണ്ടുപോയി താഴ്ന്ന ക്ലാസിലെ വരിയിൽ നിർത്തി. അവിടെയും കശപിശ ഉണ്ടായി. മുന്നിൽ നിൽക്കുന്നവരെല്ലാം മാറിക്കൊടുക്കണം. അന്യരുടെ വായിൽനിന്നു പുളിച്ചതു നാലെണ്ണം കിട്ടിയപ്പോൾ ചെറുതായി ഒതുങ്ങി. ഇതിനിടെ ‘ചായ വേണം, കോള വേണം, ബീഡി വേണം’ തുടങ്ങിയ പല ആവശ്യങ്ങളും അദ്ദേഹം ഉയർത്തി. ആരു കേൾക്കാൻ? കേട്ടിട്ടും കാര്യമില്ല. പോക്കറ്റിലെ ദ്വാരം അത്രയും വലുതായിരുന്നു.

 

ദീർഘദർശിയായ ചാക്കോയുടെ പ്രവചനം തിയറ്ററിനുള്ളിൽ സത്യമായി ഭവിച്ചു. പടം തുടങ്ങി പതിനഞ്ചു മിനിറ്റ് കഴിഞ്ഞില്ല, അയ്യപ്പൻ പോകാൻവേണ്ടി ചാടി എഴുന്നേറ്റു. അമിതാഭ് ബച്ചൻ പറയുന്നതൊന്നും മനസിലാകുന്നില്ലപോലും! ഒന്നുകിൽ ബച്ചൻ മലയാളം പറയണം അല്ലെങ്കിൽ വീട്ടിൽ പോകണം എന്നുള്ള ഉപാധി ഞങ്ങളെ വലച്ചു. ഈ സാഹചര്യത്തെ ചാക്കോ ബുദ്ധിപരമായി നേരിട്ടു.

‘അയ്യപ്പണ്ണൻ പൊക്കോ, ഞങ്ങൾ പൊറകേ വന്നോളാം.’ 

അതിനെയും കവി നിസാരമായി വെട്ടി. 

‘അതെങ്ങനാടാ മക്കളെ, നിങ്ങളെ ഇവിടിരുത്തി ഞാൻ മാത്രം പോയാ ശരിയാകുവോ, മര്യാദയാണോ?’

 

ഉച്ചത്തിലുള്ള ഈ വർത്തമാനങ്ങൾ മറ്റുള്ളവരെ വെറിപിടിപ്പിച്ചു. വീട്ടിലിരിക്കുന്ന നിരപരാധികളായ മാതാപിതാക്കളെപ്പറ്റി ചില തരംതാണ പരാമർശങ്ങൾ ഇരുട്ടിൽനിന്നു പുറപ്പെട്ടു തുടങ്ങിയതോടെ ഞങ്ങളും പടംകാണൽ നിർത്തി പുറത്തിറങ്ങി.

 

ഗേറ്റു കടന്നതേ ചാക്കോ ചെവിയിൽ പറഞ്ഞു- ‘ഇയാളെ എവിടെയെങ്കിലും കൊണ്ടുപോയി കളയണം. ഇല്ലെങ്കിൽ ഇതിലും വലിയ സീനുണ്ടാകും.’ ചാക്കോ പറഞ്ഞതിൽ കഴമ്പുണ്ടായിരുന്നെങ്കിലും ഞാനതിനെ കടുപ്പത്തിൽ എടുത്തില്ല. എടുക്കാൻ സാധിക്കുമായിരുന്നില്ല. അയ്യപ്പൻ എഴുതിയ ചില കവിതകൾ, നെഞ്ചിൽ മുറിവുകളുണ്ടാക്കുന്ന വരിമൂർച്ചകൾ, സഹനങ്ങൾ, ലോലമായ മാനുഷികഭാവങ്ങൾ, അതിശയിപ്പിക്കുന്ന ബിംബകല്പനകൾ എന്നിവ ഹൃദയത്തിൽ നിർമിച്ചുവച്ച പ്രതിനായകത്വം അത്രയും ശക്തമായിരുന്നു. യാഥാർഥ്യങ്ങളെ മുഴുവൻ കവിതകൾക്കു ബലിനൽകി അയഥാർഥ്യങ്ങളിൽ ജീവിക്കുന്ന ഒരു കവിയെ സമചിത്തതയോടെ സ്വീകരിക്കാനുള്ള ബാധ്യത സമൂഹത്തിനുള്ളതായും ഞാൻ മനസ്സിലാക്കി. പക്ഷേ ഇവിടെ അയ്യപ്പനെ ഒഴിവാക്കിവിടാതെ മറ്റു മാർഗങ്ങളുമില്ല. സമയക്കുറവോ സന്നദ്ധതക്കുറവോ ആയിരുന്നില്ല, പൈസയായിരുന്നു സമസ്യ. എന്നുകരുതി മനുഷ്യത്വം ഉപേക്ഷിക്കരുതല്ലോ! ഞാൻ ചാക്കോയെ ശാന്തനാക്കി

‘വല്ലതും കഴിക്കാൻ വാങ്ങിക്കൊടുത്തിട്ട് തടി തപ്പാം. വാ.’

 

പൊരിവെയിലിലൂടെ ഞങ്ങൾ ചന്തറോഡിലെ കഞ്ഞിക്കടയിലെത്തി. കഞ്ഞി കുടിക്കുന്നതിനിടെ ചാക്കോയും ഞാനും ചില രഹസ്യപദ്ധതികൾക്കു രൂപംകൊടുത്തു. അതിലെ തമാശ ഉള്ളാലേ ആസ്വദിച്ചുകൊണ്ടിരുന്ന നേരം അയ്യപ്പൻ വളരെ ചെറിയ ഒരാഗ്രഹം പുറത്തെടുത്തിട്ടു,

‘എടാ എനിക്കും സിനിമേൽ അഭിനയിക്കണം. ഞാൻ അഭിനയിച്ചാ ശരിയാവില്ലേ. ശരിയാകും. ശരിയാകും.’

 

ഞങ്ങൾ പ്രതികരിച്ചില്ല. മൗനത്തെ വെറുക്കുന്ന കവി ഉറക്കെ ദേഷ്യപ്പെട്ടു. കഞ്ഞിപ്പാത്രം തട്ടി. കടക്കാരൻ മൂന്നുപേരെയും കയ്യോടെ ഇറക്കിവിട്ടു. 

 

ഞങ്ങൾ വീണ്ടും ലക്ഷ്യമില്ലാതെ നടപ്പുതുടങ്ങി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അയ്യപ്പൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. സഹികെട്ടപ്പോൾ ഞാൻ തൊഴുതു പറഞ്ഞു,

‘അണ്ണാ, അതിന് ഞങ്ങക്ക് സിനിമേൽ ആരെയും പരിചയമില്ലണ്ണാ.’

‘എനിക്ക് പരിചയമുണ്ടല്ലോ. എല്ലാ സിനിമാക്കാരും എന്റെ പരിചയക്കാരാ. ഞാൻ കാണിച്ചു തരാം. നിങ്ങളെന്നെ ഷൂട്ടിങ്ങു നടക്കുന്ന എവിടേലും കൊണ്ടുപോ. നിങ്ങക്കും ഞാൻ ചാൻസ് മേടിച്ചുതരാം, സത്യം.’

 

അയ്യപ്പൻ കൈയിൽ അടിച്ചു. ചാക്കോ അതിൽ വീണുപോയി. ‘ഒന്നു ശ്രമിക്കാം’ എന്ന മനസ്സുണ്ടായി. ചെറിയ വേഷം കിട്ടിയാൽപ്പോലും ലോട്ടറിയല്ലേ! ആളുകൾ സിനിമയിൽ എത്തുന്നതും ഇതുപോലൊക്കെയല്ലേ ? മനസ്സിലിങ്ങനെ മോഹം തളിരിട്ടപ്പോൾ ടിഡിഎം ഹാളിനു സമീപം ഏതോ സിനിമയുടെ ചിത്രീകരണം നടക്കുന്ന കാര്യം രാവിലെ ആരോ പറഞ്ഞതായി അവൻ ഓർത്തു. ഞങ്ങൾ തിടുക്കത്തിൽ അങ്ങോട്ടു നീങ്ങി. സംഗതി സത്യമായിരുന്നു. ചെറിയ സെറ്റപ്പാണെന്നു കണ്ടപ്പോഴേ മനസ്സിലായി. വലിയ  താരങ്ങളൊന്നുമില്ല. രണ്ട് കോമഡി നടൻമാരെ കണ്ടു. ഒരു വയസ്സൻ ബൈക്കിൽ തട്ടി റോഡിൽ മറിഞ്ഞുവീഴുന്ന സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്.

 

അതു നോക്കിനിന്ന അയ്യപ്പൻ ആവേശഭരിതനായി.

‘കണ്ടാ കണ്ടാ. ഇത്രേ ഉള്ളെടാ അഭിനയം. ഞാൻ ഇതിലും നന്നായിട്ട് വീണ് കാണിക്കാം’ എന്നു പറഞ്ഞതും താഴെവീണതും ഒരുമിച്ചായിരുന്നു.

‘അയ്യപ്പണ്ണൻ ഇവിടെ വീണിട്ട് എന്തു കാര്യം? അങ്ങോട്ടു ചെല്ല്. അണ്ണൻ അവിടെപ്പോയി വീഴ്. അവരെ കാണിച്ചു കൊടുക്ക്. അണ്ണന്റെ ധൈര്യം ഞങ്ങളും കാണട്ടെ.’

ചാക്കോ എരിപിരി കേറ്റിക്കൊടുത്തു.

‘എനിക്കാരേം പേടിയില്ല നീയൊക്കെ കണ്ടോ.’

 

അയ്യപ്പൻ അവിടേക്കു തെന്നിനീങ്ങി. വയസ്സനായി അഭിനയിക്കുന്നയാളും അയ്യപ്പനും തമ്മിൽ ഏതൊക്കയോ സംസാരിക്കുന്നതും കശപിശയാകുന്നതും ഞങ്ങൾ റോഡിനിക്കരെ നിന്നുകൊണ്ട് കണ്ടു. സെറ്റിലെ വേറെയും ആളുകൾ വിഷയത്തിൽ ഇടപെട്ടപ്പോൾ ഇനി അവിടെ നിന്നാലുള്ള അപകടം മനസ്സിലായി. ഒന്നും നോക്കിയില്ല, മുങ്ങി!

 

ഇരുട്ടു വീഴുംവരെ ഫോർട്ടു കൊച്ചിയിലൊക്കെ കറങ്ങി, രാത്രിയിൽ പാത്തും പതുങ്ങിയും ഞങ്ങൾ മറൈൻ ഹോസ്റ്റലിൽ വന്നുകയറി. കുസാറ്റിൽ പോയില്ല. ഉള്ളിൽ നേർത്ത കുറ്റബോധം കിടന്നതിനാൽ അയ്യപ്പനെപ്പറ്റി ഓർക്കാതിരിക്കാൻ ഞാൻ മനപ്പൂർവം ശ്രമിച്ചു. എങ്കിലും ആനക്കൊതുകുകളെ ഓടിച്ചുവിടാൻ വൃഥാ ചന്ദനത്തിരി കത്തിക്കുന്നതിനിടെ ചാക്കോ ചോദിച്ചു-

 

‘മച്ചാ, നാളെ ഈ അയ്യപ്പണ്ണനെങ്ങാനും കേറി ഫിലിം സ്റ്റാറാകുവോ? ചെലപ്പോ ആകുവാരിക്കും അല്ലേ?’

 

ചാക്കോ വിചാരിച്ചുകൂട്ടിയതുപോലെ യാതൊന്നും സംഭവിച്ചില്ല. അയ്യപ്പൻ ഒരു ഫിലിം സ്റ്റാറായില്ല. സമകാലീന മലയാളകവിതയുടെ ആകാശച്ചെരുവിൽ ഒരു വെള്ളിനക്ഷത്രമായി വിളങ്ങാനായിരുന്നു എ. അയ്യപ്പന്റെ നിയോഗം. പതിനൊന്നാം ചരമവാർഷിക ദിനത്തിൽ ആ പരിവ്രാജകകവിയെ ഹൃദയപൂർവം പ്രണമിക്കുന്നു.

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിലെ പ്രഫസറുമാണ്.)

 

English Summary: Madhu Vasudevan remembering poet A. Ayyappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com