ADVERTISEMENT

ഇഷ്ടമായതുകൊണ്ടൊന്നുമല്ല കുര്യൻ സെക്യൂരിറ്റിപ്പണിക്കാരനായത്. സെക്യൂരിറ്റിയുടെ വേഷമിട്ട ശേഷം അത് അഴിച്ചുമാറ്റണമെന്ന് അയാൾക്ക് ഒരിക്കൽപോലും തോന്നിയതുമില്ല. ആളുകൾ പണി മതിയാക്കി വീട്ടിലേക്കു തിരിക്കുമ്പോൾ അയാൾ പതിയെ ഇരുട്ടിലേക്കിറങ്ങും. വവ്വാലും മൂങ്ങയുമൊക്കെ ഇരതേടാനിറങ്ങുന്നതിനൊപ്പം അയാളുമുണ്ടാകും. അരണ്ട വെളിച്ചത്തിലേ അയാൾക്കു കണ്ണുകാണൂ. വെയിലത്തേക്കു നോക്കാൻ സാധിക്കാത്തവിധം അയാളുടെ കണ്ണ് ഇരുട്ടു മൂടിപ്പോയി. പകൽ പുറത്തിറങ്ങാറില്ല. അടച്ചിട്ട മുറിയിൽ ഉറങ്ങും. രാത്രിയും പകലും അയാൾക്കു കീഴ്‌മേൽ മറിഞ്ഞുപോയി. പകലിനെക്കാൾ അയാൾ രാത്രിയെ സ്‌നേഹിച്ചു. 

കുര്യൻ എന്നായിരുന്നു പേരെങ്കിലും ‘കള്ളൻ തോമയുടെ മകൻ’ എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. ആരെങ്കിലും പേരു ചോദിച്ചാൽ കുര്യൻ എന്നു പറയണമെന്നു പഠിപ്പിച്ചത് അമ്മയാണ്. കുഞ്ഞുന്നാളിൽ ചോദിച്ചവരോടൊക്കെ അയാൾ കുര്യനെന്നു പേരുപറഞ്ഞു. ആരുടെ മകനാണ് എന്നതായി അടുത്ത ചോദ്യം. തോമയുടെ എന്ന് മറുപടി പറഞ്ഞു. അപ്പോൾ വീണ്ടും ചോദ്യം വരും, ഏതു തോമ? കലുങ്കിന്റെ താഴേക്കുള്ള വഴിയിലെ വീട്ടിലെ തോമ. ഓ... നമ്മുടെ കള്ളൻ തോമയുടെ മകനാണല്ലേ...? കൂടെ ഒരു ചിരിയും. 

തോമ എന്തെങ്കിലും കട്ടതായി കുര്യന് അറിയില്ല. പൊലീസ് അന്വേഷിച്ചു വരികയോ എന്തെങ്കിലും കേസുള്ളതായോ ധാരണയില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയേ വീട്ടിൽ വരാറുള്ളൂ. വരുമ്പോൾ അരിയും സാധനങ്ങളും കൊണ്ടുവരും. കൂടെ കുര്യനു പലതരത്തിലുള്ള മിഠായികളും കരുതും. അപ്പനെന്താണു പണിയെന്നു ചോദിച്ചാൽ അമ്മ പറയും, ദൂരെ ഒരു ഫാക്ടറിയിൽ ആണെന്ന്. അതുകൊണ്ടാണത്രേ എന്നും വീട്ടിൽ വരാൻ സാധിക്കാത്തത്. ചെറുപ്പത്തിൽ കുര്യനതു വിശ്വസിച്ചു. മുതിർന്നു വരുന്തോറും ഒരു കാര്യം മനസ്സിലായി, അമ്മയൊഴികെ ബാക്കിയെല്ലാവരും അപ്പനെ വിളിക്കുന്നത് കള്ളൻതോമയെന്നാണ്.  

പതിയെപ്പതിയെ കുര്യനും അറിയാതെ അംഗീകരിച്ചു: താൻ കള്ളൻ തോമയുടെ മകനാണ്. പേരു ചോദിക്കുന്നവരോട് ആദ്യം കുര്യനെന്നും തുടർന്ന് കള്ളൻ തോമയുടെ മകനെന്നും സങ്കോചമൊന്നുമില്ലാതെ പറയാൻ തുടങ്ങി. പേരു പറഞ്ഞാൽ തുടർന്നുവരുന്ന ചോദ്യങ്ങളൊഴിവാക്കാൻ കള്ളൻ തോമയുടെ മകൻ കുര്യൻ എന്നു നേരെ പറയാൻ തുടങ്ങി. തെല്ലും അർഥശങ്കയ്ക്കിടയില്ലാത്ത ആ മറുപടിയിൽ അമർഷം പുകഞ്ഞിരുന്നു.

അപ്പൻ കള്ളനാണോ എന്നു പലവട്ടം അമ്മയോടു ചോദിച്ചെങ്കിലും നിഷേധിച്ചു. സ്‌കൂളിൽ ചേർന്നപ്പോഴും കള്ളൻ വിളി കൂടെയുണ്ടായിരുന്നു. കള്ളൻ തോമയുടെ മകൻ കുര്യൻ എന്നത് സൗകര്യാർഥം കള്ളൻ കുര്യനെന്നായി. സ്‌കൂളിലെ സകല കുട്ടികളും കള്ളൻ കുര്യനെന്നു വിളിച്ചു. ആ കുട്ടികളിൽ മിക്കവരും കുര്യന്റെ അപ്പൻ തോമയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. പെൻസിലോ നോട്ടുബുക്കോ പേനയോ കളവുപോയാൽ ആദ്യം പിടികൂടുന്നതു കുര്യനെയാണ്. കുര്യനെ പരിശോധിച്ച ശേഷമേ മറ്റാരെയെങ്കിലും പരിശോധിക്കാൻ അധ്യാപകർ പോലും മെനക്കെടാറുള്ളൂ. എന്തിനാണിതെന്നു പലവട്ടം ചോദിച്ചെങ്കിലും കാര്യമുണ്ടായില്ല. കണ്ണുരുട്ടലോ അടിയോ ആയിരുന്നു മറുപടി. ജീവിതത്തിൽ ഒരു മൊട്ടുസൂചി പോലും മോഷ്ടിക്കാതിരുന്നിട്ടും എങ്ങനെ താൻ കള്ളനായി എന്ന ചോദ്യത്തിന് ഒരുകാലത്തും കുര്യന് ഉത്തരം കിട്ടിയില്ല.

ഇടയ്‌ക്കെപ്പൊഴോ അപ്പന്റെ വരവു നിലച്ചു. അതോടെ പട്ടിണി പടികയറി വന്നു. ഒരുനേരം പോലും തികച്ചുണ്ണാനില്ലാതായതോടെ കുര്യൻ പണിതേടി ഇറങ്ങി. കള്ളൻ കുര്യനു പണി കിട്ടാൻ വലിയ പാടായിരുന്നു. ഒടുവിൽ അരിക്കച്ചവടക്കാരൻ സാമുവലിന് അലിവുതോന്നി പണി നൽകാമെന്നു പറഞ്ഞു. അരിച്ചാക്കു ചുമക്കാനുള്ള വലുപ്പമോ കണക്കുകൂട്ടാൻ മാത്രം വിദ്യാഭ്യാസമോ ഇല്ലാത്തതിനാൽ ആ പണിക്കൊന്നും കുര്യനെ നിർത്താൻ പറ്റില്ലായിരുന്നു. അരിഗോഡൗണിനു കാവൽ നിർത്തുക എന്നതു മാത്രമായിരുന്നു കുര്യനു നൽകാൻ കഴിയുന്ന ജോലി. വലിയ മതിലും ഗേറ്റുമുള്ള ഗോഡൗണിന് ഒരു കാവൽക്കാരന്റെ ആവശ്യമുണ്ടായിട്ടല്ല. ചെറുക്കന് ഒരു ഏർപ്പാട് ആയിക്കോട്ടെ എന്നു കരുതിയാണ് സാമുവൽ പണി നൽകിയത്. കൂലിയായി അരിയും ചെലവിനുള്ള പൈസയും നൽകും. അതിൽ കൂടുതലൊന്നും കുര്യൻ ആഗ്രഹിച്ചതുമില്ല.

ജോലി തുടങ്ങിയ ആദ്യ ദിവസങ്ങളിലൊക്കെ തിണ്ണയിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോകും. ഇരുട്ടുമായി അടുത്തിടപഴകിയതോടെ ഉറക്കം ഇല്ലാതായി. രാത്രിയാണ് ജീവിക്കാൻ ഏറ്റവും നല്ലതെന്ന് അയാൾ മനസ്സിലാക്കി. സകല കള്ളന്മാരും പുറത്തിറങ്ങുന്നതും കൊള്ള നടത്തുന്നതും പകലാണ്. എന്നിട്ടും രാത്രിയെയും ഇരുട്ടിനെയും എല്ലാവരും ഭയക്കുന്നു. അരിക്കു വകയില്ലാതെ ഗതികെട്ടവരായിരിക്കും രാത്രി കക്കാനിറങ്ങുന്നത്. പകലത്തെ കള്ളന്മാർ അങ്ങനെയല്ല. പകൽ കക്കുന്നവനെ ആരും കള്ളനെന്നു വിളിക്കാറുമില്ല. സെക്യൂരിറ്റിപ്പണി കിട്ടിയതോടെ കള്ളൻ കുര്യൻ എന്ന പേരിന് ആശ്വാസം കിട്ടി. കള്ളനിൽനിന്നു കാവൽക്കാരനിലേക്ക് അയാൾക്കു പരിണാമം വരികയായിരുന്നു. വർഷങ്ങൾ കഴിയുന്തോറും പേരുപോലും അപ്രസക്തമായിപ്പോയി. കള്ളനാണോ കാവൽക്കാരനാണോ എന്നൊന്നും ചിന്തിക്കാതെയായി. വർഷം കുറെ കഴിഞ്ഞിട്ടും കുര്യൻ കാവൽക്കാരനായിത്തന്നെ തുടർന്നു. മറ്റെന്തെങ്കിലും ജോലി തേടിപ്പോയാൽ പഴയ കള്ളൻ കുര്യൻ എന്ന പേര് വീണ്ടും പിന്നാലെയെത്തുമെന്ന് അയാൾ ഭയന്നു. കാവൽ നിൽക്കുക എന്നതിനെക്കാൾ സുരക്ഷിതമായ മറ്റൊരു ജോലിയും അയാളുടെ മനസ്സിലുണ്ടായിരുന്നില്ല.

വൈകിട്ട് കുര്യനെത്തുമ്പോഴേക്കും ബാക്കി പണിക്കാരെല്ലാം ഗോഡൗണിൽനിന്നു പോയിരിക്കും. അരിമണി പെറുക്കുന്ന പക്ഷികളോ എലികളോ മാത്രമേ പിന്നെ അവിടെ കാണൂ. വളരെ വിരളമായാണ് മറ്റു മനുഷ്യരെ കണ്ടുമുട്ടുന്നത്. ഒന്നും പറയാനില്ലാത്തതിനാൽ ചിരിക്കുക മാത്രമാണു ചെയ്യാറ്. പിന്നീട് ചിരിക്കാൻ പോലും അയാൾ മറന്നുപോയി. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അതെ, അല്ല, ഉം... എന്നിങ്ങനെയായിരിക്കും മറുപടി. ആരോടും സംസാരിക്കാതായതോടെ വാക്കുകൾ പലതും മറന്നുപോയി. ഭാഷ അയാൾക്ക് അവശ്യവസ്തുവല്ലാതായി. കുര്യനു മറ്റാരോടും ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല.

അമ്മയുടെ മരണത്തോടെ അയാൾ പൂർണസ്വതന്ത്രനായി. ലോകത്തിലെ അവസാന ബന്ധവും അറ്റുപോയി. സങ്കടം പറയാനോ സന്തോഷം പങ്കുവയ്ക്കാനോ ആരുമുണ്ടായില്ല. വികാരങ്ങളെയൊക്കെ അയാൾ ചെറുപ്പത്തിലേതന്നെ ശ്വാസംമുട്ടിച്ചു കൊന്നിരുന്നു. കരയുന്നതുകൊണ്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് ചെറുപ്പത്തിൽത്തന്നെ അയാൾ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടായിരിക്കാം, അമ്മ മരിച്ചപ്പോഴും അയാളിൽ പ്രത്യേകിച്ചു ഭാവമാറ്റമൊന്നുമുണ്ടായില്ല. ആകെയുണ്ടായ മാറ്റം സ്വന്തമായി കഞ്ഞിവയ്ക്കാൻ തുടങ്ങി എന്നതുമാത്രം. 

ഗോഡൗണിന്റെ വരാന്തയിൽ ആകാശം നോക്കിയിരിക്കലാണ് മിക്കവാറും കുര്യന്റെ പണി. ഓരോ നക്ഷത്രത്തിന്റെയും സ്ഥാനം അയാൾ കൃത്യമായി മനസ്സിലാക്കി. എപ്പോൾ ഉദിക്കുമെന്നും അസ്തമിക്കുമെന്നും അയാൾക്കറിയാം. തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളുമായിരുന്നു അയാൾക്ക് ആകെയുള്ള ആനന്ദം. കണക്കുകൂട്ടാൻ കഴിയാത്തത്ര ഉയരത്തിലുള്ള നക്ഷത്രങ്ങൾ. താനെന്തുകൊണ്ട് ആകാശത്തു മിന്നുന്ന നക്ഷത്രമായോ അരിമണി പെറുക്കുന്ന പക്ഷിയായോ ജനിച്ചില്ല എന്ന് അയാൾ ആലോചിക്കാറുണ്ട്. അങ്ങനെയായിരുന്നുവെങ്കിൽ അച്ഛനാരാണെന്ന് ആരെയും ബോധിപ്പിക്കേണ്ടി വരില്ലായിരുന്നു. ജനനത്തിനു മുൻപേ പേരുകൾ സൃഷ്ടിക്കപ്പെടില്ലായിരുന്നു. പേരുതന്നെ സൃഷ്ടിക്കപ്പെടില്ലായിരുന്നു. ജനിക്കുന്ന ഒരു കുഞ്ഞും ഒരിക്കലും പുതിയ ജീവിതം ആരംഭിക്കുന്നില്ല. ആരൊക്കെയോ ജീവിച്ചുവച്ചതിന്റെ ബാക്കി പേറുന്നവരാണ്. അവർ പേറിയതിന്റെ ബാക്കി അവരുടെ മക്കൾ. അതങ്ങനെ അനന്തമായി തുടർന്നുകൊണ്ടേയിരിക്കുന്നു. കള്ളൻ തോമയുടെ മകനായതുകൊണ്ടുമാത്രം കള്ളനെന്നു മുദ്രകുത്തപ്പെട്ടുപോയ ബാല്യം ഏറെക്കുറെ അയാൾ മറന്നുകഴിഞ്ഞു. പേരുകളില്ലാത്ത നാട്ടിൽ ഒരു നക്ഷത്രമായി ജനിക്കുന്നതിനെക്കുറിച്ചാണ് ഈയിടെയായി ആലോചന.  

ആകാശവും നക്ഷത്രങ്ങളുമില്ലാത്ത രാത്രികളിൽ അയാൾ അസ്വസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ മഴക്കാലം അയാൾക്കു മടുപ്പായിരുന്നു. മഴക്കാലത്ത് ഒന്നും ചെയ്യാതെ വരാന്തയിൽ തണുത്തുവിറങ്ങലിച്ചിരിക്കണം. ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം അയാൾ വെറുത്തു. മഴയും മനുഷ്യരും വെറുതേ ബഹളമുണ്ടാക്കുന്നവരാണ്. നിശ്ശബ്ദമായി പെയ്യുന്ന ഒരു മഴപോലും അയാൾ കണ്ടിട്ടില്ല. ചാറ്റൽമഴയ്ക്കു പോലും ഒരു മൂളിച്ചയുണ്ട്. അനാവശ്യമായി ഈ മനുഷ്യരെന്തെല്ലാമാണു പറയുന്നത്. അനാവശ്യങ്ങൾ പറയുന്നതിനിടെ ആവശ്യങ്ങൾ പറയാൻ മറന്നുപോകുകയും ചെയ്യുന്നു. മഴയുടെയും കാറ്റിന്റെയും ഹുങ്കാരത്തിൽ ഇത്തരത്തിൽ നിശ്ശബ്ദമായിപ്പോകുന്നത് എന്തെല്ലാം ശബ്ദങ്ങളാണ്. മഴ എന്നു പറയുമ്പോൾ ആളുകൾ ഇത്രയധികം വികാരാധീനരാകുന്നതെന്തിനെന്നും അയാൾ ചിന്തിച്ചിട്ടുണ്ട്. മഴ കനത്തുപെയ്യുമ്പോൾ അയാൾ പ്രാകും. അയാളുടെ തെറിവിളികളും പുലമ്പലുകളും മഴയുടെ ശബ്ദത്തിൽ ഇല്ലാതാകും. 

മഴയെ പ്രാകി പ്രാകി നേരം വെളുപ്പിച്ച് അയാൾ പതിവുപോലെ അന്നും വീട്ടിലേക്കു പോയി. കഞ്ഞിവച്ചുകുടിച്ചു കിടന്നു. ഉറക്കം പിടിക്കുന്നതിനു മുൻപേ വാതിലിൽ മുട്ടുകേട്ടു. വാതിൽ തുറന്ന് വളരെ പ്രയാസപ്പെട്ട് വെളിച്ചത്തേക്കു നോക്കി. മുറ്റത്തു പൊലീസ് വണ്ടിയും കുറച്ചു പൊലീസുകാരും. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിനു മുൻപേ കുര്യനെപ്പിടിച്ചു ജീപ്പിൽ കയറ്റി. പകൽവെളിച്ചത്തിൽ പരിഭ്രമിച്ചുപോയ കുര്യൻ അറിയാവുന്ന വാക്കുകൾ കൂടി മറന്നുപോയതിനാൽ ഒന്നും മിണ്ടാനായില്ല. സ്റ്റേഷനിലെത്തിയപ്പോഴാണു കാര്യം മനസ്സിലായത്. ഗോഡൗൺ കുത്തിത്തുറന്ന് അരിച്ചാക്കുകൾ കടത്തിയിരിക്കുന്നു.

സാമുവൽ മുതലാളി കുറച്ചപ്പുറത്ത് ഇരിക്കുന്നുണ്ട്. രൂക്ഷമായി അയാൾ കുര്യനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. കുര്യനെ അടിമുടി ഒന്നു നോക്കിയ പൊലീസുകാരൻ സാമുവലിനോടു പറഞ്ഞു: 

‘നിങ്ങള് പൊക്കോ, കട്ടതാരാന്ന് ഇവനെക്കൊണ്ടു പറയിക്കുന്ന കാര്യം ഞങ്ങളേറ്റു. ഇവനറിയാതെ ഗോഡൗണിൽനിന്ന് ആരും അരി കടത്തില്ല. ഇനി ഇവൻ തന്നെയല്ല കടത്തിയതെന്ന് ആർക്കറിയാം. കള്ളൻ തോമയുടെ മകനല്ലേ ഇവൻ’.  

കുര്യനെ ഒന്നു നോക്കുകപോലും ചെയ്യാതെ സാമുവൽ സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിപ്പോയി.

‘ഇങ്ങോട്ട് മാറിനിക്കടാ അരിക്കള്ളാ’ എന്നൊരു ആക്രോശം കേട്ടു. പകൽവെളിച്ചത്തിൽ ശരിക്കു കണ്ണുകാണാത്ത കുര്യന് ആരാണതു പറഞ്ഞതെന്നു മനസ്സിലായില്ല. പക്ഷേ, തന്നോടാണെന്നു മാത്രം മനസ്സിലായി.

English Summary : Kallanum Kavalkaranumiyidayille Rathri : Short Story by Arun Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com