ADVERTISEMENT

മെക്സിക്കൻ കവി ഒക്ടോവിയോ പാസ്, യുഎസിന്റെ ഏറ്റവും വലിയ കരുത്ത് സൈനികശക്തിയല്ല, അതിന്റെ ആഭ്യന്തര ജനാധിപത്യമാണെന്നു നിരീക്ഷിച്ചിട്ടുണ്ട്. കാലാകാലങ്ങളിലെ യുഎസ് വിദേശ നയങ്ങൾ ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനാധിപത്യ സർക്കാരുകളെയും തളർത്തുകയാണു ചെയ്തിട്ടുള്ളതെങ്കിൽ, സ്വന്തം രാജ്യത്തിനകത്ത് എല്ലാ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെയും ഏറ്റവും ചലനാത്മകമായി വികസിപ്പിക്കാൻ അവർക്കു കഴിഞ്ഞുവെന്നു പാസ് അഭിപ്രായപ്പെടുന്നു.

തീവ്രമതവാദികൾ മുതൽ അരാജകവാദികൾ വരെയുള്ളവർക്കു സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ ഒരു ഇടം അവിടെയുണ്ട്. സ്വന്തം രാജ്യത്തിന്റെ വിദേശനയങ്ങളെ നിശിതമായി വിമർശിക്കുന്ന നോം ചോംസ്കി, അവിടെത്തെ മുഖ്യസർവകലാശാലയിൽ ദശകങ്ങളോളം അധ്യാപകനായി തുടർന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്താണു കാണിക്കുന്നത്. കറുത്തവരുടെ പൗരാവകാശ സമരങ്ങളെയും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളെയും മറ്റു ജനകീയ പ്രതിരോധമുന്നേറ്റങ്ങളെയും തടഞ്ഞുവയ്ക്കാൻ അവിടെ സർക്കാരുകൾക്കു സാധിക്കില്ല. അവകാശനിഷേധങ്ങൾ ഉണ്ടാവുമ്പോൾ കടുത്ത ചെറുത്തുനില്പും സാധ്യമാകുന്നു. 

paul-asuter-book-4321

പോൾ ഓസ്റ്ററുടെ 4321 എന്ന നോവൽ കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയിലെ പൗരാവകാശ സമരങ്ങളുടെയും യുദ്ധവിരുദ്ധമുന്നേറ്റങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു അമേരിക്കൻ യുവാവിന്റെ അഞ്ചു ജീവിതസാധ്യതകളാണ് ആവിഷ്കരിക്കുന്നത്. അതിലൊരാൾ കൗമാരത്തിലേ മരിച്ചുപോകുന്നുവെങ്കിൽ മറ്റൊരാൾ 60 കളിലെ യുദ്ധവിരുദ്ധ സമരഭടനായിത്തീരുന്നു. ജോൺ എഫ്. കെന്നഡി ഈ നോവലിലെ ഒരു പ്രധാന സാന്നിധ്യമാണ്. കെന്നഡി അറുപതുകളിലെ ചെറുപ്പക്കാരുടെ മനസ്സുകളിൽ ഒരു ഹീറോയെപ്പോലെ നിറഞ്ഞതും നാം കാണുന്നു.

എന്നാൽ, കെന്നഡിയെപ്പോലെ ഉദാരമായ ഒരു ഓർമയായി ട്രംപ് ചരിത്രത്തിലോ സാഹിത്യത്തിലോ കടന്നുവരാനിടയില്ല. ജനാധിപത്യമൂല്യങ്ങളുടെ സാമൂഹികഘടന ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ട വർഷങ്ങളായിട്ടാവും ട്രംപ് ഭരണകാലം പിന്നീട് അമേരിക്കൻ നോവലിൽ കടന്നുവരിക. 

നവംബർ മൂന്നിനു ശേഷം ട്രംപ് അധികാരത്തിൽ തുടരുമോ എന്ന ചോദ്യത്തെക്കാൾ, തിരഞ്ഞെടുപ്പിനുശേഷം ട്രംപ് സ്ഥാനമൊഴിയാൻ വിസ്സമ്മതിക്കുമോ എന്ന ചർച്ചയാണ് ഇപ്പോൾ അവിടെ നടക്കുന്നത്. ഒരു പക്ഷേ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാവും ഇത്തരമൊരു വിചിത്രസാഹചര്യം.

carlos-lozada-book-what-were-we-thinking-a-brief-intellectual-history-of-the-trump-era

ട്രംപും പുസ്തകവും എന്നു കേട്ടാൽ ഒരു ചേർച്ചയും ഇല്ലെങ്കിലും അമേരിക്കയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവുമധികം പുസ്തകങ്ങൾ എഴുതപ്പെട്ടത് ട്രംപിനെക്കുറിച്ചാണ്. ട്രംപ്ഭരണകാലം അമേരിക്കയുടെ സാമൂഹിക, ധൈഷണികഘടനയിൽ കൊണ്ടുവന്ന മാറ്റങ്ങളെ വിലയിരുത്തുന്ന നൂറുകണക്കിനു പുസ്തകങ്ങളാണ് ഇക്കാലയളവിൽ ഇറങ്ങിയത്. What Were You Thinking : A Brief History of the Intellectual History of Trump Era എന്ന ഇക്കൂട്ടത്തിലെ ഒടുവിലെ പുസ്തകമിറങ്ങിയത് ഈ മാസാദ്യവും. 

us-president-barack-obama
Barack Obama. Photo Credit: Evan Vucci / AP Photo

വാഷിങ്ടൻ പോസ്റ്റിലെ കോളമിസ്റ്റും പുലിറ്റ്സർ സമ്മാനജേതാവുമായ Carlos Lozada ആണു ഗ്രന്ഥകാരൻ. ഈ പുസ്തകം എഴുതാനായി ട്രംപിന്റെ സ്വകാര്യജീവിതവും ഭരണവും പ്രമേയമാകുന്ന 150 പുസ്തകങ്ങളെങ്കിലും താൻ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സഹാനുഭൂതിയോ സത്യസന്ധതയോ തൊട്ടുതീണ്ടാത്ത പ്രസിഡന്റ് എന്നാണ് മിക്കവാറും പുസ്തകങ്ങളിലെ പ്രധാന വിലയിരുത്തൽ. വൈറ്റ് ഹൗസിലിരിക്കെ 20,000 ലേറെ തവണ ട്രംപ് പച്ചക്കളളം പറഞ്ഞതായി വാഷിങ്ടൻ പോസ്റ്റിലെ വസ്തുതാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തന്റെ സ്ഥാനാരോഹരണത്തിനു ബറാക് ഒബാമയുടെ സ്ഥാനാരോഹരണച്ചടങ്ങിൽ പങ്കെടുത്തതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്ന നുണ പറഞ്ഞാണു ട്രംപ് ഭരണം തുടങ്ങിയതുതന്നെ. 

കഴിഞ്ഞ (2016) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം, ഇക്കണോമിസ്റ്റ് വാരികയുടെ മുഖപ്രസംഗം (അഥവാ കവർസ്റ്റോറി) ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതമായ വിജയത്തെപ്പറ്റിയായിരുന്നു. വിലക്കുറവുള്ള ഉൽപന്നങ്ങളാൽ ചൈന അമേരിക്കൻ വിപണിയിൽ മേധാവിത്വം നേടിയതോടെ രാജ്യത്തെ ചെറുകിട, ഇടത്തര, പരമ്പരാഗത വ്യവസായമേഖല തകർന്നടിഞ്ഞു. ഇങ്ങനെ പൊടുന്നനെ തൊഴിൽരഹിതരോ പാപ്പരോ ആയിത്തീർന്ന മധ്യവർഗ വെള്ളക്കാരോടു ചൈനയും കുടിയേറ്റക്കാരുമാണ് അമേരിക്കയെ തകർക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ സങ്കുചിത ദേശീയതാ, വംശീയവാദത്തിലേക്കു മധ്യവർഗം ആകർഷിക്കപ്പെട്ടതിന്റെ പരിണതഫലമാണു രാഷ്ട്രീയക്കാരനല്ലാത്ത ട്രംപിനു ലഭിച്ച വിജയം എന്നായിരുന്നു ഇക്കണോമിസ്റ്റ് വിലയിരുത്തിയത്. വലിയ തോതിൽ സ്ത്രീകളുടെ പിന്തുണയും കിട്ടി. സാധാരണക്കാരുടെ ഇടയിലുള്ള ഈ സ്വീകാര്യതയ്ക്ക് ഇടിവു തട്ടാത്തതിനാൽ രണ്ടാം വട്ടവും ട്രംപ് അധികാരത്തിലേറുമെന്നാണു കഴിഞ്ഞദിവസം ഇക്കണോമിസ്റ്റ് വാരിക നടത്തിയ പ്രവചനം.

ട്രംപ് നേടിയ വിജയം യൂറോപ്പ് അടക്കം ലോകത്തിലെ  പല രാജ്യങ്ങളിലും ശക്തിപ്രാപിച്ചുകൊണ്ടിരുന്ന കുടിയേറ്റവിരുദ്ധ, തീവ്രദേശീയതാ മുന്നേറ്റങ്ങൾക്കു വലിയ ഊർജം പകർന്നു. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു ആദ്യ പ്രത്യാഘാതം. 

george-orwell-1984

ട്രംപ് ഭരണകൂടത്തിന്റെ ആദ്യദിവസങ്ങളിൽ ജോർജ് ഓർവെലിന്റെ 1984 ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഓർവെലിന്റെ നോവലിനു മാത്രമല്ല സർവാധികാര സ്വരൂപങ്ങൾ ഭാവന ചെയ്ത ആൽഡസ് ഹക്സ് ലി, മാർഗരറ്റ് അറ്റ് വുഡ് തുടങ്ങിയവരുടെ കൃതികൾക്കും വില്പന കൂടി. 

നാലുവർഷം മുൻപ് ട്രംപ് നേടിയ വിജയം അമേരിക്കയുടെ രാഷ്ട്രീയഘടനയിൽ വലിയ നടുക്കമാണുണ്ടാക്കിയത്. പൊതുബുദ്ധീജീവികളുടെ സമൂഹത്തെയും അതു പിടിച്ചുലച്ചു.  എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മുതൽ മുൻ എഫ്ബിഐ ഡയറക്ടറും ട്രംപ് കുടുംബത്തിലുള്ളവരും വരെ പ്രസിഡന്റ് എന്ന വ്യക്തി ആരാണെന്നും വൈറ്റ് ഹൗസിൽ എന്താണു നടക്കുന്നതെന്നും രേഖപ്പെടുത്താനായി രംഗത്തെത്തി. ട്രംപ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ അമേരിക്കയുടെ പൊതുമണ്ഡലത്തിലുണ്ടാക്കുന്ന കുഴമറിച്ചിലുകളും അന്വേഷണവിഷയമായി. രാജ്യത്ത് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമന്വേഷിക്കുകയായിരുന്നു അവർ. 

michael-anton-after-the-flight-93-election-book-the-vote-that-saved-america-and-what-we-still-have-to-lose

ഇതേസമയം ട്രംപ് അനുകൂല ബുദ്ധിജീവികളും പുസ്തകങ്ങളും ലേഖനങ്ങളുമായി  രംഗത്തുവരികയുണ്ടായി. Michael Anton രചിച്ച  After the Flight 93 Election എന്ന പുസ്തകം ഉദാഹരണം. ട്രംപ് വിജയം അമേരിക്കയെ രക്ഷിച്ചുവെന്നാണ് ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവായ ഗ്രന്ഥകാരന്റെ വാദം. സെപ്റ്റംബർ 11 ന്യൂയോർക്ക് ഭീകരാക്രമണ സമയത്തു ഹൈജാക് ചെയ്യപ്പെട്ട വിമാനങ്ങളിലൊന്നാണു ഫ്ലൈറ്റ് 93. അതിലെ യാത്രക്കാർ വിമാനം തട്ടിയെടുത്ത ഭീകർക്കെതിരെ, അവസാനനിമിഷം വരെ ധീരമായി ചെറുത്തുനിന്നുവെന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു. സർവനാശമായാലും അവസാനനിമിഷം വരെ ചെറുത്തുനിൽക്കുക എന്നതാണു ഫ്ലൈറ്റ് 93 പരാമർശത്തിന്റെ വിവക്ഷ. ട്രംപ് മത്സരിക്കാനിറങ്ങിയത് അത്തരമൊരു നീക്കമായിരുന്നുവത്രേ.

കൗതുകകരമായ കാര്യം, ഒരു പുസ്തകം പോലും വായിക്കാത്ത ട്രംപിന്റെ പേരിലും ഒട്ടേറെ പുസ്തകങ്ങൾ ഇക്കാലത്തിറങ്ങിയെന്നതാണ്. 2017 ൽ ഒരു ടിവി ഷോയിൽ വായനാശീലത്തെപ്പറ്റി ചോദിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞത്,  ഞാൻ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു, അതൊന്നു തുടങ്ങിക്കിട്ടാൻ ഞാൻ പാടുപെടുകയാണ്, എന്നത്രേ.

donald-trump-and-joe-biden-presidentail-debate
US President Donald Trump speaks during the first presidential debate at Case Western Reserve University and Cleveland Clinic in Cleveland, Ohio, on September 29, 2020. Photo Credit : Morry Gash / AFP Photo

ട്രംപ് വീണ്ടും അധികാരത്തിൽ വരുമോ എന്ന് നവംബർ 3 നു ശേഷമറിയാം. മറ്റു രാജ്യങ്ങളിലേതുപോലെ മാധ്യമങ്ങളെ കൂട്ടത്തോടെ വിലയ്ക്കെടുക്കാൻ ട്രംപിനു സാധിച്ചില്ലെന്നതു ശ്രദ്ധേയമാണ് എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെക്കാൾ, ഗൂഢാലോചനാ സിദ്ധാന്തക്കാരുടെയും തീവ്ര മത,വംശീയവാദികളുടെയും ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന ആശയങ്ങൾക്കാണ് ഇപ്പോൾ സ്വാധീനശക്തി. അവരാണ് അഭിപ്രായ രൂപീകരണം നടത്തുന്നത്. 

നെറ്റ്ഫ്ലിക്സ് അടക്കം വിവിധ വിഡിയോ സ്ട്രീമിങ്ങുകളിലെ സിനിമകളിലും സീരിസുകളിലും ഈ മാറ്റങ്ങൾ ജനകീയ ഭാവനയെ മാറ്റിമറിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അടുത്തിടെ ഇറങ്ങിയ ഒരു യുഎസ് നോവൽ വിഭാവന ചെയ്യുന്നതു രണ്ടാം ആഭ്യന്തരയുദ്ധം അമേരിക്കയിൽ നടക്കുന്നതാണ്. ഇത്തരം കൂടുതൽ ട്രംപ് ഇഫക്ടുകൾ എഴുത്തിൽ സംഭവിക്കാനിരിക്കുന്നതേയുള്ളൂ.

English Summary : Ezhuthumesha Column by Ajay. P Mangattu : Books that have been written about the Donald Trump and White House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com