തലക്കെട്ടുകളെ ധ്യാനിച്ചൊരാൾ...

puthuvakku-abin-joseph
അബിൻ ജോസഫ്
SHARE

എഴുത്തുകാരനാകണമെന്ന മോഹം വിത്തിട്ട മനസ്സ് കിളച്ചും വളമിട്ടും കളപറിച്ചും പൊന്നുപോലെ നോക്കിയപ്പോൾ അബിൻ ജോസഫിനു കിട്ടിയതു നല്ല ‘വില’യുള്ള വിളവ്. വായിച്ചു തുടങ്ങുന്നതിനും മുൻപ് എഴുതിത്തുടങ്ങിയ പഴയൊരു ആറാം ക്ലാസുകാരനുണ്ട് ഇന്നത്തെ കഥാകൃത്ത് അബിന്റെയുള്ളിൽ. അന്നൊരു നോട്ടുബുക്കിന്റെ പിന്നിലെഴുതിയിട്ട കുഞ്ഞു സാഹസിക നോവലിന്റെ പെരുക്കങ്ങൾ പിന്നീടു കല്യാശേരി തീസിസായും കൂർഗിഞ്ചിയായും അക്ഷരങ്ങളുടെ കോടയായിറങ്ങി വന്നു വായനക്കാരനെ പൊതിഞ്ഞുപിടിച്ചു, കൂർഗിലെ ഔവ്വമാരെപ്പോലെ മത്തുപിടിപ്പിച്ചു.

എഴുത്തുരീതി

ഹൃദയം കൊണ്ട് എഴുതുന്നയാളാണ് അബിൻ. വളഞ്ഞുപുളഞ്ഞു കുടക് ചുരം കയറിപ്പോകുന്ന നായ്ക്കുറുക്കൻ ജീപ്പിലിരുന്നു വായനക്കാർ ഉദ്യേഗത്തോടെ എഴുത്തിനെ വിടാതെ പിന്തുടരുന്നത് ആ സത്യസന്ധത മൂലമാണ്. കഥയുടെ പിടിത്തം കിട്ടിയാൽ ആദ്യത്തെ ഒഴുക്കിൽ തന്നെ എഴുതാനുള്ളതു പൂർത്തിയാക്കുന്നതാണു ശീലം. എഴുതിക്കഴിഞ്ഞ് അടുപ്പമുള്ളവർക്കു വായിക്കാൻ നൽകും. അവർ ചൂണ്ടിക്കാട്ടുന്ന തിരുത്തലുകളെക്കുറിച്ച് ആലോചിക്കും. നല്ലതെന്നു തോന്നിയാൽ ചെറിയ മിനുക്കുപണികൾ നടത്തും. സമഗ്രമായ മാറ്റിയെഴുതൽ പിന്നീടില്ല. ആദ്യം തന്നെ ഉള്ളിൽ നിന്നു വരുന്നതാണു ശരിയായ എഴുത്തെന്നും പിന്നീടുള്ള പൊളിച്ചെഴുത്തെല്ലാം ബുദ്ധി കൊണ്ടു ചെയ്യുന്നതാണെന്നും അബിൻ വിശ്വസിക്കുന്നു. ഹൃദയമെഴുത്തിന്റെ ആശാന് ആ ബുദ്ധി പറ്റില്ലല്ലോ. മാധ്യമപ്രവർത്തകന്റെ ജോലി ചെയ്തിരുന്ന അബിൻ ആദ്യം ന്യൂസ് പ്രിന്റിലായിരുന്നു എഴുതിയിരുന്നത്. അതു പിന്നീട് നല്ല വെള്ളക്കടലാസിലേക്കു മാറ്റിയെഴുതിയായിരിക്കും പ്രസാധകർക്ക് അയയ്ക്കുക. സ്വന്തമായി ലാപ്ടോപ് വാങ്ങിയതിൽ പിന്നെ കഥകൾ നേരിട്ട് അതിലേക്ക് ടൈപ്പ് ചെയ്യുകയായി പതിവ്. കല്യാശേരി തീസിസ് ആണ് അബിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കഥാസമാഹാരം.

കഥയുടെ തലക്കുറി

കഥകളുടെ തലക്കെട്ടാണ് അബിന്റെ മനസ്സിലാദ്യം തെളിയുക. അതിനു ചുവടുപിടിച്ചു കഥാപരിസരം വികസിച്ചുവരും. കല്യാശേരി എന്ന സ്ഥലത്ത് അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് കല്യാശേരി തീസിസ് എന്ന പേര് മനസ്സിലുദിക്കുന്നത്. പിന്നീടാണു കഥ രൂപപ്പെട്ടത്. അരിവാൾ ചുറ്റിക നക്ഷത്രം, കൂർഗിഞ്ചി, നെല്ലിക്കാംപൊയിൽ, നിഗൂഢത തുടങ്ങിയ കഥകളൊക്കെ തലക്കെട്ടിൽ തുടങ്ങിയശേഷം അബിൻ എഴുതി പൂർത്തിയാക്കിയവയാണ്. ചിലനേരങ്ങളിൽ കഥയുടെ ആശയമാകും ആദ്യം കിട്ടുക. അതു മനസ്സിലിട്ടു കുറച്ചുകാലം നടക്കും. അതു കഴിയുമ്പോൾ തലക്കെട്ടു ലഭിക്കും. പുറകെ കഥയും.

ഇറങ്ങിപ്പോക്ക്

kalyassery

എഴുതിക്കഴിഞ്ഞ ഒരു കഥയിലെ കഥാപാത്രത്തെ മനസ്സിൽ നിന്നിറക്കിവിട്ട് അടുത്ത കഥാപാത്രത്തിനായി നിലമൊരുക്കി കാത്തിരിക്കുന്നയാളാണ് അബിൻ. ഒരു പ്രത്യേക സമയത്ത് മനസ്സിലുള്ളിലേക്കു കയറി വരികയും കുറച്ചു നാൾ കഴിഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്യുന്നവരാണ് അബിന്റെ കഥാപാത്രങ്ങൾ. ഓരോരുത്തർക്കും ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടെങ്കിലും പ്രത്യേകമായ ഒരിഷ്ടം ആരോടുമില്ല. അങ്ങനെയാണെങ്കിൽ മാത്രമല്ലേ പുതിയ കഥാപാത്രങ്ങൾക്കു കയറിവരാൻ കഴിയൂവെന്ന് അബിൻ കരുതുന്നു. അതേസമയം, ഓരോരുത്തരും എത്തിച്ചേർന്ന നിമിഷം, ഓർമയുടെ പനിപിടിച്ച രാത്രികൾ, എഴുത്തുനേരത്തെ മാനസികാവസ്ഥ തുടങ്ങിയവയെല്ലാം ഓർമയിലുണ്ടാകും.

അത്രമേൽ ഇഷ്ടം

കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ കീഴ്പ്പള്ളിയാണ് അബിന്റെ നാട്. കുടിയേറ്റ കർഷകരുടെ മകനായതിനാൽ ആ മാനസിക വ്യാപാരങ്ങൾ അബിന്റെ കൃതികളിൽ കാണാനാകും. അപ്പൻ ജോയി. അമ്മ മേരി. അനിയൻ ബിബിൻ. വാക്കുകളുടെ കൃഷിയിൽ വിദഗ്ധനായ അബിന് അത്രമേൽ ഇഷ്ടമുള്ള വാക്കാണ്, ‘അത്രമേൽ’. എഴുത്തുകൊണ്ട് ഒരുപാടു സ്നേഹങ്ങൾ അബിന്റെ ജീവിതത്തിലേക്കു വന്നു. പുസ്തകം വായിച്ച്, സ്വന്തം കൈപ്പടയിൽ എഴുത്തുകാരനു കത്തുകളെഴുതുന്നവർ അബിനെ വിസ്മയിപ്പിക്കുന്നു. ആ സ്നേഹത്തിനു വേണ്ടിക്കൂടിയാണു പിന്നെയും പിന്നെയും എഴുതുന്നത്.

വായന

ഷാഹിന കെ. റഫീക്കിന്റെ എക് പാൽതു ജാൻവർ ആണ് അടുത്തകാലത്ത് വായിച്ചതിൽ അബിന് ഏറ്റവും ഇഷ്ടപ്പെട്ട കഥാസമാഹാരം. നോവലാകട്ടെ അജിജേഷ് പച്ചാട്ടിന്റെ ഏഴാം പതിപ്പിന്റെ ആദ്യ പ്രതിയും. കാർലോസ് റൂയി സാഫോണിന്റെ ദ് ഷാഡോ ഓഫ് ദ് വിൻഡും മാർഗരറ്റ് അറ്റ്‌വുഡിന്റെ ദ് ടെസ്റ്റമെന്റ്സും ഏറെ ആകർഷിച്ചവയെന്നു പറയുന്നു അബിൻ. ഒരു ലഘു നോവലിനായി മനസ്സു തുറന്നിട്ടു കാത്തിരിക്കുകയാണ് അബിനിപ്പോൾ. കഥാപാത്രങ്ങൾ എപ്പോഴാണു കയറിവരികയെന്ന് അറിയില്ലല്ലോ. ആ കടന്നുവരവിനുള്ള കാത്തിരിപ്പാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സുഖമെന്നും കരുതുന്നു ഈ യുവ എഴുത്തുകാരൻ.

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Abin Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
;