ADVERTISEMENT

നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മാത്രമേ മലയാളി തന്റെ മാതൃഭാഷയായ മലയാളത്തെ പൊതുവേ ഓർക്കാറുള്ളൂ. അന്ന് ആണുങ്ങൾ കസവുകര മുണ്ടുടുക്കും. പെണ്ണുങ്ങൾ കൂടുതൽ സുന്ദരികളാകും. മുണ്ടും നേര്യതും അല്ലെങ്കിൽ അടിപൊളി സെറ്റുസാരി. മുടി നിറയെ മുല്ലപ്പൂവ്. നാടാകെ ഒരു മുല്ലപ്പൂമണം. സോഷ്യൽ മീഡിയയിൽ ആശംസാ കാര്‍ഡുകളിട്ടും ഓൺലൈൻ ഭാഷാമീറ്റുകൾ നടത്തിയും മലയാളി പൊളിക്കും. ആ ദിവസം കഴിഞ്ഞാലോ? പിന്നെ അടുത്ത വർഷം നവംബർ ഒന്ന് വരേണ്ടിവരും. അതേസമയം 365 ദിവസവും മലയാളത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് നിശബ്ദം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനം േകരളത്തിലുണ്ട്. പ്രധാന പ്രവർത്തനം കേരളത്തിന്റെ അതിരു വിട്ടായതിനാൽ വിപുലമായി അറിയില്ലെന്നു മാത്രം. സംസ്ഥാന സർക്കാരിനു കീഴിലുള്ള ‘മലയാളം മിഷനെ’ക്കുറിച്ചാണു പറയുന്നത്. ജീവിതപ്രാരാബ്ധം കൊണ്ടും നാട്ടിൽ നിന്നാൽ തന്നെ ആശ്രയിച്ചു കഴിയുന്ന ഉറ്റവരും കുടുംബവും പ്രതിസന്ധിയിലാകുമെന്നതു കൊണ്ടും നൊമ്പരത്തോടെ നാടിനെ ഉപേക്ഷിച്ചു പോയവരാണ് ഭൂരിപക്ഷം പ്രവാസികളും. അവർ അയച്ച പണം കൊണ്ട് അവരുടെ വീടുകൾ മാത്രമല്ല, കേരളവും വികസിച്ചു. വിദേശ രാജ്യങ്ങളിൽ ജീവിതം നങ്കൂരമുറപ്പിച്ചവർക്ക് നഷ്ടബോധമുണ്ടായത് ഒറ്റ കാര്യത്തിൽ മാത്രമാണ്, അവർക്ക് മലയാളത്തെ, അവരുടെ മാതൃഭാഷയെ നഷ്ടമായി. 

മലയാളത്തിന്റെ മധുരം നാവിൽത്തുമ്പിൽനിന്നു മറഞ്ഞു. അവരുടെ അനന്തര തലമുറകൾ മലയാളം എന്തെന്നറിയാതെ വളർന്നു. മലയാളം അറിയുന്ന മാതാപിതാക്കളും മലയാളം എന്തെന്നറിയാത്ത മക്കളും കൊച്ചുമക്കളും കുടുംബാംഗങ്ങൾക്കിടയിൽ അകലങ്ങൾ സൃഷ്ടിച്ചു. അന്യതാബോധം വളർത്തി. മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും പ്രസക്തി ഈ ഘട്ടത്തിലാണു പ്രവാസലോകം തിരിച്ചറിയുന്നത്. മലയാളം മിഷന്റെ പ്രസക്തി ഇവിടെയാണ്. 

 

ലോകത്തെ 42 രാജ്യങ്ങളിലായി 46,500 പേർ ഇപ്പോൾ സജീവമായി മലയാളം പഠിക്കുന്നു. ലോകമെങ്ങുമുള്ള മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മലയാളം മിഷന്റെ പ്രവർത്തനങ്ങൾ. നാലു ഘട്ടങ്ങളിലുള്ള കോഴ്സ് പൂർത്തിയാക്കിയാൽ മലയാളം മിഷന്റെ പത്താംതരം തുല്യതാ സർട്ടിഫിക്കറ്റുകൾ ലഭിക്കും. പത്താംക്ലാസ് അല്ലെങ്കിൽ മലയാളം വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്ന പിഎസ്‌സിയുടെ എല്ലാ പരീക്ഷകൾക്കും ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. എഴുത്തുകാരിയും പ്രഭാഷകയും മണർകാട് സെന്റ് മേരീസ് കോളജ് മലയാള വിഭാഗം അധ്യാപികയുമായിരുന്ന പ്രഫ. സുജ സൂസൻ ജോർജ് ആണ് മലയാളം മിഷന്റെ ഡയറക്ടർ. ചുമതലയേറ്റു മൂന്നാണ്ടിനുള്ളിൽ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്താൻ അവർക്കു സാധിച്ചിരിക്കുന്നു. കേരളം മലയാള ഭാഷാചരണങ്ങളിലൂടെ കടന്നുപോകുന്ന ഈ നവംബറിൽ ‘എഴുത്തുവർത്തമാന’ത്തിൽ പ്രഫ. സുജ സൂസൻ ജോർജുമായുള്ള ഭാഷാ വർത്തമാനമാനമാണ് ഇത്തവണ.

 

ezhuthuvarthamanangal

അമേരിക്കയും യൂറോപ്പും മിഡിൽ ഈസ്റ്റും അങ്ങനെ എത്താവുന്നിടത്തോളം േദശങ്ങളിലൊക്കെ മലയാളത്തെ എത്തിക്കാനായി. അവിടെയെല്ലാം മലയാള പഠനവും സജീവമായി നടക്കുന്നു. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്? 

 

ഇന്ത്യയ്ക്കു വെളിയിൽ 42 രാജ്യങ്ങളിൽ മലയാളം പഠിപ്പിക്കുന്നുണ്ട്. കേരളത്തിനു പുറത്ത് 24 സംസ്ഥാനങ്ങളിൽ മലയാളം മിഷൻ സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിനകത്തു കുറച്ചു പരിപാടികൾ മാത്രമാണ് ഏറ്റെടുത്തു നടത്തുന്നത്. മലയാളം മിഷനു സ്വന്തമായ പാഠ്യപദ്ധതിയുണ്ട്. പൂക്കളുടെ പേരാണ് നാലു ഘട്ടങ്ങളുള്ള ഈ കോഴ്സുകൾക്കു നൽകിയിരിക്കുന്നത്. – കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ. നാലാമത്തെ കോഴ്സായ ‘നീലക്കുറിഞ്ഞി’ പൂർത്തിയാക്കുമ്പോഴേക്കും പഠിതാവ് പത്താംതരം തുല്യതയിലെത്തുകയാണ്. കേരള പബ്ളിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾക്ക് ഔദ്യോഗിക ഭാഷയായ മലയാളം നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഉദ്യോഗാർഥി മലയാളം അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥയുണ്ട്. മലയാള പാഠാവലി പഠിച്ച് പത്താംക്ലാസ് വിജയം നേടിയിരിക്കണം. അല്ലെങ്കിൽ മലയാളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി കോഴ്സ് പാസായിരിക്കണം. ഇതു നിയമമായിക്കഴിഞ്ഞു. മലയാളം മിഷനെ സംബന്ധിച്ചിടത്തോളം ഇത് ആധികാരികമായ നേട്ടമാണ്. 

 

എങ്ങനെയാണ് മലയാളം മിഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം? 

 

മലയാളം പഠിപ്പിച്ച് പഠിതാവിനെ പത്താംക്ലാസ് തുല്യതയിലെത്തിക്കുന്നു എന്നതു മാത്രമല്ല ലക്ഷ്യം. പാഠ്യപദ്ധതിക്ക് ഉപരിയായി ഓരോ മലയാളം മിഷൻ കേന്ദ്രവും സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ്. ഇവിടങ്ങളിൽ വിപുലമായ ലൈബ്രറികൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം ഇതിനകം 300 ലൈബ്രറികൾ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. ഏതെങ്കിലുമൊരു ഭാഷയ്ക്കു വേണ്ടി ആഗോളതലത്തിൽ ഇത്തരത്തിലൊരു വേദി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതു മലയാളം മിഷന്റേതാണ്. അതു നമ്മുടെ മാതൃഭാഷയായ മലയാളത്തിനു വേണ്ടിയാണ് എന്നതു സന്തോഷവും അഭിമാനവും നൽകുന്നു.

 

കോവിഡ് മഹാമാരിയിലും രണ്ടു പ്രളയങ്ങളുടെ കാലത്തും മലയാളം മിഷന് പ്രവാസി മലയാളികളെ സാന്ത്വനിപ്പിക്കാനും സഹായം നൽകാനുമായി? 

 

അതെ. അത്തരത്തിൽ നല്ല അനുഭവങ്ങൾ ഒരുപാടുണ്ട്. കോവിഡിന്റെ തുടക്കത്തിൽ നമ്മുടെ സംവിധാനങ്ങൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ മലയാളം മിഷന് മുന്നിട്ടിറങ്ങാനായി. ഇന്ത്യയ്ക്കകത്തും വെളിയിലുമുള്ള പഠനകേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന അധ്യാപകരും പഠിതാക്കളും രക്ഷകർത്താക്കളുമൊക്കെ ആ ഘട്ടത്തിൽ വലിയ റിസോഴ്സസ് ആയി മാറുകയാണുണ്ടായത്. വിദേശത്തുള്ള കേന്ദ്രങ്ങളുമായി വളരെയെളുപ്പം ഇവിടെനിന്നു ബന്ധപ്പെടാനായി. ഒരു ലോക മലയാളി ഗ്രൂപ്പ് എന്ന നിലയിൽ മലയാളം മിഷന് ലോകമാകെയുള്ള മലയാളികളെ ഏകോപിപ്പിക്കാനായി.

ഇത്തരത്തിൽ ഫ്രാൻസിലും യുഎസിലും ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമൊക്കെ ഉള്ളവർ ഒന്നിച്ചൊരു ഫോറത്തിലേക്ക് വരികയാണ്. ഇത് നൂതനമായ അനുഭവമായിരുന്നു. ലോക കേരള സഭ നടന്നപ്പോഴാണ് മറ്റൊരർഥത്തിൽ മറ്റിടങ്ങളിലുള്ള മലയാളികളെയും ഒന്നിച്ച് ഒരു വേദിയിലെത്തിച്ചത്. അത്തരത്തിലൊരു ഏകീകരണം മലയാളം മിഷന്റെ പ്രവർത്തനത്തിലൂടെയും സാധിച്ചു. ഭാഷ വൈകാരികമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു തിരിച്ചറിയുന്നതിനുള്ള സന്ദർഭമായിരുന്നു കോവിഡും പ്രളയവും. വെള്ളപ്പൊക്കത്തിൽ നാട്ടിൽ ഇന്ന സ്ഥലത്ത് തങ്ങളുടെ അച്ഛനമ്മമാരും ബന്ധുജനങ്ങളുമൊക്കെ കുടുങ്ങിക്കിടപ്പുണ്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിദേശത്തുനിന്നും ഒത്തിരി വിളികൾ ഉണ്ടായി.

 

Suja-Susan-George-1
പ്രഫ. സുജ സൂസൻ ജോർജ്

നാടു വിട്ടവർക്ക്, ഭാഷ നഷ്ടമായവർക്ക് എന്താണ് മലയാളം? ഭാഷയെ അവർ എങ്ങനെയാണു വീണ്ടെടുക്കുന്നത്?  

 

കേരളത്തിനകത്തു ജീവിക്കുമ്പോൾ‍ ഭാഷ നമുക്ക് അത്ര അനുഭവമായി മാറുന്നില്ല. പക്ഷേ പുറത്തുള്ള ജീവിതം അങ്ങനെയല്ല. 

എനിക്ക് എത്രയോ അനുഭവങ്ങൾ പറയാനാകും. നമ്മൾ അവരോട് സംസാരിക്കുമ്പോൾ ചില വാക്കുകളൊക്കെ ഉപയോഗിക്കാറില്ലേ..? ഇപ്പോൾ നാട്ടിൽ ‘തുലാവർഷം’ തുടങ്ങാറായി എന്നു പറയും. അവർ ആ വാക്ക് കേൾക്കുമ്പോൾ ഒന്നു ചിന്തിക്കും. അവർ അപ്പോൾ ആ വാക്ക് അനുഭവിക്കുകയാണ്. തുലാവർഷമഴയിൽ നനയുന്ന ഒരനുഭവം. അത് വ്യത്യസ്തമായ ഒന്നായിരിക്കും. കേരളത്തിൽ കഴിയുന്ന നമുക്ക് അത് അത്ര ആഴത്തിൽ അറിയണമെന്നില്ല. മാതൃഭാഷയുമായി പ്രവാസികൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് മറ്റ് ഉദാഹരണങ്ങൾ വേണ്ട. ഭാഷയുമായി ജൈവബന്ധം പുലർത്തുന്നവരാണ് പ്രവാസി സമൂഹം. അതു തിരിച്ചറിഞ്ഞു പ്രവർത്തിക്കാനായതാണ് മലയാളം ഇത്ര കണ്ടു വിപുലമാകാനുള്ള കാരണം. ഭാഷ വളരണം, എല്ലായിടത്തും എത്തണം എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രവർത്തിച്ചാൽ മലയാളവുമായുള്ള അവരുടെ പൊക്കിൾകൊടി ബന്ധം മുറിയില്ല. 

 

ഞാനെപ്പോഴും എന്റെ സഹപ്രവർത്തകരോടു പറയുന്ന ഒരു കാര്യമുണ്ട്. ‘പത്തു മേനി വിളയണമെന്നു വിചാരിച്ചാണു നമ്മൾ വിതച്ചത്. പക്ഷേ നൂറു മേനിയാണ് വിളവു കിട്ടിയത്’ എന്ന്. 2017 ജനുവരി അഞ്ചിനാണ് ഞാൻ മലയാളം മിഷന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. അന്ന് ആകെയുണ്ടായിരുന്ന പഠിതാക്കളുടെ എണ്ണം മൂന്നൂറിൽ താഴെയായിരുന്നു. ഡൽഹിയിലും ചെന്നൈയിലും മുംബൈയിലുമൊക്കെ കുറച്ചു പേർ. 15 കുട്ടികൾ സിംഗപ്പൂരിൽ പഠിക്കുന്നു. ബഹ്റൈനിൽ 30 കുട്ടികൾ. ഇത്ര പേർ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്ന് ഇപ്പോൾ നമ്മൾ സംസാരിക്കുന്ന ഈ ഘട്ടത്തിൽ 42 രാജ്യങ്ങളിലായി ആ സംഖ്യ 46,500 ൽ എത്തി നിൽക്കുന്നു. ഇതിനു മിഷനുമായി ബന്ധപ്പെട്ടിരിക്കുന്ന അധ്യാപകരോടാണു കടപ്പാട്.

 

മിഷനു കീഴിൽ എത്ര അധ്യാപകരുണ്ട്? അവരെ എങ്ങനെയാണു കണ്ടെത്തുന്നത്? 

 

ഒരു പൈസ പോലും പ്രതിഫലമായി വാങ്ങാതെ, മലയാളത്തോടുള്ള സ്നേഹവും കടപ്പാടും മുൻനിർത്തി, സന്നദ്ധ പ്രവര്‍ത്തനമെന്ന നിലയിലാണ് മിഷനിലെ അധ്യാപകരുടെ പ്രവർത്തനം. മലയാളം വളരണമെന്ന് തീവ്രമായ ചിന്തയുള്ളവർ. വ്യത്യസ്ത തുറകളിൽനിന്നും ജീവിത സാഹചര്യങ്ങളിൽനിന്നും വരുന്നവരാണ് അവർ. മലയാളം തെറ്റു കൂടാതെ കൈകാര്യം ചെയ്യാനാവുക എന്നതിനാണു ഞങ്ങൾ നൽകുന്ന പ്രാഥമിക പരിഗണന. തുടർന്ന് അവർക്കുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും നടത്തും. പാഠ്യപദ്ധതി പരിശീലിപ്പിക്കും. ഐടി പ്രഫഷനലുകൾ, ഡോക്ടർമാർ, ബിസിനസുകാർ, ഗവേഷകർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി ഒട്ടേറെപ്പേർ അധ്യാപകരുടെ കൂട്ടത്തിലുണ്ട്. മുംബൈയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഷമീറ ഒട്ടേറെപ്പേരെ മലയാളം പഠിപ്പിച്ച മികച്ച അധ്യാപികയാണ്. എടുത്തു പറയേണ്ട പ്രധാനകാര്യം മലയാളം മിഷന്റെ അധ്യാപകരിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ്. കേരളത്തിനു വെളിയിൽ ജീവിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകൾ ജോലി ചെയ്യുന്നവരാണ്. അത്രയും തന്നെ പേർ ജോലി ചെയ്യാതെ വീട്ടിൽ ഇരിക്കുന്നു. ഇന്ന് അവരിൽ പലരും മിഷന്റെ അധ്യാപികമാരാണ്. അധ്യാപനത്തിലൂടെ ഒരു സാമൂഹിക പരിവർത്തനം സംഭവിച്ചുകഴിഞ്ഞു. അവർ തങ്ങളുടെ വീടിനു പുറത്തുവന്നു ക്ലാസുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃപദവി ഏറ്റെടുത്തു. കേരളത്തിൽ കുടുംബശ്രീക്കു സമാനമായി മലയാളം മിഷനുമായി ബന്ധപ്പെട്ടു നിൽക്കുന്ന സ്ത്രീകളുടെ കാര്യത്തിലും പദവിമാറ്റം സംഭവിച്ചു. പ്രകടമായിത്തന്നെ അക്കാര്യത്തിൽ ഒരു സോഷ്യൽ വിഷ്വലൈസിങ് ഉണ്ട്.  

 

മലയാളികൾ മാത്രമാണോ മലയാളം പഠിക്കാൻ എത്തുന്നത്? 

 

മലയാളം മിഷനു കീഴിൽ മലയാളം പഠിക്കുന്ന കുട്ടികളിൽ 6 % വിദേശീയരാണ്. കേരളവുമായി ബന്ധമില്ലാത്തവർ. ഇന്ത്യയിൽ ബംഗാളിൽ പഠിക്കുന്ന 25 കുട്ടികൾ ആ നാട്ടുകാരാണ്. ജപ്പാനിൽ 7 കുട്ടികൾ പഠിക്കുന്നുണ്ട്. ജപ്പാനിൽ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മറ്റൊരു ഭാഷ പഠിക്കുന്നത് വലിയ അംഗീകാരമാണ്. ആഫ്രിക്കയിെല ആഫ്രിക്കൻ വംശജർ മലയാളം പഠിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ കുട്ടികളെ കേരളത്തിൽ കൊണ്ടുവന്നു വിദ്യാഭ്യാസം ചെയ്യിക്കാൻ താൽപര്യമുള്ളവരാണ്. ദീർഘകാലം മലയാളം അധ്യാപികയായി പ്രവർത്തിച്ചുവെങ്കിലും അതിൽ നിന്നൊക്കെ വിപുലമായ ഒരു ആഗോള മലയാളസമൂഹത്തെയാണ് ഈ പ്രവർത്തനങ്ങളിലൂടെ അഭിമുഖീകരിക്കാനായത്. ഡയറക്ടറുടെ ചുമതല ഏറ്റെടുക്കുമ്പോൾ എന്തു ചെയ്യും, എങ്ങനെ തുടങ്ങും എന്നോർത്ത് ആശങ്കകൾ ഉണ്ടായിരുന്നു. ഭരണരംഗത്ത് വലിയ പരിചയമില്ല. കുറ്റമറ്റ ഓഫിസ് സംവിധാനമില്ല. എന്തു പ്രവർത്തനമാണു നേരത്തേ നടന്നതെന്നറിയാൻ ഫയലുകളില്ല. 2005 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ വിട്ടു മാറിയിരുന്നില്ല. അവിടെ നിന്നാണ് എന്റെ തുടക്കം. ഭാഷയോടുള്ള വലിയ ഇഷ്ടവും ആദരവുമായിരുന്നു കൈമുതൽ. ആത്മാർഥമായി ചില ശ്രമങ്ങൾ നടത്തിയപ്പോൾ അദ്ഭുതകരമായ മാറ്റങ്ങളുണ്ടായി. അതിലൊരു ത്രില്ലുണ്ടായിരുന്നു. നല്ല ആശയത്തിനൊത്ത് മിഷനെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചുവെന്നതു ചാരിതാർഥ്യജനകമാണ്. 

സഹപ്രവർത്തകരുടെ പിന്തുണയും വലുതായിരുന്നു. ഒരിടത്തുനിന്നും ബാഹ്യ ഇടപെടലുകളോ സമ്മർദ്ദമോ ഉണ്ടായില്ല. ഭാഷയുമായി മുന്നോട്ടു പോയപ്പോൾ എല്ലാ ഭാഗത്തുനിന്നും വലിയ പിന്തുണയാണുണ്ടായത്. ഇത് മലയാളത്തിന്റെ ഒരു സിദ്ധിയായി കാണാം. 

 

ഭാഷ ഒരു അഭിമാനമായി വിദേശ മലയാളികൾക്കു മാറിത്തുടങ്ങിയിട്ടുണ്ടോ? 

 

തീർച്ചയായും. പ്രവാസികളിൽ മിഡിൽ ഈസ്റ്റിലുള്ളവർ, പിന്നെ ഇന്ത്യയ്ക്കകത്തു മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ എന്നിവരൊക്കെ മലയാളം പഠിക്കുന്നുണ്ട്. അതിനു ഭൗതികമായ ചില കാരണങ്ങളുണ്ടാകാം. അവർ ഒരിക്കല്‍ ജന്മനാട്ടിലേക്കു മടങ്ങി വരേണ്ടവരാണ്. എന്നാൽ മുൻകിട രാജ്യങ്ങളിൽ പൗരത്വം ലഭിച്ച് അവിടെ പാർപ്പുറപ്പിച്ചിരിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. വലിയൊരു മാറ്റം കാണുന്നത് അമേരിക്കയിലാണ്. യുഎസിലെ സ്റ്റേറ്റുകളിലെല്ലാം മലയാളം മിഷൻ പ്രവർത്തനങ്ങൾ ഇപ്പോള്‍ സജീവമാണ്. മാതൃഭാഷയോടുള്ള അഭിമാനകരമായ സമീപനമായി ഇതിനെ കാണണം. ജപ്പാനിലെപ്പോലെ യുഎസിലും മറ്റൊരു ഭാഷ പഠിക്കുന്നത് അക്കാദമിക് ക്രെഡിറ്റ് കിട്ടുന്ന കാര്യമാണ്. അവിടെ ജനിച്ചു പൗരത്വം നേടിയ ഭൂരിഭാഗം കുട്ടികളും പഠിച്ചിരുന്നത് ഫ്രഞ്ചോ ജർമനോ ഒക്കെയായിരുന്നുവെങ്കിൽ ഇന്നത് മലയാളമായി മാറിയിരിക്കുന്നു. ലോകത്താകമാനമുള്ള മലയാളികളുടെ മനസ്സിൽ ഭാഷ അഭിമാനമായി മാറിയെന്നു നിസ്സംശയം പറയാം. അതിനുള്ള അവബോധം സൃഷ്ടിക്കാൻ മലയാളം മിഷനു സാധിച്ചു. എനിക്ക് എന്റെ മാതൃഭാഷ അഭിമാനകരമായ ഒന്നാണെന്നു മനസ്സിലാക്കാൻ അല്ലെങ്കിൽ എന്റെ കുട്ടിക്കു മലയാളം കൊടുക്കേണ്ടതാണെന്നും അതിന് അത്രയും മൂല്യമുണ്ടെന്നും ബോധ്യമാകാൻ പ്രവാസി മലയാളികൾക്കു സാധിച്ചിരിക്കുന്നു. 

 

ജീവിതം കരുപ്പിടിപ്പിക്കാൻ മെച്ചപ്പെട്ട തൊഴിലും സാഹചര്യവും തേടിപ്പോകുന്നവരാണ് പ്രവാസികൾ. ഭാഷാനഷ്ടം സൃഷ്ടിക്കുന്ന ശൂന്യത അവരിൽ എത്രത്തോളമുണ്ട്? 

 

ജീവിക്കാൻ നാടു വിട്ടുപോകുന്ന കേരളീയരിൽ മലയാളം നഷ്ടമാകുന്നതിൽ നൊമ്പരമുണ്ട്. മലയാളത്തിൽ സംസാരിച്ച് കേരളത്തിൽ കഴിഞ്ഞ ഒരാൾ പുറത്തു പോകുമ്പോൾ അവർക്കു മലയാളത്തിന്റെ ആശയലോകം നഷ്ടമാകുന്നുണ്ട്. അതു നികത്താൻ അവസരം ലഭിക്കുമ്പോൾ അവർ ഭാഷയിലേക്കു മടങ്ങിവരികയാണ്. വിദേശത്തു കഴിയുന്ന യുവജനങ്ങളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളത്. യുഎസോ യുകെയോ മിഡിൽ ഈസ്റ്റോ മാത്രമല്ല ഇന്ന് മലയാളികളുടെ പ്രവാസലോകം. യൂറോപ്പിൽ ഒട്ടേറെ പേരുണ്ട്. ഓസ്ട്രേലിയയിൽ നമ്മൾ വലിയൊരു സമൂഹമാണ്. ഇക്കൂട്ടത്തിലെ യുവജനങ്ങളൊക്കെ ഇപ്പോൾ അന്വേഷിക്കുന്നത് മലയാളം പഠിക്കാൻ അവസരമുണ്ടോ എന്നാണ്. ഭരണതലത്തിൽ ഔദ്യോഗികമായി തയാറാക്കിയ ഒരു പാഠ്യപദ്ധതിയാണ് അവർക്കു പഠിക്കുന്നതിനായി മുന്നിലെത്തുന്നത്. ഞങ്ങളുടെ കോഴ്സിനു ലഭിച്ച അംഗീകാരം ഭാഷ വളരുന്നതിനു സഹായിച്ചിട്ടുണ്ട്. ഒപ്പംതന്നെ പ്രവാസികളഉമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ പ്രവർത്തനത്തിന്റെ ഭാഗമായും മലയാളം മിഷൻ മാറി. മലയാളി സംഘടനകൾ നിലനിൽക്കുന്നതിന് മലയാളത്തോടും കേരളത്തോടും അഭിനിവേശം ഉള്ള പുതുതലമുറ വളർന്നുവരേണ്ടത് ആവശ്യമാണ്. 

 

എത്ര വയസ്സു മുതൽ കോഴ്സുകൾക്കു ചേരാം..? 

 

അഞ്ചു വയസ്സു പൂർത്തിയായവർ മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് അടിസ്ഥാന പാഠ്യപദ്ധതി. ആകെ 10 വർഷം. എങ്കിലും ഏതെങ്കിലുമൊരു രാജ്യത്ത് പുതുതായി പഠനകേന്ദ്രം തുടങ്ങുമ്പോൾ അവിടെ കോളജുകളിൽ പഠിക്കുന്ന കുട്ടികളും മുതിർന്നവരുമൊക്കെ കോഴ്സിനു ചേരാറുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ മലയാളം മിഷനിലെ വിദ്യാർഥിയായിരുന്നു. അദ്ദേഹം പുതുച്ചേരിക്കാരനാണ്. ഇടുക്കി ജില്ലാ സബ് കലക്ടർ സൂരജ് ഷാജി ഡൽഹിയിൽ മലയാളം മിഷൻ വിദ്യാർഥിയായിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ മലയാളം ഐച്ഛികമായെടുത്ത് ഐഎഎസ് നേടിയ ആളാണ്. 

 

യുഎസിലെയും യൂറോപ്പിലെയും പ്രവാസികൾ മലയാളത്തിലേക്കു മടങ്ങാൻ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ? 

 

മാതൃഭാഷ പഠിക്കുന്ന വിദ്യാർഥിയുടെ ബൗദ്ധിക ശേഷി വളരെ കൂടിയിരിക്കുമെന്നു ഭാഷാശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എനിക്ക് അനുഭവമുള്ള കാര്യമാണിത്. ഒരു കുട്ടി മലയാളം പഠിക്കാൻ തുടങ്ങുന്നതോടെ അവന്റെ മറ്റു പഠന– പ്രവർത്തന മേഖലകളിലും മുന്നേറ്റമുണ്ടാക്കാനാകുന്നു. ഏതൊരാളുടേയും മാതൃഭാഷ കോഡഡ് ആണ്. ഭാഷ അറിയും അല്ലെങ്കിൽ അറിയില്ല എന്നതു മറ്റൊരു കാര്യമാണ്. എന്നാൽ ഭാഷാ ഗോത്രത്തിൽ/ ഭാഷാ സമൂഹത്തിൽ ജനിക്കുന്ന ആരുടെയും ഉള്ളിൽ മാതൃഭാഷ കോഡു ചെയ്യപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ അതിനെ ഡീകോഡ് ചെയ്യുകയാണ്. ഇത്തരം ഒരു ഇന്റലക്ച്വൽ കഴിവുകൂടി ഭാഷാപഠനത്തിലൂടെ ലഭിക്കുന്നുണ്ട്. സജീവമായി യൂറോപ്പും യുഎസുമൊക്കെ മലയാള ഭാഷയിലേക്കു തിരിച്ചു വരുന്നതിനു മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടാം. അവിടെ മലയാളി മാതാപിതാക്കൾക്കു കുട്ടികളോടു സംസാരിക്കാൻ ഭാഷ ഇല്ലാതാവുകയാണ്. ഓക്സ്ഫഡ് ഇംഗ്ലിഷ് പഠിച്ചാലും കുട്ടികൾ പറയുന്ന ഇംഗ്ലിഷ് മാതാപിതാക്കൾക്കു മനസ്സിലാകണമെന്നില്ല. അച്ഛനമ്മമാർ തിരിച്ച് അങ്ങോട്ടു പറയുന്നതും കുട്ടികൾക്കു പിടികിട്ടുന്നില്ല. ഇതൊരു വലിയ പ്രശ്നമാണ്. പരസ്പരം സംസാരിക്കാൻ സ്വന്തമായൊരു ഭാഷ ഇല്ല എന്നത് വൈകാരിക പ്രശ്നമാണ്. മലയാളം ഇത്തരം വിടവുകൾ ഇല്ലാതാക്കും എന്നൊരു തിരിച്ചറിവ് ഇപ്പോളവർക്കുണ്ട്.

 

ഭാഷാപഠനം – മലയാളപഠനം കുട്ടിയിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി പഠിച്ചിട്ടുണ്ടോ? 

 

മാതൃഭാഷയെക്കുറിച്ചുള്ള പഠനങ്ങളിൽ നാലു കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യത്തേത് ഇമോഷനൽ ഡവലപ്മെന്റ് ആണ്. വൈകാരികമായ വികാസം. ഐക്യകേരളം എന്തായിരുന്നു എന്നുനോക്കൂ. തിരുവിതാംകൂർ– കൊച്ചി –മലബാർ എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്ന ആളുകളെ ഐക്യകേരളത്തിലേക്കു കൊണ്ടുവരികയാണ്. അവരിൽ മലയാളം എന്ന മാനകഭാഷ ആ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ നല്ല രീതിയിൽ സ്വാധീനിച്ചു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മാതൃഭാഷ സഹായകമായി. 

രണ്ടാമത്തെ കാര്യം ഭാഷ ഒരു പഴ്സനൽ ഐഡന്റിറ്റി സൃഷ്ടിക്കുന്നു എന്നതാണ്. ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ഐഡന്റിറ്റി മാതൃഭാഷയാണ്. രവീന്ദ്രനാഥ ടഗോർ എഴുതുന്നതുപോലെ രാജ്യങ്ങൾക്കിടയിൽ മതിലുകൾ ഇല്ലാത്ത ഒരു ലോകം വരാം. അടിസ്ഥാനപരമായി നിന്റെ മാതൃഭാഷയേത് എന്ന ചോദ്യമായിരിക്കും അന്ന് ഒരു വ്യക്തിയുടെ സ്വത്വത്തെ നിർണയിക്കുക. മൂന്നാമത്തെ കാര്യം ജീവിച്ചിരിക്കുന്ന ഒരു സമൂഹമെന്ന നിലയിലുള്ള സോഷ്യൽ ഐഡന്റിറ്റിയാണ്. നാലാമത്തേത് നേരത്തേ പറഞ്ഞതുപോലെയുള്ള ഇന്റലക്ച്വൽ ഡവലപ്മെന്റും.

 

മലയാളം മിഷന്റെ മറ്റു പ്രവർത്തന മേഖലകൾ എന്തൊക്കെയാണ്? 

 

ഭാഷയിൽ ജോലി ചെയ്യുന്നത് എന്നതു സ്നേഹത്തിന്റെ ജോലി കൂടിയാണ്. മണിക്കൂറുകളോളമിരുന്നു ജോലി ചെയ്യുമ്പോഴും എനിക്കു ക്ഷീണം തോന്നാറില്ല. ഇതൊരു യാന്ത്രികമായ ജോലിയല്ല എന്നതാണു കാരണം. മനുഷ്യരോട് അവരുടെ വികാരത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിൽ സംസാരിക്കുകയും അവരോട് അതേ രീതിയിൽ ഇടപഴകുകയും ചെയ്യുകയാണ്. നേരത്തേ പറഞ്ഞതുപോലെ കോവിഡ് കാലത്ത് പ്രവാസികളെല്ലാം പരിഭ്രാന്തരാവുകയും അവർ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്തപ്പോൾ ആദ്യമായി ആക്ട് ചെയ്തത് മലയാളം മിഷനായിരുന്നു. നോർക്കയൊക്കെ പിന്നീടാണു വരുന്നത്. 

മലയാളം മിഷന് ചെറിയ റിസോഴ്സസ് ഗ്രൂപ്പുകൾ മാത്രമേയുള്ളൂ. എന്നിട്ടും എല്ലായിടത്തും ഹെൽപ് ഡസ്കുകൾ തുറന്നു. മലയാളി ഗ്രൂപ്പുകളെല്ലാം മിഷനെ ബന്ധപ്പെട്ടു. ആഹാരം, വൈദ്യസഹായം, താമസസൗകര്യം, നാട്ടിലേക്കുള്ള മടക്കയാത്ര എല്ലാം ഏർപ്പാടാക്കി. കൊൽക്കത്തയിൽനിന്നു കേരളത്തിലേക്ക് ബസുകളിൽ മിഷൻ ആളുകളെ എത്തിച്ചു. യുകെയിൽ വിദ്യാർഥികൾ കുടുങ്ങിയപ്പോഴും സഹായം നൽകി. ഭാഷ വൈകാരികമായി പ്രവർത്തിക്കുന്നു എന്നതു കൊണ്ടാണിതു സാധിച്ചത്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഭാഷ പ്രവർത്തിക്കുന്നുണ്ട്. കേരളം നേരിട്ട പ്രളയങ്ങളുടെ കാലത്ത് പ്രവാസികളുടെ പിന്തുണയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയൊരു തുക സമാഹരിച്ചു നൽകാനായി. 

 

ഭാഷാ സുവനീർ എന്ന ആശയത്തിനു പിന്നിലെന്താണ്? 

 

അത് കേരളത്തെയും മലയാളത്തെയും അടയാളപ്പെടുത്താനുള്ള സംരംഭമാണ്. നമുക്കിപ്പോൾ സജീവമായിട്ടുള്ളത് കഥകളി, ചുണ്ടൻവള്ളം തുടങ്ങിയ പ്രതീകങ്ങളാണല്ലോ. ആ സ്ഥാനത്താണ് ഭാഷാ സുവനീറുകളുടെ പ്രസക്തി. ടീഷർട്ട്, കപ്പ്, ഭാഷാ മാസ്ക് ഇതൊക്കെയും സുവനീർ ഷോപ്പ് ഉല്പന്നങ്ങളാണ്. ഭാഷ ഏതു സാഹചര്യത്തിലും പ്രവർത്തിക്കുന്ന ഒന്നാണ്. അത് അലങ്കാരമായും ഉപയോഗിക്കാം എന്ന സന്ദേശം ഇതിലുണ്ട്. ഇന്റർനെറ്റ് വഴിയുള്ള ‘ റേഡിയോ മലയാളം’ ആണ് മറ്റൊരു സംരംഭം. മലയാളഭാഷയുടെ വികാസത്തിനും വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംരംഭങ്ങൾക്കും ഭാഷാപുരസ്കാരവും നൽകിവരുന്നുണ്ട്. 

 

മലയാളം മിഷനു സമാനമായ പ്രവർത്തനം മറ്റ് ലോക/ ഇന്ത്യൻ ഭാഷകളിൽ നടക്കുന്നുണ്ടോ? 

 

ഭാഷയ്ക്കു വേണ്ടി ഇത്തരത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്ന സമാന സ്ഥാപനങ്ങളെ കണ്ടിട്ടില്ല. ആശയം പ്രമോട്ടു ചെയ്യുന്ന ഗ്രൂപ്പുകൾ കണ്ടേക്കാം. കടുത്ത ഭാഷാ സ്നേഹികളായ തമിഴർക്കിടയിലും ഇങ്ങനെയൊന്നില്ല. ഒരു ചടങ്ങിനിടെ തമിഴ്നാട്ടിലെ സാംസ്കാരികമന്ത്രി എന്നോടു പറഞ്ഞത് മലയാളം മിഷൻ മാതൃകയിൽ തമിഴ് മിഷൻ ആരംഭിക്കുമെന്നായിരുന്നു. സംസ്ഥാന സർക്കാരിന്റെ ചെറിയ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ മിഷന്റെ പ്രവർത്തനങ്ങൾ. കേരളത്തിനു പുറത്തു ജീവിക്കുന്നവരുടെ മാതൃഭാഷാ പരിപോഷണത്തിനായി കുറച്ചെങ്കിലും പണം നീക്കിവയ്ക്കുന്നു എന്നതു വലിയ കാര്യം തന്നെ. പ്രവാസികൾ േകരളത്തിലേക്കു മടങ്ങി വന്നാൽ ഇവിടെയുള്ള വിദ്യാഭ്യാസരീതിയിലേക്ക് ശാസ്ത്രീയമായി പങ്കുചേരാൻ മലയാളം മിഷന്റെ പാഠ്യപദ്ധതി സഹായിക്കുന്നുണ്ട്. 

 

കോഴ്സ് കഴിഞ്ഞു പോകുന്നവരെ വീണ്ടും ഭാഷയുമായി അടുപ്പിച്ചു നിർത്തുന്നത് എങ്ങനെയാണ്? 

 

പഠിതാക്കളെ ഭാഷയുടെ സർഗാത്മകതയിൽത്തന്നെ നിലനിർത്താനായി ഒട്ടേറെ പ്രവർത്തനങ്ങളുണ്ട്. സാഹിത്യ സംബന്ധിയായ വിവിധ മത്സരങ്ങൾ, സംഗീതം, കവിത– നാടക അവതരണങ്ങൾ അങ്ങനെ പല തരത്തിലുള്ള പ്രവർത്തനങ്ങൾ. ‘പൂക്കാലം’ എന്ന പേരിൽ വെബ് മാഗസിനുണ്ട്. പ്രവാസികളായ ഒട്ടേറെ കുട്ടികൾ അതിൽ എഴുതുന്നു. റേഡിയോ മലയാളത്തിൽ ‘കിളിവാതിൽ’ എന്ന പേരിൽ രണ്ടു മണിക്കൂർ കുട്ടികളുടെ പരിപാടികൾക്കായി നീക്കിവച്ചിരിക്കുന്നു. അക്ഷരം പഠിപ്പിക്കൽ, വായിക്കാൻ പഠിപ്പിക്കൽ എന്നതിൽ കവിഞ്ഞ് ഭാഷയുടെ സർഗാത്മകതയിൽ ഓരോ മലയാളിയേയും നിലനിർത്താൻ ആവശ്യമായ കാര്യങ്ങളും ഏറ്റെടുക്കുന്നു. കുട്ടികളുടെ മാതാപിതാക്കളും ഇത്തരത്തിൽ സജീവമാണ്. മുതിർന്നവർക്ക് ഓൺലൈനിൽ മലയാളം പഠിക്കുക എന്നൊരു മാസിവ് ഓപൺ ഓൺലൈൻ കോഴ്സിനു താമസിയാതെ തുടക്കം കുറിക്കും. ഇതിൽ വിദേശീയർക്കും മലയാളം പഠിക്കാനാകും. നേരത്തെ പറഞ്ഞതുപോലെ ഇതു വലിയൊരു കൂട്ടായ്മയാണ്. പ്രവാസികളിൽ സമ്പന്നരായി ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇടത്തരക്കാരും അതിനു താഴെ ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചു കഴിയുന്നവരും ഉണ്ട്. ഇവരെല്ലാം കൂടി ഒരേ മനസ്സോടെ അണിനിരക്കുന്ന ഒരു വേദിയാണ് മലയാളം മിഷൻ. 

 

സുജ സൂസൻ ജോർജ് എന്ന കവിയെ ഇതിനിടയിൽ മലയാളികൾക്കു നഷ്ടമായി? 

 

ശരിയാണ്, തിരക്ക് എന്റെ എഴുത്തിനെ ബാധിച്ചു. പക്ഷേ എഴുതാനുള്ള സ്രോതസ്സ് ആയാണ് മിഷൻ പ്രവർത്തനങ്ങളെ കാണുന്നത്. 

രാജ്യത്തിനകത്ത് ഒട്ടേറെ യാത്ര ചെയ്തു. അസമിൽനിന്നു ഹിമാചൽ പ്രദേശിലേക്ക് വനപാതയിലൂടെ കാറിൽ യാത്ര ചെയ്തു. അവിടത്തെ ഭക്ഷണം കഴിച്ചു. ഇതൊക്കെ വലിയ അനുഭവങ്ങളാണ്. അതേപ്പറ്റിയൊക്കെ എഴുതണം എന്നുണ്ട്. യാത്രയിലൂടെ മനസ്സിലാക്കിയ സന്തോഷകരമായൊരു സത്യമുണ്ട്. നമ്മൾ മലയാളികൾ ഏതു നാട്ടിൽ ചെന്നാലും അവിടത്തെ നാട്ടുകാരുമായി ഏറെ ഇടപഴകി ജീവിക്കും. അതു കേരളത്തിന്റെ നവോത്ഥാന പാരമ്പര്യമോ ഭാഷയുടെ കരുത്തോ കൊണ്ടാകാം. കമ്യൂണിസ്റ്റു പച്ചയെപ്പോലാണു മലയാളികൾ. എവിടെ കൊണ്ടിട്ടാലും വെളളമോ വളമോ കൊടുത്തില്ലെങ്കിലും തഴച്ചുവളരും. അന്യതാബോധത്തെ പെട്ടെന്ന് അതിജീവിക്കാൻ നമുക്കു കഴിയും. മലയാളികളുടെ മഹത്വം കൂടുതൽ  അറിയണമെങ്കിൽ പ്രവാസികളായ മലയാളികളെക്കൂടി അറിയേണ്ടതുണ്ട്. ‘അകം കേരളം’ എന്നും ‘പുറംകേരളം’ എന്നും ഞാൻ പറയാറുണ്ട്. പുറം കേരളത്തെ കൂടി അറിഞ്ഞു മാത്രമേ അകം കേരളത്തെ വ്യാഖ്യാനിക്കാനാകൂ. പ്രവാസത്തിന്റെ വേദനയും വേവലാതിയും അവസാനിച്ചിട്ടില്ല. അടുത്ത തലമുറ ആകുമ്പോൾ സ്ഥിതി മാറിയേക്കാം. 

 

അപ്പോൾ മലയാളം മരിക്കുന്നു എന്നു പറയുന്നതിൽ കാര്യമില്ല അല്ലേ? 

 

അർഥമില്ലാത്ത പ്രസ്താവനയാണത്. പൊള്ളയായ വിലാപം. ചെറിയൊരു ഉദാഹരണം പറയാം. പോണ്ടിച്ചേരിയിലെ മലയാളം മിഷൻ കോ– ഓർഡിനേറ്ററുടെ മകൻ വിവാഹം ചെയ്യാൻ പോകുന്നത് ബെൽജിയത്തിലെ പെൺകുട്ടിയെ ആണ്. വരന്റെ വീട്ടിലേക്കു വരുമ്പോൾ മലയാളത്തിൽ സംസാരിക്കണമെന്ന് ആ പെൺകുട്ടിക്ക് നിർബന്ധം. മലയാളം പഠിക്കാൻ വഴിയെന്ത് എന്ന് അവൾ ചിന്തിച്ചു. മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ബെൽജിയത്തിലുണ്ട്. അവൾ അവിടെയെത്തി ഇപ്പോൾ മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന വർഷമാണ് അവരുടെ വിവാഹം. അപ്പോൾ ആഗ്രഹമാണു വലുത്, അതുണ്ടെങ്കിൽ ഭാഷ പുറകെ തേടിവന്നുകൊള്ളും. മലയാളം അനുഗൃഹീതമായ ഒരു ഭാഷയാണ്. 

 

English Summary: Ezhuthuvarthamanangal Column written by T.B. Lal- Talk with Suja Susan George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com