ADVERTISEMENT

ബാറിലെ ജോലി കഴിഞ്ഞു തളർന്നെത്തുന്ന അമ്മയെ കാത്തിരുന്ന പെൺകുട്ടി ഒരുദിവസം വിചാരിക്കുന്നു, താൻ ജനിച്ചില്ലായിരുന്നുവെങ്കിൽ അമ്മയ്ക്ക് അത്രയും കുറച്ചു ജോലിയെടുത്താൽ മതിയായിരുന്നു.  അപമാനകരമായ ദാരിദ്ര്യം, തനിയെ കുട്ടികളെ വളർത്തേണ്ടിവരുന്ന സ്ത്രീകൾ നേരിടുന്ന ദുരിതം - ഇതാണു മിയക്കോ കവകാമിയുടെ ബ്രസ്റ്റ്സ് ആൻഡ് എഗ്ഗ്സ് എന്ന നോവലിന്റെ പശ്ചാത്തലം. 

തൊഴിലാളിസ്ത്രീകളുടെ ലോകമാണത്. വിശ്രമമില്ലാതെ പണിയെടുത്ത് ഒരുദിവസം അർബുദം പോലെ ഏതെങ്കിലും തീരാവ്യാധിക്ക് അവർ കീഴടങ്ങുകയും ചെയ്യും. അതിനാൽ ഈ സ്ത്രീയുടെ നീറുന്ന മനുഷ്യാവസ്ഥ സംബന്ധിച്ചാണ്. ഈ സ്ത്രീകൾ ജോലിയെടുത്തും സ്വപ്നം കണ്ടും ജീവിക്കുന്നവരാണ്. ഒരു പുരുഷനും അവർക്കു സമാധാനമോ സഹായമോ കൊണ്ടുവരുന്നില്ല. അതുകൊണ്ടാണ് ഈ കൃതിയുടെ കാഴ്ചപ്പാടുകളുടെ മുൻനിർത്തി ഇതിനെ ഫെമിനിസ്റ്റ് നോവൽ എന്നു വിശേഷിപ്പിക്കുന്നത്. തന്റെ ഫെമിനിസത്തിന്റെ സാഹചര്യം എന്താണെന്നു കവകാമി തന്നെ വിശദീകരിക്കുന്നുണ്ട്- ‘’ സ്ത്രീകൾ മനുഷ്യരാണ്, പുരുഷന്മാരെപ്പോലെത്തന്നെ. പക്ഷേ നൂറ്റാണ്ടുകളായി സ്ത്രീകൾ സാമൂഹിക ഉച്ചനീചത്വവും വിവേചനവും നേരിടുന്നു, അവർ സ്ത്രീകളായതുകൊണ്ടുമാത്രം. ഫെമിനിസം എന്നത് ഒരു മനുഷ്യപ്രശ്നമാണ്.’’

മൂന്നു സ്ത്രീകളാണ് നോവലിന്റെ ആദ്യഭാഗത്തു നിറഞ്ഞുനിൽക്കുന്നത്.  ആഖ്യാതാവായ നട്സൂകോ മുപ്പതുകാരിയായ എഴുത്തുകാരിയാണ്. എഴുത്തുകാരിയുടെ പ്രശ്നം സ്വന്തം ഭാഷ എങ്ങനെ നിർമിക്കുമെന്നതു മാത്രമല്ല, സ്വന്തം ശരീരത്തിന് എന്തെങ്കിലും അർഥമുണ്ടോ എന്നു കൂടിയാണ്. ഇങ്ങനെ ഇരട്ടപ്രശ്നത്തിനു നടുവിൽ നിൽക്കുന്ന ഒരു നരേറ്റർ ആണ് കഥാകേന്ദ്രം. തന്റെ മൂത്തസഹോദരി, 12 വയസ്സുള്ള മകളുമായി ടോക്കിയോ നഗരത്തിലേക്കു നട്സൂകോയുടെ അതിഥിയായി എത്തുന്ന ദിവസമാണു കഥ തുടങ്ങുന്നത്. പന്ത്രണ്ടുവയസ്സുകാരി അമ്മയോടു മിണ്ടാറില്ല. അത്യാവശ്യ ആശയവിനിമയത്തിന് എഴുതിക്കാണിക്കും. അവൾ സ്കൂളിൽ എല്ലാവരോടും മിണ്ടാറുണ്ട്. അമ്മയോടു മാത്രമാണു മൗനം. മാസങ്ങളായി അങ്ങനെയാണ്. അവൾ നോട്ട്ബുക്കിൽ എഴുതുന്ന കാര്യങ്ങളാണ് ആദ്യഭാഗത്തിലെ പ്രധാന ആകർഷണം എന്നു പറയാം. 

ezhuthumesha-mieko-kawakami-breasts-and-eggs

നട്സൂകോയുടെ സഹോദരി മാകികോക്കു പ്രായമേറുന്നു. തന്റെ സൗന്ദര്യം വീണ്ടെടുക്കാനായി, സ്തനങ്ങൾക്കു വലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ ചെയ്യാനാണ് അവൾ ടോക്കിയോയിലേക്കു വന്നത്. മുലകൾക്കു വലുപ്പം കൂട്ടാനുള്ള സർജറി സംബന്ധിച്ച വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിചാരങ്ങളുമാണ് ആദ്യ ഭാഗത്തു മുഖ്യമായും ചർച്ച ചെയ്യുന്നതെങ്കിൽ രണ്ടാം ഭാഗത്തു കൃത്രിമ ഗർഭധാരണമാണു പ്രതിപാദ്യം. ഇപ്പറഞ്ഞ രണ്ടു സ്ത്രീപ്രശ്നങ്ങൾ മുൻനിർത്തിയാണു നോവലിലെ അന്തരീക്ഷം മൂർത്തമാകുന്നത്.

ബാറിൽ കുടിക്കാനെത്തുന്നവരെ രസിപ്പിക്കുന്ന ജോലി ചെയ്യുന്ന സ്ത്രീ, തന്റെ ശരീര ആകർഷകത്വം നഷ്ടമാകുന്നുവെന്നു തോന്നുമ്പോഴാണ് ശസ്ത്രക്രിയയ്ക്കു മുതിരുന്നത്. ചെറുപ്പക്കാരികൾക്കൊപ്പം അവൾക്കു പിടിച്ചുനിൽക്കണം. ഇത് തൊഴിൽ നഷ്ടമാകാതിരിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി കൂടി ചെയ്യുന്നതാണ്. 

നോവലിന്റെ രണ്ടാം ഭാഗം 10 വർഷത്തിനുശേഷമാണു സംഭവിക്കുന്നത്. നട്സുകോ തന്റെ നോവൽ, രണ്ടാമത്തെ പുസ്തകം എഴുതാനുളള ശ്രമത്തിലാണ്. അതു മുന്നോട്ടു പോകുന്നില്ല. എല്ലാ രണ്ടാം പുസ്തകങ്ങളും കഠിനവേലയാണ്. വാക്കുകളിലേക്കു വന്നിരിക്കാതെ വിചാരങ്ങൾ പറന്നുപോകും. നോവലെഴുത്തിനു പകരം അവളുടെ മനസ്സിൽ വേറെ ചില വിചാരങ്ങളാണു കയറിപ്പറ്റിയിരിക്കുന്നത്. 

നട്സൂകോയുടെ എഡിറ്ററായ സ്ത്രീ, കൂട്ടുകാരിയായ മറ്റൊരു എഴുത്തുകാരി എന്നിവരും രണ്ടാം ഭാഗത്തു പ്രത്യക്ഷപ്പെടുന്നു. കുഞ്ഞുങ്ങളെ വേണോ എന്നതാണ് ഒരു പ്രധാന ചർച്ച. നട്സൂകോയുടെ ഒരു സവിശേഷത അവൾക്കു ലൈംഗികതയിൽ താല്പര്യമില്ലെന്നതാണ്. ശാരീരികപ്രശ്നം കൊണ്ടല്ല, അവൾക്കു പുരുഷന്റെ സാമീപ്യവും സ്പർശനവും ഇഷ്ടമാണ്. പക്ഷേ സെക്സ് ആസ്വദിക്കാൻ കഴിയുന്നില്ല. ആ പ്രവൃത്തി കഠിനമായ വെറുപ്പും അപമാനവും ഉണ്ടാക്കുന്നു. ഒരിക്കൽ അവൾക്ക് ഒരു കാമുകനുണ്ടായിരുന്നു. ഒരിക്കൽ ഒരുമിച്ചു കിടന്നപ്പോൾ അത് അസഹനീയമായിരുന്നു. അവർ വിവാഹിതരാകാതെ പിരിയാനുള്ള കാരണവും ഇതാണ്. എന്നാൽ വർഷങ്ങൾക്കുശേഷം ഇപ്പോൾ തനിക്കൊരു കുഞ്ഞു വേണമെന്ന് അവൾക്ക് അതിയായ ആഗ്രഹം തോന്നുന്നു. അതു ലൈംഗിക ബന്ധത്തിലൂടെ വേണ്ട എന്നാണു തീരുമാനം. അതിനാൽ കൃത്രിമ ഗർഭധാരണത്തിനു വേണ്ടിയുള്ള മാർഗങ്ങൾ അവൾ തിരയുന്നു.

അജ്ഞാതനായ ഒരാളുടെ ബീജം സ്വീകരിച്ചു നടത്തുന്ന കൃത്രിമ ഗർഭാധാരണവും അങ്ങനെ പിറക്കുന്ന കുട്ടികൾ പിന്നീടു തങ്ങൾ ജനിച്ചതെങ്ങനെ എന്ന് അറിയുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളുമാണു തുടർന്ന് നോവൽ ചർച്ച ചെയ്യുന്നത്. 

തനിച്ചുജീവിക്കുന്ന സ്ത്രീകളുടെ ലോകം എങ്ങനെയായിരിക്കുമെന്നതു പുരുഷന്മാർ വിചാരിക്കുംപോലെയല്ല. ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയുടെ  കഥ പറയാം. 24-ാം വയസ്സു മുതൽ മകനൊപ്പമാണു താമസം. ഭർത്താവുമായി പിരിഞ്ഞശേഷം രണ്ടാം വിവാഹത്തിനു മിനക്കെട്ടില്ല. മകൻ വളർന്നു വിവാഹം ചെയ്തു വേറെ പോയി. എല്ലാവരും അവരോടു ചോദിക്കും, നിങ്ങൾ എങ്ങനെ തനിച്ചു കഴിയുന്നു, ഏകാന്തത തോന്നുന്നില്ലേ. അവർ പറയും, എനിക്ക് ഒരു ഏകാന്തതയുമില്ല. 

ഒരു കൂട്ടു വേണമെന്നു തോന്നാറില്ലേ, അടുത്ത ചോദ്യമാണ്.  അവർക്കു വയസ്സ് 58 കഴിഞ്ഞു. സുന്ദരിയാണ്. ആരോഗ്യമുണ്ട്. അവർ പറഞ്ഞു- ‘’പുരുഷന്റെ കൂട്ടാണോ ഉദ്ദേശിച്ചത്. പുരുഷന്മാർക്കു സെക്സ് മാത്രമേ താൽപര്യമുള്ളു. എനിക്ക് അതിൽ ഒരു താൽപര്യമില്ല.’’

സ്ത്രീയുടെ തനിച്ചിരിപ്പിന്റെ പ്രക്ഷുബ്ധതകളുമാണു ബ്രസ്റ്റ്സ് ആൻഡ് എഗ്സിൽ ഉള്ളത്. പുരുഷന്റെ കൂട്ടില്ലാത്ത ലോകത്ത് സ്ത്രീക്ക് ആനന്ദം കണ്ടെത്താനാവുമോ, ഇണ ചേരാതെ കുഞ്ഞിനെ പ്രസവിക്കാനാവുമോ, കുഞ്ഞോ പ്രണയമോ കൂടാതെ മറ്റെന്തെങ്കിലും ആനന്ദങ്ങൾ സ്ത്രീക്കു കണ്ടെത്താനാവുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു. ബീയർ കുപ്പികൾ ഒന്നിനു പിറകെ മറ്റൊന്നായി കാലിയാക്കുന്ന രാത്രികളിലെ പെൺചർച്ചകളുണ്ട് നോവലിൽ. എത്ര കുടിച്ചാലും നിറയാത്ത രാത്രികളിൽ, പെണ്ണുങ്ങൾ സംസാരിക്കുന്നു, ചിന്തിക്കുന്നു, കരയുന്നു, കുഴഞ്ഞുവീണുറങ്ങുന്നു.

നോവലിന്റെ രണ്ടാം ഭാഗത്തു നരേറ്റർ താൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതുമായ തുറമുഖ പട്ടണത്തിലേക്കു തിരിച്ചുപോകുന്നുണ്ട്. 20 വർഷങ്ങൾക്കു ശേഷമുള്ള യാത്രയാണത്. കുട്ടിക്കാലത്ത് അമ്മ പണി കഴിഞ്ഞു വരുന്നതും കാത്തിരുന്നത് ആ നഗരത്തിലെ ഒരു കുഞ്ഞു ഫ്ലാറ്റിനുള്ളിലുള്ളിലാണ്. അവിടെനിന്നാണു കുടിയനും തെമ്മാടിയുമായ അച്ഛനെ ഭയന്ന് അമ്മയും മക്കളും പാതിരാത്രി ഒളിച്ചോടുന്നത്. സ്കൂൾ നോട്ട്ബുക്കുകളോ പാഠപുസ്തകങ്ങളോ പോലും എടുക്കാതെയുള്ള പലായനം.

ഒരിക്കൽ തങ്ങൾ താമസിച്ചിരുന്ന ആ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നത് അവൾ കാണുന്നു.  കാലം കടന്നുപോകുന്നു. നമുക്കു പ്രായമേറുന്നു, സ്ഥലങ്ങളും വസ്തുക്കളും മാറിമറിയുന്നു. എന്നാൽ നമ്മുടെ ഉള്ളിലെ സ്നേഹം തുടരുന്നു എന്നാണു കവകാമിയുടെ കഥാപാത്രത്തിന് അനുഭവപ്പെടുന്നത്. അജ്ഞാതവും വിദൂരവുമായ സ്നേഹത്തിനുവേണ്ടി പൊരുതുകയും സ്നേഹസാഷാത്കാരത്തിനു മുന്നിൽ അർഥമഹിമയാർന്ന ലോകത്തെ സങ്കൽപിക്കുകയും ചെയ്യുകയാണു ഫെമിനിസ്റ്റിന്റെ ഉത്തരവാദിത്തം. ഈ നോവൽ അത് സാക്ഷ്യപ്പെടുത്തുന്നു. 

വാക്കുകൾ വസ്തുക്കളിലേറിയാണു വളരുക. വീണ മരത്തിന്റെ ജീർണിക്കുന്ന ഉടലിൽനിന്ന് കൂണുകൾ വളരുംപോലെ, നാം എടുത്തുവച്ച വസ്തുക്കളിൽനിന്നാണു (ഓർമകളും വസ്തുക്കളാണ്) വാക്കുകൾ വളരുക. അങ്ങനെ വളർന്ന് അർഥങ്ങൾ കൊണ്ടു പാകമാകുമ്പോഴാണ് അവ ഉറക്കെ സംസാരിക്കുക.  House of Day, House of Night എന്ന നോവലിൽ, വാക്കുകൾ ആപ്പിൾ പോലെ വളർന്നുപാകമാകണമെന്ന് ഓൾഗ തൊക്കാർചുക്ക് എഴുതുന്നു. പാകമായ ആപ്പിൾ നാം എടുത്തുനോക്കുന്നു.  മണക്കുന്നു, കടിക്കുന്നു, മുറിച്ചുകഷണങ്ങളാക്കി രുചിക്കുന്നു. 

മനുഷ്യരും വാക്കുകൾ പോലെയാണ്, വാക്കുകൾ വസ്തുക്കളോടു ചേർന്നു വിളയുന്നതുപോലെ, മനുഷ്യർക്കും ഏതെങ്കിലും ഒരു സങ്കൽപത്തോടു ചേർന്നല്ലാതെ വളരാനാവില്ല. ചിലർ ഒരു കവിത സങ്കൽപിക്കും, മറ്റു ചിലർ ഒരു കഥയോ വീടോ പ്രേമമോ സങ്കൽപിക്കും. ഒരു പിറവിയെ സങ്കൽപിക്കുകയാണ് ഏറ്റവും ക്രിയേറ്റീവായ പ്രവൃത്തി. ഈ നോവൽ അത്തരമൊരു ശ്രമമാണു നടത്തുന്നത്.

ezhuthumesha-column-murakami-south-of-the-border-west-of-the-sun

മിയക്കോ കവകാമി ജപ്പാനിലെ സമകാലിക എഴുത്തുകാരിൽ പ്രമുഖയാണ്. പാട്ടെഴുത്തുകാരിയും ഗായികയുമായിരുന്ന കവകാമി ആദ്യം കവിതകളാണ് എഴുതി പ്രസിദ്ധീകരിച്ചത്. പിന്നീട് നോവലിലേക്കു വരികയായിരുന്നു. ഹറുകി മുറകാമിയാണു കവകാമിയുടെ പ്രധാന സ്വാധീനങ്ങളിലൊന്ന്. മുറകാമിയുടെ നോവൽ ആദ്യം വായിച്ചപ്പോൾ, അതിലെ കഥാപാത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വ്യക്തിനിഷ്ഠതയാണു തന്നെ ആകർഷിച്ചതെന്നു കവകാമി പറഞ്ഞിട്ടുണ്ട്. മുറകാമിയുമായി കവകാമി പിന്നീടു നടത്തിയ ദീർഘ സംഭാഷണം പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. മുറകാമിയുടെ ഒരു കഥാപാത്രം ഇറങ്ങിവന്ന് എഴുതിപൂർത്തിയാക്കിയ ഒരു നോവലായും ബ്രസ്റ്റ്സ് ആൻഡ് എഗ്ഗ്സിനെ കരുതാവുന്നതാണ്. ‘1Q84’ ൽ വാടകക്കൊലയാളിയായ നായിക ടോക്കിയോയിലെ കൂറ്റൻ ഓവർബ്രിജിനു മുകളിൽ നിൽക്കുമ്പോഴാണ് ആർത്തവം സംഭവിക്കുന്നത്. ഒഴുകുന്ന ചോരയിൽ, യന്ത്രങ്ങളുടെ മഹാപ്രവാഹം നോക്കി അവൾ നിൽക്കുന്നത് വീണ്ടും ഓർത്തു. പക്ഷേ, മുറകാമിയുടെ നോവൽ എന്ന നിലയിൽ ഇപ്പോൾ നൊസ്റ്റാൾജിയ തോന്നുന്നത് South of the Border West of the Sun എന്ന രചനയോടാണ്. നോർവീജിയൻ വുഡ് വായിച്ചുകഴിഞ്ഞാൽ എടുക്കാവുന്ന കൃതിയാണ്.

English Summary : Ezhuthumesha Column by Ajay P Mangattu - Mieko Kawakami : Breasts and Eggs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com