ADVERTISEMENT

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനെന്നാണ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോർജ് മണ്ണിക്കരോട്ട് അറിയപ്പെടുന്നത്. ഇന്ത്യയിൽവച്ചെഴുതിയതാണെങ്കിലും  അമേരിക്കയിൽനിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച മലയാള നോവലും ഇദ്ദേഹത്തിന്റേതാണ്.

 

malayala-sahithyam-americayil-series-george-mannickarottu-books
ജോർജ് മണ്ണിക്കരോട്ട് എഴുതിയ പുസ്തകങ്ങൾ

അമേരിക്കയുടെ അൻപത് സംസ്‌ഥാനങ്ങളിലുമുള്ള മലയാളി എഴുത്തുകാരുടെ പേരുവിവരങ്ങൾ, അവരുടെ സാഹിത്യ സപര്യയുടെ വിശദവിവരങ്ങൾ, പുസ്തകങ്ങൾ ഇവയെല്ലാം ശേഖരിച്ച് പ്രതിഫലേച്ഛ കൂടാതെ അതിമനോഹരമായ ഒരു പുസ്തകം അവരെക്കുറിച്ചു തയാറാക്കുക എന്ന അതീവ ശ്രമകരമായ കർത്തവ്യം ഏറ്റെടുത്തു വിജയപ്പിച്ച എഴുത്തുകാരനാണ് അദ്ദഹം. അതുകൊണ്ടു തന്നെയാണ്  അമേരിക്കൻ മലയാള സാഹിത്യ ചരിത്രത്തിന്റെ നെറുകയിൽ തന്റെ വജ്രസിംഹാസനം ഉറപ്പിച്ച സാഹിത്യക്കാരണവരാണ് ജോർജ് മണ്ണിക്കരോട്ടെന്നു നിസ്സംശയം പറയാനാവുന്നത്.

 

∙ എങ്ങനെയാണ് താങ്കളിലെ എഴുത്തുകാരന്റെ തുടക്കം?  

 

എട്ടാം ക്ലാസ്സ് മുതലേ കഥകളും ലേഖനങ്ങളുമൊക്കെ സ്‌കൂൾ മാസികകളിൽ എഴുതുമായിരുന്നു. മലയാളത്തോടുള്ള അതിയായ പ്രതിപത്തിമൂലം  ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രൈവറ്റായി മലയാളം വിദ്വാൻ പഠിക്കുവാൻ ചേർന്നിരുന്നു. 1962 ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ഇന്ത്യ – ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ കാലത്താണ് ആർമിയിൽ ചേരുന്നത്. പന്ത്രണ്ടു വർഷത്തോളം ആർമിയിൽ ഉണ്ടായിരുന്നു. കമ്മിഷൻ റാങ്കായിരുന്നു ലക്ഷ്യം. അതിനായി ഞാൻ ധാരാളം പുസ്തകങ്ങൾ വായിച്ചു പഠിച്ചു. അതിനൊപ്പം ഡിഗ്രിക്ക് പ്രൈവറ്റായി പഠിക്കുകയും ചെയ്തു. പല കടമ്പകൾ കടന്നു മൂന്ന് പ്രാവശ്യം സിലക്‌ഷൻ ബോർഡ് വരെയെത്തിയെങ്കിലും റെക്കമെൻഡേഷനും പിടിപാടുകളും ഇല്ലാതിരുന്നതിനാൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ല. അക്കാലത്താണ് സജീവമായി എഴുതാൻ തുടങ്ങുന്നത്. 

 

1969 ൽ പഞ്ചാബിലെ അമൃത്‍സറിലായിരിക്കെ ഒരു മലയാളി കുടുംബത്തിനുണ്ടായ ദാരുണമായ അനുഭവം എഴുതി. അഞ്ഞൂറ് പേജോളം വരുന്ന ഒരു നോവലായിരുന്നു പിന്നീട് എഴുതിയത്. ആർമിയുടെ പശ്ചാത്തലത്തിൽ എഴുതിയ ആ നോവലിന് ‘അഗ്നിയുദ്ധം’ എന്ന് പേരും കൊടുത്തു. അത് പ്രസിദ്ധീകരിക്കുംമുമ്പുതന്നെ ഒരു നോവൽ കൂടി എഴുതി. ആർമിയിലായിരുന്നതിനാൽ അന്നത് പ്രസിദ്ധീകരിക്കാനുള്ള സൗകര്യമോ സാവകാശമോ കിട്ടിയില്ല. അതിനിടെ 1972 ൽ വിവാഹം കഴിഞ്ഞു. പന്ത്രണ്ടു വർഷത്തെ ആർമി ജീവിതത്തിനു ശേഷം 1974 ൽ പട്ടാളം വിടുകയും ആ വർഷം തന്നെ അമേരിക്കയിലേക്കു വരികയും ചെയ്തു. ആദ്യം ന്യൂയോർക്കിലാണ് വന്നത്. ആദ്യ കുറേ വർഷങ്ങൾ കഷ്ടത നിറഞ്ഞതായിരുന്നു. എഴുത്തും വായനയും കുറഞ്ഞു. കുട്ടികൾ, ജോലി, വീട്, പുതിയ സ്ഥലം, തിരക്കിന്റെ നാളുകൾ. ന്യൂയോർക്കിലെ തണുപ്പും സഹിക്കാവുന്നതായിരുന്നില്ല. 1980 ൽ ഹൂസ്റ്റണിലേക്കു വന്ന ശേഷമാണ് വീണ്ടും എഴുത്തു തുടങ്ങുന്നതും കലാ സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം ഏർപ്പെടുന്നതും. 1981 ൽ കേരള കൾച്ചറൽ അസോസിയേഷന്റെ മാസികയായ മാറ്റൊലിയുടെ ചീഫ് എഡിറ്റർ ആയി. ഇതിനോടകം, നാട്ടിൽ ആർമിയിലിരുന്നപ്പോൾ എഴുതിയ  എന്റെ രണ്ടാമത്തെ നോവൽ ‘ജീവിതത്തിന്റെ കണ്ണീർ’ സ്വന്തമായി പ്രസിദ്ധീകരിച്ചു. നാഷനൽ ബുക്ക്സ്റ്റാൾ 1987 ൽ അത് വീണ്ടും പ്രസിദ്ധീകരിച്ചു. ‘അഗ്നിയുദ്ധം’, ‘അമേരിക്ക’ ഇവയാണ് പ്രസിദ്ധീകരിച്ച മറ്റു നോവലുകൾ.

malayala-sahithyam-americayil-series-george-mannickarottu-family
ജോർജ് മണ്ണിക്കരോട്ട് കുടുംബാംഗങ്ങളോടൊപ്പം

 

∙ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ചരിത്രം എഴുതാനുണ്ടായ ആലോചന. അതേക്കുറിച്ചൊന്നു പറയാമോ ?

 

വർഷങ്ങൾക്ക് മുൻപ് ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ നടന്ന ഫൊക്കാന സമ്മേളനത്തിൽ സാഹിത്യകാരൻ എം.എം. ബഷീർ വരികയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ചരിത്രം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞിരുന്നു. പിന്നീട് ബഷീറും എഴുത്തുകാരൻ ജോൺ മാത്യുവുമായി ഞങ്ങൾ ഈ വിഷയം വീണ്ടും ചർച്ച ചെയ്തു. ജോൺ മാത്യുവിന്റെ സ്നേഹപൂർവമുള്ള നിർദേശപ്രകാരം ഒരു നിയോഗം പോലെ ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചു വർഷത്തോളം ഒരു തപസ്യ പോലെ അതിന്റെ പണിപ്പുരയിലായിരുന്നു. അത് മൂന്നു ഭാഗങ്ങളായാണ് എഴുതിയിരിക്കുന്നത്. അമേരിക്കക്കാരുടെ കുടിയേറ്റ ചരിത്രം, ഇന്ത്യൻ വംശജരുടെ കുടിയേറ്റ ചരിത്രം, മലയാളികളുടെ കുടിയേറ്റ ചരിത്രം, അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പേരുവിവരങ്ങൾ, സാഹിത്യസൃഷ്ടികൾ അങ്ങിനെ പല അധ്യായങ്ങളായിട്ടാണ് ആ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. അറുപതുകളുടെ തുടക്കം മുതൽ അമേരിക്കയിൽ മലയാളത്തിൽ എന്തെങ്കിലുമൊക്കെ എഴുതി പ്രസിദ്ധീകരിച്ച എല്ലാവരെപ്പറ്റിയും  ഈ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരിൽ കുറേപ്പേർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചിലർ സജീവമായി എഴുത്തു തുടരുന്നു. എഴുത്തു നിർത്തിയവരും ഇക്കൂട്ടത്തിലുണ്ട്. നൂറുകണക്കിന് പുസ്തകങ്ങളാണ് റഫറൻസിനു വേണ്ടി വായിച്ചത്. 

 

ചിലർക്കെങ്കിലും ഈ സംരംഭത്തോട് താല്പര്യമില്ലായിരുന്നു. എന്തിനാണ് നമ്മുടെ ചരിത്രം എഴുതി വയ്ക്കുന്നതെന്നുള്ള നിസ്സഹകരണ ഭാവം. ഡേറ്റ ശേഖരിക്കാൻതന്നെ രണ്ടു വർഷമെടുത്തു. അമേരിക്കയിലെ അൻപത് സംസ്ഥാനങ്ങളിൽ ചിന്നിച്ചിതറിയാണ് മലയാളി എഴുത്തുകാർ ജീവിക്കുന്നത്. അന്ന് അവരെ എല്ലാവരെയും ഫോണിൽ കിട്ടാനോ ഇ – മെയിൽ വഴി ബന്ധപ്പെടാനോ അത്ര എളുപ്പമായിരുന്നില്ല. പലരുടെയും ഫോൺ നമ്പർ പോലുമില്ല. ചില മലയാളി സംഘടനകളുടെയൊക്കെ സഹായവും തേടി. പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യേണ്ടി വന്നു. ചെന്നിടങ്ങളിലൊക്ക നല്ല സഹകരണമായിരുന്നു വിവിധ സാഹിത്യ, സാമൂഹിക സംഘടനകളിൽനിന്നു ലഭിച്ചത്. നാട്ടിലിരുന്ന് എം.എം. ബഷീർ എല്ലാ മാർഗനിർദേശങ്ങളും നൽകി സഹായിച്ചു. പ്രഫ. ജോർജ് ഓണക്കൂർ സാറും ഇതിനായി വളരെയധികം സഹായിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ ജോൺ മാത്യു, ജോയൻ കുമരകം, മനോഹർ തോമസ് ഇവരെല്ലാം പല രീതിയിൽ ഈ പുസ്തകം വെളിച്ചം കാണുവാൻ ആഗ്രഹിച്ചു കൂടെ നിന്നവരാണ്. ‌‌

malayala-sahithyam-americayil-series-elizabeth-george-mannickarottu-family-photo
ജോർജ് മണ്ണിക്കരോട്ടും ഭാര്യ ഏലിയാമ്മയും

 

അമേരിക്കയിൽ അന്നുണ്ടായിരുന്ന മലയാളമാധ്യമങ്ങളായ മലയാളപത്രം, കേരള എക്സ്പ്രസ്സ്, കൈരളി, മലയാളി, സംഗമം ഇവയെല്ലാം പുസ്തകത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും എഴുതുകയും പുസ്തകത്തിന്റെ ഖ്യാതി അമേരിക്കയിലുടനീളം എത്തിക്കുകയും ഉണ്ടായി. ഇത് പുസ്തകരൂപത്തിലാക്കുവാൻ സഹായിച്ച പത്രപ്രവർത്തകനും എഴുത്തുകാരനുമായ വിതുര ബേബിയെ നന്ദിയോടെ ഓർക്കുന്നു; പ്രഭാത് ബുക്സിനെയും. ആദ്യമൊക്ക തടസവാദം പറഞ്ഞവർക്കും നിരുത്സാഹപ്പെടുത്തിയവർക്കും പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായിരുന്നു.  ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലായിരുന്നു കഴിഞ്ഞ കുറെ വർഷമായി. പുതിയ എഴുത്തുകാരുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി അത് ഉടനെ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിലാണ്.

 

∙ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കൾ, മലയാളഭാഷയിൽനിന്നും സംസ്കാരത്തിൽനിന്നും വല്ലാതെ അകന്നു പോയവരാണെന്നു പറഞ്ഞാൽ നിഷേധിക്കുവാൻ കഴിയുമോ?

 

ആദ്യകാല മലയാളി കുടിയേറ്റക്കാർ ഇംഗ്ലിഷ് നന്നായി അറിയില്ലെങ്കിൽക്കൂടി ഇംഗ്ലിഷിൽ മാത്രമായിരുന്നു മക്കളോടുള്ള സംസാരം. മലയാളം പറയുവാൻ അവരെ പ്രോത്സാഹിപ്പിച്ചിരുന്നതേ ഇല്ല. വീട്ടിൽ പോലും ഇംഗ്ലിഷ്. കുട്ടികൾ മലയാളം പറഞ്ഞാൽ അവരുടെ ഇംഗ്ലിഷ് മോശമാകുമെന്ന വികലമായ ധാരണ. നാട്ടിൽനിന്നു വന്നവർ പോലും പൊതുവേദികളിലും സൗഹൃദക്കൂട്ടായ്മകളിലും ഇംഗ്ലിഷേ പറയൂ. മിക്കവർക്കും മലയാളം പറയുന്നതൊരു കുറച്ചിൽ പോലെയായിരുന്നു. ഇംഗ്ലിഷ് നന്നായിട്ടറിയുകയുമില്ല, എന്നാൽ മലയാളം പറയുകയുമില്ല. ഇംഗ്ലിഷും മലയാളവും കൂട്ടിക്കുഴച്ചുള്ള സങ്കരഭാഷ. ഇന്നതിന് മംഗ്ലീഷ് എന്നു പറയും. ആ സ്ഥിതി വലിയ തോതിൽ ഇന്ന് മാറിയിട്ടുണ്ട്. 

പുതിയ കുടിയേറ്റക്കാരുടെ മക്കളിൽ മലയാളം പറയുന്നവർ ധാരാളം ഉണ്ടെങ്കിലും ഇന്നും ഒരു നല്ല വിഭാഗം ആൾക്കാരും മക്കളോട് മലയാളം പറയില്ല. കേരളത്തിലാണ് കുട്ടികൾക്ക് മലയാളം പറയുവാൻ കൂടുതൽ വിലക്കുള്ളതെന്നും മടിയുള്ളതെന്നും തോന്നിയിട്ടുണ്ട്. അന്നത്തെ സങ്കരഭാഷയാണ് ഇന്ന് കേരളത്തിൽ പുതു തലമുറ അനുകരിക്കുന്നതെന്നു തോന്നാറുണ്ട്.       

 

അമേരിക്കയിലെ മാധ്യമ, മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ സജീവ സാന്നിധ്യമാണ് മണ്ണിക്കരോട്ട്. ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സ്‌ഥാപകനാണ്. ഇന്നും അതിന്റെ നേതൃനിരയിൽത്തന്നെ. ഹൂസ്റ്റണിലെ മലയാളികളുടെ സാഹിത്യവളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി ഉണ്ടാക്കിയ സംഘടനയാണത്. ഹൂസ്റ്റണിലെ കേരളനാദം വാർത്താ മാസികയുടെ ചീഫ് എഡിറ്റർ ആയി അഞ്ചു വർഷം പ്രവർത്തിച്ചിട്ടുണ്ട്. മാറ്റൊലി എന്ന മാസികയുടെ എഡിറ്ററായി വർഷങ്ങളോളം പ്രവർത്തിച്ചു. ലാന, കേരള റൈറ്റേഴ്‌സ് ഫോറം തുടങ്ങി അമേരിക്കയിലെ പല സംഘടനകളിലും നേതൃസ്‌ഥാനം വഹിക്കുകയും സജീവമായി ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു.  തന്റെ മിത ഭാഷണത്തിലൂടെയും സൗമ്യമായ ഇടപെടലുകളിലൂടെയും മണ്ണിക്കരോട്ടിന്റെ സുഹൃദ്‌വലയം കടൽ കടന്നും വ്യാപിച്ചു കിടക്കുന്നു. യാത്രകളാണ് ഇഷ്ട വിനോദം.  

 

ജീവിതത്തിന്റെ കണ്ണീർ, അഗ്നിയുദ്ധം, അമേരിക്ക എന്നിയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. മൗനനൊമ്പരങ്ങൾ, അകലുന്ന ബന്ധങ്ങൾ എന്നീ ചെറുകഥാ സമാഹാരങ്ങളും ബോധധാര, ഉറങ്ങുന്ന കേരളം, മാറ്റമില്ലാത്ത മലയാളികൾ എന്നീ ലേഖന സമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും പല മാസികകളിലും സ്ഥിരമായി എഴുതാറുണ്ട്.   

 

പുരസ്‌കാരങ്ങളുടെ വലിയ ഒരു നിരതന്നെ മണ്ണിക്കരോട്ടിനു ലഭിച്ചിട്ടുണ്ട്.  ആദ്യത്തെ ഫൊക്കാന സാഹിത്യ അവാർഡ്, ഫൊക്കാന എഡിറ്റോറിയൻ അവാർഡ്, വിശാല കൈരളി അവാർഡ്, കോഴിക്കോട് ഭാഷ സമന്വയവേദി, ക്രിസ്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഫെഡറേഷൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ഇവയുടെയെല്ലാം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.      

 

ഭാര്യ ഏലിയാമ്മയോടൊപ്പം ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോഡിൽ താമസിക്കുന്നു. ഇവർക്കു മൂന്ന് ആൺമക്കളാണ്: ജെറാൾഡ്, സച്ചിൻ, സെവിൻ. മരുമക്കൾ: സോണിയ, കെർസ്റ്റിൻ, മാനസി. നാലു കൊച്ചുമക്കളുമുണ്ട്.   

 

നാൽപത്തിയാറു വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഈ മനുഷ്യൻ ജനിച്ചു വളർന്ന നാടിന്റെ ഭാഷ, കുടിയേറിയ നാട്ടിൽ കെടാതെ സൂക്ഷിക്കുക മാത്രമല്ല അതിന്റെ ചരിത്രമെഴുതുകയും ചെയ്തു. തനിക്കു മുൻപു വന്നവരെയും തനിക്കൊപ്പവും അതിനു ശേഷവും വന്നവരെയും എന്നെന്നും ഓർമിക്കുന്ന രീതിയിൽ ആ ചരിത്ര പുസ്തകത്തിന്റെ ഭാഗമാക്കിത്തീർത്തു. ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ആ ഒരൊറ്റ പുസ്തകം മാത്രം മതി അമേരിക്കയിലെ മലയാള സാഹിത്യ നഭസ്സിൽ അഗ്രഗണ്യനായ എഴുത്തുകാരനായി  ജോർജ് മണ്ണിക്കരോട്ട് അറിയപ്പെടാൻ. മലയാള സാഹിത്യത്തിനു തന്നെ മുതൽക്കൂട്ടായ ആ ചരിത്ര പുസ്തകത്തിന്റെ തുടരെഴുത്തുമായി ജോർജ് മണ്ണിക്കരോട്ട് തന്റെ എഴുത്തു യാത്ര തുടരുകായണ്‌; നിസംശയം, നിസ്വാർഥം.

English Summary : Malayala Sahithyam Americayil - Series by Meenu Elizabeth - George Mannickarottu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com