ADVERTISEMENT

‘‘വയസ്സൻമാരുടെ കൈ പോലെയാണ് ടാറ്റ നാനൂറ്റി ഏഴിന്റെ ഗിയർ ലിവർ. സ്റ്റാർട്ട് ചെയ്തിട്ടാൽ ഒരു കാര്യവുമില്ലാതെ വെറുതെ വിറച്ചു കൊണ്ടിരിക്കും. ആ ഗിയർ ലിവറിൽ പിടിച്ചിരിക്കുമ്പോൾ എന്റെ മനസ്സും അതുപോലെ വിറകൊള്ളുകയാണെന്ന് എനിക്കു തോന്നി’’. ‘നരനായാട്ട്’ എന്ന കഥ അഖിൽ കെ. തുടങ്ങുന്നതിങ്ങനെയാണ്. ഫസ്റ്റ് ഗിയറിൽ നിന്നു വളരെപ്പെട്ടെന്നു ടോപ് ഗിയറിലെത്തി ഭയപ്പെടുത്തുന്ന വേഗത്തിൽ വായനക്കാരെയും കൊണ്ടു പായുകയാണു കഥാകൃത്ത്. ഇടയ്ക്കുള്ള കയറ്റവും ഇറക്കവും വളവും തിരിവും അപകടമുനമ്പുകളുമെല്ലാം പിന്നിട്ടു വായനയുടെ അപ്രതീക്ഷിത ഭൂമികയിലൂടെയുള്ള സഞ്ചാരം. 8 കഥകളാണ് അഖിലിന്റെ ആദ്യ കഥാസമാഹരമായ ‘നീലച്ചടയനി’ലുള്ളത്. വന്യത നിറഞ്ഞ വേഗതാളം തുടി കൊട്ടുന്ന കഥാപ്രപഞ്ചം ഈ യുവകഥാകൃത്തിനെ ആദ്യ വരവിൽതന്നെ ശ്രദ്ധേയനാക്കുന്നു. ആ വരികൾ വായനയുടെ ലഹരി പടർത്തുന്നു.

 

നടപ്പുവായന

 

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ആറിൽ പഠിക്കുമ്പോൾ പത്ര വിതരണം തുടങ്ങി അഖിൽ. പയ്യന്നൂർ ടൗണിൽ ചുമട്ടുതൊഴിലാളിയായ അമ്മയ്ക്ക് ചെറിയൊരു കൈത്താങ്ങാകാനുള്ള ശ്രമം. പുലർച്ചെ മൂന്നിനു വീട്ടിൽ നിന്നു സൈക്കിളിൽ പുറപ്പെട്ട് പയ്യന്നൂരിലെത്തി പത്രക്കെട്ടെടുത്ത് തിരികെയെത്തി പരവന്തട്ടയിലെ വീടിനു ചുറ്റുമുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവിലായിരുന്നു വിതരണം. ഒരു സ്ഥലത്തു കുത്തനെയുള്ള കയറ്റമുള്ളതിനാൽ അങ്ങോട്ടേക്കു സൈക്കിൾ പോകില്ല. പത്രവുമായി നടന്നു കയറണം. ഈ കുന്നുകയറ്റങ്ങൾക്കിടയിൽ കയ്യിലുള്ള ആനുകാലികങ്ങളെടുത്തു വായിക്കും. സാഹിത്യവുമായുള്ള നേരിയ പരിചയം അങ്ങനെ നടന്നുതുടങ്ങി.

 

ഇരുട്ടക്ഷരം

 

അഖിലിന് ഇരുട്ടു പേടിയായിരുന്നു. പുലർച്ചെ മൂന്നു മണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ കുറ്റാക്കൂരിരുട്ടായിരിക്കും. വിജനമായ, ചെറിയ ഇടവഴികൾ. പേടിയിങ്ങനെ അരിച്ചരിച്ചു കയറിവരും. അതു മനസ്സിനെ കയറി മൂടാൻ അനുവദിച്ചാൽ പണി നടക്കില്ല. അത്തരം ചിന്തകളെ തടഞ്ഞു നിർത്താൻ അഖിൽ സൈക്കിൾ യാത്രയ്ക്കിടയിൽ മറ്റു പലതും ആലോചിക്കും. ചുറ്റുമുള്ള ജീവിതങ്ങളിലെ ചെറിയ സംഭവങ്ങൾ മനസ്സിലിട്ട് വളർത്തി വലുതാക്കും. അങ്ങനെ ഓരോന്നു ചിന്തിച്ചു ചിന്തിച്ചാണു പതിയെ കഥകളുടെ ലോകത്തേക്കുള്ള വാതിൽ തുറന്നുകിട്ടിയത്. കുറച്ചുകൂടി വളർന്നപ്പോൾ അത്തരം ചിന്തകളൊക്കെ കടലാസിൽ കുറിച്ചിടാൻ തുടങ്ങി. വായനയ്ക്കുള്ള സാഹചര്യം ചെറുപ്പത്തിൽ ലഭിച്ചില്ല. വീട്ടിൽ പുസ്തകങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ‘‘ഇരുട്ടും മനസ്സും ആ പുലർകാലങ്ങളുമാണ് ഞാനെന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയത്’’. അഖിൽ പറയുന്നു.

 

ജെസിബി

 

മുതിർന്നപ്പോൾ പെയിന്റിങ്, ടൈൽ, മണൽ പണികൾ ചെയ്താണ് അഖിൽ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനിയും പഠിപ്പുമായി മുന്നോട്ടുപോയാൽ അമ്മയ്ക്കു വലിയ പ്രയാസമായിരിക്കുമെന്ന് അഖിലിനു മനസ്സിലായി. പ്ലസ് ടു സർട്ടിഫിക്കറ്റ് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. ‘‘അതുകൊണ്ടു ജീവിതത്തിൽ ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് എനിക്കറിയാമായിരുന്നു’’. അനിയന്റെ പഠനം കൂടി നോക്കേണ്ടിയിരുന്നു. അനിയൻ അജിൽ സംസ്കൃത സർവകലാശാലയിൽ ബിഎ സംസ്കൃത വിദ്യാർഥിയാണ്. ജെസിബി ഡ്രൈവറാണ് അഖിലിപ്പോൾ. വീടിനു ചുറ്റും കുറേ ജെസിബി ഡ്രൈവർമാരുണ്ട്. അവരുടെ ഒപ്പം ക്ലീനറായി പോയി പണി പഠിച്ചെടുത്തതാണ്. രാവിലെ ഏഴിനു തുടങ്ങുന്ന ജോലി രാത്രി ഏഴിനാണു തീരുക. ‘‘ഈ ജോലി നല്ലതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്’’.

 

എഴുത്തുശൈലി

 

സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്തു വാങ്ങിയ ലാപ്ടോപ്പിലാണ് ഇപ്പോൾ എഴുത്ത്. കഥകളുടെ തുടക്കം കിട്ടിക്കഴിഞ്ഞാൽ എഴുതിത്തുടങ്ങുന്നതാണ് അഖിലിന്റെ രീതി. മുഴുവൻ കഥയുടെ ആശയവും മനസ്സിലുരുത്തിരിയുന്നതുവരെ കാത്തിരിക്കാറില്ല. എഴുതിയും തിരുത്തിയും എഴുതിയും മുന്നോട്ടുപോകും. പലപ്പോഴും കഥയുടെ ആദ്യ ഭാഗമൊക്കെ എഴുതിത്തീരാറാകുമ്പോൾ തിരുത്തി എഴുതാറുണ്ട്. അത്തരം തിരുത്തലുകൾക്ക് ടൈപ്പ് ചെയ്യുന്നതാണ് എളുപ്പമെന്നതിനാലാണ് അഖിൽ ലാപ്ടോപിൽ എഴുതുന്ന രീതി തിരഞ്ഞെടുത്തത്. ‘‘നല്ല അധ്വാനമുള്ള ജോലിയാണ് എന്റേത്. പകൽ ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ നല്ല ക്ഷീണമുണ്ടാകും. അപ്പോൾ എഴുത്തൊന്നും നടക്കില്ല. പുലർച്ചെ 5.30ന് അലാം വച്ചെഴുന്നേറ്റ് 6.30 വരെ ഒരു മണിക്കൂർ എഴുതും. എഴുതിയശേഷം ഒരു തവണ എഡിറ്റ് ചെയ്യും. ആരെയും കാണിക്കുകയോ അഭിപ്രായം ചോദിക്കുകയോ ഇല്ല. എഴുത്തിൽ എന്റെ ഒരു ശൈലി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. വായിക്കുന്നവർക്ക് ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ, ഞാൻ ഒരു ശൈലിയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്’’. അഖിലിന്റെ വാക്കുകളിൽ തുടക്കക്കാരന്റേതല്ലാത്ത ആത്മവിശ്വാസമുണ്ട്.

 

നുറുങ്ങു കടലാസ്

 

കഥയുടെ ആശയം മനസ്സിലുണ്ടായാൽ വൺ ലൈൻ ആദ്യമേ തയാറാക്കും. തലക്കെട്ടും മനസ്സിലുറപ്പിക്കും. ഉദ്ദേശിക്കുന്ന വിഷയത്തെ മൂന്നോ നാലോ വ്യത്യസ്ത തരത്തിൽ വൺലൈൻ ആയി വികസിപ്പിച്ചു മനസ്സിലിട്ടു തൂക്കിനോക്കുന്ന രീതിയാണ് അഖിലിന്റേത്. അതിൽ ഏറ്റവും നന്നായി തോന്നുന്നതാകും കഥയായി എഴുതുക. വളരെ സമയമെടുത്ത് എഴുതുന്നയാളാണ് അഖിൽ. നീലച്ചടയൻ എന്ന കഥാസമാഹാരത്തിൽ 8 കഥകളേയുള്ളൂ. അത് 4 വർഷമെടുത്ത് എഴുതിയതാണ്. ജീവിതത്തിൽ ആളുകൾ പറഞ്ഞു കേൾക്കുന്ന പല സംഭാഷണങ്ങളും സംഭവങ്ങളുമൊക്കെ മനസ്സിൽ രേഖപ്പെടുത്തി വയ്ക്കും. പകൽ ജോലി ചെയ്യുന്നതിന്റെയിടയിലൊക്കെ രാവിലെ എഴുതി വച്ച കഥയുടെ ബാക്കി പലതരത്തിൽ, പല രൂപത്തിൽ സങ്കൽപിക്കും. മറന്നുപോകാതിരിക്കാൻ പോക്കറ്റിലെ ചെറിയ നോട്പാഡിൽ അപ്പപ്പോൾ കുറിച്ചു വയ്ക്കുന്ന സ്വഭാവവുമുണ്ട്. ആ സമയത്ത് എഴുതുന്നതിൽ ഉപയോഗിക്കാവുന്നതാണെങ്കിൽ പിറ്റേന്നു രാവിലെ തന്നെ അത് വികസിപ്പിച്ചെടുക്കും. പിന്നീടുപയോഗിക്കാമെന്നു തോന്നുന്നത് ശേഖരിച്ചു വയ്ക്കാൻ ലാപ്ടോപ്പിൽ ഒരു ഫോൾഡറുണ്ട്. നുറുങ്ങ് ആശയങ്ങൾ അതിൽ നിറയെയുണ്ട്.

 

സംഭവകഥ

 

‘സെക്സ് ലാബിലെ’ പെൺകുട്ടിയെയാണ് അഖിലിന് സ്വന്തം കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം. ആ കഥാപാത്രത്തിന് പിന്നിലുള്ള യഥാർഥ വ്യക്തിയോടുള്ള ഇഷ്ടമാണ് അതിനു കാരണം. ‘‘അവരെ എനിക്കറിയാം. ആ കഥ ഏതാണ്ട് അങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്. വളരെക്കുറച്ചു മാത്രമേ ആ കഥയിൽ എനിക്കു പണിയെടുക്കേണ്ടി വന്നിട്ടുള്ളു. 70 ശതമാനവും അങ്ങനെ തന്നെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു’’.

 

സന്തോഷം’

 

അഖിലിന്റെ കഥകളൊന്നും തന്നെ ഇതുവരെ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്നിട്ടില്ല. നാലഞ്ചു വർഷക്കാലം നിരന്തരം പരിശ്രമിച്ചിരുന്നു. പക്ഷേ, വന്നില്ല. പ്രസിദ്ധീകരിച്ചയുടൻ തന്നെ വായനക്കാർ ഏറ്റെടുത്ത അഖിലിന്റെ നീലച്ചടയൻ പക്ഷേ, പല ബുക്‌ഷോപ്പുകളിലും ആഴ്ചകളോളം ബെസ്റ്റ് സെല്ലിങ് പട്ടികയിൽ ഇടംനേടി. മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള വാക്കേതാണ് എന്ന ചോദ്യത്തിന് അഖിലിന്റെ ഉത്തരം: ‘സന്തോഷം’. ‘‘ജീവിതത്തിൽ അധികം സന്തോഷം അനുഭവിച്ചു പരിചയമില്ലാത്തയാളാണു ഞാൻ. അതാണ് ഏറ്റവും ഇഷ്ടമുള്ള വാക്ക് അതാകാൻ കാരണം’’. അരുൺ ആർഷയുടെ നോവൽ ‘ദാമിയന്റെ അതിഥികൾ’ ആണ് ഈയടുത്തു വായിച്ചതിൽ അഖിലിന് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം. നോവലിൽ അരുൺ ആർഷ, കഥയിൽ അബിൻ ജോസഫ്, ക്രിയേറ്റീവ് നോൺ ഫിക്‌ഷനിൽ ഗിരീഷ് ജനാർദനൻ എന്നിങ്ങനെയാണ് അഖിലിന്റെ പ്രിയ എഴുത്തുകാരുടെ പട്ടിക.

 

അദ്ദേഹം

 

‘നീലച്ചടയൻ പുറത്തിറങ്ങിയ ശേഷം വായനക്കാരിൽ പലരും അതിന്റെ കവർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. പരിചയം ഉള്ളവരും അല്ലാത്തവരും. അതിൽ ഒരാൾ എഴുതി: ‘അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമാണിത്’. അതിലെ ‘അദ്ദേഹം’ എന്ന പ്രയോഗം എനിക്ക് ഏറെ സന്തോഷം നൽകി. എന്നെ മനുഷ്യനായി പോലും പലരും കാണാറില്ല. അജ്ഞാതനായ ആ വായനക്കാരന്റെ പ്രയോഗം എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. അതെനിക്ക് തികച്ചും പുതിയ അനുഭവമായിരുന്നു.

 

അബിന്റെ ചിത്രം

 

അഖിലിന്റെ ലാപ്ടോപിന്റെ ഹോം സ്ക്രീനിലുള്ള ചിത്രം കഥാകൃത്ത് അബിൻ ജോസഫിന്റേതാണ്. ‘‘പുള്ളിയുടെ ഭാഷ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഭാഷയും ജീവിതത്തിന്റെ നേർക്കുള്ള നോട്ടങ്ങളും ചേർന്നാണ് ഒരു എഴുത്തുകാരന്റെ ഐഡന്റിറ്റി നിർണയിക്കുക. ഞാനെഴുതാൻ മനസ്സിൽ കണ്ടുവച്ച വിഷയങ്ങൾ അബിൻ ജോസഫ് എടുത്തെഴുതുമോ എന്നെനിക്കു പേടിയുണ്ട്. അദ്ദേഹം എന്നേക്കാൾ നന്നായി അതെഴുതും എന്നെനിക്കറിയാം. അതുകൊണ്ടു തന്നെ ആരാധനയുമുണ്ട്. എഴുതാൻ മാത്രമേ ഞാൻ ലാപ് ഉപയോഗിക്കൂ. അതു തുറക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഫോട്ടോ കാണാം. അതൊരു വെല്ലുവിളി പോലെ എനിക്കു ഫീൽ ചെയ്യും. അങ്ങനെ എന്റെ എഴുത്തു കൂടുതൽ നന്നാകുന്നു എന്നാണെന്റെ വിശ്വാസം’’.

 

തിന്മയുടെ നന്മ

 

ഒരുപാടു തിന്മകൾ നിറഞ്ഞ അന്തരീക്ഷത്തിലാണു ജനിച്ചതും വളർന്നതും. ഒരുതരത്തിൽ അതു നന്നായി എന്നെനിക്കു തോന്നുന്നു. നന്മ മിത്തുകളിൽ മാത്രം കാണുന്ന കെട്ടുകഥ ആയിട്ടാണു തോന്നിയിട്ടുള്ളത്. നന്മയിൽ നിന്നു സ്നേഹം മാത്രമേ ഉണ്ടാകുകയുള്ളൂ. തിന്മയിൽ നിന്നാണു കഥയുണ്ടാകുന്നത്.

 

പുതിയ എഴുത്ത്

 

ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. തെയ്യം പശ്ചാത്തലത്തിൽ എന്റെ ചുറ്റുമുള്ള മാറ്റങ്ങളെപ്പറ്റിയാണത്. തെയ്യം കഥകൾ കണ്ണൂരിൽ നിന്നുള്ള എല്ലാ എഴുത്തുകാരും എഴുതും. നീലച്ചടയനിലെ ഓപ്പണിങ് കഥ തന്നെ തെയ്യം പശ്ചാത്തലത്തിലുള്ളതാണ്. അതിനാൽ തന്നെ തെയ്യത്തിന്റെ ചുറ്റുപാടുകൾ എത്ര സൂക്ഷ്മമായി എഴുത്തിലേക്കു കൊണ്ടുവന്നാലും ഫ്രഷ് ആയിരിക്കില്ല. തെയ്യം അടിസ്ഥാനമാക്കി, വളരെ വ്യത്യസ്തമായി ഒരു കഥ പറയാനാണ്, അതിനാൽ ഞാൻ ശ്രമിക്കുന്നത്.

 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Akhil K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com