ADVERTISEMENT

സമകാലിക കഥാകൃത്തുക്കളിൽ ഏറെ പ്രിയപ്പെട്ടയാളാണ് എസ്ആർ ലാൽ. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി, ജീവചരിത്രം, കളിവട്ടം, സ്റ്റാച്യു പിഒ തുടങ്ങി എത്രയോ കൃതികൾ ലാലിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന ബാലസാഹിത്യകൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലാലിനെ തേടിയെത്തി. ഇപ്പോൾ ലാലിനെപ്പറ്റി പറയാൻ കാരണം മറ്റൊന്നാണ്. അനശ്വര നടൻ ജയന്റെ ജീവിതം ആസ്പദമാക്കി ലാൽ ഒരു നോവൽ എഴുതിയിരിക്കുകയാണ്. നവംബർ 16 ന് ജയൻ മരിച്ച് 40 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ‘ജയന്റെ അജ്ഞാതജീവിതം’എന്നു പേരിട്ടിരിക്കുന്ന ഈ വലിയ നോവൽ പുറത്തുവരുന്നത്. മലയാളി പ്രേക്ഷകർക്കിടയിൽ പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമാണ് ജയൻ. ഇപ്പോഴും വലിയ ആരാധനാസമൂഹം പിന്തുടരുന്ന അഭിനേതാവ്. ലാലുമായി നോവലിനെപ്പറ്റിയുള്ള സംസാരം: 

sr-lal
എസ്. ആര്ഡ. ലാൽ

 

എങ്ങനെയാണ് ജയനെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവലിലേക്ക് എത്തുന്നത്? 

 

statue-p-o

തിരുവനന്തപുരത്ത് കോലിയക്കോട് ആണ് എന്റെ ദേശം. കുട്ടിക്കാലം വിരസത നിറഞ്ഞതായിരുന്നു. എടുത്തുപറയാന്‍ പാകത്തില്‍ വലുതായൊന്നുമില്ല. ഞങ്ങള്‍ താമസിക്കുന്ന വീടിനടുത്തുകൂടി ഒരു ചെമ്മണ്‍ പാതയുണ്ട്. ലോകത്തിലേക്ക് തുറക്കുന്ന വാതിലാണ് അത്. പാതയിലൂടെ അടുത്തുള്ള പാറ ക്വാറിയിലേക്ക് രാവിലെയും വൈകിട്ടും ഓരോ ലോറി പോകും. കാറുകള്‍ അപൂര്‍വമാണ്. പോത്തന്‍കോട് സാബു തിയറ്ററിലെ സിനിമാ അറിയിപ്പ് കാറിലാണ് പോവുക. സൈക്കിളുകളുടെ രാജപാതയാണത്. സൈക്കിള്‍ യാത്രക്കാര്‍ കാല്‍നടക്കാരെ കണ്ടാല്‍ ഇറങ്ങും. വര്‍ത്തമാനം പറയും, ഇല്ലെങ്കില്‍ ഒപ്പം നടക്കും, ചിലപ്പോള്‍ കാരിയറില്‍ പിടിച്ചുകയറ്റി ചവിട്ടിപ്പോകും. ആര്‍ക്കും തിരക്കില്ല. കുണ്ടു നിറഞ്ഞ ഇടവഴിയാണ്. മഴ പറ്റിക്കുന്ന പണിയാണ്. ഞങ്ങളുടെ വീടിന് മേലേവച്ച് ചെമ്മണ്‍പാത ‘റ’ പോലെ വളഞ്ഞിട്ടാണ്. അവിടെയൊരു  പ്ലാവുണ്ട്. മസിലു പെരുപ്പിച്ചപോലെ അതിന്റെ വേരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കും. സൈക്കിളു പഠിത്തക്കാര് പിള്ളാരെ തള്ളിയിടുമെന്നു വാശിപിടിച്ചാണ് പ്ലാവിന്റെയും അത് പുറത്തേക്കുന്തിവിട്ട വേരിന്റെയും നില്‍പ്. അനുഭവത്തില്‍നിന്നും പറയുന്നതാണ്.

ഇതേ ഇടവഴിക്കരികില്‍ നില്‍ക്കുമ്പോഴാണ്, ഒരു ദിവസം രാവിലെ, സൈക്കിളിന്റെ വേഗത കുറച്ച്, പെരുവിരല്‍ തറയിലൂന്നി, ചാമിയണ്ണന്‍ ആ ദുരന്തവര്‍ത്തമാനം പറഞ്ഞത്: നമ്മുടെ ജയന്‍ മരിച്ചു. ഹൊ! ജയന്‍ മരിച്ചുപോയി. കുട്ടിക്കാലത്തുകേട്ട ഏറ്റവും സങ്കടകരമായ വാര്‍ത്ത. ഞാനത് വിശ്വസിച്ചില്ല. വീട്ടിലേക്കോടി. പത്രങ്ങള്‍ എത്രയോ വൈകിയാണ് ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയിരുന്നത്. റേഡിയോ ഉണ്ട്. വാര്‍ത്ത ശരിയാണെന്ന് റേഡിയോ പറഞ്ഞു. ജീവന്‍ നിലച്ചപോലെ തോന്നി. എന്തൊരു സങ്കടമായിരുന്നു. 

jayan
ഇടത്തേ അറ്റം ജയൻ, ഇടത്തു നിന്ന് മൂന്നാമത് ജേസി (ചിരിക്കുന്ന ആൾ - കണ്ണാടി ), വലത്തേ അറ്റം മുകുന്ദൻ

 

അന്നു ലാലിനു ചെറിയ പ്രായമല്ലേ?

 

kunjunniyude-yathrapusthakam

സിനിമയിലെ ജയനും എനിക്കും അന്ന് ഒരേ പ്രായമാണ്. ജയന് സിനിമയില്‍ ആറു വയസ്സ്. എനിക്കും ആറു വയസ്സ്. കോലിയക്കോട് ഗവ.സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ്. അന്ന് സ്‌കൂളിലേക്ക് പോകാന്‍ തോന്നിയില്ല. വീടുകള്‍ക്കു മുന്നിലൂടെയും പുറകിലൂടെയുമൊക്കെയാണ് അന്നത്തെ സ്‌കൂള്‍ യാത്ര. വീടുകള്‍ക്ക് അന്നു മതിലുകളോ അതിരുകളോ വന്നിട്ടില്ല. ഏതു മുറ്റത്തുകൂടിയും നടക്കാം. എല്ലാ വീടുകളിലും റേഡിയോ വെച്ചിരുന്നു. വാര്‍ത്തകേട്ട് പ്രിയപ്പെട്ട ആരോ മരിച്ചിട്ടെന്നപോലെ ദുഃഖാകുലരായി ഇരിക്കുന്നവരുടെ ചിത്രം തെളിഞ്ഞ ഓര്‍മയാണ്.

ഞാനൊരു ജയന്‍ ആരാധകനല്ല. എങ്കിലും എന്റെ കുട്ടിക്കാലത്തിന്റെ ദുഃഖവും നൊമ്പരവുമാണ് ആ നടന്‍. 1980 നവംബര്‍ 17 ന് കേട്ട ആ വാര്‍ത്തയുടെ തുടര്‍ച്ചയാണ് ഈ നോവല്‍. കുട്ടിക്കാലത്തെ ചില ഓര്‍മകള്‍ പിന്നെയും പിന്നെയും തികട്ടിവരാറുണ്ടല്ലോ. ജയന്റെ മരണം കേട്ട ആ ദിവസം കല്ലേല്‍ചിത്രംപോലെ മനസ്സിൽ പതിഞ്ഞുപോയ ഒന്നാണ്. എഴുത്തിനായി പലപ്പോഴും പഴയ കാലത്തെ ഖനനം ചെയ്തുനോക്കുമല്ലോ. അങ്ങനെ പലവട്ടം ജയന്‍ മുന്നില്‍ വന്നുനിന്നിട്ടുണ്ട്. അന്നൊന്നും ഒരോര്‍മക്കുറിപ്പിനപ്പുറം ഒന്നും എഴുതാന്‍ തോന്നിയില്ല. ഇപ്പോഴാണ് അതിനൊരു നോവല്‍രൂപം കൈവന്നത്.

 

എങ്ങനെയാണ് നോവലിലെ കഥ വികസിക്കുന്നത്?

sr-lal-1
എസ്. ആർ. ലാൽ

 

‘ചാമി’ എന്നൊരാളാണ് മുഖ്യകഥാപാത്രം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ചെറുപ്പക്കാരനായ ഒരാള്‍. അച്ഛനോടും ഒരു പട്ടിയോടുമൊപ്പം ദുരൂഹ സാഹചര്യത്തില്‍ ഒരുകുടിയേറ്റ ഗ്രാമത്തില്‍ വന്നുചേരുന്ന ഗൗതമനും ചാമിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. 1975 മുതല്‍ 2015 വരെയുള്ള കാലയളവ് നോവലിനുണ്ട്. അതിനാല്‍ അല്‍പം വലുപ്പമുള്ള നോവലാണ്.

 

പ്രേക്ഷകർക്ക് അറിയുന്ന ഒരു ജയനുണ്ട്. അതിനപ്പുറം അറിയപ്പെടാത്ത ജയനെക്കുറിച്ചു കൂടി നോവൽ പരിചയപ്പെടുത്തുന്നുണ്ടോ?

 

ജയന്റെ അധികം ശ്രദ്ധയില്‍വരാത്ത ജീവിതത്തെക്കുറിച്ചും നോവലില്‍ പറയാന്‍ ശ്രമിച്ചട്ടുണ്ട്. പഴവിള രമേശന്റെ ആദ്യകവിത മലയാള രാജ്യത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു കാരണക്കാരനായ ജയന്‍ (അന്ന് ജയന്‍ ജയനായിട്ടില്ല, കൃഷ്ണന്‍നായരാണ്. പഴവിള കിച്ചു എന്ന് ജയനെ വിളിക്കും), വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അസുഖ ബാധിതനായി കൊല്ലത്തെ തേവാടി വൈദ്യശാലയില്‍ കഴിയുമ്പോള്‍, ഒരു അസിസ്റ്റന്റിനെപ്പോലെ ഒപ്പമുണ്ടായിരുന്ന ജയന്‍, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ജയന്‍....... അപ്പോഴും ഇതു ജയന്റെ ജീവചരിത്ര നോവലേയല്ല. പല മനുഷ്യരുടെ ഉള്ളിലെ ജയനെ കണ്ടെത്താനുള്ള ശ്രമമാണിത്. ഗൗതമനും ചാമിയും ഒരിടത്തുവച്ച് പിരിയുന്നുണ്ട്. അവര്‍ മറ്റൊരിടത്ത്, വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്നിടത്ത്, ചില വിസ്മയങ്ങള്‍ ബാക്കിവച്ച് കഥ അവസാനിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞ പഴവിള രമേശനും വൈക്കം ചന്ദ്രശേഖരന്‍ നായരും എം. മുകുന്ദനും കെ.പി. അപ്പനുമെല്ലാം ഈ നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

 

ഒരു അഭിനയ പ്രതിഭയ്ക്കൊപ്പം അയാൾ ജീവിച്ചിരുന്ന കാലത്തെ ചരിത്രവും നോവലിൽ കടന്നുവരുന്നുണ്ട്. എഴുത്തിനായി എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയത്?

 

ലോക്ഡൗണ്‍ കാലത്താണ് നോവല്‍ എഴുതിത്തുടങ്ങിയത്. ലൈബ്രറികളൊന്നും തുറന്നിരുന്നില്ല. ജയന്റെ ജീവിതം പശ്ചാത്തലത്തിലാണല്ലോ വരുന്നത്. അതിനാല്‍ എഴുതിത്തുടങ്ങി. ജയന്‍ സിനിമകള്‍, ജയന്റെ സിനിമാ വഴികള്‍, ജീവിതസന്ദര്‍ഭങ്ങള്‍ ഇവയൊക്കെ വേണ്ടിടത്ത്  പിന്നീട് കൂട്ടിച്ചേര്‍ത്തു. ജയന്‍ ആരാധകരായ ചില സ്‌നേഹിതര്‍ പല വിവരങ്ങളും തന്നുകൊണ്ടിരുന്നു. ഇതിഹാസ നായകന്‍ (ടി.കെ. കൃഷ്ണകുമാര്‍), ജയന്‍: ജീവിതവും സിനിമയും (പി.ടി. വര്‍ഗീസ്), ജയന്‍ അസ്തമിക്കാത്ത സൂര്യന്‍ (സുകു പാല്‍ക്കുളങ്ങര), കോടമ്പാക്കം ബ്ലാക്ക് ആന്റ് വൈറ്റ് (പി.കെ. ശ്രീനിവാസന്‍), സിനിമയും ഞാനും 70 വര്‍ഷങ്ങള്‍ (എന്‍.ജി. ജോണ്‍) തുടങ്ങിയ പുസ്തകങ്ങള്‍ പലവിധത്തില്‍ സഹായിച്ചു. കഴക്കൂട്ടം ത്യാഗരാജന്‍ എഴുതിയ ജയന്റെ കഥ എന്നൊരു ജീവചരിത്രമുണ്ട്. ജയന്റെ ആദ്യ ജീവചരിത്രമാണെന്നു തോന്നുന്നു. പുസ്തകം ലഭ്യമല്ല. ഫാക്ടും ഫിക്‌ഷനും ചേര്‍ന്നുള്ള എഴുത്താണ് ഇതില്‍ പലയിടത്തും പിന്‍തുടരുന്നത്. ജയന്റെ ജീവചരിത്രം അറിയാനായി നോവല്‍ ആരെങ്കിലും വായിക്കുമെന്നു തോന്നുന്നില്ല. ജയന്റെ അജ്ഞാതജീവിതത്തെ നോവലായിമാത്രം കണ്ടാല്‍ മതിയാകും. അജ്ഞാതരായ മനുഷ്യരുടെ ഉള്ളില്‍ ജീവിക്കുന്ന ജയനെ കണ്ടെത്താനുള്ള ശ്രമമാണിതില്‍. വായനക്കാരുടെ ഉള്ളില്‍ ജീവിക്കുന്ന ജയനെക്കൂടി ഒപ്പംകൂട്ടി, ഈ നോവലിന്റെ വായനയെ പൂര്‍ത്തിയാക്കണം എന്നാണ് എഴുത്തുകാരന്‍ എന്ന നിലയിലുള്ള ആഗ്രഹം.

 

കുട്ടിക്കാലത്ത് ജയന്റെ സിനിമകൾ കണ്ടിരുന്നോ? ഇതുമായി ബന്ധപ്പെട്ട ഓർമകൾ എന്തെല്ലാമാണ്?

 

ജയന്‍ മരിക്കുന്നതിനുമുന്‍ ഞാന്‍ ആകെ കണ്ട അദ്ദേഹത്തിന്റെ സിനിമ തച്ചോളി അമ്പുവാണ്. പോത്തന്‍കോട് സാബുവില്‍പോയാണ് സിനിമ കണ്ടത്. മുതലയോടൊപ്പം പിടികൂടുന്ന ജയന്‍ രംഗമാണ് അതുമായി ബന്ധപ്പെട്ട് ഓര്‍മ സൂക്ഷിക്കുന്ന ഒന്ന്, അത്രമാത്രം. ജയന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം ആരംഭിച്ചതെന്നു തോന്നുന്നു, പ്രത്യേകിച്ചും കുട്ടികള്‍ക്കിടയില്‍. നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചുവരുന്ന കുട്ടിയെക്കണ്ടാല്‍ ക്ലാസിലെ മറ്റു കുട്ടികള്‍ അവനെചൂണ്ടി പറയാറുണ്ടായിരുന്നു: ദാ വരുന്നു ജയന്‍, ജയന്‍ മരിച്ചിട്ടില്ല..!

 

English Summary: Ezhuthuvarthamanangal Column written by T.B. Lal- Talk with S R Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com