ADVERTISEMENT

സ്വേഛാധിപത്യത്തിനു മുന്നില്‍ നിശ്ശബ്ദനാകുന്ന മനുഷ്യന്‍ മരിച്ച വ്യക്തിയാണെന്നു പ്രഖ്യാപിച്ച പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരന്‍ പുതിയ നോവലുമായി എത്തുന്നു. നീണ്ട അരനൂറ്റാണ്ടിനുശേഷമാണ് സാഹിത്യ നൊബേല്‍ നേടിയ വോള്‍ സോയിങ്ക നോവല്‍ എഴുതുന്നതെന്ന പ്രത്യേകതയുമുണ്ട്. നോവലുകള്‍ക്കു പുറമെ നാടകങ്ങളും എഴുതിയിട്ടുള്ള 86  വയസ്സുകാരനായ സോയിങ്ക തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് പുതിയ നോവലിലൂടെ തെളിയിക്കാനുള്ള പരിശ്രമത്തിലാണ്. വാര്‍ത്ത പുറത്തുവന്നതോടെ പുതിയ പുസ്തകത്തിനായുള്ള കാത്തിരിപ്പും സാഹിത്യലോകത്തു തുടങ്ങി. കോണിക്കിള്‍സ് ഓഫ് ദ് ഹാപ്പിയസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്ത് എന്നു പേരിട്ടിരിക്കുന്ന നോവല്‍ നൈജീരിയയുടെ വര്‍ത്തമാനകാലത്തിന്റെ കഥയായിരിക്കും. 

 

വിമര്‍ശനം ഇല്ലാത്തതാണു സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി എന്നഭിപ്രായപ്പെട്ടിട്ടുള്ള സോയിങ്ക സത്യം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ശത്രുക്കളാണ് പുസ്തകങ്ങള്‍ എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. നോവലുകളിലൂടെയും നാടകങ്ങളിലൂടെയും ഒട്ടേറെ ലേഖനങ്ങളിലൂടെയും സ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിച്ച് നൈജീരിയയെ പുതിയ കാലത്തിലേക്കും ഭാവനയുടെ വെളിച്ചത്തിലേക്കു നയിച്ചതിന്റെ പേരിലാണ് 1986 ല്‍ നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ലോകപ്രശസ്ത പുരസ്കാരം ലഭിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ എഴുത്തുകാരന്‍ എന്ന അപൂര്‍വതയോടെ. 

 

മതസ്വാധീനം ശക്തമായ കുടുംബത്തില്‍ ഒരു പുരോഹിതന്റെ മകനായാണ് സോയിങ്ക ജനിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകയായിരുന്നു അമ്മ. 

1965 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പുറത്തുവരുന്നത്: ദ് ഇന്റര്‍പ്രിട്ടേഴ്സ്. സീസണ്‍ ഓഫ് അനോമി 1973 ലും. പിന്നീട് നടകങ്ങളിലേക്കു ചുവടുമാറിയ സോയിങ്ക നാടകകൃത്തായാണ് കൂടുതലും അറിയപ്പെടുന്നതും. രണ്ടു നാടക ട്രൂപ്പുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 

 

വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ ബ്രിട്ടിഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും രൂക്ഷമായ ആഭ്യന്തര യുദ്ധത്തിന്റെ കരാളമായ നാളുകളാണ് നൈജീരിയയെ കാത്തിരുന്നത്. 1967 മുതല്‍ 70 വരെ രാജ്യത്തെ കൊലക്കളമാക്കി മാറ്റിയ ബയാഫ്രന്‍ യുദ്ധം സോയിങ്കയുടെ യൗവ്വനത്തെയും കലുഷമാക്കി. സംഗീതത്തിനും നൃത്തത്തിനും കൂടി പ്രധാന്യമുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ നൈജീരിയ എന്ന രാജ്യം കടന്നുപോയ ഇരുണ്ട കാലത്തെ വരച്ചുകാണിച്ചു; അക്ഷരങ്ങളിലൂടെ പ്രത്യാശയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും തിരി തെളിയിച്ചു. 

സ്വാതന്ത്ര്യ സമരത്തിനും ആഭ്യന്തര യുദ്ധത്തിനുംശേഷം ജന്‍മനാട് അഴിമതിക്കാരുടെ കയ്യിലായപ്പോള്‍ സോയിങ്ക ഒറ്റയ്ക്ക് പോരാടി. ഭീഷണിയെ അതിജീവിച്ച്. അടിച്ചമര്‍ത്തല്‍ പേടിക്കാതെ. വിമര്‍ശനത്തെ കൂസാതെ. അദ്ദേഹത്തിന്റെ കൃതികളാണ് നൈജീരിയയില്‍ എന്താണു നടക്കുന്നതെന്ന് കൃത്യമായി ലോകത്തെ അറിയിച്ചത്. ഇന്നലെയെ വിലയ്ക്കുവാങ്ങാന്‍ മാത്രം സമ്പന്നരായി ആരുമില്ലെന്നു പറ‍ഞ്ഞ സോയിങ്ക നാളെകള്‍ സ്വന്തമാക്കാന്‍ കഠിനമായി അധ്വാനിക്കാനും സ്വാതന്ത്ര ജീവിതത്തിനും വേണ്ടി നിരന്തരമായി എഴുതി. 

 

ആളിക്കത്തിയ അഗ്നികുണ്ഡത്തിനു സമാനമാണ് വോള്‍ സോയിങ്കയുടെ എഴുത്തുജീവിതം. കനലുകള്‍ ഇപ്പോഴും കെടാതെയുള്ള അദ്ദേഹത്തിന്റെ പുതിയ നോവലിനെ പേടിയോടെ നോക്കുന്നവരില്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളുമുണ്ട്. എന്നാല്‍, നിര്‍ഭയനാണ് എന്നത്തെയുംപോലെ ഇന്നും സോയിങ്ക. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്റെ നിലനില്‍പിന് അര്‍ഥമുണ്ടാകുന്നതെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് എഴുത്ത് ജീവിതവും പ്രവര്‍ത്തനവും തന്നെയാണ്. നല്ല നാളെയിലേക്കുള്ള പ്രവര്‍ത്തനം. ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണം. നൈജീരിയയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുന്നതിനൊപ്പം പുതിയ നോവല്‍ ലോക സാഹിത്യത്തിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വിധേയമായേക്കാം. 

 

English Summary: Chronicles of the Happiest People on Earth book by Wole Soyinka 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com