ADVERTISEMENT

മെയ്യ് കണ്ണാകണം എന്നത് പരമ്പരാഗത അങ്കക്കളത്തിലെ അടിസ്ഥാന പ്രമാണമാണ്. ശരീരം കൊണ്ടുള്ള പോരാട്ടത്തിൽ, എതിരാളിയുടെ നീക്കം കാണാനുള്ള കണ്ണ് ശരീരത്തിന്റെ ഓരോ അണുവിലുമുണ്ടാകണം എന്നർഥം. ശരീരത്തിന്റെ ആ ‘നോട്ട’പ്രകാരമാണ് എതിരാളിക്കെതിരായ പ്രതികരണവും പ്രയോഗവും. ജനാധിപത്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന് നമ്മോടു പറയാത്ത മഹാന്മാരില്ല. എന്നാൽ, ജനാധിപത്യവും അധികാരവും കണ്ണിൽ കേന്ദ്രീകരിക്കുന്നതും കണ്ണിറുക്കിക്കളിക്കുന്നതും അവരാരും ഭാവനയിൽപോലും കണ്ടിരുന്നില്ല. ഇപ്പോഴിതാ അക്കാലം വന്നിരിക്കുന്നു; ജനാധിപത്യത്തിന്റെ നയനസാധകം. കോവിഡ്കാലത്തെ തദ്ദേശ സ്വയംഭരണ അങ്കത്തിൽ പക്ഷേ, മെയ്യ് കണ്ണാകുകയല്ല, കണ്ണു മെയ്യാകുകയാണെന്നു പറയും അങ്കച്ചേകവർ. 

മാസ്ക്‌കൊണ്ടു വായും മൂക്കും മറച്ചെത്തുന്ന സ്ഥാനാർഥിക്ക് വോട്ടു പിടിക്കാനുള്ള ഏക ആയുധം കണ്ണാകുന്നു. വോട്ടു ചോദിക്കുന്നതും കരഞ്ഞപേക്ഷിക്കുന്നതും എതിരാളിക്കു കൊടുക്കരുതെന്നു ന്യായം  പറയുന്നതുമെല്ലാം കണ്ണുകൾ. 

സ്ഥാനാർഥിയുടെ അപേക്ഷ ഏറ്റുവാങ്ങുന്നതോ, വോട്ടറുടെ കണ്ണ്. കണ്ണിൽക്കണ്ണിൽ നോക്കുമ്പോൾ കോവിഡ്കാല ജനാധിപത്യം പൂത്തുലയുന്നു. കണ്ണുകൊണ്ടു ത്രിതല ജനാധിപത്യം നടപ്പാക്കേണ്ടിവരുമെന്നു ദീർഘദർശനം ചെയ്തവരാവണം വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയത്. കണ്ണിന്റെ പ്രഹരശേഷി വർധിപ്പിക്കാൻ ശേഷിയുള്ള ഒന്നാംതരം കൺമഷികൾ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. 

ആൺസ്ഥാനാർഥികൾക്ക് ഈ രംഗത്തൊരു ക്ഷീണമുണ്ടെന്നു സമ്മതിക്കണം. കണ്ണെഴുതാൻ വയ്യ; നേതൃശേഷി വർധിപ്പിച്ചേക്കാമായിരുന്ന മീശപോലും മാസ്ക്കിനുള്ളിൽ മറഞ്ഞുപോയിരിക്കുന്നു. മാസ്ക്കിനു സ്ത്രീപുരുഷഭേദമില്ലാത്തതുപോലെ കണ്ണെഴുത്തിനും ഭേദചിന്ത ഒഴിവാക്കിക്കൂടേ എന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ ചോദ്യം.  

കണ്ണോടുകണ്ണു നോക്കിയുള്ള പ്രചാരണം കഴിഞ്ഞു ജയിച്ചുവരുന്ന നമ്മുടെ സ്ഥാനാർഥിയെ നാം എങ്ങനെ തിരിച്ചറിയും കൂട്ടരേ?

English Summary : Tharangalil : Kerala Local Body Election 2020 Campaign 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com