ADVERTISEMENT

വേറിട്ട ജീവിതങ്ങളായിരുന്നു നാടകാചാര്യനും നടനുമായ എൻ.എൻ. പിള്ളയും എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയും. മൂന്നര പതിറ്റാണ്ടുമുൻപ് കോട്ടയത്തുവച്ച് അവർ കണ്ടുമുട്ടിയപ്പോൾ.

writer-nn-pillai
എൻ. എൻ. പിള്ള

 

‘ആ വലിയ മനുഷ്യനെ ഇതുവരെ കാണാതിരുന്നത് ഗുരുത്വക്കേടായി തോന്നുന്നു’.

writer-punathil-kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ള

മൂന്നര പതിറ്റാണ്ടു മുൻപ്, വടകരയിൽനിന്നു സ്വന്തം ലെറ്റർഹെഡിൽ പുനത്തിൽ കുഞ്ഞബ്ദുള്ള കോട്ടയത്തേയ്ക്ക് അയച്ച കത്തിലെ ആ വലിയ മനുഷ്യൻ എൻ.എൻ. പിള്ളയായിരുന്നു. 
നാടകാചാര്യനും നടനുമായ എൻ.എൻ. പിള്ളയെ കാണാൻ കുഞ്ഞബ്ദുള്ളയ്ക്കു ഭാഗ്യം ലഭിച്ചത് 1983ലെ ഒരു കോട്ടയം സന്ദർശനവേളയിൽ. ആ കൂടിക്കാഴ്ചയ്ക്കു നിമിത്തമായത് അന്നു സാഹിത്യപ്രവർത്തകസഹകരണസംഘത്തിൽ സെക്രട്ടറിയായിരുന്ന എം.കെ. മാധവൻനായരും. അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് തിരികെ വീടണഞ്ഞ ശേഷം കുഞ്ഞബ്ദുള്ള കത്തെഴുതിയത്. 

 

mk-madhavan-nair
എം.കെ. മാധവൻനായർ

‘എൻ.എൻ. പിള്ളയോടൊപ്പം കഴിഞ്ഞ നിമിഷങ്ങൾ അസുലഭമായിരുന്നു. പിള്ളയെ ആദ്യമായി കൂട്ടിമുട്ടിത്തന്നതിന് എന്റെ നന്ദി എക്കാലവുമുണ്ടായിരിക്കും. ആ വലിയ മനുഷ്യനെ ഇതുവരെ കാണാതിരുന്നത് ഗുരുത്വക്കേടായി തോന്നുന്നു’– മലയാളത്തിന്റെ പ്രിയ കഥാകാരൻ കുറിച്ചു. 

 

വടകരയിൽ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്ന കാലമായിരുന്നു അത്. ‘തിരഞ്ഞെടുത്ത കഥകളു’ടെ സമാഹാരത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് കുഞ്ഞബ്ദുള്ള സംഘത്തിൽ എത്തി മാധവൻ നായരെ കണ്ടത്. എൻ.എൻ. പിള്ളയുടെ ഒളശ്ശയിലെ വീട്ടിൽ വച്ചായിരിക്കണം ആ കൂടിക്കാഴ്ച നടന്നത്. 

 

എൻ.എൻ. പിള്ളയാണ് ആദ്യം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. 2017ൽ കുഞ്ഞബ്ദുളള സ്മാരകശിലയായി. മൂന്നര പതിറ്റാണ്ടോളം ഈ കത്തു നിധിപോലെ കാത്ത മാധവൻനായരും കഴിഞ്ഞ വർഷം നിശബ്ദമായി കടന്നുപോയി. ഒരപൂർവ സമാഗമത്തിന്റെ ശേഷിപ്പായി ഇനി ഈ കത്തു മാത്രം.

English Summary : Punathil Kunjabdulla writes to Madhavan Nair about his first meeting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com