ADVERTISEMENT

കപ്പയും നല്ല കുടംപുളിയിട്ടു വറ്റിച്ച മീ‍ൻകറിയും നാവിലൂടങ്ങനെ എരിഞ്ഞിറങ്ങുമ്പോഴുള്ള സുഖമില്ലേ, ഒരു തനിനാടൻ സുഖം. ശരിക്കും അതാണു തോമസ് കെയലിന്റെ ‘പാമ്പ് വേലായ്തൻ’ എന്ന നോവലിന്റെ വായനാനുഭവം. മണ്ണിന്റെ മണവും വിയർപ്പിന്റെ ചൂരും നാടൻ ഭാഷയുടെ ആഞ്ഞുകൊത്തലും ഇഷ്ടപ്പെടുന്നവർക്കുള്ളതാണീ പുസ്തകം.

മാസ് എൻട്രി

‘‘പുള്ളിഡോയറിനു മോളിലുടുത്ത കള്ളിമുണ്ടഴിച്ച് തലേല് കെട്ടി ആപ്പിള് ബീടീം തീപ്പെട്ടീം നാലായ്ട്ട് മടക്യ പത്തു റുപ്യേം മോഡേൺ ബ്രഡ് പൊതീടെ മെഴുകു കടലാസില് പൊതിഞ്ഞ് തലേക്കെട്ടിന്റെ എടത്തെ ഭാഗത്ത് ചെവീടെ പിന്നീക്കോടെ തിരികിവച്ചു. പൂവത്തിങ്ങേടെ കടേന്ന് അഞ്ച് പൈസക്ക് ഒരുകൂട് അച്ചാറ് വേടിച്ചപ്ലക്കും ചാരായെത്തി. അതൊരുവലിക്ക് മോന്തി അച്ചാറും കടിച്ചീമ്പി ഒരേമ്പക്കോം വിട്ട് പാമ്പ് മലവെള്ളത്തിലിക്ക് എറങ്ങി’’. പാമ്പ് വേലായ്തന്റെ നോവലിലെ മാസ് എൻട്രിയാണിത്. തൃശൂരിന്റെ കിഴക്കൻ മലയോരത്തെ നാട്ടുഭാഷയിലാണു വേലായ്തനും മറ്റു കഥാപാത്രങ്ങളും നോവലിസ്റ്റു തന്നെയും സംസാരിക്കുന്നത്. അച്ചടി മലയാളം ഒരു തുള്ളി പോലും നോവലിലൊരിടത്തും കല്ലുകടിയായി കയറിവരുന്നല്ല എന്നത് അസാധാരണമായൊരു ഗ്രാമ്യ സൗന്ദര്യമാണു വായനക്കാരനു പകരുന്നത്.

നേരു പറച്ചിൽ

ഗൾഫിലെ ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം ജോലിയിൽനിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കുന്ന തോമസ് കെയലിന്റെ ആദ്യ പുസ്തകമാണിത്. പിന്നീട് ‘നമ്പ്യാർ കഥകൾ’ എന്ന പുസ്തകം കൂടി പുറത്തിറങ്ങി. ഇത്രയും കാലം അദ്ദേഹം ഈ വായനാനുഭവങ്ങളൊക്കെ തങ്ങൾക്കു നിഷേധിച്ച് എവിടെ മറഞ്ഞിരിക്കുകയായിരുന്നു എന്ന സംശയം മാത്രമാണു വായനക്കാർക്കുള്ളത്. എഴുത്തുകാരന് അതിനൊരു ഉത്തരമുണ്ട്: ‘‘ഒരുപാടു വായിക്കുമായിരുന്നു. എന്റെ എഴുത്തുകളൊന്നും ആ നിലവാരത്തിലേക്ക് എത്തുകയില്ല എന്ന സംശയമാണ് എഴുത്തിലേക്കു വരാൻ വൈകിയതിലുള്ള കാരണം’’. പാമ്പ് വേലായ്തനും എഴുത്തുകാരന്റെ ഇതേ സ്വഭാവമാണ്. ഉള്ളത് ഉള്ളതുപോലെയങ്ങ് പറയും. അതിപ്പോൾ സെൽഫ് ഗോളാണെങ്കിൽ പോലും. അതു വായനക്കാരന്റെ മനസ്സിലങ്ങു കൊളുത്തിപ്പിടിക്കും. വേലായ്തൻ വായനക്കാരന്റെയുള്ളിൽ നിന്ന് ഇറങ്ങിപ്പോകാതെ സ്ഥിരതാമസമാകുന്നതിന്റെ കാരണവും ഈ ‘പച്ച’ സ്വഭാവം തന്നെ. ‘‘അതേയ്... മ്മടെ വെഷമം കാണുമ്പ ബാക്ക്യൊള്ളോര്ക്ക് ഉള്ളില് സന്തോഷാ തോന്നാ... മ്മള് ചിറിക്കണ കണ്ടാല് അവ്ക്ക് വെഷമോം... അപ്പൊ മ്മള് ചിറിക്കല്ലേ വേണ്ടത്..’’. ആരെയും കൂസാത്ത വേലായ്തന് എന്തിനെപ്പറ്റിയും സ്വന്തമായ ആശയങ്ങളും നിലപാടുകളുമുണ്ട്. അതു പലപ്പോഴും ശാശ്വതസത്യങ്ങളായിരിക്കുകയും ചെയ്യും.

 മൊബൈലെഴുത്ത്

നാലു കൊല്ലം മുൻപു ഫെയ്സ്ബുക്കിൽ ഓർമക്കുറിപ്പുകൾ എഴുതിക്കൊണ്ടാണ് തോമസ് കെയൽ പെട്ടെന്ന് എഴുത്തു വഴിയിലേക്ക് ഓടിക്കയറുന്നത്. 2006–07ൽ സൗദിയിൽ ജോലി ചെയ്യുമ്പോൾ അവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പ്രഭാതം’ എന്ന ത്രൈമാസികയിൽ കുറച്ചു നാൾ പുസ്തക റിവ്യു നടത്തിയിരുന്നു. സൗദിയിൽനിന്നു പോന്നതിനു ശേഷം അതു നിലച്ചു. ‘‘പൂർണമായും മൊബൈലിൽ എഴുതിയ നോവലാണ് പാമ്പ് വേലായ്തൻ. താമസസ്ഥലത്തുനിന്നു ജോലി സ്ഥലത്തേക്കും തിരിച്ചും ദിവസവും രണ്ടര മണിക്കൂർ യാത്രയുണ്ട്. ഈ സമയമാണ് എഴുത്തിനായി ഉപയോഗിക്കുന്നത്. ഇരു കൈകളിലെയും രണ്ടു വിരലുകളുപയോഗിച്ച് മൊബൈലിൽ വരമൊഴി ഉപയോഗിച്ചു നല്ല സ്പീഡിൽ എഴുതാനാകും. അതുകൊണ്ട് മൊബൈലിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്. എഴുതിയത് എ‍ഡിറ്റ് ചെയ്യാനും കൂട്ടിച്ചേർക്കലുകൾ വരുത്താനുമൊക്കെ മൊബൈലാകുമ്പോൾ സൗകര്യമാണല്ലോ’’. എഴുതിക്കഴിഞ്ഞ് ഒരു വട്ടം വായിച്ച് സ്വയം വിമർശനം പതിവ്. എഴുതിയത് ആരെയും കാണിക്കാറില്ല, ചർച്ചയും ചെയ്യാറില്ല. തെറ്റു ചെയ്തതിനുള്ള കൂലി കൊടുക്കാൻ പോകുമ്പോൾ വേലായ്തനും ഭാര്യ കോതയ്ക്കു പോലും ഒരു സൂചനയും നൽകാറില്ല. അതിപ്പോ തമ്പ്രാട്ടിയായാലും കോതയുടെ മുറച്ചെറുക്കൻ കുഞ്ഞീലാണ്ടനായാലും. ‘‘വേലായ്തൻ റാക്ക് ഒന്നൂടി മോന്തി മുണ്ടുങ്കുത്തീന്ന് കത്തി പത്ക്കെ എട്ത്ത്, മേശേടെ പൊറത്ത് വച്ച കുഞ്ഞീലാണ്ടന്റെ വലത്തേ കയ്മ്മല് ഒറ്റക്കുത്ത്. കൈയ്യും പലകേം തൊളച്ച് കത്തീടെ മാങ്കൊമ്പ് പിടി മാത്രം പൊറത്ത് നിന്ന് വെറച്ചു. വല്യ വായേലൊരു നെലോളി കോന്ത്യലം പാടത്ത് കറങ്ങി തിരിച്ചെത്തീപ്പോ മേശമ്മെ ചോര നിറഞ്ഞു. കൈയനക്കാൻ പറ്റാണ്ട് അവ്ടെര്ന്ന് പൊളയണ കുഞ്ഞീലാണ്ടനെ മാനേയര് ഒന്ന് നോക്കി പിന്നേം പറ്റ് വരവ് പൊത്തകത്തില് വരുംവരായ്ക തെരഞ്ഞു’’.

literature-channel-column-puthuvakku

നാട്ടുവഴി

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി കാളാംപറമ്പൻ പരേതരായ ലോനപ്പൻ – റോസി ദമ്പതികളുടെ ഏഴു മക്കളിൽ ഒന്നാമനാണു തോമസ്. ഭാര്യ സജി മാഞ്ഞൂരാൻ അട്ടപ്പാടി അഗളി ഗവ. സ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ചു. മകൻ മനു തോമസ് ഖത്തർ ജനറൽ ഇലക്ട്രിക്കലിൽ ഏവിയേഷൻ പ്ലാനിങ് എൻജിനീയർ. മകൾ‌ സസ്‌ന സജി തോമസ് ഡോക്ടർ ഓഫ് ഫാർമസി അവസാന വർഷ വിദ്യാർഥിനി. തോമസ് ഖത്തറിൽ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ടർബൈൻ റോട്ടർ വിഭാഗം സെൽ ലീഡറായി വിരമിച്ചു. ‘‘അറുപതുകളുടെ അവസാനമാണ് ഞങ്ങൾ വരന്തരപ്പിള്ളി പൊട്ടമ്പാടത്തേക്കു വീടുവച്ചു താമസം മാറ്റുന്നത്. ഞാൻ അഞ്ചിലേക്കു ജയിച്ച സമയം. വീടിനു ചുറ്റും നെൽപാടങ്ങളാണ് അന്ന്. പാടത്തിനു നടുക്ക് വലിയൊരു തുരുത്തും. ജന്മിയുടേതാണു പാടം. പാടത്തു പണിയെടുക്കുന്ന കുടിയാൻമാരായിരുന്നു ഞങ്ങളുടെ അയൽവാസികൾ. തുരുത്തിലും താമസിക്കുന്നത് അവരായിരുന്നു. അന്നു ഞാൻ അവർക്കൊപ്പം നിലം ഉഴുകാനും ഞാറു നടാനും കൊയ്യാനുമെല്ലാം കൂടും. വലിയ കൂട്ടായിരുന്നു’’. അന്നു കുട്ടിയായിരുന്ന തോമസിന്റെ മനസ്സിൽ പറ്റിപ്പിടിച്ച ചില വിത്തുകൾ അവിടെ ഉറങ്ങിക്കിടന്നെന്നു വേണം കരുതാൻ. പിന്നീടെപ്പോഴോ ഒരു തുള്ളി ഓർമ വീണവ നനഞ്ഞപ്പോൾ ഉണർന്നെഴുന്നേറ്റ് നോവലായി പൊട്ടി വിടർന്നതാകണം.

ഖസാക്കിലെ ഒപ്പ്

ഇസ്കന്ദർ പാലയുടെ ടുലിപ് ഓഫ് ഇസ്തംബുൾ നോവലിന്റെ പരിഭാഷയായ ഇസ്തംബുളിലെ പ്രണയപുഷ്പമേ ആണ് തോമസിന് സമീപകാലത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കൃതി. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനായ ഒ.വി. വിജയനെ നേരിട്ടു കണ്ട് ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ കോപ്പിയിൽ കയ്യൊപ്പു വാങ്ങിയതാണു ജീവിതത്തിലെ ഏറ്റവും ആഹ്ളാദം പകർന്ന കാര്യങ്ങളിൽ ഒന്ന്. പ്രണയം ആണ് എഴുത്തുകാരന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്. വേലായ്തനും കോതയും ഒരിക്കലും പ്രണയം എന്നോ ഇഷ്ടം എന്നോ പരസ്പരം പറയുന്നില്ല. പക്ഷേ, അതിതീവ്ര പ്രണയത്തിന്റെ ഇഴടയുപ്പം ഇരുവരുടെയും ഓരോ നോട്ടത്തിലും വാക്കിലും സദാ തെളിഞ്ഞുനിൽക്കുന്നുണ്ട്. കോതയെപ്പറ്റി ചിന്തിക്കാത്ത വേലായ്തനെയും വേലായ്തേട്ടനെപ്പറ്റി ചിന്തിക്കാത്ത കോതയെയും നോവലിലൊരിടത്തും കാണാനാകാത്തതും നോവലിസ്റ്റിന്റെ കടുത്ത പ്രണയാഭിമുഖ്യം മൂലമാകാം.  ‘പാമ്പ് വേലായ്തൻ’ മലയാളത്തിൽ ഒരു അടയാളപ്പെടുത്തലാണെന്ന ഒരു വായനക്കാരന്റെ അഭിപ്രായം തോമസ് നെഞ്ചോടു ചേർക്കുന്നു. 

puthuvakku-thomas-kayel
തോമസ് കെയല്‍

പ്രവാസാനുഭവങ്ങൾ ഓർമക്കുറിപ്പായി എഴുതുകയാണ് ഇനി ലക്ഷ്യം. പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതകാലത്തു കേരളത്തിലേക്കു നോക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് എഴുത്തുകാരന്റെ മനസ്സിൽ തെളിയുന്നത്. ഇവിടുത്തെ രാഷ്ട്രീയ പ്രബുദ്ധതയും ധാരാളമായി പുറത്തിറങ്ങുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും. ഒപ്പം പുതിയ എഴുത്തുകാർക്കു ലഭിക്കുന്ന അവസരങ്ങളും. കേരളത്തിലെ കമ്യൂണിസത്തിന്റെ വളർച്ചയും വിമോചനസമരവും ജന്മി കുടിയാൻ സംഘർഷങ്ങളും തൊഴിലാളികളുടെ പ്രശ്നങ്ങളുമെല്ലാം നിറഞ്ഞ അൻപതുകൾ മുതലുള്ള തൃശൂരിലെ സാമൂഹികസാഹചര്യം അതിസൂക്ഷ്മമായി തോമസ് കെയൽ വരച്ചിടുന്നത് ഈ മണ്ണിൽനിന്നു വലിച്ചെടുത്ത രാഷ്ട്രീയ പ്രബുദ്ധത മൂലം തന്നെയായിരിക്കണം. ‘‘ന്നാ പിന്നെ നിങ്ങളങ്കട് കൊയ്യ്... ഇതു കേട്ടട്ട് നന്തിക്കരക്കാര് ചിറികോട്ടിച്ചിര്ച്ച് കൊയ്യാങ്കുനിഞ്ഞ നേരത്ത് വേലായ്തൻ വരമ്പത്ത് കേറി കോത കൊണ്ടന്ന മണ്ണണ്ണ കുപ്പി എട്ത്ത് കുലിക്കിക്കാട്ടി ദേ ങ്കട് നോക്ക്യേ, നിങ്ങ കൊയ്ത് കറ്റ കെട്ടി മെതിച്ച് നെല്ല് കൊണ്ട്വാന്ന് സൊപ്പനം കാണണ്ട... ഈ മണ്ണണ്ണ മുഴോൻ ഞാള് നെല്ലീത്തെളിക്കും...വരമ്പത്ത് നിക്കണോരെ കണ്ടാ...ഞാമ്പറഞ്ഞാ അവരൊക്കെ ഈ നെല്ലൊക്കെ മണ്ണണ്ണേല് കുളിപ്പിക്കും... മണ്ണണ്ണ ശൂരൊള്ള നെല്ല് പതളന്ന് നിങ്ങക്ക് കൊണ്ടുവാം...ഇനി പറ നിങ്ങ കൊയ്യണണ്ടാ അതാ നിങ്ങള്, പോണണ്ടാ’’. അടിച്ചമർത്തപ്പെട്ടവരുടെ നേതാവായി സ്വാഭാവികമായി വേലായ്തൻ ഉയരുന്ന കാഴ്ചയാണിത്.

പിറവി ഫെയ്സ്ബുക്കിൽ

2018 ഫെബ്രുവരി 20ന് ഫെയ്സ്ബുക്കിലാണു വേലായ്തന്റെ പിറവി. ‘‘പൊട്ടമ്പാടത്തിന്റെ നടുക്കുള്ള തുരുത്തില് കൊപ്പരമ്പത്ത്കാരുടെ വീടെത്തണേലും മുൻപ്, കാടക്കണ്ണൻ കല്ല് നെറഞ്ഞ വെളിമ്പറമ്പിന്റെ ഒത്ത നടുക്കാണ് വേലായ്തന്റെ ചെറ്റക്കുടിൽ’’. അന്നവിടെ അവസാനിക്കേണ്ടിയിരുന്ന പാമ്പ് പക്ഷേ, വായനക്കാരുടെ നിരന്തര പ്രോൽസാഹനത്താൽ തോമസ് കെയലിനെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് സ്വന്തം ജീവിതകഥയും ഒപ്പം പൊട്ടമ്പാടത്തിന്റെ ചരിത്രവും പുറത്തെത്തിക്കുകയായിരുന്നു. ആഴ്ചതോറും ഓരോ അധ്യായങ്ങൾ എന്നതായിരുന്നു കണക്ക്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയാൽ അടുത്ത അധ്യായം എന്തെഴുതും എന്ന ചിന്ത തോമസിനെ അലട്ടും. ആ അലട്ടലിനൊടുവിൽ പാമ്പ് കേറിയൊരു കൊത്തു കൊത്തും. പിന്നെയൊരു ഒഴുക്കാണ്. പത്താം അധ്യായം മുതൽ പാമ്പ് വേലായ്തന്റെ സ്വന്തം പേജിലായി എഴുത്ത്. 22 അധ്യായങ്ങൾ അങ്ങനെ എഴുതി. 2018 ഒക്ടോബർ 7ന് വേലായ്തൻ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ‘‘കത്തിവായ പോലിണ്ടാർന്ന വരമ്പ് കാറ് പൂവാൻ വീത്യൊള്ള ചെമ്മണ്ണ് വഴ്യായി. കൊേറ വയസ്സായി വേലായ്തന്’’. പുസ്തകം പെയ്തുതീർന്നിട്ടും വേലായ്തൻ മനസ്സിൽ നിന്നൊഴിയുന്നില്ല...

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Thomas Kayel

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com