ADVERTISEMENT

നേവൽ ആർക്കിടെക്റ്റ്, ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ, തീയേറ്റർ ഉടമ, ചലച്ചിത്രോത്സവങ്ങളുടെ സംഘാടകൻ എന്നിങ്ങനെ പല മുഖങ്ങളുള്ള വ്യക്തിത്വമാണ് ശ്രീ. സോഹൻറോയ് എന്ന പേരിൽ തെളിയുന്നത്. എന്നാൽ ഇദ്ദേഹം ഒരു കവിയും ഗാനരചയിതാവുമാണ് എന്ന വസ്‌തുത എല്ലാവർക്കും അറിയാമോ എന്ന് സംശയമാണ്. സോഹൻ സ്വന്തം സിനിമയ്ക്ക് വേണ്ടി ഗാനമെഴുതിയിട്ടുണ്ട്. സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 

സോഹൻറോയ് എഴുതിയ നുറുങ്ങുകവിതകളുടെ സമാഹാരമാണ് ഈ പുസ്‌തകം. കൂടുതലും നാലു വരികളിൽ ഒതുങ്ങുന്നവ. 'ഇത് കവിതയോ?' എന്ന് ചോദിക്കുന്ന യാഥാസ്ഥിതികർ ഉണ്ടാകാം. അവർക്കുള്ള മറുപടി ഇതാണ്..അന്തർദേശീയ തലത്തിൽ തന്നെ കവിതയുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. കവി ഇപ്പോൾ സർവ്വസ്വതന്ത്രനാണ്. 

മൂന്നു വരികൾ വീതമുള്ള ജപ്പാനിലെ 'ഹൈക്കു' കവിതകൾ പ്രശസ്തങ്ങളാണ്. അതേ പേരിൽ മലയാളത്തിലും ചിലർ മൂന്നുവരിക്കവിതകൾ എഴുതാറുണ്ട്. എന്നാൽ രണ്ടായിരം വർഷം മുമ്പ് തമിഴ്‌നാട്ടിൽ ജീവിച്ചിരുന്ന മഹാകവി തിരുവള്ളുവർ  രണ്ടുവരിക്കവിതകളായാണ് തന്റെ 'തിരുക്കുറൾ ' രചിച്ചത്. ഉത്തരേന്ത്യയിൽ ജീവിച്ചിരുന്ന സൂർദാസ്, കബീർദാസ് വൃന്ദൻ, റഹിം തുടങ്ങിയ കവികളും രണ്ടു വരിയിൽ ഒതുങ്ങുന്ന കവിതകളാണ് അധികവും എഴുതിയത്. ഈ  രീതി 'ദോഹേ' എന്ന പേരിൽ അറിയപ്പെട്ടു. കേൾക്കുന്നവർക്ക് പെട്ടെന്ന് കാണാതെ പഠിക്കാനും ഏറ്റു ചൊല്ലാനും കഴിയും എന്നതാണ് ഈ  രചനാരീതിയുടെ ഗുണം.

sohan-roy
സോഹൻ റോയ്

സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും പ്രകടമാകുന്ന കാഴ്ചകളെയും അനുഭവങ്ങളെയും പരിഹാസത്തിന്റെ മേമ്പൊടി ചേർത്തു വിമർശിക്കുന്ന വരികളാണ് ഈ സമാഹാരത്തിൽ ഉള്ളത്.ആക്ഷേപഹാസ്യം എന്ന് തീർത്തു പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 'സറ്റയർ' വിഭാഗത്തിൽ തന്നെയാണ് ഇവയെ ചേർക്കേണ്ടത്. തേൻ പുരട്ടിയ മുള്ളുകൾ എന്ന്  വേണമെങ്കിൽ പറയാം.

കത്തിപ്പടരുന്ന ദേശീയജ്വാല 

പെട്രോളിൽ കത്തിയമരാതിരിക്കട്ടെ 

എന്നും

ആധാരമില്ലാത്തവനെ 

ആധാറെടുപ്പിക്കാൻ 

ആധി കൂട്ടുന്നതിൻ 

ആധാരമെന്തെടോ....?

എന്നും വായിക്കുമ്പോൾ ആനുകാലിക രാഷ്ട്രീയത്തിന്റെ ചിത്രം തെളിയുന്നു. ഹർത്താലിനു സോഹൻറോയ് കൊടുക്കുന്ന നിർവ്വചനം കേൾക്കുക.

പണിയെടുക്കാത്തവർ 

പണിയെടുക്കുന്നവർക്ക് 

പണിയെടുക്കാതിരിക്കാൻ 

കൊടുക്കുന്ന പണിയാണ് 

ഹർത്താൽ 

'ബാലരക്ഷ' എന്ന കവിത ഇങ്ങനെ,

കൊടിയൊന്നു കാണാതായാൽ 

കൊലവിളി കേൾക്കും നാട്ടിൽ 

കൊടി കുത്തി ഇരക്കുന്നു...

കൂടുതൽ വരികൾ ഉദ്ധരിച്ച് കവിക്കും വായനക്കാർക്കുമിടയിൽ വിലങ്ങുതടിയാകാൻ ഞാൻ ശ്രമിക്കുന്നില്ല.

സോഹൻറോയിക്കും അദ്ദേഹത്തിന്റെ ഈ കൃതിയ്ക്കും എന്റെ വിജയാശംസകൾ

English Summary : Veteran lyricist Sreekumaran Thampi on Sohan Roy's book Anumahakavyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com