കണ്ണുനീരിന്റെ തിളക്കമുള്ള ചിരി, കഷ്ടപാടുകളുടെ ജീവിതം; ഷഗ്ഗി ബെയ്ന് ബുക്കര്‍ പുരസ്കാരം

HIGHLIGHTS
  • ബുക്കര്‍ പുരസ്കാരം നേടി ഷഗ്ഗി ബെയ്ന്‍
  • ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ആദ്യ നോവലാണ് ഷഗ്ഗി ബെയ്ന്‍
Shuggie-Bain-Douglas-Stuart
Photo credit : thebookerprizes.com
SHARE

ഈ പുസ്തകം നിങ്ങളെ കരയിപ്പിക്കുന്നെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്നാല്‍ ഇതില്‍ തമാശകളുണ്ട്. വൈകാരിക അടുപ്പമുണ്ട്. അഗാധമായ സ്നേഹവും. ഒറ്റപ്പെടുന്ന മനുഷ്യര്‍ കൊതിക്കുന്ന സ്നേഹത്തെക്കുറിച്ചും സാന്ത്വനത്തെക്കുറിച്ചുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. 

വിഷാദഭരിതമായ പുസ്തകത്തിന്റെ പേരില്‍ മാപ്പു പറയുന്നത് ഡഗ്ലസ് സ്റ്റുവര്‍ട്ട്. ഷഗ്ഗി ബെയ്ന്‍ എന്ന ആദ്യ നോവലിലൂടെ ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം നേടിയ എഴുത്തുകാരന്‍. 

ഇന്ത്യന്‍ വേരുകളുള്ള അവ്നി ദോഷി ഉള്‍പ്പെടെയുള്ള എഴുത്തുകാരെ പിന്നിലാക്കിയാണു ഡഗ്ലസ് ഇത്തവണ ബുക്കര്‍ ജേതാവായത്. മികച്ച ജീവിതത്തിന് കരിയര്‍ പടുത്തുയര്‍ത്താന്‍ സ്കോട്‍ലന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തി അമേരിക്കക്കാരിയെ വിവാഹം കഴിച്ചു ജീവിക്കുന്ന ചെറുപ്പക്കാരന്‍. ഫാഷന്‍ ഡിസൈനിങ്ങില്‍ ജോലിക്കുവേണ്ടിയാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ലോകമാകെ അറിയപ്പെട്ടിരിക്കുന്നത് ആദ്യത്തെ നോവലിന്റെ പേരിലും. 

ഗ്ലാസ്ഗോ നഗരം ആണു നോവലിന്റെ പശ്ചാത്തലം. കാലം 1980. മദ്യപാന ആസക്തിയുള്ള, ദാരിദ്ര്യത്തിന്റെ കഷ്ടതകളിലൂടെ കടന്നുപോകുന്ന അമ്മയെ സഹായിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയാണു നോവലിലെ നായകന്‍. ആത്മകഥാപരമെന്നു വിശേഷിപ്പിക്കാവുന്ന 44 വയസ്സുകാരനായ ഡഗ്ലസിന്റെ ആദ്യ നോവലിനെക്കുറിച്ച് ബുക്കര്‍ വിധികര്‍ത്താക്കള്‍ക്ക് നൂറു നാവ്. ഒറ്റ മണിക്കൂറില്‍ ഏകകണ്ഠമായാണ് വിധി പറഞ്ഞതെന്ന് അറിയിച്ച പുരസ്കാര സമിതി ലോകസാഹിത്യത്തിലെ എണ്ണപ്പെട്ട പുസ്കമായാണ് ഷഗ്ഗി ബെയ്നെ വിശേഷിപ്പിക്കുന്നത്. 

Shuggie-Bain

പുസ്തകം ഡഗ്ലസ് സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്. അദ്ദേഹത്തിന്റെ 16-ാം വയസ്സിലാണ് അമിത മദ്യപാനം മൂലം അമ്മ മരിക്കുന്നത്. 

ആഗ്നസ് ബെയ്ന്‍ ആണു നോവലിലെ പ്രധാന കഥാപാത്രം. വിവാഹം തകര്‍ന്നതോടെ മദ്യപാനം പതിവാക്കിയ അവര്‍ കടുത്ത നിരാശയുടെ പിടിയിലാണ്. അമ്മയുടെ കൂടെ ജീവിച്ചാല്‍ തകര്‍ന്നുപോകുമെന്നു മനസ്സിലാക്കിയ മക്കള്‍ ഓരോരുത്തരായി ആഗ്നസ് ബെയ്നിനെ ഉപേക്ഷിച്ചുപോകുന്നു. എന്നാല്‍ ഷഗ്ഗി ബെയ്ന്‍ അമ്മയുടെ സഹചാരിയായി കൂടെ നില്‍ക്കുന്നു. ഷഗ്ഗിക്കുമുണ്ട് ഒട്ടേറെ പ്രശ്നങ്ങള്‍. അവ അതിജീവിക്കുന്നതിനൊപ്പം അമ്മയെ സഹായിക്കുന്നത് കടമയായി ഏറ്റെടുക്കുന്ന കുട്ടിയുടെ ജീവിതം അഗാധമായ സഹാനുഭൂതിയോടെയാണ് ഡഗ്ലസ് വരച്ചിടുന്നത്. ദുരന്തത്തിന്റെ ഛായ നിറഞ്ഞുനില്‍ക്കുമ്പോഴും ജീവിതത്തിന്റെ ആഘോഷത്തെ വിസ്മരിക്കുന്നില്ല ഡഗ്ലസ്. എന്നാല്‍ അതു നിറകണ്‍ചിരിയാണ്. കണ്ണുനീരിന്റെ തിളക്കമുള്ള ചിരി. ആ അപൂര്‍വത തന്നെയാണ് ബുക്കര്‍ പുരസ്കാര സമിതിയെയും അതിശയിപ്പിച്ചത്. 

എല്ലാ പ്രശ്നങ്ങളും അവസാനിച്ച് കഥാപാത്രങ്ങള്‍ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങുന്നതോടെ ശുഭം എന്ന വാക്കില്‍ അവസാനിക്കുന്നതല്ല ഡഗ്ലസ് പറയുന്ന കഥ. സന്തോഷത്തോടെ കളിച്ചുചിരിച്ചു വായിച്ചുതീര്‍ക്കാനുമാവില്ല ഷഗ്ഗി ബെയ്ന്‍. ഓരോ നിമിഷവും ദിവസവും ജീവിതത്തോടു പടവെട്ടുന്നവരാണ് ആഗ്നസും ഷഗ്ഗിയും. അവര്‍ക്കു ജീവിതം തിരിച്ചുപിടിക്കേണ്ടതുണ്ട്. എന്നാല്‍ മുന്നിലുള്ളതു കടുത്ത വെല്ലുവിളികള്‍. നിരാശ പിടിപെട്ട മനസ്സു തന്നെ ആദ്യത്തെ ശത്രു. എന്തിനു ജീവിക്കണം എന്ന് നിരന്തരമായി ചോദിക്കുന്ന അവര്‍ നിലനില്‍പിന്റെ അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. 

ബുക്കര്‍ നേടുന്ന രണ്ടാമത്തെ സ്കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് അമേരിക്കയില്‍ ജീവിക്കുമ്പോഴും മനസ്സുകൊണ്ട് സ്കോട്‍ലന്‍ഡില്‍ തന്നെയാണ്. ഇന്നല്ലെങ്കില്‍ നാളെ സ്വന്തം നഗരമായ ഗ്ലാസ്ഗോയിലേക്കു തന്നെ തിരിച്ചുപോകാന്‍ വെമ്പുന്ന മനസ്സ്. ഒരു പക്ഷേ ലോകപ്രശസ്തമായ പുരസ്കാരം സ്വന്തം കാലില്‍ നില്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചേക്കാം. എഴുത്തില്‍ പൂര്‍ണമായി ശ്രദ്ധിക്കാനും. 

ഡഗ്ലസ് ബുക്കര്‍ നേടിയതോടെ ഇന്ത്യന്‍ വംശജയായ അവ്നി ദോഷിക്ക് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു എന്ന അംഗീകാരംകൊണ്ട് സംതൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു. 

English Summary: ‘Shuggie Bain,’ Douglas Stuart's First Novel, Wins 2020 Booker Prize. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;