ADVERTISEMENT

ആദ്യ ദിനത്തില്‍തന്നെ റെക്കോര്‍ഡ് വില്‍പനയുമായി ചരിത്രം കുറിച്ചു മുന്നേറുകയാണ് വാഗ്ദത്ത ഭൂമി. മാസങ്ങളായി ലോകം കാത്തിരുന്ന ബറാക് ഒബാമയുടെ ഓര്‍മകളുടെ പുസ്തകം. വായിച്ചവര്‍ക്കെല്ലാം മികച്ച അഭിപ്രായം. അമേരിക്കന്‍ ജനതയെ കോരിത്തരിപ്പിച്ച അദ്ദേഹത്തിന്റെ വാഗ്ധോരണിപോലെ തന്നെ മനസ്സ് കീഴടക്കുന്നതാണ് പ്രോമിസ്ഡ് ലാന്‍ഡ് എന്നാണ് പൊതു അഭിപ്രായം. 

 

ഇതുവരെ മറ്റൊരു പുസ്തകവും നേടിയിട്ടില്ലാത്ത റെക്കോര്‍ഡ് വില്‍പനയാണ് ഒബാമയുടെ പുസ്തകത്തിനു ലഭിച്ചത്. അമേരിക്കയിലും കാനഡയിലും മാത്രം ആദ്യദിവസം വിറ്റഴിഞ്ഞത് 8,87,000 കോപ്പികള്‍. ലോകം വാതിലടച്ചു വീട്ടിലിരിക്കുന്ന കോവിഡ് കാലത്താണ് ഈ റെക്കോര്‍ഡ് എന്നതും നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. 

 

30-ാം വയസ്സിലാണ് ഒബാമ ആദ്യ പുസ്തകം എഴുതിയത്. ഇപ്പോള്‍ മൂന്നു പതിറ്റാണ്ടിനുശേഷം 60-ാം വയസ്സില്‍ എഴുതിയ പുസ്തകത്തിലൂടെ തന്റെ പ്രതിഭ ഒട്ടും മങ്ങിയിട്ടില്ലെന്നാണ് ഒബാമ തെളിയിക്കുന്നത്. 

 

2008 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചപ്പോള്‍ ഭാര്യ മിഷേല്‍ എതിര്‍ത്തത് അദ്ദേഹം വ്യക്തമായിത്തന്നെ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ മിഷേല്‍ പലവട്ടം കടന്നുവരുന്നു. മിഷേലിനുമുണ്ട് 700- ല്‍ അധികം പേജുകളുള്ള പുസ്തകത്തില്‍ പ്രമുഖ സ്ഥാനം. ഹിലറി ക്ലിന്റണ്‍ ഉള്‍പ്പെടെ പ്രമുഖരായ ഡെമോക്രാറ്റുകള്‍ രംഗത്തുള്ളപ്പോള്‍ എന്തിനാണ് മത്സരിക്കുന്നത് എന്നായിരുന്നു അന്നു മിഷേലിന്റെ ചോദ്യം. ഒരു നിമിഷം പോലും ആലോചിക്കാതെ ഒബാമ പറഞ്ഞ മറുപടി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത എടുത്തുകാണിക്കുന്നു. 

 

വലതു കൈ ഉയര്‍ത്തി ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം മുതല്‍ ലോകം അമേരിക്കയെ നോക്കുന്നതു വ്യത്യസ്തമായിട്ടായിരിക്കും. ഈ രാജ്യത്തിലെ കറുത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനുശേഷം സ്വയം മനസ്സിലാക്കുന്നതും വ്യത്യസ്തമായിട്ടായിരിക്കും. അതേ, അതു മാത്രം മതി എന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍- ഒബാമ പറഞ്ഞു. 

പ്രിയപ്പെട്ടവനേ, എത്ര ഗംഭീരമായ മറുപടി എന്നായിരുന്നു മിഷേലിന്റെ പ്രതികരണം. 

 

പുസ്തകത്തിലെ പല ഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളായി നിറയുന്നുണ്ടെങ്കിലും അവസാന അധ്യായം തന്നെയാണ് ഗംഭീരം എന്നാണ് നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കീഴടക്കിയ സംഭവം കുറ്റാന്വേഷണ കഥയുടെ തീവ്രതയോടെയാണ് ഒബാമ വിവരിക്കുന്നത്. അന്നു തന്റെ സെക്രട്ടറിമാര്‍ക്കൊപ്പം ഓരോ പുതിയ വിവരത്തിനും വേണ്ടി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആ നിമിഷങ്ങളിലെ ആകാംക്ഷയെ പൂര്‍ണമായും ആവിഷ്കരിക്കുന്നുണ്ട് ഒബാമയുടെ വിവരണം. 

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ജോ ബൈഡനെക്കുറിച്ചും ഇപ്പോഴും തോല്‍വി പൂര്‍ണമായി അംഗീകരിക്കാത്ത ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്. 

 

ബികമിങ് എന്ന ആത്മകഥയിലൂടെയാണു  മിഷേല്‍ ലോകം കീഴടക്കിയതെങ്കില്‍ ഒരിക്കല്‍ പ്രസിഡന്റായി ചരിത്രം കുറിച്ച ഒബാമ ഇപ്പോഴിതാ ഓര്‍മക്കുറിപ്പുകളിലൂടെയും ലോകത്തിന്റെ പ്രിയം നേടിയിരിക്കുന്നു. വിജയിച്ച ജോ ബൈഡനേക്കാളും തോറ്റ ഡോണള്‍ഡ് ട്രംപിനെക്കാളും ശ്രദ്ധ നേടി മുന്നേറുകയാണ് ഒബാമ. മുന്‍വിധികളെയും പ്രവചനങ്ങളെയും കാറ്റില്‍പറത്തി. 

 

English Summary: A Promised Land Book by Barack Obama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com