ADVERTISEMENT

അമേരിക്കയുടെ നിയുക്ത പ്രഥമ കുടുംബത്തിനൊപ്പം വൈറ്റ് ഹൗസിന്റെ പടി കയറാൻ പുതിയ രണ്ട് അതിഥികൾ കൂടി. ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും പ്രിയ വളർത്തുനായകൾ ചാംപും മേജറും. സ്നേഹഭാജനങ്ങളായ രക്ഷിതാക്കൾക്കൊപ്പം ഔദ്യോഗിക വസതിയിലേക്കു താമസം മാറുമ്പോൾ ഇരുവരെയും കാത്തു പണിപ്പുരയിൽ ഒരു പുസ്തകമൊരുങ്ങുന്നു ; ‘ചാംപ് ആൻഡ് മേജർ: ഫസ്റ്റ് ഡോഗ്സ്’. ചാംപിന്റെയും മേജറിന്റെയും കഥകൾക്കൊപ്പം ഒട്ടേറെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയ പുസ്തകം വരുന്ന ജനുവരി 19ന് പുറത്തിറങ്ങും. നാഷണൽ ബുക്ക് അവാർഡ്സിന്റെ ലോങ്ങ് ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോയ് 

മക്ലൗവിന്റേതാണ് രചന. ചിത്രങ്ങളുടെ മേൽനോട്ടം പ്രശസ്ത കലാകാരി ഷെയ്‌ദ അബ്‌വബിന്. 

 

ഒരു വ്യാഴവട്ടം മുമ്പു ബൈഡന്റെ കയ്യിലെത്തിയതാണു ചാംപ്. ഒന്നര വർഷം മുമ്പ് മേജറും. 2008 ലെ തെരഞ്ഞെടുപ്പിൽ ബൈഡൻ അമേരിക്കയുടെ വൈസ് പ്രസിഡന്റായപ്പോൾ ഭാര്യ ജിൽ സമ്മാനിച്ചതാണു  ചാംപിനെ. ജീവിതത്തിന്റെ  പ്രതിസന്ധികളിൽ തളർന്നപ്പോള്‍ ‘എഴുന്നേൽക്കൂ ചാമ്പ്യൻ’ എന്ന് വിളിച്ച് ആശ്വസിപ്പിക്കുമായിരുന്ന പിതാവിന്റെ ഓർമ്മയിൽ നൽകിയ പേര്. ചാംപിന് ഒരു കളിക്കൂട്ടുകാരൻ വേണമെന്ന മോഹത്തിലാണു 2018 നവംബറിൽ മേജറിനെ കൂടെക്കൂട്ടിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതിനും മാസങ്ങൾ മുമ്പ്. പത്തുമാസം മാത്രം പ്രായമുണ്ടായിരുന്ന നായ്ക്കുട്ടിയെ മകൾ ആഷ്‌ലിയുടെ നിർദ്ദേശപ്രകാരം ഒരു സന്നദ്ധ സംഘടനയിൽ നിന്നു ബൈഡൻ ദത്തെടുക്കുകയായിരുന്നു. 

 

സമൂഹമാധ്യമങ്ങളിൽ മിന്നും താരങ്ങളാണ് ചാംപും മേജറും. ഇരുവരും ജർമൻ ഷെപ്പേർഡ് ജനുസ്സിൽ പെട്ടവ. ചാംപിനു പന്ത്രണ്ടും മേജറിന് രണ്ടും വയസ്സ് പ്രായം. സ്വന്തമായി ട്വിറ്റർ അക്കൗണ്ടും 9000 ത്തിലധികം ഫോളോവേഴ്സും ഉള്ള പ്രമുഖനാണ് ചാംപ്. മേജറും മോശമല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൈഡന്റെ പോസ്റ്റുകൾ പലതിലും വളർത്തച്ഛനു വേണ്ടി വോട്ടു ചോദിക്കുന്ന മേജറിനെ കാണാം. വൈറ്റ് ഹൗസിൽ താമസമാക്കുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ് എന്ന പട്ടവും മേജറിനു സ്വന്തം.

 

വസതിയിലേക്കു വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റല്ല ജോ ബൈഡൻ. ജോർജ് വാഷിംഗ്ടണിൽ തുടങ്ങുന്നു നീണ്ടനിര. നായയും പൂച്ചയും ആടും പശുവും കോഴിയും തത്തയും എലിയും ചീങ്കണ്ണിയും തുടങ്ങി വൈറ്റ് ഹൗസിൽ പ്രഥമ കുടുംബങ്ങളുടെ പരിലാളനകളനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഒട്ടേറെ മൃഗങ്ങൾക്ക്. ഒബാമ-മിഷേൽ ദമ്പതികളുടെ പൊന്നോമനകളായ ബോ യും സണ്ണിയുമാണ് ഒടുവിലത്തേത്.

 

വൈറ്റ് ഹൗസിലെ വളർത്തുമൃഗങ്ങളെ പറ്റിയുള്ള പുസ്തകങ്ങളും ഇതാദ്യമല്ല. ജോർജ് ബുഷിന്റെ ഭാര്യ ബാർബറ ബുഷ് എഴുതിയ ‘മില്ലീസ് ബുക്ക്‌’ ബുഷ് ദമ്പതികളുടെ വളർത്തുനായ മില്ലിയുടെ കഥയാണ്. സോക്സ്‌ എന്ന പൂച്ചയുടെയും ബഡ്ഡി എന്ന നായയുടെയും കഥയായ ‘ഡിയർ സോക്സ് ഡിയർ ബഡ്ഡി’ രചിച്ചത് ഹിലറി ക്ലിന്റൺ.

 

കഴിഞ്ഞ നൂറ്റാണ്ടിൽ വളർത്തുമൃഗങ്ങളില്ലാതെ വൈറ്റ് ഹൗസിലേക്കു നടന്നുകയറിയ ഒരേയൊരു പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. തനിക്ക് സമയമില്ല എന്നായിരുന്നു ലഭിച്ച ഉത്തരം. നായയുമായി താൻ വൈറ്റ് ഹൗസിന്റെ പുൽത്തകിടിയിലൂടെ നടന്നാൽ എങ്ങനെയിരിക്കും, അത്ര നല്ലതായി തോന്നുന്നില്ല എന്ന ട്രംപിന്റെ വാചകങ്ങൾക്ക് ബൈഡൻ മറുപടിയും നൽകിയിരുന്നു :

എങ്കിൽ വൈറ്റ് ഹൗസിലേക്ക് നായകളെ തിരികെ എത്തിച്ചിട്ടു തന്നെ കാര്യം.

 

വെല്ലുവിളി ഫലം കണ്ടതിലുള്ള സന്തോഷം ബൈഡനും കുടുംബത്തിനും മാത്രമല്ല, സന്തതസഹചാരികളായ നായ്ക്കുട്ടികൾക്കുമുണ്ട്. ജനാധിപത്യ ഭരണത്തിന്റെ പുതിയ തിരി തെളിക്കാൻ രാജ്യത്തിന്റെ പ്രഥമ പൗരനും വനിതയ്ക്കുമൊപ്പം കൂട്ടു പോകേണ്ടതുണ്ട് ചാംപിനും മേജറിനും. കാത്തിരിപ്പിലാണ് ഇരുവരും.

 

English Summary: Champ and Major: First Dogs, A picture book about Champ and Major, President-elect Joe Biden’s two dogs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com