ADVERTISEMENT

അര്‍ഹതയുണ്ടായിട്ടും നൊബേല്‍ സമ്മാനം ഇതുവരെ അനുഗ്രഹിച്ചിട്ടില്ലാത്ത എഴുത്തുകാരന്‍ ഹരുകി മുറകാമിക്ക് ആദരമര്‍പ്പിച്ച് ജപ്പാന്‍. മുറകമിയുടെ പൂര്‍വവിദ്യാലയം കൂടിയായ വസെദ സര്‍വകാശാലയില്‍ ഗംഭീരമായ വായനശാല സ്ഥാപിച്ചാണു രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരനായ മുറകമിയെ ആദരിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി കെങ്കോ കുമയാണ് വായനശാല ഡിസൈന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം തുറക്കാന്‍ വേണ്ടി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ പുസ്തകഷെല്‍ഫുകള്‍ നിറഞ്ഞ വായനശാലയ്ക്കൊപ്പം കോഫിഷോപ്പും ഉണ്ടായിരിക്കും. വായിക്കാനും വിശ്രമിക്കാനും ഉപകരിക്കുന്ന സ്ഥലം സാംസ്കാരിക കേന്ദ്രം കൂടിയാകണം എന്നാണ് മുറകമി ആഗ്രഹിക്കുന്നത്. ഇഷ്ടപ്പെട്ട ഏതു വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനും ഏത് ആശയത്തിന്റെ പേരില്‍ വാദിക്കാനും സാഹചര്യം ഒരുക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബുദ്ധിപരമായ ചര്‍ച്ചകളുടെയും സജീവമായ കേന്ദ്രം. മുറകമിയുടെ ആഗ്രഹത്തിനനുസരിച്ച് വായനശാലയെ അക്ഷരങ്ങള്‍ക്കൊപ്പം ആശയങ്ങളുടെയും കേന്ദ്രമാക്കാന്‍ സര്‍വകലാശയും സമ്മതം മുളിക്കഴിഞ്ഞു. 

 

വസെദ ഇന്റര്‍നാഷണല്‍ ഹൗസ് ഓഫ് ലിറ്ററേച്ചര്‍ അഥവാ മുറകമി വായനശാല എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിക്കാം. മുറകമിയെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനങ്ങളും ഉണ്ടായിരിക്കും. മുറകമിയെക്കുറിച്ചോ ജപ്പാന്‍ സാഹിത്യത്തെക്കുറിച്ചോ മനസ്സിലാക്കാനും ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഇടം. 

വാനയശാലയോടു ചേര്‍ന്നു തിയറ്റര്‍ മ്യൂസിയവുമുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഈ കെട്ടിടത്തിലായിരുന്നു അധിക സമയവും അദ്ദേഹം ചെലവഴിച്ചിരുന്നത്. 

 

പൊതുവെ വായനശാലകള്‍ നിശ്ശബ്ദതയുടെ കൂടാരങ്ങള്‍ കൂടിയാണ്. ശ്രദ്ധിയോടെ വായിക്കുന്നവര്‍ക്ക് അലോസരമുണ്ടാകാതിരിക്കാനാണു മൗനം പാലിക്കുക എന്ന നിയമം വായനക്കാര്‍ പാലിക്കുന്നത്. എന്നാല്‍ മുറകമി വായനശാലയില്‍ പാട്ടു കേള്‍ക്കാന്‍ പോലും സൗകര്യമുണ്ട്. ഒട്ടേറെ ജാസ് റെക്കോര്‍ഡുകള്‍ ശേഖരിക്കാന്‍ സംഗീതപ്രേമി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിരസമായ ഒരു കേന്ദ്രം എന്നതിനപ്പുറം കലകളുടെ സംഗമ ഭൂമിയാണ് മുറകമി ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ, തന്റെ കൃതികളിലൂടെ അദ്ദേഹം പ്രശസ്തകമാക്കിയ നിരുപാധിക സ്നേഹത്തിന്റെ നിര്‍മലമായ അന്തരീക്ഷം. ജീവിതം നിറഞ്ഞുനില്‍ക്കുന്ന വായനശാല എന്നാണു തന്റെ പേരിലുള്ള സ്ഥാപനത്തെ മുറകമി വിളിക്കുന്നതു തന്നെ. ജീവിതം ആഘോഷിച്ച, ഉപാധികളില്ലാത്ത സ്നേഹത്തെ ഉദ്ഘോഷിച്ച എഴുത്തുകാരന് അങ്ങനെയല്ലാത്ത ഒരു കേന്ദ്രത്തെക്കുറിച്ച് ആലോചിക്കാന്‍ കൂടി വയ്യ എന്നതാണു യാഥാര്‍ഥ്യം. 

 

വിദ്യാര്‍ഥികള്‍ക്ക്, ചെറുപ്പക്കാര്‍ക്ക്, മധ്യവയസ്കര്‍ക്ക്... ആര്‍ക്കും ഇവിടെ വരാം. വായിക്കാം. പാട്ടു കേള്‍ക്കാം. പാട്ടു പാടാം. ചിന്തിക്കാം. ഉറക്കെ ചര്‍ച്ച ചെയ്യാം. മുടി ചീകാം. കാപ്പി കുടിക്കാം. സ്നേഹിക്കാം. സൗഹൃദം പങ്കുവയ്ക്കാം. സര്‍ഗാത്മകമായ ഒരിടം. സൃഷ്ടിപരമായ ഒരു കേന്ദ്രം. മുറകമിയുടെ നോവലുകള്‍ പോലെ ജീവിതം നിറഞ്ഞുതുളുമ്പുന്ന, നിഷ്കപടവും നിഷ്കളങ്കവുമായ സ്നേഹാലയം. 

English Summary: A new library built in honour of Haruki Murakami will open in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com