ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ കിട്ടുന്ന ലൈക്കും ഷെയറും കമന്റുമല്ല നല്ല കവിതയുടെ മാനദണ്ഡമെന്ന് എം.എൻ. കാരശ്ശേരി. കവിത എഴുതാൻ ആഗ്രഹിക്കുന്നവർക്കായി, കവിത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സമൂഹമാധ്യമ പേജിലെ വിഡിയോയിലുടെ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഒരു ആശയമല്ല കവിത. രാഷ്ട്രീയമായോ മതപരമായോ സാമൂഹികമായോ വ്യക്തിപരമായോ നിങ്ങൾക്ക് ചില അനുഭവങ്ങളും ആശയങ്ങളും ഉണ്ടാകാം, ആ ആശയങ്ങൾ അതു പോലെ എഴുതിവച്ചാൽ അത് കവിത ആകണമെന്നില്ല. കവി മല്ലാർമെ പറഞ്ഞതുപോലെ ‘ആശയം കൊണ്ടല്ല വാക്കുകൊണ്ടാണ് കവിത എഴുതേണ്ടത്’ എന്ന് അദ്ദേഹംപുതുകവികളെ ഓർമിപ്പിച്ചു.

കവി ഉപയോഗിക്കുന്ന വാക്കുകളുടെ പ്രത്യേകത അത് ഭാവനാപൂർണ്ണമാകണം എന്നുള്ളതാണ്. കവിതയുടെ ധർമം സൗന്ദര്യം സൃഷ്ടിക്കലാണ്. ലോകത്തുള്ള സൗന്ദര്യം പകർത്തി വയ്ക്കുക, ലോകത്തില്ലാത്ത സൗന്ദര്യം കല്പിച്ചുകൊടുക്കുക. അതിന് ആവശ്യം ഭാവനയാണ്. എല്ലാ എഴുത്തിനും ഭാവന വേണം. കവിതയ്ക്ക് പ്രത്യേകിച്ച് വേണം. പ്രശസ്തരായ മലയാളം കവികളുടെ പ്രഭാതവർണ്ണന ഉദാഹരണമായി എടുത്ത് കവിതയിൽ ഭാവനയുടെ ഭംഗി വ്യക്തമാക്കുന്നുണ്ട് എം.എൻ. കാരശ്ശേരി.

‘‘വൃത്തവും താളവും അലങ്കാരവുമില്ലാതെ കവിത എഴുതാം പക്ഷേ ഭാവനാനിഷ്ഠമായിരിക്കണം കവിത. ബിംബാവലികളിലൂടെ, പ്രതീകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ കാര്യം പറയുന്നതാണ് കവിതയുടെ ഭംഗി. കവിതയിൽ ആശയങ്ങളും ചിന്തകളും പറയാറുണ്ട്. ഇടശ്ശേരിയുടെ പ്രസിദ്ധമായ വരികളാണ് 

‘കുഴിവെട്ടിമൂടുക വേദനകൾ

കുതികൊൾക ശക്തിയിലേക്കു നമ്മൾ’, 

മറ്റു രണ്ട് വരികൾ ഇങ്ങനെ

‘അധികാരം കൊയ്യണം ആദ്യം നമ്മൾ 

അതിനുമേലാകട്ടെ പൊന്നാര്യൻ’

ഇവയൊക്കെ ആശയങ്ങളാണ് പക്ഷേ അതിന് അതിന്റേതായ ഭംഗിയുണ്ട്. 

കവിത എഴുതുക എന്നത് ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണെന്ന് വിചാരിക്കരുത്. അതിന് ജന്മവാസന വേണം. അത് നമ്മൾ സാധനകൊണ്ട് വർധിപ്പിക്കണം. നല്ല കവിതകൾ വായിക്കുക. നല്ല രചനകൾ വായിച്ചും പഠിച്ചും എഴുതിയും അത് തിരുത്തി എഴുതിയുമാണ് നല്ല കവിതകൾ ഉണ്ടാകേണ്ടത്. കവിതയെ കുറിച്ച്  അഭിപ്രായം പറയാനും എല്ലാർക്കും കഴിയണമെന്നില്ല. കവിത ആസ്വദിക്കാൻ കഴിയുന്ന സഹൃദയനാവണം. കാവ്യപരിചയം വേണം, കാവ്യാനുശീലനം വേണം. എല്ലാവർക്കും പാട്ടുപാടാൻ കഴിയാത്തതുപോലെ, ചിത്രകല അഭ്യസിക്കാൻ കഴിയാത്തതു പോലെ കവിത എഴുതാനും ആസ്വദിക്കാനും ഒരു അഭിരുചി വേണം. എല്ലാവർക്കും കേറി മേയാവുന്ന മൈതാനമാണ് കവിത എന്നു തെറ്റിദ്ധരിക്കരുത്. കവിത എഴുതാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിമർശനങ്ങളും അഭിന്ദനനങ്ങളും സ്വീകരിക്കാൻ മനസ്സുണ്ടാവണം.’’

English Summary : M. N. Karassery's tips for budding poets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com