ADVERTISEMENT

‘ഈ ഭൂമി മരിക്കുകയാണ്’– മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ തിരഞ്ഞെടുപ്പുകാല പ്രസ്താവനയ്ക്ക് അര നൂറ്റാണ്ടു തികയുന്നതു മറ്റൊരു തിരഞ്ഞെടുപ്പുകാലത്ത്. ‘വോട്ടു ചെയ്യാൻ പോകുന്നില്ലേ’ എന്ന് 1970ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ചോദ്യം വന്നപ്പോൾ അതിനുള്ള മറുപടിയുടെ ഭാഗമായിരുന്നു ഭൂമിക്കു ബഷീറിന്റെ ചരമഗീതം. ‘പോണം, വോട്ടു ചെയ്യണം’ എന്നു പറഞ്ഞിട്ട് ഒരു വെളിപാടു പോലെ അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെ: ‘ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ഗുരുതരം. വളരെ പെട്ടെന്നൊന്നും ഉണ്ടാവില്ല. അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്കുശേഷം അതു സംഭവിക്കും. ഏത്? ഭൂമി മരിക്കും...’

ഇഷ്ടമുള്ളവരൊക്കെ നിൽക്കട്ടെ

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയും വിധ്വംസക രചനകളുടെ പേരിൽ ജയിൽവാസം വരിക്കുകയും ചെയ്ത ബഷീർ ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഒന്നു മത്സരിച്ചെങ്കിൽ നല്ലൊരു വാർത്തയായേനെ എന്നു പറഞ്ഞ പത്രലേഖകനോടു നിൽക്കുന്നില്ല എന്നതും നല്ലൊരു വാർത്തയല്ലേ എന്നായിരുന്നു മറുചോദ്യം–‘കണ്ടവരൊക്കെ ഓടിക്കയറി സ്ഥാനാർഥികളാവുമ്പോൾ അതിലൊന്നും താൽപര്യമില്ലാത്ത സ്ഥലത്തെ ഒരു പ്രധാന ദിവ്യനുണ്ടെന്നുള്ളതു നല്ലൊരു വാർത്തയല്ലേ?’ എഴുത്തുകാരനും കലാകാരനും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കാര്യമുണ്ടോയെന്ന കാര്യത്തിലും ബഷീറിനു നിലപാടുണ്ടായിരുന്നു: ഇഷ്ടമുള്ളവരൊക്കെ നിൽക്കട്ടെ. ഇനി കുറെ എഴുത്തുകാരും വന്നു ഭരിക്കട്ടെ. ഈ രാജ്യത്തു കുഴപ്പമൊന്നും വരാനില്ല.

സാഹിബിനെ വിജയിപ്പിക്കൂ

ബഷീർ ജീവിതത്തിൽ ഒരാൾക്കു വേണ്ടിയേ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂ. അത് സാക്ഷാൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനു വേണ്ടി കോഴിക്കോട്ടായിരുന്നു. അന്നു വോട്ടു ചോദിച്ചു സാഹിബിനൊപ്പം വീടുകൾ കയറിയിറങ്ങിയതിന്റെ ഓർമ ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കുകയും ചെയ്തു.

സ്ഥാനാർഥി ഫാബി

ബഷീർ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഫാബി ഒരു തവണ മത്സരിച്ചിരുന്നു. ഐക്യമുന്നണി പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി കോഴിക്കോട് ബ്ലോക്കിലെ നടുവട്ടം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായാണു നിന്നത്. പക്ഷേ പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com