ADVERTISEMENT

ടിക്ടോകിൽ പത്തുകോടി ആരാധകരെ സ്വന്തമാക്കിയ താരറാണി ചാർലി ഡി അമേലിയോ അക്ഷരലോകത്തേക്ക്. മിന്നൽ വേഗത്തിൽ മിന്നും താരമായ പതിനാറുകാരിയുടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾക്കു പിറകെയായിരുന്നു കുറച്ചധികം നാളുകളായി സൈബർ ലോകം. അസാധ്യമായ മെയ്‌വഴക്കത്തോടെയും അപാരമായ ആത്മവിശ്വാസത്തോടെയും ടിക്‌ടോക്കിലെത്തുന്ന അമേരിക്കക്കാരി ചാർലിയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുകയാണ്. എസെൻഷ്യലി ചാർലി : ദി അൾട്ടിമേറ്റ് ഗൈഡ് ടു കീപ്പിങ് ഇറ്റ് റിയൽ എന്ന പുസ്തകത്തിലൂടെ നൃത്തവും അഭിനയവും പോലെ ചാർലിയുടെ സ്വകാര്യജീവിതവും ആരാധകരിലേക്ക്.

 

ലൈക്കുകളുടെയും ഷെയറുകളുടെയും വൈറൽ ലോകത്തിനപ്പുറമുള്ള വ്യക്തി ജീവിതത്തെക്കുറിച്ച് ഇതാദ്യമായാണു ചാർലിയുടെ തുറന്നു പറച്ചിൽ. ചെറിയ പ്രായത്തിൽ താൻ കണ്ട ലോകം. സമൂഹമാധ്യമങ്ങൾ നൽകിയ അനുഭവങ്ങൾ. പ്രശസ്‌തി. വെല്ലുവിളികൾ. മനസ്സു തുറക്കാൻ ഇനി ഒരു പുസ്തകമാകാം എന്ന തീരുമാനം വൈകിയില്ല. ഓർമ്മക്കുറിപ്പുകൾക്കൊപ്പം ഒട്ടേറെ ചിത്രങ്ങളും ചോദ്യോത്തരങ്ങളും  ഉൾപ്പെടുത്തിയ പുസ്തകം ചാർലിയുടെ ടിക്‌ടോക് പേജു പോലെ തന്നെ സുന്ദരമാണ്; ആസ്വാദ്യകരവും.

 

പതിനഞ്ചാം വയസ്സിൽ ടിക്ടോക്കിലെത്തുമ്പോൾ നൃത്തലോകത്തെ പത്തുവർഷത്തെ അനുഭവ സമ്പത്തായിരുന്നു കരുത്ത്. അഴകളവുകൾക്കപ്പുറം ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും കഴിവിലുള്ള ഉറച്ചവിശ്വാസവും. പ്രശസ്തിയുടെ പടവുകൾ കയറാൻ അധികനാളെടുത്തില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അഞ്ചു കോടി ആരാധകർ. കുതിച്ചു കയറിയ കയ്യടികൾക്കും പ്രോത്സാഹനങ്ങൾക്കുമിടയിലും അത്ര സുഖകരമായിരുന്നില്ല യാത്ര. അസൂയാവഹമായ നേട്ടങ്ങൾ ഒരു വശത്ത്, ഭീകരമായ സൈബെർ ബുള്ളിയിങ്ങ് മറു വശത്തും. ലൈംഗിക അധിക്ഷേപങ്ങളിൽ തുടങ്ങി സ്വഭാവഹത്യ വരെ നീണ്ട ആക്രമണങ്ങൾ.

 

മനസ്സു തളർന്ന നിമിഷങ്ങളിലും ശുഭാപ്തിവിശ്വാസവും കുടുംബത്തിന്റെ ശക്തമായ പിന്തുണയും കരുത്തായി. സധൈര്യം മുന്നോട്ട്. ഒരു വർഷം കൊണ്ടു പത്തു കോടി ആരാധകർ. നൂറു മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ ടിക്ടോക് താരമെന്ന റെക്കോർഡ് ബഹുമതിയും. ഫാഷൻ, മോഡലിംഗ് മേഖലകളിലെ പ്രമുഖ ബ്രാൻഡുകളുടെ വമ്പൻ കരാറുകൾ തേടിയെത്തി. പ്രശസ്ത അമേരിക്കൻ കോഫി ഹൗസ് കമ്പനിയായ ഡൺകിൻ ഡോനട്ട്സ് ചാർലിയുടെ പേരിൽ പാനീയവും പുറത്തിറക്കി : ‘ദ് ചാർലി’. പതിനാറുകാരിയുടെ കഴിഞ്ഞവർഷത്തെ മാത്രം വരുമാനം ഏകദേശം മുപ്പതു കോടി രൂപ. അപമാനിച്ചവരുടെയും നിരുത്സാഹപ്പെടുത്തിയവരുടെയും വായടപ്പിക്കുന്ന മറുപടി.

 

നൃത്തത്തിനും അഭിനയത്തിനുമൊപ്പം കലാകാരായ യുവ പ്രതിഭകൾക്കുള്ള പ്രചോദന സന്ദേശങ്ങളും ചാർലിയുടെ വിഡിയോകളിൽ കാണാം. സൈബർ ആക്രമണങ്ങൾക്കെതിരെ യുണിസെഫുമായി ചേർന്നു ബോധവൽക്കരണ ക്ലാസ്സുകൾ നയിക്കുന്നതിലും സജീവം. ഏറെ സ്നേഹിക്കുന്ന കലയ്ക്കു വേണ്ടി സ്വന്തം വരുമാനത്തിൽ നിന്നു മുക്കാൽ കോടിയോളം രൂപയും ചാർലി സംഭാവന ചെയ്തു. ‘എസൻഷ്യലി ചാർലി’ പുറത്തിറങ്ങിയ ഡിസംബർ ഒന്നിനു ജന്മനാടായ കണക്റ്റിക്കട്ടിലെ പത്തു നൃത്ത വിദ്യാലയങ്ങൾക്കായി തുക കൈമാറി.

 

വീഡിയോകളിലൂടെ മാത്രം കാണാറുള്ള പ്രിയ കലാകാരിയെ അക്ഷരങ്ങളിലൂടെ അടുത്തറിയാൻ ആരാധകർ കാത്തിരിപ്പിലാണ്. ഏറെ ആത്മവിശ്വാസവും അതിലേറെ വിനയവുമായി തന്റെ കലയും കലാജീവിതവും മുന്നോട്ടു കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണു ചാർലിയും.

 

English Summary: Essentially Charli: The Ultimate Guide to Keeping It Real Book by Charli D’Amelio

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com