ആ കത്തുകൾക്കു പകരം ഇനി ഉള്ളത്

letter
Photo Credit : Agnes Kantaruk / Shutterstock.com
SHARE

കത്തെഴുതൂ എന്ന് ആവശ്യപ്പെടുമ്പോഴെല്ലാം തീർച്ചയായും എഴുതാം എന്ന് ഉറപ്പു കൊടുക്കുകയല്ലാതെ എഴുതാൻ കഴിയാറില്ല. വിദ്യാർഥിയായിരുന്ന കാലത്തു കത്തുകളും കവിതകളും മാത്രമേ എഴുതിയിട്ടുള്ളു. അന്നൊക്കെ ദിവസവും ഒരാൾക്കെങ്കിലും എഴുതും. കൂടുതലും പോസ്റ്റ് കാർഡിൽ, കുനുകുനെ. 

എന്റെ വീട് തപാൽ ഓഫിസിനോടു ചേർന്നായിരുന്നു. തപാൽ ഓഫിസിൽ കത്തെഴുത്തുകാർക്കായി ഒരു മേശയും ബെഞ്ചും ഇട്ടിരുന്നു. ആ മേശപ്പുറത്തു കത്തുകൾ ഒട്ടിക്കുന്ന പശ പടർന്നു കരുവാളിച്ചുകിടന്നിരുന്നു. 

കത്തുകൾ ഡിജിറ്റൽ  മാധ്യമം സ്വീകരിച്ചതുകൊണ്ട് ഇക്കാലത്ത് നീണ്ട കത്തുകൾ എഴുതാൻ സൗകര്യമാണ്. നോവലുകൾ പോലും ഫോണിൽ എഴുതപ്പെടുന്ന ഇക്കാലത്തു കത്തെഴുത്തു പ്രയാസകരമല്ല. ഇമെയിലിലോ വാട്സാപ്പിലോ െടലിഗ്രാമിലോ മനോഹരമായ കത്തുകളെഴുതാൻ കഴിയുന്നവരുണ്ട്. സാലി റൂണിയുടെ ‘കോൺവെർസേഷൻസ് വിത് ഫ്രണ്ട്സ്’ എന്ന നോവൽ മുന്നോട്ടു പോകുന്നതു തന്നെ ഇ മെയിൽ കത്തുകളിലൂടെയാണ്. കടലാസ് ഇല്ലെങ്കിലും കത്തുകളിൽനിന്നും ഒന്നും ചോർന്നുപോകുന്നില്ലെന്നാണു തോന്നുന്നത്.

ചില ദിവസങ്ങളിൽ തോന്നും, കത്തെഴുതുന്ന ശീലം പുനരരാംഭിക്കണമെന്ന്. ജീവിതം പൂർത്തിയായിക്കഴിയുമ്പോൾ ഒരു വ്യക്തിയുടെ എത്ര കത്തുകൾ ബാക്കിയാകും? വർഷങ്ങൾക്കുമുൻപു നാം എഴുതിയതുപോലെയല്ലല്ലോ.

തന്റെ വികാരങ്ങൾക്കുമേൽ സാഷ്ടാംഗം ചെയ്തു മാത്രമേ നല്ല കത്തുകൾ എഴുതാനാവൂ. മറ്റൊരാൾക്കു മുൻപാകെ സങ്കോചമില്ലാതെ ഉള്ളുകാട്ടാൻ കഴിയണം. ഇങ്ങനെ വിചാരങ്ങൾ കൈമാറാൻ പരസ്പരവിശ്വാസവും വേണം. സ്വകാര്യത എന്ന സംഭവം വലിയ പ്രഹേളികയായിത്തീർന്ന ഇക്കാലത്തു പരസ്യപ്പെടുത്താത്ത സംഭാഷണങ്ങൾ എത്ര വരും, അതിലെത്ര കത്തുകളായി മാറും?

സ്വകാര്യമായ ഇടത്തെക്കാൾ പൊതു ഇടത്തിൽ വികാരപ്രകടനം ശീലമായതിനാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വികാരവിചാരങ്ങളുടെ പ്രകടനം എളുപ്പം സാധിക്കുന്നു. ഒരു കടലാസിൽ എഴുതി കുപ്പിയിലടച്ചു കടലിൽ എറിയുന്നതിന്റെ പുതിയ രൂപമാണു നമ്മുടെ കോൺടാക്റ്റിലുള്ള എല്ലാവർക്കും നാമെഴുതിയത് അയച്ചുകൊടുക്കുന്നതെന്ന് എവിടെയോ വായിച്ചു. ഒരു കത്ത്, അതിന് ഒരേയൊരു മേൽവിലാസക്കാരൻ എന്ന സങ്കൽപം നഷ്ടമായി. പകരം എത്രയധികം പേർ വായിക്കുന്നുവോ, അത്രത്തോളം സഫലമാകുന്നു എല്ലാം. മറ്റൊന്ന് കത്തിന്റെ ഘടനയാണ്. അതിന്റെ രൂപഘടന പിന്തുടരണമെന്നത് എഴുത്തുകാരെ കത്തുകളിൽനിന്ന് അകറ്റി. എത്ര നേരം വേണമെങ്കിലും തുടരാവുന്ന ചാറ്റുകളും വോയ്സ് മെസേജുകളും ഫോൺ സംഭാഷണങ്ങളും രണ്ടു പേർക്കിടയിൽ പരമ്പരാഗതമായ കത്തുകളെക്കാൾ ഫലപ്രദമാകുന്നു. കത്തുകളുടെ മരണം എത്ര സ്വാഭാവികമാണ്. എന്നാൽ എഴുതിയൊട്ടിച്ചുവരുന്ന കത്തുകളില്ലാതെയും ബന്ധങ്ങൾ കൂടുതൽ ഉദാരവും ഊഷ്മളവുമാകുന്നുണ്ട്.

ലോകത്തിലെ വലിയ എഴുത്തുകാരിൽ പലരും മികച്ച കത്തെഴുത്തുകാർ കൂടിയായായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പരിചിതമായതു കാഫ്കയുടെ കത്തുകളാണ്. കാഫ്കയുടെ ആകെ സാഹിത്യത്തെക്കാൾ വലുതായിരുന്നു അദ്ദേഹം രണ്ടു പെണ്ണുങ്ങൾക്കെഴുതിയ കത്തുകൾ. കത്തും ഡയറിയും സ്വകാര്യ രചനകളാണെങ്കിലും, കലാകാരന്മാരുടേതോ സാഹിത്യകാരന്മാരുടേതോ ആണെങ്കിൽ കാലക്രമേണ അവ സാഹിത്യരചനകളുടെ ഭാഗമായി മാറാറുണ്ട്. കാഫ്ക തനിക്കു വന്ന കത്തുകളെല്ലാം നശിപ്പിച്ചുകളഞ്ഞു. കാഫ്കയെഴുതിയ ചില കത്തുകളും നശിപ്പിച്ചശേഷമാണു മിലേന അവ പരസ്യപ്പെടുത്തിയത്.

kafka
കാഫ്ക

ചരിത്രത്തിൽ ഏറ്റവും നിർണായകമായ കത്തുകളിൽ ചിലതു സെന്റ് പോൾ എഴുതിയതായിരുന്നു. ക്രിസ്തുമതത്തിന്റെയും സഭയുടെയും അടിസ്ഥാനശിലകൾ രൂപം കൊണ്ടതു പോൾ വിവിധ സമൂഹങ്ങൾക്കെഴുതിയ നീണ്ട കത്തുകളിൽനിന്നാണ്. അവ വ്യക്തിയെ അല്ല, ആകെ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്തു. 

റോമാ തത്വചിന്തകനായ സെനക്കയുടെ കത്തുകൾ ആഴത്തിലുള്ള ദാർശനിക തത്വവിചാരങ്ങളുടേതായിരുന്നു. സെനക്ക സുഹൃത്തുക്കൾക്കും ശിഷ്യന്മാർക്കും എഴുതിയ കത്തുകൾ പ്രബന്ധങ്ങളായി പിന്നീടു സമാഹരിക്കപ്പെട്ടു. വീട്ടിലെ ലൈബ്രറിയിൽ എത്ര പുസ്തകം വേണം എന്നതു മുതൽ എന്താണു മരണം എന്നുവരെ വൈവിധ്യമായ വിഷയങ്ങളിലായിരുന്നു  സെനക്കയുടെ എഴുത്തുകൾ

‘മദാം ബോവറി’യിലെ ഒരു രംഗം ഓർമ വരുന്നു- എമ്മയുടെ രഹസ്യജീവിതത്തെപ്പറ്റി ഭർത്താവ് ചാൾസിന് അറിവില്ലായിരുന്നു. കാമുകന്മാർ അയച്ച കെട്ടുകണക്കിനു കത്തുകൾ ചാൾസ് കണ്ടെത്തുന്നത് അവളുടെ മരണശേഷമാണ്. കത്തുകൾ സ്വകാര്യതയുടെ അടയാളങ്ങളാണ്. അവ വ്യക്തിയെ തുറന്നു കാട്ടുന്നു. അവ സൂക്ഷിച്ചുവയ്ക്കുക പല സമൂഹങ്ങളിലും പ്രധാന സാംസ്കാരികശീലമായിരുന്നു. ഇപ്പോൾ ഒരാളുടെ മൊബൈൽ ഫോൺ അയാളുടെ സ്വകാര്യതയാകുന്നതുപോലെയായിരുന്നു കത്തുകളും. മരിച്ചുപോയ തന്റെ പങ്കാളിയുടെ ഐ ഫോൺ ക്ലൗഡിലുള്ള ഫോട്ടോകളും മറ്റും തുറന്നു കാണാൻ അനുമതി ആവശ്യപ്പെട്ട് ഒരാൾ സമീപകാലത്ത് യുഎസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആപ്പിൾ കമ്പനി വഴങ്ങിയില്ല. മരിച്ചാലും സ്വകാര്യത ഇല്ലാതാകുന്നില്ലെന്ന് ആപ്പിൾ വാദിച്ചു. പണ്ടായിരുന്നുവെങ്കിൽ പങ്കാളി മരിച്ചുകഴിഞ്ഞാൽ അലമാരയോ ഡയറിയോ തുറന്നുനോക്കിയാൽ മതിയായിരുന്നു. 

‘മദാം ബോവറി’യുടെ രചയിതാവായ ഫ്ലോബേർ വലിയ കത്തെഴുത്തുകാരനായിരുന്നു. അമ്മയ്ക്കും സുഹൃത്തുക്കൾക്കും കാമുകിമാർക്കും ഫ്ലോബേർ ദിവസവും കത്തുകളെഴുതി. ഇവ നാലു വോള്യങ്ങളായാണു പിന്നീടു സമാഹരിച്ചത്.

ഞാൻ വായിച്ചവയിൽ ഏറ്റവും ഹൃദയസ്പർശിയായ കത്തുകളിലൊന്നു ചങ്ങമ്പുഴയുടേതാണ്. ചങ്ങമ്പുഴ തനിക്കെഴുതിയ കത്ത് പി.കെ. ബാലകൃഷ്ണൻ മഹാകവിയുടെ മരണശേഷം പ്രസിദ്ധീകരിച്ചു. കവിയുടെ അവസാനവർഷങ്ങളിലെ കഠിനമായ ജീവിതം അതിൽ വായിക്കാം. തന്റെ കവിതകളെക്കുറിച്ചു പി.കെ. ബാലകൃഷ്ണൻ നടത്തിയ പഠനമാണു നന്ദി പറഞ്ഞു കത്തെഴുതാൻ കവിയെ പ്രേരിപ്പിച്ചത്. വിമർശകരുടെ ക്രൂരപീഡനങ്ങൾക്കിടയിൽ ഒരു അനുകൂല നിരൂപണം വന്നതിന്റെ ആഹ്ളാദം ചങ്ങമ്പുഴ മറച്ചുവച്ചില്ല. 

changampuzha-krishna-pillai.
ചങ്ങമ്പുഴ

ബഷീർ ധാരാളം കത്തുകളെഴുതിയിരുന്നു. ബഷീറിന്റെ സമാഹൃത കൃതികൾക്കൊപ്പം ഈ കത്തുകളിൽ ചിലതു ചേർത്തിട്ടുണ്ട്. പോഞ്ഞിക്കര റാഫി, ലളിതാംബിക അന്തർജ്ജനം എന്നിവരുമായി ബഷീർ നടത്തിയ ആശയവിനിമയങ്ങൾ എഴുത്തുകാർക്കിടയിലെ സാഹോദര്യവും സ്നേഹവും വിളിച്ചുപറയുന്നു. 

കത്തുകൾ ചിലർക്ക് ഒരു സേഫ്റ്റി വാൽവു പോലെയാണു പ്രവർത്തിക്കുക. കഠിനമോ വിരസമോ ആയ നേരങ്ങളിൽ ഉള്ളിൽ നിറയുന്നതു പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് അപ്പോൾ. മറ്റു ചിലപ്പോൾ ഗൗരവമാർന്ന ആശയസംവാദത്തിനുള്ള ഉപാധിയായും മാറാം. ഗാന്ധിജി കത്തുകളെ സംവാദത്തിനായി ഉപയോഗിച്ചിരുന്നു. അദ്ദേഹം പുലർച്ച നാലു മണിക്ക് ഉണർന്ന് ആറുമണി വരെ തനിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന കത്തുകൾക്കു സ്വന്തം കൈപ്പടയിൽ പോസ്റ്റ് കാർഡിൽ മറുപടികൾ എഴുതി. 

Mahathma-gandhi
ഗാന്ധിജി

നേരത്തേ സൂചിപ്പിച്ചതു പോലെ ഫെയ്സ്ബുക് പോസ്റ്റുകളാണു പുതിയ കാലത്തിന്റെ കത്തുകൾ എന്ന് എനിക്കു തോന്നാറുണ്ട്. കത്തുകളുടെ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾത്തന്നെ ചില പുതിയ സവിശേഷതകൾ കൂടി അവ നേടി. പൊതുവിഷയങ്ങളിലുള്ള അഭിപ്രായപ്രകടനങ്ങൾ മുതൽ സ്വകാര്യവേദനകൾ വരെ തട്ടും തടവുമില്ലാതെ സമൂഹമാധ്യമത്തിൽ എഴുതാം. അതു പക്ഷേ ഒരു വ്യക്തിക്കുള്ള സന്ദേശം അല്ല അവ. അഥവാ ആയാലും അത് എല്ലാവരും വായിക്കാനുള്ള തുറന്ന കത്താണ്. ഒരു വ്യക്തിക്കു മുന്നിൽ പ്രകടിപ്പിച്ചിരുന്നതു പരസ്യവിനിമയമായിത്തീർന്നു. ഈ മാറ്റമാണ് അടച്ച കൂടുകളിൽ ഒരാളെ മാത്രം അഭിസംബോധന ചെയ്ത് അയച്ച കത്തുകളെയെല്ലാം കൂട്ടത്തോടെ കാലഹരണപ്പെടുത്തിയതെന്നു തോന്നുന്നു. ഇന്നാണെങ്കിൽ കാഫ്ക ദിവസവും രാവിലെ മിലേനയ്ക്ക് അയക്കേണ്ട കത്തുമായി പോസ്റ്റ് ഓഫിസിലേക്കു പായുന്നതിനു പകരം ഒരു പബ്ലിക് പോസ്റ്റായി സമൂഹമാധ്യമത്തിൽ നിക്ഷേപിച്ചേനെ! 

സമൂഹമാധ്യമത്തിലെ മറ്റൊരു സവിശേഷത കുറച്ചുസമയത്തേക്കു മാത്രമാണു ഈ വികാരപ്രകടനം എന്ന മുൻകൂർ ജാമ്യമെടുക്കാം എന്നതാണ്. നിശ്ചിതസമയം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും എന്ന മുന്നറിയിപ്പോടെ എന്തും പോസ്റ്റ് ചെയ്യാനാകും. കടലാസ്സിലോ ഇ മെയിലിലോ അയച്ച കത്ത്, വേണ്ടിയിരുന്നില്ല എന്നു തോന്നിയാലും വിലാസക്കാരനു ലഭിച്ചുകഴിഞ്ഞാൽ റദ്ദാക്കാനാവില്ല. 

എഴുതിയ കത്തുകൾ വേണമെങ്കിൽ അയയ്ക്കാതിരിക്കാതിരിക്കാം. കത്തെഴുതി ഒട്ടിച്ചശേഷം ഡയറിയിൽ വച്ച എത്രയോ എണ്ണം പിന്നീട് എടുത്തു കീറിക്കളഞ്ഞിട്ടുണ്ട്. കിട്ടിയ കത്തുകൾ തുറക്കാതെയും എടുത്തുവയ്ക്കാം. മാർക്കേസിന്റെ ഒരു കഥയിൽ ഒരു കഥാപാത്രത്തിന്റെ മരണശേഷം അയാളുടെ അലമാരയിൽനിന്ന് പൊട്ടിക്കാത്ത കത്തുകളുടെ ഒരു വലിയശേഖരമാണു കണ്ടെടുക്കുന്നത്. പ്രേമിച്ചിരുന്ന പെണ്ണ് 40 വർഷം അയാൾക്ക് അയച്ച കത്തുകളോ ആശംസാകാർഡുകളോ അയാൾ തുറന്നുനോക്കിയില്ല. പക്ഷേ എല്ലാം കൃത്യമായി എടുത്തുവച്ചു.

എഴുത്തുകാർ പൊതുവേ കത്തുകളോട് അടുപ്പവും മമതയും ഉള്ളവരാണെങ്കിലും ഇംഗ്ലിഷ് നോവലിസ്റ്റായ വില്യം ഫോക്നർ കടുത്ത കത്തു വിരോധിയായിരുന്നു. പോസ്റ്റ് ഓഫിസിൽ തപാൽസ്റ്റാംപുകളും മറ്റും വിൽക്കുന്ന കൗണ്ടറിൽ ജോലിയെടുത്തിരുന്ന കാലത്തുണ്ടായ ഈർഷ്യയാണു കത്തുവിരോധമായത്. ഫോക്നർ കൗണ്ടറിലിരുന്നു രസിച്ചുവായിക്കുമ്പോഴാകും ആരെങ്കിലും സ്റ്റാംപ് ചോദിച്ചു വരുന്നത്. അതോടെ വായന മുറിയും. ഇതായിരുന്നു ഈർഷ്യയ്ക്കു കാരണം. പ്രശസ്തനായശേഷവും ഫോക്നർ കത്തുകൾ എഴുതിയില്ല. തനിക്കു വരുന്നവയിൽ പ്രസാധകരുടെ ചെക്കുകൾ അടക്കം ചെയ്ത കത്തുകൾ മാത്രമേ അദ്ദേഹം തുറക്കാറുണ്ടായിരുന്നുള്ളു.

മനുഷ്യർക്കിടയിലെ ആശയവിനിമയത്തിന്റെ ഏറ്റവും സർഗാത്മകമായ രൂപമായിരുന്നു കത്തുകൾ. അതിനു സംഭവിച്ച രൂപവ്യതിയാനങ്ങൾ സർഗാത്മകമായ ആവിഷ്കാരതലങ്ങൾക്കു സംഭവിച്ച മാറ്റങ്ങളുടെ കൂടി ഭാഗമാണ്. അടുത്ത വട്ടം കത്തെഴുതാനുള്ള ത്വര വരുമ്പോൾ മുൻപെഴുതിയ കത്തുകളിൽ ഉപേക്ഷിച്ച വികാരങ്ങളെ ഓർക്കരുത്. അവയെക്കാൾ മനോഹരമായത് ഉള്ളിൽ മുള പൊട്ടുന്നതു ശ്രദ്ധിക്കണം. അപ്പോൾ പഴയതിനെക്കാൾ തെളിഞ്ഞ വാക്കുകൾ ഉയരുന്നതും കാണാം

English Summary: Ezhuthumesha : How the art of letter writting transformed over by years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;