ADVERTISEMENT

റാങ്ക് നേടിയ ഒരു വിദ്യാർഥി വീട്ടിലുണ്ടെങ്കിൽ വീട്ടുകാർ‌ക്കൊക്കെ സന്തോഷവും അഭിമാനവുമാണെന്ന് റാങ്ക് കിട്ടാത്തവർക്കുപോലുമറിയാം. റാങ്കുള്ള ഒരു പെരുവഴി നമ്മുടെ നാട്ടിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ അഭിമാനത്തിനു നീളവും വീതിയും കൂടും. 

ഉവ്വ്, രാജ്യത്തെ ദേശീയപാതകൾക്കു റാങ്ക് അനുവദിച്ചു നൽകാൻ പോകുകയാണ്. കാര്യക്ഷമത, സുരക്ഷ, സേവനം എന്നിത്യാദികളൊക്കെ പരിഗണിച്ച് റാങ്ക് നിശ്ചയിക്കുക ദേശീയപാത അതോറിറ്റിയാണ്. 

പ്രിയ സുഹൃത്ത് കഷ്ടകാൽജി ചോദിക്കുന്നു:

കാര്യക്ഷമതയ്ക്കാണോ സുരക്ഷയ്ക്കാണോ സേവനത്തിനാണോ ഒന്നാം റാങ്ക് അനുവദിച്ചുകിട്ടുക? 

കഷ്ടകാൽജി ചോദ്യം വിശദീകരിച്ചു:

ദേശീയപാതയിലൂടെ നടന്നുപോകുന്നവരായാലും വാഹനത്തിൽ പോകുന്നവരായാലും, ആൺപെൺ യാത്രക്കാർക്കു മൂത്രശങ്ക തീർക്കാനുള്ള സൗകര്യം ഇതിൽ ഏതു വിഭാഗത്തിൽപെടും?

കൊല്ലത്തുനിന്നു ഡിണ്ടിഗലിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എൻഎച്ച് 183 എന്ന ദേശീയപാതയുടെ ഉദാഹരണം അപ്പുക്കുട്ടനു മുൻപിൽ കഷ്ടകാൽജി നിവർത്തിയിട്ടു.

342 കിലോമീറ്ററാണ് ആകെ ദൂരം. ഇതിൽ കൊല്ലം മുതൽ കുമളിവരെയുള്ള 200ൽപരം കിലോമീറ്റർ കഷ്ടകാൽജിക്കു നല്ല പരിചയം. ഈ ദേശീയപാതക്കഷണത്തിൽ ശങ്കാമോചനത്തിനുള്ള ഒരു കേന്ദ്രവും കഷ്ടകാൽജി ഇതുവരെ കണ്ടിട്ടില്ല. 

റാങ്ക് കിട്ടുന്ന പെരുവഴിയിലൂടെ പോകുന്ന യാത്രക്കാർക്കു ശങ്കകളൊന്നും ഉണ്ടാവില്ലെന്നു തീരുമാനമുണ്ടോ?  

അതിനല്ലേ കഷ്ടൻ, വഴിയോരം? വഴിയോര കാടുകൾ? ഏകാന്തസുന്ദര വനസ്ഥലികൾ? 

ദേശീയപാതയോരത്ത് വനാന്തരത്തിലേക്കൊരു സൂചന വരച്ചാൽ സഞ്ചാരിസൗഹൃദമാവുമോ എന്നു കഷ്ടകാൽജി ചോദിക്കുമ്പോൾ ഉത്തരം മുതലുള്ളതെല്ലാം മുട്ടും.

സഞ്ചാരികളിലെ സ്ത്രീകളുടെ കാര്യമോ?

ശുചിമുറി 200 കി.മി. അകലെ എന്നൊരു ബോർഡ് വച്ചാൽ റാങ്ക് കിട്ടുമെങ്കിൽ അതൊരു വിദൂരവിദ്യാഭ്യാസ റാങ്കായിരിക്കും, അല്ലേ?

English Summary: Tharangalil - National Highways Authority of India has decided to rank the highways based on an audit. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com