ADVERTISEMENT

നട്ടുച്ചയ്ക്കു സൂര്യന്‍ അസ്തമിക്കുന്നതുപോലെയാണത്; ഏകമകന്റെ അകാലത്തിലെ വിയോഗം. കാലത്തിനും ഉണക്കാനാകാത്ത മുറിവ്. കാലത്തെ അതിജീവിക്കുന്ന പ്രണയത്തെക്കുറിച്ച് ഗീതകങ്ങളില്‍ പാടിയ വില്യം ഷേക്സ്പിയറിനെപ്പോലും വേട്ടയാടിയ തീരാവേദന. എന്നാല്‍ എല്ലാക്കാലത്തും എല്ലാവരും ഒരുപോലെയല്ല വേദന സ്വീകരിക്കുന്നതും തിരസ്കരിക്കുന്നതും അതിജീവിക്കാന്‍ ശ്രമിക്കുന്നതും. ഏകമകന്റെ വിയോഗം പിതാവിനെ മാത്രമല്ല കുടുംബത്തെത്തന്നെ ഇന്നു തകര്‍ത്തുകളയുമെങ്കില്‍ അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ട്. കവികളുടെ കവി ഷേക്സ്പിയര്‍ ജീവിച്ചിരുന്ന കാലം. അന്നു ശിശുമരണങ്ങള്‍ അസാധാരണമായിരുന്നില്ല; പകര്‍ച്ചവ്യാധികളും. കുട്ടികള്‍ മരിച്ചാലും അതേപ്പറ്റി അധികകാലമൊന്നും ആരുമൊന്നും വേദനിക്കാറുമില്ലായിരുന്നു. മിക്ക കുടുംബങ്ങള്‍ക്കും പറയാനുണ്ടാകും ഒന്നോ രണ്ടോ അകാലമരണങ്ങളെക്കുറിച്ച്. പ്രതിവിധിയില്ലാത്ത പകര്‍ച്ചവ്യാധികളായിരുന്നു അന്നു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. 

എന്നാല്‍, ഷേക്സ്പിയറും അങ്ങനെതന്നെയായിരിക്കുമോ ചിന്തിച്ചത് എന്ന ആലോചനയ്ക്കു സാധ്യതയുണ്ട്. സന്തോഷവും ദുഃഖവും പ്രണയവും പ്രതികാരവും വിരഹവും ഉള്‍പ്പെടെ മനുഷ്യന്റെ സമസ്ത വികാരങ്ങളെക്കുറിച്ചും അഗാധമായി എഴുതുകയും ആഴത്തില്‍ അനുഭവിപ്പിക്കുകയും ചെയ്ത ഷേക്സ്പിയര്‍ എങ്ങനെയായിരിക്കും സ്വന്തം മകന്റെ മരണം ഉള്‍ക്കൊണ്ടിരിക്കുക ? 

അദ്ദേഹത്തിന്റെ മനസ്സിനെ ആ വേദന കാര്‍ന്നുതിന്നോ ഇല്ലയോ എന്നതിനു തെളിവുകളില്ലെങ്കിലും മകനുവേണ്ടി അദ്ദേഹം ശാശ്വതമായ ഒരു സ്മാരകം തീര്‍ത്തു എന്നതിനു തെളിവുണ്ട്. ഇന്നും എന്നും സ്പന്ദിക്കുന്ന ഒരു അസ്ഥിമാടം. അതൊരു കൃതിയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്ന്. ഹാംലറ്റ്. ഇന്നും ലോകം ചര്‍ച്ച ചെയ്യുന്ന ഷേക്സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ നാടകം. 

 

ഹാംലറ്റ് യഥാര്‍ഥത്തില്‍ ഹാംനറ്റാണ് 11-ാം വയസ്സില്‍ പ്ലേഗ് ബാധിച്ചു മരിച്ച ഹാംനറ്റ്; ഷേക്സ്പിയറിന്റെ പ്രിയപുത്രന്‍. ഹാംലറ്റും ഹാം നറ്റും ഒരേ പേരുകള്‍ തന്നെയായിരുന്നു 16-ാം നൂറ്റാണ്ടില്‍. മകന്‍ മരിച്ചു വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മാസ്റ്റര്‍പീസ് എഴുതിയപ്പോള്‍ ഒട്ടും മടിക്കാതെ വിശ്വസാഹിത്യകാരന്‍ ആ കൃതിക്കു നല്‍കിയത് സ്വന്തം മകന്റെ പേര്. ഹാംലറ്റ് എന്ന ഹാംനറ്റ്. ലോകം മുഴുവന്‍ അറിയപ്പെട്ട അച്ഛന്‍ മരിച്ചിട്ടും ഇന്നും മകന്‍ ജീവിച്ചിരിക്കുന്നു; പുസ്തകത്തിലൂടെ. 

 

ഒരച്ഛന് മകനു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം ! അനശ്വരത അടഞ്ഞ അധ്യായമല്ലെന്നും സാധ്യതയും സാക്ഷാത്കാരവുമാണെന്നും തെളിയിച്ച സാഹിത്യകൃതി. 

 

ഷേക്സ്പിയറും ഹാലറ്റും നാലു നൂറ്റാണ്ടുകള്‍ക്കുശേഷവും ഗവേഷണ വിഷയമാണെങ്കില്‍ അധികമാര്‍ക്കും അറിയില്ല ഹാംനറ്റിനെക്കുറിച്ച്. അവര്‍ക്കുവേണ്ടിയാണ് ഇംഗ്ലിഷ് എഴുത്തുകാരി മാഗി ഒ ഫാറലിന്റെ നോവല്‍ ഹാനറ്റ്. ഈ വര്‍ഷത്തെ സ്ത്രീകളുടെ രചനകളില്‍ ഏറ്റവും മികച്ചതിനുള്ള പുരസ്കാരം നേടിയ ഹാനറ്റ് വാട്ടര്‍സ്റ്റോണ്‍സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്കാരവും നേടി ബെസ്റ്റ് സെല്ലര്‍ പട്ടികയിലേക്കു കുതിക്കുന്നു. ഈ വര്‍ഷത്തെ മാത്രമല്ല നൂറ്റാണ്ടിന്റെ തന്നെ നോവലാണു ഹാംനറ്റ് എന്നാണു നിരൂപക പ്രശംസ. 

 

സാഹിത്യ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് മാഗി ഒ ഫാറലിനെ ഷേക്സ്പിയര്‍ ചിന്താക്കുഴപ്പത്തിലാക്കിയത്. അദ്ദേഹത്തിന്റെ വ്യക്തിജീവിതം. 18-ാം വയസ്സില്‍ 26 വയസ്സുകാരിയുമായുള്ള വിവാഹം. ഏകമന്റെ വിയോഗം. പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച. ലോകം കീഴടക്കിയ നാടകങ്ങള്‍. ഹാംനറ്റ് ഒഴിയാബാധയായതോടെ മാഗി അതൊരു നോവലായി എഴുതിത്തുടങ്ങി. എന്നാല്‍ ഷേക്സ്പിയറിനെ നായകനാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഷേക്സ്പിയറിനെ ഒരു കഥാപാത്രമാക്കാന്‍ മടിച്ചുനിന്നു അവരുടെ തൂലിക. അങ്ങനെ ആഗ്നസിനെ കഥാപാത്രമാക്കി. ഷേക്സ്പിയറിന്റെ ഭാര്യ ആനി ഹാത്‍വെയാണ് ആഗ്നസ്. 

 

ഷേക്സ്പിയര്‍ക്ക് ആരാധകര്‍ക്ക് ഇപ്പോഴും അജ്ഞാതമായ ഒട്ടേറെ വിവരങ്ങളുമുണ്ട് മാഗിയുടെ പുതിയ നോവലില്‍. 26 വയസ്സുള്ള  സമ്പന്നമായ കുടുംബത്തിലായിരുന്നു ആനി ഹാത്‍വെയുടെ ജനനം. 18 വയസ്സുള്ള, ജോലിയില്ലാത്ത, ഭാവിയെക്കുറിച്ചു പ്രതീക്ഷിയില്ലാത്ത ഒരു യുവാവിനെ വിവാഹം കഴിക്കേണ്ട അവസ്ഥയിലായിരുന്നില്ല അന്ന് സുന്ദരിയായ അനി ഹാത്‍വെ. എന്നിട്ടും ആ വിവാഹം സംഭവിച്ചു. വിവാഹം നിലനിന്നെങ്കിലും ഊഷ്മളമായ ബന്ധമായിരുന്നില്ല അവരുടേത്. കവിയുടെ ജന്‍സ്ഥലമായ സ്ട്രാറ്റ്ഫഡിലുള്‍പ്പെടെ മാസങ്ങളോളം ജീവിച്ചും ഗവേഷണം നടത്തിയുമാണ് മാഗി ഹാംനറ്റ് എഴുതിയത്. എന്നാല്‍ ചരിത്ര പുസ്തകം എന്ന നിലയിലല്ല, ആത്മാവിനെ കീറിമുറിക്കുന്ന ദുരന്തകാവ്യം എന്ന നിലയിലാണ് ഹാംനറ്റ് ഇപ്പോള്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. നാളെയുടെ നോവല്‍ എന്ന വിശേഷിപ്പിക്കപ്പെടുന്നത്. 

 

ഹാംനറ്റിന് ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തി ഒരുപക്ഷേ കാലം കാത്തുവച്ച കാവ്യനീതി തന്നെയായിരിക്കാം. ഹാംലറ്റ് എന്ന പേരിലല്ല ഹാംനറ്റ് എന്ന യഥാര്‍ഥ പേരില്‍ത്തന്നെ ഷേക്സ്പിയറിന്റെ പ്രിയമകന്‍ അറിയപ്പെട്ടണം എന്ന കാവ്യനീതി. 

 

ഹാംലറ്റും ഹാംനറ്റും തമ്മിലുള്ളത് ഒരക്ഷരത്തിന്റെ വ്യത്യാസമല്ല; ഒരു ജീവിതം കൊണ്ടു തുഴഞ്ഞ സങ്കടക്കടലിന്റെ തീരാവ്യഥ. 

 

ടുബി ഓര്‍ നോട് ടുബി...  എന്നാലോചിച്ച് ഇനിയും സമയം കളയേണ്ടതില്ല. പിതാവിനെ ജീവനേക്കാള്‍ സ്നേഹിക്കുന്ന മകന്റെ കഥ തന്നെയാണു ഹാംലറ്റ്. പിതാവിനുവേണ്ടി പ്രതികാരം ചെയ്യാന്‍ മടിയില്ലാത്ത മകന്റെ കഥ. മകനെ മനസ്സില്‍ പ്രതിഷ്ഠിച്ചു ജീവിക്കുന്ന ഓരോ പിതാവിന്റെയും ജീവിതം. ഹാംലറ്റിന്റെ അല്ല ഹാംനറ്റിന്റെ കഥ. ഹാംനറ്റിന്റെ പിതാവ് ഷേക്സ്പിയറിന്റെ സ്വന്തം കഥ. 

 

English Summary: Hamnet Novel by Maggie O Farrell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com