ADVERTISEMENT

സ്പാർട്ടയിലെ മിലിറ്ററി ലീഡറായിരുന്ന ലിസാൻഡർ പേർഷ്യയിലെ രാജകുമാരനായിരുന്ന സൈറസിനെ കാണാനെത്തി. കുമാരൻ തന്റെ അതിഥിയെ കൊട്ടാരവും പൂന്തോട്ടവും കൃഷിത്തോട്ടവുമെല്ലാം കാണിച്ചു. ലിസാൻഡർ ചോദിച്ചു: ഈ കൃഷിസ്ഥലവും പൂന്തോട്ടവും പരിപാലിക്കുന്നതാരാണ്? കുമാരൻ പറഞ്ഞു: ഞാൻ തന്നെ. ലിസാൻഡർ ചോദിച്ചു: രാജ്യം ഭരിക്കുന്ന ആൾ എന്തിനാണു കൃഷി ചെയ്യാനിറങ്ങുന്നത്? രാജകുമാരൻ ചിരിച്ചുകൊണ്ടു പറഞ്ഞു: അധ്വാനമെന്തെന്ന് അറിയാത്തവർ ഭരണാധികാരികളല്ല.

അടിസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കാത്തവർക്കൊന്നും അധികകാലം നിലനിൽപുണ്ടാവില്ല; രാജാവായാലും പ്രജയായാലും. അത്യാവശ്യങ്ങളും ആഡംബരങ്ങളും തമ്മിൽ തിരിച്ചറിയുകയാണു പ്രധാനം. അനാവശ്യമായവയെ താലോലിക്കുന്നു എന്നതിനെക്കാൾ അത്യാവശ്യമായവയെ അവഗണിക്കുന്നു എന്നതാണ് മനഃസ്ഥിതിയുടെയും പരിസ്ഥിതിയുടെയും തകർച്ചയ്ക്കു കാരണം. അധികാരത്തിനു വേണ്ടിയും അധിക നേട്ടത്തിനു വേണ്ടിയും അധ്വാനിക്കുന്നവരെപ്പോലെയല്ല ആവാസവ്യവസ്ഥയ്ക്കു വേണ്ടി അധ്വാനിക്കുന്നവർ. അധികാരമില്ലെങ്കിലും ജീവിക്കാനാകും; ആഹാരമില്ലെങ്കിൽ ശ്വാസംപോലും ഉണ്ടാകില്ല.

എല്ലാവർക്കും വേണ്ടതെന്തോ അതിനാണു മുൻഗണന നൽകേണ്ടത്, അവയാണു നിലനിർത്തേണ്ടത്. അതിജീവന വെല്ലുവിളികൾ നേരിടുന്ന ഓരോ മേഖലയും ഏതെങ്കിലുമൊക്കെ അധികാരികളുടെ അസംബന്ധ പ്രവൃത്തികൾക്ക് ഇരയായതാണ്.

സമ്പത്തിന്റെ ഇടവഴികളെക്കാൾ അധ്വാനത്തിന്റെ നേർവഴികളാകണം അധികാരത്തിലേക്കുള്ള പാത. അടിസ്ഥാന ആവശ്യങ്ങൾ സ്വയം നിറവേറ്റുന്ന അധികാരികൾക്ക് ആളുകളുടെ അവസ്ഥ മനസ്സിലാക്കാനും ആവശ്യങ്ങൾ തിരിച്ചറിയാനും കഴിയും. അധികാരം വരുമാനമാർഗമാക്കുന്നവർക്കും അധ്വാനം വരുമാനമാർഗമാക്കുന്നവർക്കും തമ്മിൽ ജീവിതത്തോടുള്ള മനോഭാവത്തിൽപോലും വ്യത്യാസമുണ്ടാകും. വിയർപ്പിന്റെ വിലയറിയാവുന്ന അധികാരികൾ ഇല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ വിഷമിക്കുക തന്നെ ചെയ്യും.

English Summary : Subhadinam : What happens when people are not recognized?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com