ADVERTISEMENT

മിനി പി.സിയുടെ കഥകൾ വായിച്ചു കഴിയുമ്പോൾ ഹമ്പടി ജിഞ്ചിലാക്കടി മനമേ എന്നോ എന്തിന്നോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി എന്നോ മറ്റോ തോന്നിയാൽ വിസ്മയിക്കേണ്ട. അത്രമാത്രം അതിശയപ്പെടുത്തുന്ന, രസിപ്പിക്കുന്ന അക്ഷരക്കൂട്ടിന്റെ രഹസ്യമാണ് ഈ എഴുത്തുകാരിയുടെ കയ്യിലിരിപ്പ്. നിശിതമായ നർമമാണ് എഴുത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൊള്ളേണ്ടിടത്തു കൊള്ളിക്കാനും ചോരയൊഴുക്കാനും കൂടി ശേഷിയുള്ള മൂർച്ചയേറിയ ഹാസ്യം. കരിങ്കോഴിയും മെരുകും തേനീച്ചയും പട്ടുനൂൽപ്പുഴുവും കടുവയുമെല്ലാം മനുഷ്യരോടൊന്നിച്ചു ജീവിക്കുന്ന, മുളകും ചക്കയുമെല്ലാം പ്രധാനകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന, മണ്ണും കാടും കൃഷിയും കുടിയേറ്റവുമെല്ലാം നിറഞ്ഞ മിനിയുടെ കഥാചേരുവ വായനക്കാരനെ നിമിഷാർധത്തിൽ വന്യമൊയൊരു അനുഭൂതിയിലെത്തിക്കും. താൻപോരിമയുള്ള, ചിന്തിക്കുന്ന, ചിരിക്കുന്ന സ്ത്രീകളും അവരോടൊപ്പം സ്നേഹിച്ചു ജീവിക്കുന്ന വ്യക്തിത്വമുള്ള പുരുഷൻമാരും അടങ്ങിയ സ്വത്വബോധമുള്ള മനുഷ്യരാണു കഥാപാത്രങ്ങളിലേറെയും. 

 

വായിച്ച് വായിച്ച്...

എഴുത്തുമായി ബന്ധമുള്ള ഒരു ജീവിതപരിസരമായിരുന്നില്ല മിനിയുടേത്. പക്ഷേ, പിതാവ് നല്ലൊരു വായനക്കാരനായിരുന്നു. ബാലസാഹിത്യമെന്നോ കുറ്റാന്വേഷണ സാഹിത്യമെന്നോ ഗൗരവ വായനയെന്നോ തരംതിരിവില്ലാതെ പുസ്തകങ്ങളും ആനുകാലികങ്ങളും വീട്ടിൽ വാങ്ങി വായിക്കുന്ന ശീലമുള്ള, വായനയെ ഗൗരവമായി കണ്ടിരുന്ന ഒരാൾ. ചെറുപ്പത്തിലെ ഈ വായനാപരിസരം മിനിയുടെ അക്ഷരലോകത്തെ വളർത്തി വലുതാക്കി. അതു പിന്നീടു പതിയെ എഴുത്തിലേക്കു വഴിനടത്തി. പെരുമ്പാവൂർ പാലക്കാപ്പള്ളിൽ പരേതനായ ചാക്കോയുടെയും തങ്കമ്മയുടെയും മകളാണു മിനി പി.സി. ഭർത്താവ് ബിജു പോളിന് ഫാർമസ്യൂട്ടിക്കൽ ബിസിനസ്. മിനിയും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു. രണ്ടു കുട്ടികൾ.

 

mini-book

ആത്മവിശ്വാസം പകർന്ന മഞ്ഞക്കുതിര

‘‘ഞാൻ ഗൗരവമായി എഴുത്തിലേക്ക് എത്തിയത് 2013ലാണ്. ബ്ലോഗിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും എഴുതിത്തുടങ്ങി. 2014 ആയപ്പോഴേക്കും കഥകൾ വാരികകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. അതിൽ ‘മഞ്ഞക്കുതിര’ എന്ന കഥ വളരെ ശ്രദ്ധിക്കപ്പെട്ടു. സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തിൽ മഞ്ഞക്കുതിരയെപ്പറ്റി നിരൂപണം വന്നതോടെ ആത്മവിശ്വാസം കൂടി. ആ കഥയ്‌ക്ക്  കമല സുരയ്യ സ്‌പെഷൽ ജൂറി പുരസ്‌കാരം കിട്ടി’’.

 

സ്വയം പ്രോത്സാഹനം മാത്രം

‘‘എഴുത്തിൽ സത്യത്തിൽ ആരും പ്രോത്സാഹിപ്പിക്കാൻ ഉണ്ടായിട്ടില്ല. ആരോഗ്യകരമല്ലാത്ത

വിമർശനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടുതാനും. അക്കാലങ്ങളിൽ അതൊക്കെ ഒത്തിരി വേദന ഉണ്ടാക്കിയെങ്കിലും എഴുതാനുള്ള ഉൾപ്രേരണ ശക്തമായിരുന്നതുകൊണ്ട് അതിനെയൊക്കെ  അവഗണിച്ച് ആത്മവിശ്വാസത്തോടെയും ആത്മാർത്ഥതയോടെയും എഴുത്തു തുടർന്നു. എഴുത്തിൽ നിലനിൽക്കാൻ വേണ്ടി സ്വയം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അപ്പയ്ക്ക് എന്റെ എഴുത്തിനോട് താൽപ്പര്യമുണ്ടായിരുന്നു എന്നു ഞാനറിഞ്ഞത് അദ്ദേഹം സുഖമില്ലാതെ കിടപ്പിലായപ്പോൾ മാത്രമാണ്. അപ്പ മരിക്കും വരെ കഥകൾ പ്രസിദ്ധീകരിച്ചു വരുമ്പോൾത്തന്നെ അമ്മ വാരികകൾ വാങ്ങി വായിച്ചു കേൾപ്പിക്കുമായിരുന്നു. അങ്ങനെ വായിച്ചു കേൾപ്പിച്ചു കേൾപ്പിച്ചാണ് അമ്മയ്ക്കു വായനയോട് താൽപ്പര്യം ഉണ്ടായത്’’. 

book

 

അപ്പയുടെ ബസിലെ വായന

എവിടെ പോകുമ്പോഴും അപ്പയുടെ കയ്യിൽ പുസ്തകങ്ങൾ  കാണുമായിരുന്നെന്ന് മിനി ഓർക്കുന്നു. വായനയ്ക്കു വേണ്ടി അദ്ദേഹത്തിനു കൃത്യമായ ഒരു സമയമോ സ്ഥലമോ  വേണ്ടിയിരുന്നില്ല. ഏതു തിരക്കിനിടയിലും ബഹളത്തിനിടയിലും വായിക്കുമായിരുന്നു. ‘‘ഒരിക്കൽ ഞാനും അപ്പയും കൂടി ബസ്സിൽ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുണ്ട് ബസ്സിൽ. ശരിക്കും നിൽക്കാൻ പോലും സ്ഥലമില്ല. അപ്പ എന്നെ ഒരു സീറ്റിന്റെ ഇടയിലേക്ക് നിർത്തിയിട്ട് തിങ്ങിഞെരുങ്ങി നിൽക്കുകയാണ്. ഞാൻ ഇടയ്ക്കു നോക്കുമ്പോഴുണ്ട് ആ തിരക്കിലും അപ്പ പുസ്തകം വായിക്കുന്നു. വണ്ടിക്കകത്തെ ചൂടും ശബ്ദവും പോരാഞ്ഞു രണ്ടു മദ്യപന്മാർ വഴക്കുകൂടുന്നുമുണ്ട്. ഇതൊന്നും അപ്പയെ ബാധിക്കുന്നതേയില്ല. വണ്ടിയുടെ കുലുക്കത്തിനൊപ്പിച്ച്, ആളുകളുടെ ഉന്തിനും തള്ളിനും ഒപ്പിച്ച് വായനയോടു വായനയാണ്. ആദ്യം അതു കണ്ടപ്പോൾ എനിക്കു നാണം തോന്നി. ചിലർ വട്ടാണോ എന്ന മട്ടിലും മറ്റു ചിലർ കൗതുകത്തോടെയും അപ്പയെ നോക്കുന്നത് എനിക്കു കാണാമായിരുന്നു. അങ്ങനെ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്’’. 

 

കഥ രൂപമെടുക്കുന്നതിങ്ങനെ

‘‘കുറേക്കാലമായി മൊബൈലിലാണ് എഴുതാറുള്ളത്. അതാണ്‌ എനിക്കേറ്റവും തൃപ്തി തരുന്നത്. അതിന്റെ ഒരു ഗുണം എന്താണെന്നു വച്ചാൽ ഉള്ളിലൊരു സ്പാർക്ക് ഉണ്ടായാലുടനെ  എവിടെയിരുന്നാണെങ്കിലും അതു പകർത്താനാവും. ആ സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇപ്പോൾ ലാപ്ടോപ്പിനു പകരം പൂർണ്ണമായും മൊബൈൽ തന്നെയാണ് ഉപയോഗിക്കുന്നത്. എഴുത്തിനു പ്രത്യേക സമയമൊന്നും നോക്കാറില്ല. മനസ്സിൽ എഴുത്തു വരുമ്പോൾ അതു കുറിച്ചിടുകയാണു പതിവ്. അതിനിടയ്ക്കു വരുന്ന ജോലികൾ അഡ്ജസ്റ്റ് ചെയ്യും. പിന്നീടുള്ള മിനുക്കുപണികളും മറ്റും സൗകര്യപ്രദമായ സമയത്താണ് ചെയ്യാറുള്ളത്. എഴുതിക്കഴിഞ്ഞ് സാവകാശമെടുത്ത് പലവട്ടം വായിച്ച് സ്വയം എഡിറ്റ് ചെയ്തു സംതൃപ്തയാവാറാണു പതിവ്. അതാണ് ആത്മവിശ്വാസം തരുന്നതും. ഒരു ആശയത്തെ ചുറ്റിപ്പറ്റി ഉള്ളിൽ നടക്കുന്ന നിരന്തര സംഘർഷങ്ങളുടെ ഫലമായിട്ടാണ് കഥകൾ രൂപമെടുക്കുന്നത്. ബോധപൂർവം കഥയാക്കിയെടുക്കാൻ ശ്രമിക്കാറില്ല, സംഭവിച്ചു പോകുന്നതാണ്’’.

 

അറുപതിലേറെ കഥകൾ

mini-book-1

ബ്ലോഗിലും സാമാന്തരങ്ങളിലും വന്നതു കൂടാതെ അറുപതിലേറെ കഥകൾ മിനിയുടേതായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ടാകും. കൂടാതെ രണ്ടു നോവല്ലകളും ഒരു നോവലും രണ്ടു കുട്ടികളുടെ നോവലുകളും.

എന്റെ കഥകൾ, മഞ്ഞക്കുതിര, ഒരു സ്വവർഗാനുരാഗിയോട് ചെയ്തു കൂടാത്തത്, ഫ്രഞ്ച് കിസ്സ് (കഥാസമാഹാരങ്ങൾ); കാന്തം (നോവൽ); കുട്യാസു അപ്പൂപ്പനും കുട്ടികളും, കുക്കുടു എലിയും തേനൂറന്മാരും (ബാലസാഹിത്യം) എന്നിവയാണു പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. 

 

പ്രിയ കഥാപാത്രങ്ങൾ

‘‘എന്റെ എല്ലാ കഥാപാത്രങ്ങളോടും അടുപ്പമുണ്ട്. ഓരോ കഥാപാത്രങ്ങളും ഉരുവമെടുത്തതിനു ശേഷമുള്ള ഞങ്ങളുടെ കൊടുക്കൽ വാങ്ങലുകളും അവരെന്നിലൂടെയും ഞാൻ അവരിലൂടെയും നടത്തുന്ന നിരന്തര സഞ്ചാരങ്ങളും കൊണ്ടു ഞങ്ങൾ പരസ്പരം പ്രിയപ്പെട്ടവരാകുന്നു. മഞ്ഞക്കുതിരയിലെ ചിലങ്ക, വീണാധരിയിലെ വീണാധരി, സുന്ദരിമുളകിലെ ബാബ്‌ലി, ഫ്രഞ്ച് കിസ്സിലെ ബീനകൊച്ചേച്ചി, അഹിംസ സിൽക്കിലെ അലോഷിയും എസ്ഥേറും എന്തിന്നോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി എന്ന കഥയിലെ കോരവല്ലിപ്പാപ്പൻ, സഖാവിലെ ചിന്നക്കുട്ടി, കനകദുർഗയിലെ മേരി ഇവരെല്ലാം തന്നെ പ്രിയപ്പെട്ടവരാണ്’’.

 

കഥയിലെ പെരുമ്പാവൂർ പെരുമ

മിനിയുടെ കഥകൾ നടക്കുന്നത് ഏറെയും സ്വന്തം ജീവിത പരിസരങ്ങളിൽത്തന്നെയാണ്. പെരുമ്പാവൂരിലെ  ഭാഷയും സംസ്ക്കാരവും  ജീവിതരീതികളും ആ എഴുത്തിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഹമ്പടി ജിഞ്ചിലാക്കടി മനമേ, ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ അടക്കമുള്ള പല കഥകളിലും ആ നാടും വീടും തോടുകളും ഒക്കെയുണ്ട്. പെരുമ്പാവൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള, വനമേഖലയോടു തൊട്ടുകിടക്കുന്ന വേങ്ങൂരാണു മിനി ഇപ്പോൾ താമസിക്കുന്നത്. എറണാകുളം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെരിയാർ നദിയിലെ പാണിയേലി പോര് വേങ്ങൂരാണ്. ‘‘എന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘ഫ്രഞ്ച് കിസ്സി’ലെ കഥകളിൽ പലതും ഈ പരിസരങ്ങളിൽ ഉള്ളവയാണ്. ഉദാഹരണത്തിന് ‘ഹമ്പടി ജിഞ്ചിലാക്കടി മനമേ’ എന്ന കഥ. ഈ കഥ മുഴുവനും നടക്കുന്നത്  വേങ്ങൂർ എന്ന എന്റെ ഗ്രാമത്തിലാണ്. ചക്ക കേരളത്തിന്റെ സംസ്ഥാന ഫലം ആവുന്നതിനും എത്രയോ കാലം മുമ്പു തൊട്ട് ഇവിടുള്ളവരുടെ പ്രിയ ഭക്ഷണം ചക്കയാണ്. ചക്കയുടെ കാലമായാൽ ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ബിരിയാണി തുടങ്ങി ചക്ക കൊണ്ട് എന്തൊക്കെ ഉണ്ടാക്കാമോ അതെല്ലാം ഒരു മടുപ്പും കൂടാതെ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യും. ഇതുപോലെ ചക്കയെ സ്നേഹിക്കുകയും ചക്കയെ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്ന മറ്റു ദേശക്കാർ ഉണ്ടാവില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്റെ നാട്ടിൽ ഏറെയും സാധാരണക്കാരായ മനുഷ്യരാണ്. അതിൽ  കർഷകരും അധ്യാപകരുമാണ്  കൂടുതലും. കഥയിലെ യോനാക്കുഞ്ഞുമ്മ ഒരു റിട്ടയേഡ് ടീച്ചറാണ്. കഥാനായികയായ ഷൈബിയുടെ അമ്മയായ ലീന ഭർത്താവുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയിൽ നിന്നും അതേത്തുടർന്നു നടക്കാനിരുന്ന കൂട്ട ആത്മഹത്യയിൽ നിന്നും കുടുംബത്തെ കരകയറ്റുന്നതും ജീവിതത്തിൽ വിജയം വരിക്കുന്നതും ചക്കയിലൂടെയാണ്. ഷൈബി അവൾ പഠിക്കുന്ന സിവിൽ സർവീസ് അക്കാദമിയിൽ വരെ മമ്മിയുണ്ടാക്കുന്ന ചക്കകൊണ്ടുള്ള ഉൽപ്പന്നങ്ങൾ കൊണ്ടു വിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ‘ജാക്ക് ഗേൾ’ എന്നുള്ള  കളിപ്പേരും അവൾക്കുണ്ട്. അവൾക്കു പക്ഷേ, അതിലൊരു അപമാനവും ഇല്ല. ചക്കയോട് ഇത്രയധികം ആത്മബന്ധം ഉണ്ടാവാനുള്ള കാരണത്തെക്കുറിച്ചു നഗരവാസിയായ കാമുകൻ കുഞ്ഞൂഞ്ഞിനോട് അവൾ ഒരു കഥ പറയുന്നുണ്ട്. വേങ്ങൂരുള്ള തന്റെ അമ്മവീടിന്റെ പറമ്പിൽ ഭൂമിയിലെ ആദ്യത്തെ പ്ലാവ് ഉണ്ടായതെങ്ങനെയാണെന്നാണ് ആ കഥയിൽ അവൾ പറയുന്നത്. പള്ളി, കടവുങ്ങത്തോട് തുടങ്ങി ‘ഹമ്പടി ജിഞ്ചിലാക്കടി മനമേ’ എന്ന കഥയിലെ പല കാര്യങ്ങളും ഇവിടെത്തന്നെയുള്ളതാണ്. കൂടാതെ ഫ്രഞ്ച് കിസ്, സുന്ദരി മുളക്, സഖാവ്, അഹിംസ സിൽക്ക്, സിവെറ്റ് കോഫി തുടങ്ങിയ കഥകളിൽ പലയിടത്തും ഈ നാടുണ്ട്.

 

വായനയിൽ മാധുരി വിജയ്

‘‘മാധുരി വിജയ് എഴുതിയ ‘ദ് ഫാർ ഫീൽഡ്’ ആണ് സമീപകാലത്ത് വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കൃതി. കാലങ്ങളായി കശ്‍മീരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിട്ടുള്ള ഒരു കൃതിയാണത്’’.

 

എഴുത്തിഷ്ടം ടോൾസ്റ്റോയിയും ബഷീറും

‘‘ഏറ്റവും ഇഷ്ടപ്പെട്ട ആളെയും പുസ്തകത്തെയും തിരഞ്ഞെടുക്കുക പ്രയാസമാണ്. ഒരുപാടുണ്ട്. ഓരോരുത്തർക്കും എഴുത്തിൽ അവരുടേതായ പ്രത്യേകതകളുണ്ട്. കാരൂർ, ഒ. വി. വിജയൻ, എംടി, സക്കറിയ, എൻ.എസ്. മാധവൻ...അങ്ങനെ ആ നിര നീളും. എങ്കിലും  ലോകസാഹിത്യത്തിൽ ടോൾസ്റ്റോയിയും മലയാളത്തിൽ വൈക്കം മുഹമ്മദ്‌ ബഷീറും മുൻനിരയിലുണ്ട്’’. 

 

മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്

അമ്മ. അതിൽ എല്ലാമുണ്ട്.

 

ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്

‘‘ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. ഇടയ്ക്ക് ഇടിച്ചു കയറി വരുന്ന കഥകളെ മാറ്റി നിർത്തുന്നുമില്ല. ഉടനെ ഒരു കഥാസമാഹാരവും നോവലും പ്രസിദ്ധീകരിക്കും. രണ്ടു മൂന്നു കഥകൾ അവലംബിച്ചുള്ള സിനിമകളുടെ ചർച്ചകളും ഗൗരവമായി നടക്കുന്നു’’. 

 

എഴുത്തിലെ സ്ത്രീ ജീവിതം 

‘‘സാമൂഹികമായും സാംസ്‌ക്കാരികമായും ഏറെ മുന്നോട്ടു പോയെന്ന് അഭിമാനിക്കുമ്പോഴും സാക്ഷര കേരളത്തിൽ സ്ത്രീകൾക്ക്‌ അർഹിക്കുന്ന തരത്തിൽ പരിഗണനയോ പ്രാതിനിധ്യമോ ലഭിക്കുന്നില്ലെന്നാണ്  എന്റെ കാഴ്ചപ്പാട്. എങ്കിലും ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്നു. എന്റെ രചനകളിലെ സ്ത്രീകൾ പ്രതികൂല സാഹചര്യങ്ങളിൽ ശക്തമായി പൊരുതി മുന്നേറുന്നവരാണ്. അവർ അവരിലെ അനന്തമായ സാധ്യതകളിൽ  വിശ്വസിക്കുന്നുണ്ട്. ഫ്രഞ്ച് കിസ്സിലെ ബീന കൊച്ചേച്ചിയെ പോലെ, സഖാവിലെ ചിന്നക്കുട്ടിയെ പോലെ, കനകദുർഗയിലെ മേരിയെപ്പോലെ ‘എടീ’യെന്നു വിളിക്കുന്നവനെ ‘എടാ’ എന്നു വിളിക്കാനും അനീതികളെ  ചോദ്യം ചെയ്യാനുമൊക്കെയുള്ള കെൽപ്പും തന്റേടവും അവർക്കുണ്ട്’’.

 

ആകുലപ്പെടുന്ന മനസ്സ്

 

മിനിയുടെ ഏറ്റവും പുതിയ കഥയായ ‘ദേശീയ മുരൾച്ച’ വായിക്കുമ്പോൾ പല സമകാലീന പ്രശ്നങ്ങളും വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞുവരും. ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യനും മൃഗങ്ങളുമൊക്കെ കടന്നുവരുന്ന കഥയിയുടെ അടിത്തട്ടിൽ പക്ഷേ, അതീവഗൗരവമേറിയ ഇന്ത്യൻ സാമൂഹികാവസ്ഥകളാണു മിനി ഇഴുകിച്ചേർത്തിട്ടുള്ളത്. നിരന്തരം ആകുലപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മനസ്സ് ആ കഥയിൽ വായിച്ചെടുക്കാനാകും. ‘‘ഇന്ത്യയിൽ പ്രതിദിനം എൺപത്തേഴോളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തു വിട്ടിട്ടുള്ള കണക്ക്. ഈ വാർത്ത കേട്ടാൽ ആശങ്കപ്പെടാത്ത സ്ത്രീ അല്ലെങ്കിൽ മനുഷ്യജീവികളുണ്ടാവുമോ? കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ നാലു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തൊരു രാജ്യമാണു നമ്മുടേത്. ഇത്തരമൊരു രാജ്യത്ത് ജീവിക്കുന്ന സാമൂഹികബോധമുള്ള ഒരു വ്യക്തി എന്ന നിലയിൽ ആകുലപ്പെടാതിരിക്കുന്നതെങ്ങനെയാണ്? സ്വാഭാവികമായും ആ ആകുലത എഴുത്തിലും പ്രതിഫലിക്കും’’.

 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Mini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com