സാഹിത്യം മുതല്‍ സെന്‍ ബുദ്ധിസം വരെ; സ്റ്റീവ് ജോബ്‌സിന്റെ പ്രിയപ്പെട്ട ചില പുസ്തകങ്ങള്‍

american-business-magnate-steve-jobs-profile-image
Steve Jobs. Photo Credit : Robert Galbraith / Reuters
SHARE

ഐഫോണ്‍ അടക്കം പല മികച്ച ഉപകരണങ്ങളും നിര്‍മിക്കുന്ന ആപ്പിള്‍ കമ്പനിയുടെ സഹ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലെ ശ്രദ്ധ പിടിച്ചുപറ്റിയ അധികം എക്‌സിക്യൂട്ടീവ് ഓഫിസര്‍മാര്‍ ലോകത്തുണ്ടാവില്ല. നിരവധി പേരുടെ ആരാധനാ പാത്രമാണ് ജോബ്‌സ്. കമ്പനിയുടെ നിഷ്ഠകളില്‍ പലതും ജോബ്‌സിൽനിന്നു പ്രചോദനംകൊണ്ടതാണ്. തികവുറ്റ പ്രോഡക്ടുകള്‍, മികവുറ്റ സോഫ്റ്റ്‌വെയര്‍, ഉപയോക്താവിന്റെ മനസറിഞ്ഞാലെന്നവണ്ണമുള്ള നിര്‍മാണത്തികവ് തുടങ്ങിയവയെല്ലാം ആപ്പിളിനെ വ്യത്യസ്തമായ കമ്പനിയായി നിലനിര്‍ത്തുന്നു. അദ്ദേഹത്തിന്റെ മനസ്സിലേക്ക് വെളിച്ചംവീശുന്ന പുസ്തകങ്ങളിലൊന്നാണ് വോള്‍ട്ടര്‍ ഐസാക്‌സണ്‍ എഴുതിയ സ്റ്റീവ് ജോബ്‌സ് എന്ന പുസ്തകം. ഈ പുസ്തകത്തില്‍ ജോബ്‌സിനിഷ്ടപ്പെട്ട ചില പുസ്തകങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്. അദ്ദേഹം നല്‍കിയ ഇന്റര്‍വ്യുകളിലും തന്നെ സ്വാധീനച്ച പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ജോബ്‌സ് സയന്‍സിന്റെയോ ടെക്‌നോളജിയുടെയോ വേലിക്കുള്ളില്‍ അടച്ചിട്ട ഒരു വ്യക്തിയല്ല എന്നതാണ് ഈ ലിസ്റ്റ് വെളിപ്പെടുത്തുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാഹിത്യം മുതല്‍ സെന്‍ ബുദ്ധിസം വരെ ആസ്വദിച്ചിരുന്നയാളായിരുന്നു അദ്ദേഹം എന്നു വെളിവാക്കുന്നതാണ് ഈ ലിസ്റ്റ്.

∙ മോബി ഡിക്

moby-dick-novel-by-herman-melville-cover

ഹെര്‍മന്‍ മെല്‍വില്‍ എഴുതിയ തിമിംഗലവേട്ടയെക്കുറിച്ചുള്ള സാഹിത്യ കൃതിയാണ് മോബി ഡിക്. ഇത് ജോബ്‌സിന് ഇഷ്ടപ്പെട്ട കൃതികളിലൊന്നാണ്. മോബി ഡിക് എന്ന തിമിംഗലത്തെ പിടിക്കാന്‍ പോകുന്ന കപ്പലിലെ കപ്പിത്താനാണ് ക്യാപ്റ്റന്‍ അഹാബ്. ലോകസാഹിത്യത്തിലെ ഏറ്റവും നിര്‍ബന്ധബുദ്ധിക്കാരനായ കഥാപാത്രങ്ങളിലൊരാളാണ് അഹാബ്. ക്യാപ്റ്റന്‍ അഹാബ് കപ്പലിനെ നയിച്ച രീതിക്ക് ആപ്പിളിനെ ജോബ്‌സ് നയിച്ച രീതിയുമായി ബന്ധമുണ്ടെന്നാണ് ഐസാക്‌സണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നതും. ജോബ്‌സ് ക്യാപ്റ്റന്‍ അഹാബിനാല്‍ ആവേശം കൊണ്ടിരിക്കാം.

∙ കിങ് ലിയര്‍

king-lear-play-by-william-shakespeare-cover

ജോബ്‌സിന്റെ മറ്റൊരു പ്രിയ പുസ്തകം വില്യം ഷെയ്ക്‌സ്പീയറിന്റെ ദുരന്തപര്യവസായിയായ നാടകം കിങ് ലിയര്‍ ആണ്. ഐസാക്‌സണിന്റെ പുസ്തകത്തില്‍ പറയുന്നത്, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ ജോബ്‌സ് സയന്‍സിനും ടെക്‌നോളജിക്കും പുറത്തുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയെന്നാണ്. അവസാന സ്‌കൂള്‍ വര്‍ഷങ്ങളില്‍ ഷെയ്ക്‌സ്പീയറുടെ പുസ്തകങ്ങളും ഗ്രീക്ക തത്വചിന്തകനായ പ്ലേറ്റോയുടെ പുസ്തകങ്ങളും വായിക്കാനും ധാരാളം സംഗീതം കേള്‍ക്കാനും തുടങ്ങിയെന്നും ‌തനിക്ക് കിങ് ലിയര്‍ വളരെ ഇഷ്ടപ്പെട്ട നാടകമായിരുന്നു എന്നും ജോബ്സ് പറയുന്നു. ക്യാപ്റ്റന്‍ അഹാബിനെപ്പോലെതന്നെ കടുംപിടുത്തക്കാരനായ കഥാപാത്രമായിരുന്നു ലിയര്‍ മഹാരാജാവും.

∙ ഡിലന്‍ തോമസിന്റെ കവിതകൾ

welsh-poet-dylan-thomas

ഹൗ ടു തിങ്ക് ലൈക് സ്റ്റീവ് ജോബ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവായ ഡാനിയല്‍ സ്മിത് പറയുന്നത് ജോബ്‌സിന്റെ പ്രിയ പുസ്തകങ്ങളിലൊന്ന് ആംഗല കവി ഡിലന്‍ തോമസിന്റെ കവിതാ സമാഹാരമായിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡിലന്‍ തോമസ് കവിത, 'ഡു നോട്ട് ഗോ ജന്റില്‍ ഇന്റു ദാറ്റ് ഗുഡ് നൈറ്റ്' ആണത്രേ. തന്റെ അച്ഛനെ കവര്‍ന്നെടുക്കാന്‍ വന്ന മരണത്തോടുള്ള അമര്‍ഷമാണ് കവി ഇതില്‍ പ്രകടിപ്പിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മരണത്തെ ചെറുക്കാവുന്നത്ര ചെറുക്കണം. കവിതയുടെ പേരില്‍ കാണുന്ന 'ഗുഡ് നൈറ്റ്' മരണത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. നിത്യനിദ്രയിലേക്ക് കടക്കുകയാണെങ്കിലും, ചെറുത്തുനില്‍പ്പില്ലാതെ അതിനെ വരിക്കരുതെന്നാണ് കവി ആഹ്വാനം ചെയ്യുന്നത്.

∙ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി

yogi-kathaamrt-ek-yogi-ki-atmakatha-book-by-paramahansa-yogananda-cover

ജോബ്‌സ് ഹൈസ്‌കൂളിലായിരിക്കുമ്പോഴാണ് ഓട്ടോബയോഗ്രഫി ഓഫ് എ യോഗി ആദ്യം വായിക്കുന്നത്. എന്നാല്‍, തന്റെ ഇന്ത്യാ വാസത്തിനിടയില്‍ നൈനിറ്റാളിലെ ഒരു ചെറുഗ്രാമത്തില്‍ വച്ച് അദ്ദേഹം പരമഹംസ് യോഗാനന്ദ എഴുതിയ ഈ പുസ്തകം വീണ്ടും വായിക്കാനായി. ജോബ്‌സിനു മുൻപ് അവിടെ താമസിച്ചിരുന്നയാള്‍ മറന്നു വച്ചതായിരുന്നു ഈ കോപ്പി. താനത് പല തവണ വായിച്ചെന്നും  തനിക്കപ്പോള്‍ അധികമൊന്നും ചെയ്യാനില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

∙ സെന്‍ മൈന്‍ഡ്, ബിഗിനേഴ്‌സ് മൈന്‍ഡ്

zen-mind-beginner-s-mind-book-by-shunryu-suzuki-cover

ജോബ്‌സിന്റെ ആത്മീയ യാത്രയില്‍ സ്വാധീനിച്ച മറ്റൊരു പുസ്തകമാണ് സെന്‍ മൈന്‍ഡ്, ബിഗിനേഴ്‌സ് മൈന്‍ഡ്. ഷുണ്‍റിയു സുസുകി എഴുതിയ ഈ പുസ്തകം തന്റെ ജീവിതത്തെ കാര്യമായി ബാധിച്ചുവെന്നാണ് ജോബ്‌സ് പറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് തനിക്ക് ജപ്പാനിലെ എയ്‌ഹെയ്-ജി സന്യാസ മഠത്തില്‍ പോയി താമസിച്ചാലോ എന്നു പോലും തോന്നിപ്പോയെന്നും എന്നാല്‍ തന്റെ ആത്മീയ ഗുരുവാണ് തന്നെ കലിഫോര്‍ണിയയില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിച്ചതെന്നും ജോബ്‌സ് പറയുന്നു.

∙ ഡയറ്റ് ഫോര്‍ എ സ്‌മോള്‍ പ്ലാനറ്റ്

diet-for-a-small-planet-book-by-frances-moore-lappe-cover

ഫ്രാന്‍സസ് മോര്‍ ലാപ് എഴുതിയ ഡയറ്റ് ഫോര്‍ എ സ്‌മോള്‍ പ്ലാനറ്റ് എന്ന പുസ്തകമാണ് തന്നെ വെജിറ്റേറിയനാകുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവാനാക്കിയതെന്ന് ജോബ്‌സ് പറഞ്ഞിട്ടുണ്ട്. മാംസാഹാരം കുറയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച പുസ്തകമാണത്.

∙ മ്യൂകസ്‌ലെസ് ഡയറ്റ് ഹീലിങ് സിസ്റ്റം

prof-arnold-ehret-s-mucusless-diet-healing-system-book-by-arnold-ehret

ജര്‍മന്‍ ഡയറ്റീഷ്യനായ ആര്‍ണള്‍ഡ് എഹ്രറ്റ് എഴുതിയ മ്യൂകസ്‌ലെസ് ഡയറ്റ് ഹീലിങ് സിസ്റ്റം ആണ് അദ്ദേഹത്തിന്റെ രുചിഭേദങ്ങളെ സ്വാധീനിച്ച മറ്റൊരു പുസ്തകം. ആര്‍ണള്‍ഡ് 20-ാം നൂറ്റാണ്ടിലെ പ്രശസ്ത ഡയറ്റീഷ്യന്മാരില്‍ ഒരാളാണ്.

∙ ദി ഇനവേറ്റേഴ്‌സ് ഡിലമ

the-innovator-s-dilemma-book-by-clayton-christensen-cover

ക്ലേറ്റണ്‍ എം ക്‌സിറ്റെന്‍സെന്‍ എഴുതിയ ദി ഇനവേറ്റേഴ്‌സ് ഡിലമയാണ് ക്ലൗഡ് കംപ്യൂട്ടിങ്ങിനെക്കുറിച്ചുള്ള ജോബ്‌സിന്റെ ധാരണകളെ സ്വാധീനിച്ച പുസ്തകം.

English Summary : Books that inspired Apple cofounder Steve Jobs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;