ADVERTISEMENT

ഗുസ്തിമത്സരത്തിൽ സ്ഥിരമായി പരാജയപ്പെടുന്ന യുവാവ് തന്റെ ഗുരുവിന്റെയടുത്തു പരിഭവവുമായി എത്തി. ഗുരു ചോദിച്ചു: നീ കടൽ കണ്ടിട്ടില്ലേ? യുവാവ് ക്ഷുഭിതനായി: എന്തിനാണു കടലിനെക്കുറിച്ചു ചോദിക്കുന്നത്; ഞാൻ പലതവണ കണ്ടിട്ടുണ്ട്. ഗുരു പറഞ്ഞു: നീ കണ്ടിട്ടില്ല. അതുകൊണ്ട് എന്റെ കൂടെ വരിക. കടൽത്തീരത്തെത്തിയ അവർ തിരകൾ നോക്കിയിരുന്നു. ഒരു തിര മരിക്കുമ്പോൾ അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഒരായിരം തിരകൾ ഗുരു കാണിച്ചു കൊടുത്തു. പിന്നീടൊരിക്കലും യുവാവിന്റെ മനസ്സു തളർന്നിട്ടില്ല.

മനസ്സു തകരുമ്പോഴാണ് മറ്റെല്ലാം നിലംപതിക്കുന്നത്. തോറ്റ ഇടങ്ങളല്ല ആരുടെയും അന്ത്യം കുറിച്ചിട്ടുള്ളത്; അവിടേക്കു വീണ്ടും വരാനും അതേ കളിയിൽ പങ്കെടുക്കാനും അവിടെനിന്നു തന്നെ ജയിച്ചുകയറാനുമുള്ള ചങ്കൂറ്റമില്ലായ്മയാണ്. ഭാഗ്യഭൂമിയെന്നും ദൗർഭാഗ്യ ഭൂമിയെന്നും അങ്കക്കളരികളെ വിശേഷിപ്പിക്കുന്നതു തന്നെ പ്രവർത്തനരംഗങ്ങളോടുള്ള അവഹേളനമാണ്. മണ്ണിന് ആരോടും പക്ഷപാതമില്ല. ഒരേ മണ്ണിൽ വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. ചിലർ ആദ്യ പരാജയത്തിൽത്തന്നെ അവസാനിക്കും. ചിലർ എത്ര പരാജയപ്പെട്ടാലും അതേ മണ്ണിൽ നിന്നുതന്നെ ഉയിർത്തെഴുന്നേൽക്കും. ആദ്യ തോൽവി അപരിചിതത്വം കൊണ്ടാകാം. പിന്നീടുള്ള തോൽവി അമിത ആത്മവിശ്വാസംകൊണ്ടോ പഴയ രീതികൾതന്നെ അവലംബിച്ചതുകൊണ്ടോ ആകാം. കാരണം കണ്ടെത്താനും തിരുത്താനുമുള്ള ധൈര്യമുണ്ടെങ്കിൽ തകർന്നടിയുന്ന ഇടത്തുതന്നെ തിരിച്ചുവരാൻ എല്ലാവർക്കും കഴിയും. 

ഒരാളെ വിലയിരുത്താനുള്ള എളുപ്പമാർഗം അയാളുടെ തോൽവികളെക്കുറിച്ചും തിരിച്ചുവരവുകളെക്കുറിച്ചും പഠിക്കുകയാണ്. വിജയവഴികളിലൂടെ മാത്രം സഞ്ചരിച്ചവർക്ക് ഒരനുഭവവും ഇല്ല; പരാജിതർക്കു പങ്കുവയ്ക്കാൻ ഒട്ടേറെ അനുഭവപാഠങ്ങൾ ഉണ്ടാകാം. എല്ലാറ്റിലും വിജയക്കൊടി പാറിച്ചവർ ഒരിക്കൽ അടിതെറ്റിയാൽ അഗാധഗർത്തത്തിലാവും പതിക്കുക. പലതവണ വീണ് എഴുന്നേറ്റവർ ഓരോ തവണ പതറുമ്പോഴും സ്വയം താളം കണ്ടെത്തി പിടിച്ചുനിൽക്കും.

English Summary : Subhadinam : How to deal with setbacks?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com