ADVERTISEMENT

‘1911 ൽ ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽനിന്നു മോണലിസ കളവു പോയി. അതിനുശേഷം, അവിടെയെത്തുന്ന സന്ദർശകർ കൂട്ടമായി ആ പെയിന്റിങ് വച്ചിരുന്ന നാല് ആണികൾക്കിടയിലെ ശൂന്യതയിലേക്ക് ഉറ്റുനോക്കി നിൽക്കുമായിരുന്നു. ശൂന്യതയ്ക്ക് ഒരു അർഥം ഉണ്ടെന്നപോലെ. ശൂന്യമായ എന്റെ ലൈബ്രറിയെ നോക്കി നിൽക്കുമ്പോൾ എനിക്ക് ആ ശൂന്യതയുടെ അർഥം താങ്ങാനാവുന്നതിനപ്പുറമായി തോന്നി.’ എന്ന് ആൽബെർട്ടോ മാൻഗ്വൽ എഴുതുന്നു. 

 

പാരിസിനു സമീപമുള്ള ഒരു ഗ്രാമത്തിലെ പുരാതനമായ വീട്ടിലായിരുന്നു മാൻഗ്വൽ തന്റെ 35,000 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സജ്ജീകരിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം അദ്ദേഹം ആ വീട് വിറ്റ് ന്യൂയോർക്കിലെ ഒരു ഒറ്റ കിടപ്പുമുറി ഫ്ലാറ്റിലേക്കു താമസം മാറ്റി. തന്റെ പുസ്തകങ്ങളെല്ലാം അലമാരകളിൽനിന്നെടുത്ത് ഇനം തിരിച്ചു പെട്ടികളിലാക്കുന്ന ജോലി ആരംഭിച്ചപ്പോഴാണു ശൂന്യമായ ലൈബ്രറി അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. പുസ്തകങ്ങൾ പെറുക്കിക്കെട്ടാനായി  മാൻഗ്വലിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എല്ലാവരും ചേർന്നു പുസ്തകങ്ങൾ ഓരോന്നായി എടുത്ത് അടുക്കുമ്പോൾ, പായ്ക്ക് ചെയ്യുമ്പോൾ അവ ഓരോന്നും ഉണർത്തിയ വിചാരങ്ങൾ പിന്നീട് ഒരു പുസ്തകമായി മാൻഗ്വൽ എഴുതുകയുണ്ടായി- ‘പാക്കിങ് മൈ ലൈബ്രറി: ആൻ എലജി ആൻഡ് ടെൻ ഡൈഗ്രഷൻസ്’.  

 

ആഴ്ചകൾ നീണ്ട കപ്പൽയാത്രയ്ക്കൊടുവിലാണ് ആ പുസ്തകക്കെട്ടുകൾ ന്യൂയോർക്കിലെ ഫ്ലാറ്റിലേക്ക് എത്തിയത്. എന്തുകൊണ്ടാണു ഫ്രാൻസിൽനിന്നു പോന്നപ്പോൾ ആ പുസ്തകങ്ങൾ മാൻഗ്വൽ ഉപേക്ഷിക്കുകയോ വിറ്റു കാശാക്കുകയോ ചെയ്യാതിരുന്നത് എന്ന ചോദ്യം അസംബന്ധമാണെന്നു വായനക്കാർക്കു മനസ്സിലാകും. കാരണം ഒരാൾ വായന ആരംഭിക്കുന്ന നിമിഷം മുതൽ അയാൾക്കു തന്റെ പുസ്തകവുമായി സവിശേഷവും വിചിത്രവുമായ ബന്ധമാണു രൂപപ്പെടുന്നത്. ജീവിത പ്രാരാബ്ധങ്ങൾക്കു നടുവിൽ വായന അവസാനിപ്പിച്ചവർ വരെ ഒരിക്കൽ വായിച്ച പുസ്തകങ്ങളെപ്പറ്റി നിഗൂഢമായ അനുഭൂതികളോടെ സംസാരിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. 

 

ezhuthumesha-alberto-manguel-article-image

എനിക്ക് എന്നെപ്പറ്റിയുള്ള സ്മരണകളെക്കാൾ താൽപര്യം എന്റെ പുസ്തകങ്ങളെ സംബന്ധിച്ച സ്മരണകളാണ് എന്ന് മാൻഗ്വൽ പറയുന്നത് അതുകൊണ്ടാണ്. വർഷങ്ങൾക്കു മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് വായിച്ച കഥയോ കവിതയോ ഓർമിക്കുക എളുപ്പമാണ്. പക്ഷേ അന്ന് അതു വായിച്ച ചെറുപ്പക്കാരനെപ്പറ്റി ഒരോർമ പോലുമില്ലെന്നു അർജന്റീനയുടെ നാഷനൽ ലൈബ്രറിയുടെ മുൻ ഡയറക്ടറും വിവർത്തകനുമായ മാൻഗ്വൽ എഴുതുന്നു.  

സത്യമായും വായനക്കാരായ മനുഷ്യരുടെ ലോകം മറ്റൊന്നാണ്. ലോകത്തിന്റെ മറ്റു ഭ്രാന്തുകൾ ലൈബ്രറിയിലേക്കു വരാറില്ല. വായനയ്ക്കു പകരം വയ്ക്കാനൊരു ഭ്രാന്ത് കണ്ടെത്താനും അവർക്കാവില്ല. അതുകൊണ്ട് ആ ലോകവും ആ സമ്പാദ്യവും വിട്ടുകളയാൻ അവർക്കാകുകയും ഇല്ല.

 

വില കൊടുത്തു  വാങ്ങിയ പുസ്തകങ്ങൾ സൗജന്യമായി കൊടുക്കുക, സമ്മാനം കൊടുക്കുക, വായിക്കാൻ കൊടുക്കുക എന്നീ വിഷയങ്ങളിൽ മിക്കവാറും പുസ്തക ഉടമകൾ കൊടിയ സ്വാർഥരും ദയാശൂന്യരുമാണ്. 

 

ഇഷ്ടവസ്തുക്കൾ വാങ്ങിശേഖരിക്കുന്നവർ, എനിക്ക് ഒരുപാടുണ്ടല്ലോ കുറച്ചു മറ്റുള്ളവർക്കു കൊടുത്തേക്കാം എന്നു കരുതാറില്ല. സ്വന്തമായിത്തന്നെ വേണമെന്നതു കൊണ്ടാണല്ലോ ശേഖരിക്കുന്നത്. പലതരം പേനകളുടെ ശേഖരമുള്ളയാൾ  അതു പ്രദർശിപ്പിച്ചേക്കാമെങ്കിലും അതിൽനിന്ന് ഒന്നെടുത്തു സമ്മാനം കൊടുക്കാൻ സാധ്യതയില്ല. പുസ്തകങ്ങളുടെ സ്വകാര്യശേഖരത്തിന്റെ കാര്യത്തിലും ഇതേ മനോഭാവം തന്നെയാണ്. തനിക്കു സ്വന്തമായി വേണമെന്നു തോന്നിയിട്ടാണല്ലോ ഒരാൾ വാങ്ങിക്കൂട്ടുന്നത്. അതു മറ്റുള്ളവർക്കു കൂടി പങ്കുവച്ചേക്കാം എന്നു സാധാരണ നിലയിൽ തോന്നുകയില്ല. മിച്ചമൂല്യ സിദ്ധാന്തം പുസ്തകങ്ങൾ പോലെയുള്ള സമ്പാദ്യങ്ങളുടെ കാര്യത്തിൽ ബാധകമല്ലെന്നു പറയേണ്ടിവരും.

ezhuthumesha-alberto-column-manguel-article-image

 

എന്തുകൊണ്ടാണു സ്വകാര്യശേഖരത്തിൽനിന്ന് പുസ്തകം ആ‍ർക്കും വെറുതെ കൊടുക്കാനോ അല്ലെങ്കിൽ വായിക്കാൻ കൊടുക്കാനോ ഭൂരിപക്ഷം പേരും സന്നദ്ധരാകാത്തത്? വായനയുടെ അനുഭവം താൽപര്യമുള്ള ആരുമായും പങ്കിടാം, എന്നാൽ പുസ്തകകൈമാറ്റം അങ്ങനെ സാധ്യമല്ല. എനിക്കു നിന്റെ ശേഖരത്തിൽനിന്നു വായിക്കാൻ തരൂ എന്ന് ആവശ്യപ്പെടുന്ന സുഹൃത്തിനെയാകും അയാൾ ആദ്യം വീട്ടിൽനിന്നു പുറത്താക്കുക. 

മറ്റൊരു വ്യക്തിയുടെ പുസ്തകം വാങ്ങിക്കൊണ്ടുപോകുന്ന അധികം പേരും ആ പുസ്തകത്തെ ബഹുമാനിക്കാറില്ല. പലരും അതു വായിക്കാറുമില്ല. ഇനി സമ്മാനമായി കിട്ടിയാലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. അതേസമയം വായിക്കാൻ ദാഹിക്കുന്നവർ പുസ്തകങ്ങൾ തിരഞ്ഞു കണ്ടെത്തുക തന്നെ ചെയ്യും. പക്ഷേ അത് മറ്റൊരാളുടെ ശേഖരത്തിൽ അവകാശം നേടിയിട്ടാവില്ലെന്നു മാത്രം. 

 

പലരും സ്വന്തം പുസ്തകങ്ങൾ ഒപ്പിട്ട് ഉദാരമായി വിതരണം ചെയ്യാറുണ്ട്. ഇങ്ങനെ ഒപ്പിട്ട പുസ്തകങ്ങൾ പലതും ഞാൻ സെക്കൻഡ് ഹാൻഡ് ബുക് ഷോപ്പിൽ കണ്ടിട്ടുണ്ട്. എന്റെ കൈവശം ഉള്ള എലിസബത്ത് ബിഷപ്പിന്റെ സമ്പൂർണ കാവ്യസമാഹാരം എനിക്ക് സെക്കൻഡ് ഹാൻഡ് ബുക് ഷോപ്പിൽനിന്നു കിട്ടിയ അത്തരമൊരു പുസ്തകമാണ്. അതിന്റെ ആദ്യ താളിൽ മറ്റൊരാൾക്കായി ആരോ സ്വന്തം കൈപ്പടയിൽ എഴുതിയ സന്ദേശം അങ്ങനെ തന്നെ ഇപ്പോഴും കിടപ്പുണ്ട്. ഓരോ തവണ ഞാൻ ആ കവിതകൾ വായിക്കാനെടുക്കുമ്പോഴും അതു വായിക്കും. ചിലപ്പോൾ അതൊരു മുറിവുപോലെ എനിക്കു തോന്നാറുണ്ട്.

 

പുസ്തകപ്രേമികളിൽ ചിലർക്കു പൊസഷൻ വളരെ പ്രധാനമാണ്. അവർക്കു പബ്ലിക് ലൈബ്രറിയോ വെർച്വൽ ലൈബ്രറിയോ ഒട്ടും സൗകര്യമായി തോന്നുകയില്ല. ഞാൻ ഇ ബുക് വായിക്കാറുണ്ട്. ഇ ബുക് വായിച്ച് ഇഷ്ടപ്പെടുന്നവ പിന്നീട് പ്രിന്റ് എഡിഷനും വാങ്ങും. ഇ ബുക്കുകളുടെ എത്ര വരെ ശേഖരം ഉണ്ടായാലും പുസ്തകം സ്വന്തമാക്കുന്നതിന്റെ ഫീലിങ് കിട്ടുകയില്ല. ലൈബ്രറി എന്ന ആശയം നിലനിൽക്കുന്നതു തന്നെ അതിന്റെ ഭൗതികത കൊണ്ടുകൂടിയാണ്. പുസ്തകങ്ങൾ വസ്തുക്കളായതുകൊണ്ടാണ് അവയ്ക്ക് കാലത്തെ വഹിക്കാൻ സാധിക്കുന്നത്. വർഷങ്ങൾക്കു മുൻപേ വായിച്ച ഒരു പുസ്തകം എടുത്തു കയ്യിൽ പിടിക്കുമ്പോൾ കടന്നുപോയ വർഷങ്ങൾ കൂടി ആ പുസ്തകത്തിൽ അനുഭവിക്കാനാവും. വസ്തുവാണു കാലം അനുഭവമാക്കുന്നത്. ഇ ബുക്കുകളുടെ കാര്യത്തിൽ, അതു നമ്മുടെ കൂടെയുണ്ട് എന്ന തോന്നൽ വരാറില്ല. 

 

ഭൂമിയിലെ മറ്റേതു വസ്തുവും പോലെ ജീർണിക്കുന്നവയാണു പുസ്തകങ്ങളും. പക്ഷേ എത്ര ജീർണിച്ചാലും പുസ്തകത്തിന്റെ ഉടമ അതിനെ ഉപേക്ഷിക്കുകയില്ല. മാൻഗ്വൽ പറയുന്നതു തനിക്ക് പബ്ലിക് ലൈബ്രറിയിൽ പോയി പുസ്തകം ചോദിച്ചു കാത്തുനിൽക്കുന്നത് ഇഷ്ടമല്ല, അവിടെ ഫ്രീഡം കുറവാണ്, അതിനാൽ ലൈബ്രറിയിലെ വായന തനിക്കൊരിക്കലും ആസ്വാദ്യകരമായിരുന്നിട്ടില്ലെന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം പണം കൊടുത്തു വാങ്ങാൻ ശേഷിയുണ്ടാകും വരെ പബ്ളിക് ലൈബ്രറികളായിരുന്നു ആശ്രയം. ഭൂമിയിലെ ഏറ്റവും സുരക്ഷിതവും ജീവദായകവുമായ ഇടം ആണു ലൈബ്രറി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷേ എനിക്കാവശ്യമുള്ളവ വാങ്ങാൻ തുടങ്ങിയശേഷം ഞാൻ ലൈബ്രറിയിലേക്കു വല്ലപ്പോഴുമേ പോയിട്ടുള്ളു.

 

പുസ്തകങ്ങളെപ്പറ്റി ഏറ്റവും ഉന്മാദകരമായ സംഗതികൾ എഴുതിയിട്ടുള്ള ബോർഹെസിന്റെ വീട് ഒരു കൂറ്റൻ ലൈബ്രറിയായിരിക്കുമെന്നാണു നാം കരുതുക. വാസ്തവത്തിൽ ബോർഹെസിന്റെ ചെറിയ അപാർട്ട്മെന്റിൽ പരമാവധി മുന്നൂറോ നാനൂറോ പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇവ തന്നെയും ബോർഹെസ് സന്ദർശകർക്കു സമ്മാനമായി കൊടുക്കാൻ മടി കാട്ടിയില്ല. ചില പുസ്തകങ്ങളോട് അദ്ദേഹത്തിനു വികാരപരമായ അടുപ്പം ഉണ്ടായിരുന്നു. എങ്കിലും പൊതുവേ ഏതു പുസ്തകത്തിലെയും ചില വാക്യങ്ങളോടും സന്ദർഭങ്ങളോടുമായിരുന്നു ബോർഹെസിനു പ്രിയം, അത് ഓർത്തുവയ്ക്കുന്നതിലായിരുന്നു ആനന്ദം. പുസ്തകങ്ങളെ സ്വകാര്യസ്വത്തായി കൂട്ടിവയ്ക്കാൻ അദ്ദേഹം വലിയ താൽപര്യം കാട്ടിയിരുന്നില്ല. കണ്ണുകൾക്കു കാഴ്ച നഷ്ടമായതോടെ ഓർമയെക്കാൾ വലിയ ലൈബ്രറി മറ്റൊന്നുമില്ല എന്ന് ബോർഹെസിനു മനസ്സിലാകുകയും ചെയ്തു.

 

എന്റെ പുസ്തകശേഖരവുമായി കൊച്ചിയിലെയും കോഴിക്കോട്ടെയും പല വീടുകളിലേക്കും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. വീടുമാറ്റ സമയം ഏറ്റവും ഡിപ്രസിങ് ആയ കാര്യം പുസ്തകങ്ങളാണ്. അവയെടുക്കുന്ന സ്ഥലവും അദ്ധ്വാനവും മറ്റെല്ലാവരെയും ശുണ്ഠി പിടിപ്പിക്കും. ഒരു സ്ഥലത്തെ അലമാരകളിൽനിന്നിറങ്ങിയ പുസ്തകങ്ങൾ മറ്റൊരിടത്ത് എത്തുമ്പോൾ കാഡ്ബോഡ് പെട്ടികളിൽ ദിവസങ്ങളോളം ഇരിക്കും. പഴയ ക്രമങ്ങളെല്ലാം തെറ്റി പുതിയ അവസ്ഥയിലാവും അവയുടെ കുടിയേറ്റം. കോഴിക്കോട്ടുനിന്നു പുറപ്പെടുമ്പോൾ കനത്ത മഴ പെയ്തു. ഞാൻ പേടിച്ചു, ലോറി കൊച്ചിയിലെത്തുമ്പോഴേക്കും എല്ലാം നനഞ്ഞുകുതിരും. പക്ഷേ ഒരു പുസ്തകത്തിനും ഒരു കേടും സംഭവിച്ചില്ല.

 

പക്ഷേ, ഐപാഡിൽ രഹസ്യമായിരിക്കാനും എവിടേക്കുവേണമെങ്കിലും ഭാരരഹിതമായി സഞ്ചരിക്കാനും ഇ ബുക്കുകൾക്കാകും. അത്രയും ലൈറ്റ്നസ് പുസ്തകങ്ങൾക്കുണ്ടാകുമെന്ന് ആരെങ്കിലും സങ്കൽപിച്ചിട്ടുണ്ടോ? പുസ്തകം മറ്റൊരാൾക്കു കൊടുക്കാൻ മടിയാണെങ്കിലും ഇ ബുക് ഷെയർ ചെയ്യാൻ അതില്ല. പുസ്തകങ്ങളുടെ ലോകത്തു സ്വകാര്യസ്വത്ത് ഇല്ലാതാക്കാനുള്ള വഴി കൂടിയാണ് പിഡിഎഫും ഇ ബുക്കും. പക്ഷേ ഈ വിപ്ലവത്തിൽ പങ്കെടുക്കുന്നവർ പോലും കാലവാഹിനിയായ പുസ്തകക്കെട്ടുകൾ ഉപേക്ഷിക്കാൻ തയാറായിട്ടില്ല. 

 

പുസ്തകശേഖരം കൊണ്ടുവരുന്ന ആ സൗന്ദര്യവും മാന്ത്രികതയും അപാരമാണ്. ഒരാൾ വർഷങ്ങളോളം അല്ലെങ്കിൽ അയാളുടെ ജീവിതകാലമത്രയും തെണ്ടിനടന്നു വാങ്ങിക്കുന്നവയാണ് ഒടുവിൽ അയാളുടെ ലൈബ്രറിയായി മാറുന്നത്. ഓരോ ലൈബ്രറിയും അതിനാൽ വ്യത്യസ്തമാണ്, മൗലികവുമാണ്.

 

ഒരിക്കൽ, എന്റെ ഒരു സ്നേഹിതന്റെ വീട്ടിൽ പോയപ്പോൾ അയാളുടെ തറവാടിന്റെ തട്ടിൻപുറത്ത് ഒരു അലമാരയിൽ കുറേ പുസ്തകങ്ങൾ പൂട്ടിവച്ചിരിക്കുന്നതു കണ്ടു. അത് അയാളുടെ അച്ഛന്റെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അതു തട്ടിൻപുറത്ത് എത്തിയതാണ്. അലമാര തുറന്നുകാണിക്കാമോ എന്നു ഞാൻ ചോദിച്ചു. ഒന്നു കാണാൻ മാത്രം. 

 

ബൈൻഡ് ചെയ്തു വൃത്തിയായി അടുക്കിവച്ച ആ പുസ്തകങ്ങൾ ഏതെല്ലാമാണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. പക്ഷേ, അതിന്റെ താക്കോൽ കണ്ടുപിടിക്കാൻ കുറേ ബുദ്ധിമുട്ടി.  ഒടുവിൽ അതു തുറന്ന് ആ പുസ്തകങ്ങൾ പുറത്തേക്കെടുത്തതും അവയെല്ലാം കയ്യിലിരുന്നു പൊടിഞ്ഞു താഴേക്കു വീഴാൻ തുടങ്ങി. ആ താളുകളെല്ലാം ചിതലുകൾ തിന്നുതീർത്തിരുന്നു.

 

ചില സംഘർഷങ്ങളുടെയും മഹാമടുപ്പുകളുടെയും നടുവിലായിരിക്കുമ്പോൾ പുസ്തകങ്ങളും ഉപേക്ഷിക്കണമെന്നു തോന്നും. അങ്ങനെ നൂറുകണക്കിനു പുസ്തകങ്ങൾ ഞാൻ പലർക്കും സമ്മാനമായി കൊടുത്തിട്ടുണ്ട്. പതിനായിരക്കണക്കിനു രൂപ വിലയുള്ള ആ പുസ്തകങ്ങൾ കെട്ടുകെട്ടായി കൊണ്ടുപോയവരാരും അവയുടെ വായനയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. പുസ്തകം എന്നല്ല സ്വന്തമെന്നു കരുതുന്ന ഒന്നും ആർക്കും വെറുതെ കൊടുക്കരുത്. കൈവിട്ട പുസ്തകങ്ങളുടെ നഷ്ടം നിങ്ങളെ അഗാധമായി വേദനിപ്പിക്കും. 

 

എങ്കിലും ഏറ്റവും വിശ്വസ്തരായ ചില വായനക്കാർ ഇപ്പോഴും എന്റെ അടുക്കൽ വരാറുണ്ട്. ഞാൻ അവരുടെ അടുക്കലും പോകും. ചില ഘട്ടങ്ങളിൽ കടം വാങ്ങും. മടക്കിക്കൊടുക്കാമെന്ന ഉറപ്പുള്ള കൈമാറ്റങ്ങളാണത്. പൂർണമായ ഇഷ്ടത്തോടെയല്ലെങ്കിലും വായനയുടെ ലോകത്ത് അതും സാധ്യമാണ്. അപ്പോഴും കടം വാങ്ങിയവ കുറച്ച് അകന്നേ നിൽക്കൂ. സ്വന്തമാക്കാനാവാത്തവയിൽനിന്ന് എപ്പോഴും കുറച്ച് അകലം വേണം. സ്വന്തമാക്കാൻ കഴിയാത്ത എന്തെല്ലാമാണു ഭൂമിയിലുള്ളത്. 

 

English Summary : Ezhuthumesha Alberto Manguel And His Personal Library

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com