എല്ലാ തൊഴിലും ഉയർത്തുന്ന രണ്ടു ചോദ്യങ്ങൾ

subhadinam-what-are-work-outcomes
SHARE

കവിയും തത്വചിന്തകനുമായിരുന്ന കബീർ നെയ്ത്തുകാരൻ കൂടിയായിരുന്നു. തുന്നിയ വസ്ത്രങ്ങൾ വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. വയോധികനായിട്ടും ജോലി തുടർന്ന കബീറിനോടു ശിഷ്യൻ ചോദിച്ചു: ഇനിയെന്തിനാണ് ഇങ്ങനെ ജോലി ചെയ്തു കഷ്ടപ്പെടുന്നത്? കബീർ പറഞ്ഞു: നെയ്ത്ത് എനിക്കൊരു തൊഴിലല്ല, ഹരമാണ്; ദൈവാരാധനയാണ്. എന്റെ വസ്ത്രങ്ങൾ വാങ്ങുന്നവർ എനിക്കു ദൈവതുല്യരാണ്. ഞാനവരോടു പറയാറുണ്ട് – ഞാനിത് ആത്മാർഥതയോടെ ചെയ്തതാണ്, അലക്ഷ്യമായി ഉപയോഗിക്കരുത്.

ജോലി ലഭിക്കുന്നതിനു മുൻപു ജോലിയോടുള്ള മനോഭാവം ജോലി ലഭിച്ചതിനു ശേഷവും ഉണ്ടായിരുന്നെങ്കിൽ എല്ലാ തൊഴിലിടങ്ങളും സർഗാത്മകവും സാമൂഹികപ്രസക്തവുമായേനെ. ഉൽപാദനക്ഷമമല്ലാത്ത എല്ലാ പണിശാലകൾക്കും ജോലിക്കാരുടെ അസംതൃപ്തിയുടെയും നിഷേധമനോഭാവത്തിന്റെയും കഥകൾകൂടി പങ്കുവയ്ക്കാനുണ്ടാകും. ജോലി നേടുന്നതുവരെ എന്തു ജോലിക്കും സന്നദ്ധരായിരുന്നവർ ജോലി ഉറച്ചുകഴിയുമ്പോൾ കടമകളെക്കാളുപരി അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരാകും.

അഭിനിവേശമില്ലാതെ അധ്വാനിക്കുന്നവരെല്ലാം ആർക്കോവേണ്ടി എന്തൊക്കെയോ ചെയ്തുകൂട്ടുന്നതാണ്. എല്ലാ തൊഴിലും ഉയർത്തുന്ന രണ്ടു ചോദ്യങ്ങളുണ്ട് – ചെയ്യുന്നവനു ലഭിക്കുന്ന ആദായം എന്ത്? അന്യർക്കു ലഭിക്കുന്ന അനുഗ്രഹം എന്ത്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം നൽകാത്ത എല്ലാ തൊഴിലും അകാലചരമമടയും.

അലക്ഷ്യമായി ചെയ്ത ജോലികളുടെ അനന്തരഫലം അധമമായിരിക്കും. മികവുണ്ടാകുന്നതു വൈദഗ്ധ്യം കൊണ്ടു മാത്രമല്ല; മനോഭാവം കൊണ്ടു കൂടിയാണ്. അവസാനശ്വാസം വരെ അധ്വാനിച്ചു ജീവിക്കണമെന്നു വിശ്വസിക്കുന്ന ആളുകളുടെ ഓരോ ചലനവും സൂക്ഷ്മതയോടെ ആയിരിക്കും. വിട്ടുവീഴ്ചകൾക്കു തയാറാകാത്ത വൈശിഷ്ട്യം അവരുടെ ഓരോ പ്രവൃത്തിയിലും ഉണ്ടാകും.

English Summary : Subhadinam : What are work outcomes?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;