ADVERTISEMENT

മുഖ പത്രപ്രവർത്തകൻ കെ.എം.റോയ് കൊച്ചി നഗരസഭാ കൗൺസിലറായിരുന്നപ്പോൾ നഗരസഭാ യോഗത്തിലൊരു നിർദേശം വച്ചു: നഗരസഭയ്ക്കിത്തിരി പണം മുടക്കുണ്ടായാലും വേണ്ടില്ല, കൗൺസിലർമാരെ കൊച്ചിക്കു പുറത്തുള്ള ലോകം കാണാൻ അയയ്ക്കണം. കൗൺസിലർമാരിൽ ഏറെയും ആലുവയ്ക്കപ്പുറം കണ്ടിട്ടില്ലാത്തവരായതുകൊണ്ട് ഈ ലോകം എങ്ങനെയാണു വികസിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ അറിയുന്നില്ല.

ലോകം കണ്ടിട്ടുള്ളവർക്കേ പുരോഗതിയെന്താണെന്നറിയൂ; വികസനം എങ്ങനെയൊക്കെ വേണമെന്നു മനസ്സിലാവൂ. അതുകൊണ്ടാണ്, കേരള മന്ത്രിസഭയിലെ മന്ത്രിമാർ നാലര വർഷത്തിനിടയിൽ 27 വിദേശരാജ്യങ്ങൾ സന്ദർശിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം വിവരാവകാശത്തിൽപെട്ടു പുറത്തുവന്നപ്പോൾ അപ്പുക്കുട്ടനു വലിയ സന്തോഷം തോന്നിയത്.

മന്ത്രിമാരെല്ലാം കൂടി നടത്തിയത് 81 വിദേശയാത്രകൾ. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പോയത് കടകംപള്ളി സുരേന്ദ്രൻ. 10 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. മുഖ്യമന്ത്രി സന്ദർശിച്ചത് 9 രാജ്യങ്ങൾ. രാജ്യം ഒൻപതേയുള്ളൂവെങ്കിലും അദ്ദേഹം 14 തവണ വിദേശത്തു പോയി.

മാർപാപ്പയുടെ രാജ്യമായ വത്തിക്കാനിൽ പോകാനും ചില മന്ത്രിമാർ ശ്രദ്ധവച്ചു. വിദേശയാത്രകളിൽ ആധ്യാത്മിക കാഴ്ചപ്പാടുണ്ടാവുന്നതും നല്ലതുതന്നെ.

സ്പീക്കറുടെ മറുനാടൻ യാത്രകൾ ഈ പട്ടികയിൽ ചേർത്തിട്ടില്ല. നമ്മുടെ ഒരു മന്ത്രി സന്ദർശിച്ചപ്പോഴാണ് മോൾഡോവ എന്നൊരു രാജ്യമുണ്ടെന്നു മലയാളികൾ അറിയുന്നതു തന്നെ. അപൂർവമായി മാത്രം ആളുകൾ പോകുന്ന രാജ്യങ്ങൾ തിരഞ്ഞെടുത്തു സഞ്ചരിക്കാൻ സവിശേഷ മിടുക്കും സാഹസികതയും വേണം. 

ഇങ്ങനെ ആരും കേൾക്കാത്തിടത്തു പോകണമെന്നുള്ളവർക്കായി അപ്പുക്കുട്ടൻ നിർദേശിക്കുന്ന രാജ്യമാണ് ടുവാലു. അങ്ങു ദൂരെ പസിഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട ഒരു കൊച്ചു രാജ്യമാണിത്; ഹവായ്ക്കും ഓസ്ട്രേലിയയ്ക്കുമിടയിൽ. ഈ കുഞ്ഞു രാജ്യത്ത് ആകെ 10,507 ആളുകളേയുള്ളൂ. നമ്മുടെ ഒരു മന്ത്രി ചെന്നാൽ ആ സമയത്തേക്ക് ജനസംഖ്യ 10508 ആകും. അതു സാരമുള്ള കാര്യമല്ല.

നമ്മുടെ മന്ത്രിസഞ്ചാരികൾ വിദേശയാത്രകൊണ്ട് എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാവുമെന്നു തീർച്ച. അതൊന്നും ഭരണത്തിൽ കാണുന്നില്ലല്ലോ എന്നു പറയരുത്. കണ്ടുപഠിച്ച കാര്യങ്ങൾ നടപ്പാക്കിവരാൻ കുറച്ചു സമയമെടുക്കും.

വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നതാണല്ലോ നമ്മുടെ ജനകീയ ശുഭാപ്തിവിശ്വാസം.

എന്നാൽ, എ.സി.മൊയ്തീൻ, പി.തിലോത്തമൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ മന്ത്രിമാർ ഏതെങ്കിലും വിദേശ രാജ്യത്തു പോയതായി വിവരാവകാശ മറുപടിയിൽ കാണുന്നില്ല.

കഷ്ടമെന്നല്ലാതെ എന്തു പറയാൻ? പോയിട്ടില്ലെങ്കിൽ അവർക്കും കേരളത്തിനും എന്താണു നഷ്ടപ്പെട്ടതെന്ന് അവർ അറിയുന്നില്ല.

English Summary : Tharangalil - Kerala ministers make most number of visits to UAE for personal purpose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com