200 വർഷം മുൻപത്തെ നിർബന്ധിത ലോക്‌ഡൗൺ; മൂന്നു പേജ് കത്ത് ലേലത്തിന് വച്ചത് ലക്ഷങ്ങൾക്ക്

Elizabeth Barrett Browning
എലിസബത്ത് ബാരറ്റ്
SHARE

200 വര്‍ഷം മുന്‍പ് നിര്‍ബന്ധിത ലോക്ഡൗണിനെക്കുറിച്ച് തന്റെ കസിന് കത്തെഴുതുമ്പോള്‍ അതു ലോകത്തെ വിലപ്പെട്ട രേഖയാകുമെന്ന് കരുതിയിട്ടേയില്ല പ്രശസ്ത കാല്‍പനിക കവയിത്രി എലിസബത്ത് ബാരറ്റ്. സന്ദര്‍ശകര്‍ വിലക്കപ്പെട്ട, അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാന്‍ അനുവാദമില്ലാത്ത, പുറത്തെ സൂര്യപ്രകാശം പോലും നിഷേധിക്കപ്പെട്ട ദയനീയ അവസ്ഥയെക്കുറിച്ചാണ് അവര്‍ അന്നെഴുതിയത്. കണ്ണീര്‍ പുരണ്ട ആ അക്ഷരങ്ങള്‍ രണ്ടു നൂറ്റാണ്ടിനുശേഷം ലേലത്തിനു വയ്ക്കുകയാണ്; വാതിലുകള്‍ അടച്ചുപൂട്ടി മുറിയുടെ സ്വകാര്യതയിലേക്കു ലോകം പിന്‍വലിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, ഒറ്റപ്പടലിന്റെയും പകര്‍ച്ചവ്യാധിയുടെയും ഭീതി എന്തെന്ന് അതിര്‍ത്തികള്‍ വ്യത്യാസമില്ലാതെ മനുഷ്യര്‍ തിരിച്ചറിഞ്ഞ കഠിനകാലത്ത്. 

കുട്ടിക്കാലം മുതലേ വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന എലിസബത്തിന്റെ സ്ഥിതി വഷളാകുന്നത് 1838 ല്‍.  രോഗം ക്ഷയമാണെന്നു സംശയമായതോടെ ആ വര്‍ഷം ഓഗസ്റ്റില്‍ ലണ്ടന്‍ വിട്ട് കവയിത്രി കടല്‍ത്തീര നഗരമായ ടോര്‍ക്കീസിേക്കു പോകാന്‍ നിര്‍ബന്ധിതയായി. ഏതാനും ദിവസങ്ങള്‍ മാറിനില്‍ക്കേണ്ടിവരുമെന്നാണു കരുതിയതെങ്കിലും ടോര്‍ക്കീസിലെ എലിസബത്തിന്റെ ഒറ്റപ്പെടല്‍ ആഴ്ചകളില്‍നിന്നു മാസങ്ങളിലേക്കു കടന്നു. 1839 ല്‍ ബന്ധുവും സുഹൃത്തുമായ ജോണ്‍ കെന്യോണിന് അവര്‍ എഴുതിയ മൂന്നു പേജ്  കത്താണ് ഇപ്പോള്‍ വന്‍വിലയ്ക്ക് ലേലത്തില്‍ വില്‍ക്കുന്നത്. ലക്ഷങ്ങള്‍ വിലയിട്ടിരിക്കുന്ന കത്ത് 17-ാം തീയതി ഒരു ലക്ഷപ്രഭു സ്വന്തമാക്കും. 

‘സന്ദര്‍ശകരെ സ്വീകരിക്കാന്‍ പോലും എനിക്ക് അനുവാദമില്ല. ഞാനെന്റെ കിടപ്പുമുറിയില്‍നിന്നു പുറത്തിറങ്ങിയിട്ട് ആഴ്ചകളല്ല, മാസങ്ങള്‍ തന്നെയാകുന്നു. എത്രയും പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ചുവരണം എന്നതാണ് എന്റെ ആഗ്രഹം. ഞാന്‍ നമ്മുടെ പ്രിയപ്പെട്ട തെരുവുകള്‍ മിസ് ചെയ്യുന്നു. പ്രിയപ്പെട്ട പപ്പയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നാണ് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്; അദ്ദേഹവുമായി അകന്നുകഴിയുന്ന കാലത്ത്, അദ്ദേഹത്തെ കാണാന്‍ അനുവാദമില്ലാത്ത കാലത്ത്. എന്റെ അസുഖത്തെക്കുറിച്ച് എനിക്കു നല്ല ധാരണയുണ്ട്. എന്നാല്‍ വേഗം സുഖമാകുമെന്നാണ് ഡോക്ടര്‍ എന്നോടു പറഞ്ഞിരിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍; വീണ്ടും നിങ്ങളുടെയെല്ലാം അടുത്തെത്തുന്ന കാലം കാത്ത്.’ ശുഭപ്രതീക്ഷയോടെയാണ് എലിസബത്ത് കത്ത് നിര്‍ത്തുന്നത്. എന്നാല്‍ രണ്ടു വര്‍ഷം കൂടി അവര്‍ക്ക് ടോര്‍ക്കീസില്‍ ഒറ്റപ്പെട്ട ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നു. ബന്ധുക്കളില്‍നിന്നും സുഹത്തുക്കളില്‍നിന്നും പ്രിയപ്പെട്ട പൂക്കളില്‍നിന്നു പോലും അകന്ന്. ഇക്കാലത്ത് അവരുടെ രണ്ടു സഹോദരന്‍മാര്‍ മരിച്ചു. അവരെ അവസാനമായി കാണാനും എലിസബത്തിനു കഴിഞ്ഞില്ല. ആ തീവ്രവേദനയില്‍ നിന്നാണ് പ്രൊഫൗണ്ടിസ് എന്ന കവിത പിറക്കുന്നത്. 

നാലു വര്‍ഷം നീണ്ടുനിന്ന ക്ഷയരോഗ കാലത്ത് എലിസബത്ത് രക്തം ഛര്‍ദിച്ച് മരണത്തിന്റെ വക്കു വരെയെത്തി. ഹൃദയമിടിപ്പിന്റെ താളം തെറ്റി. ശബ്ദം പോലും നഷ്ടപ്പെട്ടു. അവരുടെ ശരീരത്തില്‍നിന്ന് പനിച്ചൂട് വമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ട് ദിവസങ്ങളോളം കിടന്നു. 

അന്ന് എല്ലാ ദുഃഖവും എലിസബത്ത് കെന്യോണിനുള്ള കത്തുകളില്‍ എഴുതിക്കൊണ്ടിരുന്നു. ഇതേ കെന്യോണ്‍ വഴിയാണ് അവര്‍ കവി റോബർട്ട് ബ്രൗണിങ്ങിനെ പരിചയപ്പെടുന്നത്. പരിചയം കത്തെഴുത്തിലേക്കു നീണ്ടു. ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. ബ്രൗണിങ്ങിനോടുള്ള പ്രണയത്തെക്കുറിച്ച് എലിസബത്ത് എഴുതിയ ഗീതകം ഇന്നും ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയ കവിതയാണ്. 

പറയൂ ഞാനെങ്ങനെ പറയേണ്ടു; 

നിന്നെ എങ്ങനെയൊക്കെ സ്നേഹിക്കും.. ? 

English Summary : Elizabeth Barrett Brwoning letter describing lonely quarantine up for sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;