ADVERTISEMENT

സാഹിത്യകാരൻ യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ചിത്രകാരൻ, പത്രപ്രവർത്തകൻ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്കുടമയായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.

 

യു.എ. ഖാദർ– ജീവിതരേഖ

 

∙ 1935 ജൂലൈ 1ന് ബർമയിലെ (ഇന്നത്തെ മ്യാൻമാർ) ബില്ലിൻ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. അമ്മ ബർമക്കാരിയായ മാമൈദി. പിതാവ് കൊയിലാണ്ടിയിൽനിന്നു വ്യാപാരത്തിനായി ബർമയിലെത്തിയ മൊയ്തീൻകുട്ടിഹാജി. ഖാദർ ജനിച്ച് മൂന്നാം നാൾ അമ്മ മരിച്ചു. കുറച്ചുകാലം ഇളയമ്മയ്ക്കൊപ്പം. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് ഏഴാം വയസ്സിൽ പിതാവിനൊപ്പം കേരളത്തിലെത്തി. 

∙ കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി.

∙ സ്കൂൾ പഠനകാലത്ത് സി.എച്ച്. മുഹമ്മദ് കോയയുമായി അടുപ്പം. വായനയിലേക്കു നയിച്ചത് സി.എച്ച്.

∙ ആദ്യകഥ വിവാഹസമ്മാനം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ അച്ചടിച്ചുവന്നു. 

∙ ചിത്രകല പഠിക്കാൻ എം.വി.ദേവന്റെ പ്രേരണയിൽ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു. പഠനം പൂർത്തിയാക്കാതെ നാട്ടിലേക്ക്.

∙ മദ്രാസ് കാലത്ത് കേരള സമാജവുമായി ബന്ധം. എം.ഗോവിന്ദൻ, കെ.എ.കൊടുങ്ങല്ലൂർ എം.ജി.എസ്, ടി.പത്മനാഭൻ തുടങ്ങിയവരുമായുള്ള അടുപ്പം ആരംഭിക്കുന്നത് അവിടെവച്ച്. എഴുത്ത് സജീവമായി. 

∙ 1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി.

∙ 1956 ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി. 

∙ 1957  ൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. 

∙ 1958 ൽ ഫാത്തിമാ ബീവിയെ വിവാഹം കഴിച്ചു. 

∙ കുറച്ചുകാലം തേയില വ്യാപാരം നടത്തി.

∙ 1964–ൽ ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. 

∙ ഡെപ്യൂട്ടേഷനിൽ 5 വർഷം കോഴിക്കോട് ആകാശവാണിയിൽ പ്രവർത്തിച്ചു. 

∙ മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ആശുപത്രിയിലും ജോലിചെയ്തു.

∙ 1990 ൽ വിരമിച്ചു.

∙ കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായി.

 

പ്രധാന കൃതികൾ

 

തൃക്കോട്ടൂർ പെരുമ, അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്,  വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം), കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, തൃക്കോട്ടൂർ കഥകൾ, ഖാദർ കഥകൾ, ഖാദറിന്റെ കഥാലേഖനങ്ങൾ, ഖാദർ എന്നാൽ (ആത്മകഥാ കുറിപ്പുകൾ), പ്രകാശനാളങ്ങൾ, നന്മയുടെ അമ്മ (ബാലസാഹിത്യം) തുടങ്ങിയവ.

 

പ്രധാന പുരസ്കാരങ്ങൾ

 

1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009 ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരം, എസ്.കെ.പൊറ്റെക്കാട് പുരസ്കാരം, മലയാറ്റൂർ പുരസ്കാരം,  അബുദാബി ശക്തി അവാർഡ്, മലയാറ്റൂർ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചു.

 

English Summary : Remembering U.A Khader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com