സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ ഏറ്റവും വിലയേറിയ സത്കർമം?

subhadinam-what-is-the-essence-of-sharing-and-giving
SHARE

ആ സ്ഥാപനത്തിൽ എല്ലാ മാസവും ഭാഗ്യക്കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്നാണു നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും. 

ഇത്തവണ ഒരു ചെറുപ്പക്കാരനു തന്റെ പേരെഴുതാൻ തോന്നിയില്ല. ഓഫിസിൽ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയുടെ മകന്റെ ചികിത്സയ്ക്കു പണം അത്യാവശ്യമാണെന്ന് അയാൾക്കറിയാം. യുവാവ് ആ സ്ത്രീയുടെ പേര് എഴുതിയിട്ടു. നറുക്കെടുത്തപ്പോൾ ആ സ്ത്രീക്കുതന്നെ! അവർ നിറകണ്ണുകളോടെ പണം ഏറ്റുവാങ്ങി. എല്ലാം കഴിഞ്ഞ് ചെറുപ്പക്കാരൻ പെട്ടിയിൽ നോക്കുമ്പോൾ എല്ലാ പേപ്പറിലും ആ സ്ത്രീയുടെ പേരുതന്നെ!

ആളുകൾ ഒരുമിച്ചാൽ എന്ത് അദ്ഭുതവും സംഭവിക്കും. ആർക്കും ആരെയും പൂർണമായും സംരക്ഷിക്കാനോ സഹായിക്കാനോ സാധിക്കില്ല. പക്ഷേ, ചില സംരക്ഷണവഴികൾക്കു തുടക്കം കുറിക്കാൻ എല്ലാവർക്കും കഴിയും. തിന്മകൾക്കു മാത്രമല്ല നന്മകൾക്കും തുടർച്ചാശേഷിയുണ്ട്. ഒരാൾ തുടങ്ങിവയ്ക്കുന്ന കാരുണ്യപ്രവൃത്തി അയാൾ പോലുമറിയാതെ ചില തുടർചലനങ്ങൾ സൃഷ്ടിക്കും. 

എത്രപേരുടെ പിന്തുണ കിട്ടും എന്നതല്ല ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള മാനദണ്ഡം; ആരുമില്ലെങ്കിലും ഞാൻ ചെയ്യേണ്ടതു ചെയ്യും എന്ന ആത്മബോധമാണ്.

വലിയ കാര്യങ്ങൾ മാത്രം ചെയ്യാൻ വേണ്ടി കാത്തിരുന്നാൽ ഒരിക്കലും ഒന്നും ചെയ്യേണ്ടിവരില്ല. ചെറിയ തുടക്കങ്ങളാണ് വലിയ മാറ്റങ്ങളുടെ ആദ്യപടി. ഉടനടി ലഭിക്കുന്ന പ്രതിഫലങ്ങളുടെ പേരിലല്ല പ്രവൃത്തികൾ വിലയിരുത്തപ്പെടേണ്ടത്. അവ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രേരണകളും പ്രകമ്പനങ്ങളുംകൂടി കണക്കിലെടുക്കണം. 

ചെറുതെന്നു തോന്നുന്ന കർമങ്ങളെല്ലാം ഒരുമിക്കുമ്പോൾ അളന്നെടുക്കാൻ സാധ്യമല്ലാത്ത വലുപ്പത്തിൽ ചില അദ്ഭുതങ്ങൾ സംഭവിക്കും. മറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?

English Summary : Subhadinam - What is the essence of sharing and giving?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;