ADVERTISEMENT

ഐരാവതി നദിയുടെ തീരം. കരേൻ വംശജർ തിങ്ങിപ്പാർക്കുന്ന, കിഴക്കൻ ബർമയിലെ ബുദ്ധവിഹാരങ്ങളും പഗോഡകളും നിറഞ്ഞ ബില്ലീൻ ഗ്രാമം. നദീതടത്തിൽ മരക്കാലുകളിൽ കെട്ടിയുണ്ടാക്കിയ ഗ്രാമീണഭവനങ്ങൾ. തേക്കിൻപലകപ്പാളികൾ മേൽക്കുമേൽ അടുക്കിയുണ്ടാക്കിയ മരച്ചുമരുകൾ. മരത്തട്ടികളാൽ വേർതിരിക്കുന്ന അകമുറികളിലെ ഇരിപ്പിടസൗകര്യങ്ങൾ. ‘മന്തിരിയ’ പായ വിരിച്ച നിലവും തിരശ്ശീലവാതിലുകളിലെ വ്യാളീചിത്രങ്ങളും. വേലിയേറ്റനേരങ്ങളിൽ നദിക്കരയിലെ വീടുകൾക്കു ചുവട്ടിലെ മരക്കാലുകളെ തഴുകിയിളക്കുന്ന ഓളങ്ങൾ. വേലിയിറക്കം നോക്കി ചുവട്ടിലെ മണൽത്തിട്ടയിലേക്കു കോവണിപ്പടവുകളിറങ്ങി കളിക്കാനിറങ്ങുന്ന കളിക്കൂട്ടുകാർ. 

 

സ്വന്തം നാട് ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം യു.എ. ഖാദറിന്റെ മനസ്സിൽ തിരയിളക്കമുണ്ടാക്കും ഐരാവതി നദി. പെട്ടെന്നുതന്നെ ജന്മത്താൽ മറുനാടനും കർമത്താൽ തനിനാടനുമായ അദ്ദേഹത്തിന്റെ മനസ്സ് കുട്ടിക്കാല കളികൾക്ക് കളിത്തട്ടൊരുക്കിയ പന്തലായിനിയംശം കോവിൽക്കണ്ടി ദേശത്തേക്ക് എത്തും. തൊട്ടുപിന്നാലെ പിൽക്കാല ജീവിതത്തിന് അരങ്ങൊരുക്കിയ തൃക്കോട്ടൂരംശം പാലൂര് ദേശത്തേക്കും. നനവൂറുന്ന ഓർമകൾ ഈ മൂന്നു ദേശത്തുമായി വ്യാപിച്ചുകിടക്കുമ്പോൾ തന്നോട്ടുതന്നെ അദ്ദേഹം വീണ്ടും ചോദിക്കും: എന്റെ ദേശം എവിടെയാണ് ? 

ദേശവഴിയുടെ രക്തച്ചാലുകളിൽ പന്തലായിനിയും തൃക്കോട്ടൂരും ബർമയിലെ ബില്ലിൻ ഗ്രമവും വറ്റാതൊഴുകണം എന്നാഗ്രഹിക്കുന്ന ഖാദർ ദേശത്തെക്കുറിച്ചുള്ള വിചാരങ്ങളിൽ എന്നും ഒരു നിസ്സഹായത അനുഭവിച്ചിട്ടുണ്ട്. എവിടെയുമല്ലാത്ത അവസ്ഥ. ഒരു പൊങ്ങുതടി. 

 

 

അമ്മയുടെ നിഴൽത്തണലുകൾ ചിറകുവിടർത്തുന്ന ദേശമാണ് ഒരാളുടെ സ്വന്തം ദേശം. എഴുത്തുകാരന്റേതായാലും സാധാരണ വ്യക്തിയുടേതായാലും മുലപ്പാലിന്റെ സ്നേഹനീരുറവുകൾ വീണേടം തന്നെയാണ് ജൻമദേശം. മണ്ണോർമകളുടെ ദേശം. ഖാദറിനു പക്ഷേ, പിറന്ന നാടിനെക്കുറിച്ചുള്ള ഓർമ കേട്ടുകേൾവികളിലൂടെ മാത്രം. ബാല്യത്തിന്റെ ബുദ്ധിയുറയ്ക്കാച്ചായങ്ങളാൽ കോറിയുണ്ടാക്കിയ അവ്യക്തവും അപൂർണവുമായ വർണചിത്രങ്ങൾ. 

ഒരു ബർമക്കാരിയുടെ പരിലാളനകളിൽ അടങ്ങിയിരുന്ന കുട്ടിയായിരുന്നു കുട്ടിക്കാലത്തു ഖാദർ. അതുപക്ഷേ അമ്മയല്ലായിരുന്നു. ജനിച്ചു മൂന്നാം ദിവസം അമ്മയെ ഖാദറിനു നഷ്ടപ്പെട്ടിരുന്നു. വസൂരി രോഗം ബാധിച്ചുകിടക്കവെയായിരുന്നു പ്രസവം. ഗർഭസ്ഥ ശിശുവിനെ പൂർണവളർച്ചയെത്തുംമുമ്പേ നശിപ്പിക്കാൻ തയ്യാറായില്ല അമ്മ. ഒടുവിൽ മകനു ജൻമം കൊടുത്ത് ആ മുഖം കണ്ടു കൊതിമാറുംമുമ്പേ അമ്മ വിടപറഞ്ഞു. അന്നുമുതൽ മടിയിലിരുത്തി ഉമ്മ വയ്ക്കുമ്പോഴെല്ലാം തന്നെ ലാളിക്കുന്ന ബർമക്കാരി കരയുന്നതെന്തിനെന്ന് ഖാദറിനു മനസ്സിലായിരുന്നില്ല. ഒന്നും മിണ്ടാനാകാതെ പതറിത്തളർന്നു നിൽക്കുകയായിരുന്നു അന്നു പിതാവ്. 

 

ഓർമകൾ തിടം വയ്ക്കുമ്പോഴേക്കും അഭയാർഥിപ്രവാഹത്തിലെ അംഗമായി. ജപ്പാൻ പോർവിമാനങ്ങളെ ഭയന്ന് ഇന്ത്യയിലേക്കു തിരിച്ച അഭിയാർഥികളിലെ ഒരംഗം. ചിറ്റഗോങ് അഭയാർഥി ക്യാംപ്. ബർമക്കാർക്കു വിട്ടുകൊടുക്കാതെ, അമ്മയുടെ കുടുംബക്കാർക്കു പോറ്റാൻ കൊടുക്കാതെ, മകനെയും ചുമലിലേന്തി യാത്ര ചെയ്തു പിതാവ്. മലബാറിലെ ഗ്രാമത്തിലേക്ക്, പന്തലായിനി അംശം കോവിൽക്കണ്ടി ദേശത്തിലേക്ക്. അഭയാർഥി ക്യാംപിൽ കുട്ടിയെ ഉപേക്ഷിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കൊൽക്കത്ത തെരുവിൽ കളിച്ചുവളർന്ന ആയിരക്കണക്കിന് അനാഥക്കുട്ടികളിൽ‌ ഒരുവനായി വളർന്നുവന്നേനേം മാമൈദി എന്ന ബർമക്കാരിക്കു ജനിച്ച കുട്ടിയും. മലബാറിൽനിന്നു ബർമയിൽ കച്ചവടത്തിനെത്തി, ഗ്രാമത്തിലെ ഒരുവളെ സ്വന്തമാക്കിയ ‘കാക്കാ’യുടെ പുത്രവാത്സല്യം അന്നു തുണയായി ഖാദറിന്. അങ്ങനെ, പെറ്റുവളർന്ന ബർമയിലെ ബില്ലിൻ ഗ്രമം വിട്ട് മാപ്പിള എലിമെന്ററി സ്കൂൾ മുതൽ കോവിൽക്കണ്ടി ദേശത്തിലെ മകനായി. പിന്നീടു തൃക്കോട്ടൂർ പാലൂർ ദേശത്തിലും. 

 

ജൻമദേശം പോലും സ്വന്തമെന്നു പറ‍ഞ്ഞ് എടുത്തുകാണിക്കാനില്ലെങ്കിലും ഖാദർ മലയാളത്തിൽ അഴകുള്ള ഒരു ദേശം സൃഷ്ടിച്ചു. ഉറയുന്ന അക്ഷരങ്ങളിലൂടെ. പള്ളിവാളിന്റെ മൂർച്ചയുള്ള പ്രയോഗങ്ങളിലൂടെ. നാട്ടുമൊഴി വഴക്കങ്ങളിലൂടെ. ആ ചോരക്കിനിപ്പുകൾ ഉറഞ്ഞു കട്ട പിടിക്കാതെ കാലങ്ങളിലൂടെ പ്രവാഹം തുടരുമ്പോൾ ഖാദർ സ്വസ്തി പറഞ്ഞിട്ടുണ്ട് മലയാൺമയ്ക്ക്. എന്നും കേരളീയൻ എന്ന് ഊറ്റം കൊണ്ടിട്ടുമുണ്ട് ഖാദർ. ഇലയിൽ വിളമ്പിയ ചോറ് കുഴച്ചുരുട്ടി വാരിയുണ്ണുമ്പോൾ വയർ മാത്രമല്ല മനസ്സിലെ ഏതൊക്കെയോ സുവർണ കാമനകൾ കൂടി സഫലീകരിക്കപ്പെടുകയാണെന്നു പറഞ്ഞിട്ടുണ്ട്. എത്രതന്നെ ഒഴിഞ്ഞുമാറിയകന്നുനിന്നാലും നിറുത്തിയാലും താൻ കേരളീയൻ എന്ന് ആവർത്തിച്ചിട്ടുണ്ട്. ‘എന്റെ വീട്ടുമുറ്റത്തെ വയൽപാടത്തിന്നങ്ങേക്കരയിലെ ഉരുണ്യേക്കാവിലമ്മയുടെ മേടവിളക്കിന്റെ നിറപൂർണിമയാണു മുന്തിയ പൊലിയമെന്നത്, എന്റെ ഒരു ഊറ്റമാണ്, പെരുമയാണ്.’

 

English Summary : U.A Kadher And His Motherland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com