ADVERTISEMENT

നാമൂസും നാവേറും നാവിലുള്ളോർ
പിട്ടും പെരട്ടും പടിക്കലുള്ളോർ
ഊയ്യാരം കേട്ടിട്ടുരിയാടിയാല്
ഒന്നു പത്താക്കിപ്പെരുപ്പിച്ചോളും...
ഒന്നൂറെ പത്തെന്നുരിയാടിയാല്
ഒമ്പതിനൊമ്പതു കൂട്ടിക്കോളും ...

തൃക്കോട്ടുരുകാരെപ്പറ്റിയുള്ള ഒരു പാട്ടാണിത്. ഇവരിലൊരുവനാണ് ഖാദർ. തൃക്കോട്ടൂരെന്ന ദേശത്തിന്റെ ചരിത്രമഴുതുന്നവൻ. പഴങ്കഥകളുടെ ഉറവയന്വേഷിക്കുന്ന കഥാകാരൻ. ചെറുപ്പക്കാർക്കു പറയാം– പഴങ്കഥയെഴുതും യു. എ. ഖാദർക്കു പ്രാന്താണ്; നട്ടപ്രാന്ത്! തനിക്കു കഥയുടെ പ്രാന്ത് ബാധിച്ചുവെന്നു തുറന്നുസമ്മതിച്ച ഖാദർ പറഞ്ഞ കഥകളാണു തൃക്കോട്ടൂർപെരുമ. ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഈടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മൽ തറവാട്ടിലുമൊക്കെയായി പടർന്നുപന്തലിച്ചുകിടക്കുന്ന കഥകൾ. നാടോടിക്കഥകളുടെ മൊഴിവഴക്കം. 1982 ൽ പ്രസിദ്ധീകരിച്ച കൃതിക്കു കേരള സാഹിത്യ അക്കാദമിയുടേതുൾപ്പെടെ പുരസ്‍കാരങ്ങളും ലഭിച്ചു 

പഴയ കഥകളുടെ നീരുറവയാൽ പച്ചച്ചുനിൽക്കുകയാണു തൃക്കോട്ടൂർ. ആ പച്ചത്തഴപ്പിന്റെ ചുവട്ടിലായിരുന്നു റംഗൂണിലെ ബില്ലിൻ ഗ്രാമത്തിൽ ജനിച്ചു കോഴിക്കോട്ട് കൊയിലാണ്ടിയിൽ വളർന്ന ഖാദറിന്റെ ബാല്യം. എത്രവളർന്നാലും എവിടെയൊക്കെപ്പോയാലും മനസ്സ് ആ ബാല്യം വീണ്ടെടുക്കാൻ തൃക്കോട്ടൂരേക്കു തിരിച്ചുപോകുന്നു; ആ ഇത്തിരിവട്ടത്തിൽ മേയുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ കഥകൾ കണ്ടെടുക്കുന്നു. കുഞ്ഞിക്കേളുക്കുറുപ്പിന്റെയും കുഞ്ഞിരാമൻ നായരുടെയും ചാത്തൻ ഗോപാലന്റെയും കണാരന്റെയും അബ്ദുറഹിമാൻ ഹാജിയുടെയും മൊയ്തുഹാജിയുടെയും അതൃമ്മാൻ കുരിക്കളിന്റെയും എടവനച്ചേരി മാധവിയുടെയും മാളുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും ചന്തയിൽ ചൂടി വിൽക്കുന്ന ജാനകിയുടെയും ചരിതങ്ങൾ. വടക്കൻപാട്ടുകളിലെ വീരവനിതകളുടെയും വീരപുരുഷൻമാരുടെയും അപദാനങ്ങളെ ഓർമിപ്പിക്കുംവിധം ഖാദർ എഴുതുന്നു; അതോടൊപ്പം ആ അപദാനങ്ങളിൽ വിപരീതാർഥത്തിൽ മുഴങ്ങുന്ന ചിരിയും കലർത്തുന്നു. 

തനതായ പ്രമേയങ്ങളും സവിശേഷമായ ആഖ്യാനചാതുരിയുമാണ് തൃക്കോട്ടൂർ പെരുമയെ ശ്രദ്ധേയമാക്കുന്നത്. മുപ്പത്തിമൂന്നു കൃതികൾക്കുശേഷമാണു ഖാദർ തൃക്കോട്ടൂർ പെരുമയുടെ രചനയിലേക്കു തിരിഞ്ഞത്. ഈ കൃതിയിലൂടെ ഖാദറിന്റെ ശ്രദ്ധ തനതായൊരു ഭാഷയുടെ ആദരണീയമായ പ്രാർഥനാമന്ദിരത്തിലേക്കു തിരിയുകയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് പ്രശസ്ത നിരൂപകൻ കെ.പി. അപ്പൻ. ജനങ്ങളുടെ നാവ് ലാളിച്ചുവികസിപ്പിച്ച വടക്കൻപാട്ടുകളിലെ ആഖ്യാനസമ്പ്രദായത്തിന്റെ നവീകരണം ഖാദറിന്റെ കലാപ്രതിഭ ഈ നോവലെറ്റുകളിൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. തിരിയേഴും കത്തുന്ന വിളക്ക്, മുങ്ങിക്കുളിക്കാനെത്തും പെണ്ണുങ്ങൾ, ദിക്കെട്ടിലും പ്രശസ്തൻ, പറന്നുവെട്ടും കണ്ടർമേനോന്റെ കൈവശക്കാരി, ചെന്തെങ്ങിൻകുല പോലെ നിറഞ്ഞ സുന്ദരി എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഖാദറിന്റെ കലയ്ക്കു വടക്കൻപാട്ടുകളോടുള്ള രക്തബന്ധത്തിന്റെ തെളിവാണ്. 

തൃക്കോട്ടൂർ തട്ടകം എന്ന ചെറുനോവലിന്റെ തുടക്കം ഖാദറിന്റെ കഥനരീതിയുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നുണ്ട്: കുഞ്ഞിക്കേളപ്പക്കുറുപ്പിനെ അറിയില്ലെങ്കിൽ പരിചയപ്പെടുത്താം–ഞങ്ങളുടെ നാട്ടുകാരനാണ്. ചാത്തുക്കുട്ടി ദൈവം കാവിനപ്പുറത്തെ ഗുളികൻതറയ്ക്കു പടിഞ്ഞാറ് മീത്തെലെത്തൊടിപ്പറമ്പിൽ ചെട്ട്യാരുകണ്ടിത്തറവാടിന്റെ ഇപ്പോഴത്തെ കൈകാര്യകർത്താവ്. സ്ഥാനി. ചിങ്ങപുരം കളരിയിൽ കച്ച കെട്ടിയ മെയ്യഭ്യാസി. മലബാറിൽ നിന്ന് അയ്യപ്പസേവയ്ക്ക് ഇത്രയും ആളില്ലാത്ത കാലത്ത് പത്തുവട്ടം മല ചവിട്ടിയ പെരിയസ്വാമി. തനി തേക്കിൻകാതല് – നാലാൾ കണ്ടാൽ നോക്കിനിന്നുപോകുന്ന ലക്ഷണമൊത്ത ശരീരം. ഒരു കെല്ലൻ. ഉറച്ചാൽ പാറ. അലിഞ്ഞാൽ ശർക്കര. 

നാടൻപാട്ടുകളിലെ കടത്തനാടിനെയും കോലത്തിരിനാടിനെയും വയനാടിനെയും പോലെ ഖാദറിന്റെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി വായനക്കാരുടെ ചിന്തകളിൽ നിറംപകർന്നു നിൽക്കുന്നു; തൃക്കോട്ടൂരിലെ ഗ്രാമീണ കഥാപാത്രങ്ങളുടെ ജീവിതം യക്ഷിക്കഥകളുടെ ഛായകൾ നേടിയെടുക്കുന്നു. നാലു ഭാഗങ്ങളിലായി 11 ചെറുനോവലുകളുടെ സമാഹാരമാണ് തൃക്കോട്ടൂർ പെരുമ. 

English Summary: U.A Khader Love Towards Thrikottoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com