ADVERTISEMENT

പഴങ്കഥകളുടെ നീരുറവയാൽ പച്ചച്ചുനിൽക്കുന്ന ഒരു സ്‌ഥലം പരിചയപ്പെടാം : തൃക്കോട്ടൂർ. കഥകളുടെ പച്ചത്തഴപ്പിൻകീഴിൽ അവിടെ കുട്ടിക്കാലം ചെലവിട്ട ഒരാൾ മുതിർന്നപ്പോൾ എഴുത്തുകാരനായി. എഴുതിയ വാക്കുകളിലും വരികളിലുമെല്ലാം തൃക്കോട്ടൂർ നിറസാന്നിധ്യമായി. തൃക്കോട്ടൂരിന്റെ ആ സ്വന്തം കഥാകാരനാണ് യു.എ.ഖാദർ. അക്ഷരങ്ങളിലൂടെ തന്റെ ബാല്യവും കഥയൂറും സ്‌ഥലവും വീണ്ടെടുത്തു മലയാളികൾക്കു സമ്മാനിച്ച എഴുത്തുകാരൻ.

 

1935- ൽ റംഗൂണിലായിരുന്നു ഖാദറിന്റെ ജനനം. ബർമക്കാരിയായ മാമൈദിയും കേരളീയനായ മൊയ്‌തീൻകുട്ടി ഹാജിയുമാണ് മാതാപിതാക്കൾ. കൊയിലാണ്ടി ഗവ. ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ ഫൈനൽ ജയിച്ച ഖാദർ മദ്രാസ് കോളജ് ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലാപഠനം പൂർത്തിയാക്കി. വടക്കൻപാട്ടിന്റെ ഈണവും താളവുമുള്ള എഴുത്തിലൂടെ മലയാളത്തിൽ തനതായൊരു അക്ഷരലോകം സൃഷ്‌ടിച്ച ഖാദർ ചിത്രകാരൻ കൂടിയായിരുന്നു.

 

തൃക്കോട്ടൂർ എന്ന സ്‌ഥലത്തുനിന്നുമാണ് ഖാദർ മിക്ക കഥകളും കഥാപാത്രങ്ങളെയും കണ്ടെടുത്തത്. തൃക്കോട്ടൂർ പശ്‌ചാത്തലമാക്കിയ അനേകം കഥകൾക്കു പുറമെ ഖാദർ എഴുതിയ നോവലെറ്റുകളുടെ സമാഹാരമാണ് തൃക്കോട്ടൂർ പെരുമ: 1984- ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. പെരുമയിലെ എല്ലാ കഥകളുടെയും പശ്‌ചാത്തലം തൃക്കോട്ടൂരാണ്; കൃത്യമായി പറഞ്ഞാൽ തൃക്കോട്ടൂർ അംശം പാലൂര് ദേശം. ഓരോ കഥയും വ്യത്യസ്‌തമാണ്; പുതിയ കഥാപാത്രങ്ങളുമുണ്ടെങ്കിലും അംശം അധികാരിയെപ്പോലുള്ളവർ കഥകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ട് എല്ലാ കഥകളെയും തൃക്കോട്ടൂർ എന്ന ദേശത്തിൽ ഉറപ്പിച്ചുനിർത്തുന്നു.

 

ഒന്നു നൂറാക്കി പെരുപ്പിച്ചു പറയുന്ന നാവാണ് തൃക്കോട്ടൂരിലെ ആണിനും പെണ്ണിനുമുള്ളതെന്നു ഖാദർ സാക്ഷ്യപ്പെടുത്തുന്നു. അവർ കഥകൾ നീട്ടിപ്പരത്തിപ്പറയുന്നു; ഇടയ്‌ക്കു പാട്ടുമുണ്ടാകും. അവർ പറയുന്ന കഥകൾ അടുക്കോടും ചൊവ്വോടുംകൂടി വായനക്കാർക്കു സമ്മാനിക്കുകയാണു ഖാദറിന്റെ ദൗത്യം. അദ്ദേഹവും ഈ കഥകളിലെ കഥാപാത്രമാണ്. എല്ലാം കേൾക്കുകയും കേട്ടതൊക്കെ, ഒരു വാക്കുപോലും നഷ്‌ടപ്പെടാതെ കഥയാക്കുകയും ചെയ്യുന്ന എഴുത്തുകാരൻ. കോരപ്പുഴയ്‌ക്കു വടക്കുജീവിക്കുന്ന വടക്കേ മലബാറുകാരെക്കുറിച്ചുള്ള തൃക്കോട്ടൂർ കഥകളിലെ ഭാഷ സാധാരണ നമ്മൾ പരിചയിച്ച എഴുത്തുഭാഷയിൽ നിന്നു വ്യത്യസ്‌തമാണ്. ഗദ്യമാണെങ്കിലും വടക്കൻപാട്ടുകളുടെ താളം ഓരോ വാക്കിലും തുളുമ്പുന്നു; ആവർത്തിച്ചു കേൾക്കാൻ കൊതിക്കുന്ന പാട്ടുപോലെ ആ വരികൾ നമ്മെ മോഹിപ്പിക്കുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ സംസാരിക്കുന്ന വാമൊഴി ശൈലി.

 

‘മാണിക്യം വിഴുങ്ങിയ കണാരൻ’ എന്ന കഥയുടെ തുടക്കം നോക്കുക:

 

പത്തുതട്ടുള്ള ഹോട്ടലിന്റെ പത്താം തട്ടിൽ, പങ്കച്ചോട്ടിൽ, ഇരുന്നും കിടന്നും പകിട എന്നും പന്ത്രണ്ടിൽത്തന്നെ ഉരുട്ടിവീഴ്‌ത്തി. കളി പതിനെട്ടും കളിച്ചുനേടി. പണ്ട് പയ്യമ്പള്ളിനടയ്‌ക്ക് താഴെ, പാലോടംകുനി പെരച്ചക്കുട്ടി ഉറ്റവരും ഉടയവരുമറിയാതെ ചതിയാലഞ്ചു ചതിയാലും, പൊളിയാൽ പത്തു പൊളിയാലും, നേരാൽ ഒന്നൂറെ നേരാലും നൂറ്റുവർ കാവ് നരിയങ്കക്കിഴി പൊത്തനയും മടിക്കുത്തിൽ ചെരുതിയതുപോലെ കണാരൻ മുതലാളി മുച്ചൂടും നേടി. അങ്ങനെയങ്ങനെ കേളിയിലിരിക്കുംകാലം, ഒരുനാൾ, ഹോട്ടലിന്റെ ഒത്തനെറുകയിൽനിന്നും താഴോട്ടുചാടി ചത്തുവത്രെ. എടുക്കാനും തൊടാനും ആകാത്തവിധം ചിതറിത്തെറിച്ചുപോയത്രെ ശവം. വാരിക്കോരിയെടുത്തൊപ്പിച്ച് വാഴയിലയിൽ പൊതിഞ്ഞാണുപോലും ഒടുക്കം ചുടുകാട്ടിലേക്ക് എടുത്തത്.

 

ചെറിയോമനച്ചാർത്തിൽ ചെട്ട്യാങ്കണ്ടി കണാരന്റെ കഥയാണിത്; പലപല ദിക്കുകളിൽ പെരുമ പൊലിച്ച പ്രമാണിയായിത്തീർത്ത കണാരൻ മുതലാളിയുടെ കഥ. മുതലാളിയാകുന്നതിനുമുമ്പ് അയാൾ ചായക്കാരൻ കണാരനായിരുന്നു. അയാളുടെ ഇഷ്‌ടക്കാരിയായിരുന്നു കല്യാണി. ഒരിക്കൽ അവൾക്കൊരു മാണിക്യം കിട്ടി. നാഗമാണിക്യം. അതു കൈക്കലാക്കിയതോടെയാണ് കണാരന്റെ ജാതകം തെളിഞ്ഞത്. കുഞ്ഞിരാമൻ വൈദ്യരുടെ മരുന്നുഷാപ്പിന്റെ കിഴക്കേപ്പുറത്തെ ഇറയോടു ചരിച്ചുകെട്ടിയ ചായ്‌പ് മാത്രമായിരുന്നു തുടക്കത്തിൽ കണാരന്റെ കട. കണാരന്റെ ചേതി എന്നായിരുന്നു തൃക്കോട്ടുരുകാർ ആ ചേതിക്കു പേരിട്ടിരുന്നത്. അയാളുടെ ചായപ്പീടികയിൽ പിട്ടും ചെറുപയറുകറിയും പപ്പടവും തിന്നാനെത്തുന്നവർ തൃക്കോട്ടൂരുകാർ മാത്രമായിരുന്നില്ല; ഒഞ്ചിയം, ഊരാളുങ്കൽ, മുട്ടുമ്മൽ, കുന്നുമ്മക്കര തുടങ്ങി പന്തലായനി അംശം വരെയുള്ള കുറുമ്പ്രനാട് താലൂക്കിലെ എല്ലാ അംശങ്ങളിലും പെട്ട ആണും പെണ്ണും ഒരു കുറിയെങ്കിലും കണാരന്റെ ചേതിയിൽ കയറിയിരുന്ന് പിട്ടും ചെറുപയറുകറിയും കാച്ചിയ പപ്പടത്തിൽ കൂട്ടിക്കുഴച്ച് വാരിത്തിന്ന് നുണച്ചിറക്കി, മീതെ ഒരു ഗ്ലാസ് മുറിച്ചാൽ മുറിയാത്ത പാലൊഴിച്ച ചായയും കഴിച്ച് ഏമ്പക്കമിട്ടിട്ടുണ്ടാകും.

 

നിരത്തോരത്തെ പൂവരശിൻചോട്ടിലായിരുന്നു ചായക്കട. കണാരന്റെ കറികളുടെ സ്വാദും ചായയുടെ മധുരവും ഇറച്ചിക്കറിയുടെ എരിവും നാട്ടിൽ പാട്ടായി. തൃക്കോട്ടൂരിൽ എല്ലാ ബസുകളും ലോറികളും നിന്നു. നിരത്തിനു നീളം പോരാ എന്നായി; നിരത്തിനു വീതി പോരാ എന്നായി. ഒടുവിൽ ചായ കുടിക്കാനെത്തുന്ന എല്ലാവർക്കും ഇരുന്നു കഴിക്കാനുള്ള സ്‌ഥലം ഇല്ല എന്നായി. കുഞ്ഞിരാമൻ വൈദ്യരുടെ ആളൊഴിഞ്ഞുകിടന്ന വൈദ്യശാലയുടെ മുറികൾകൂടി കണാരൻ ഹീനമാർഗങ്ങളിലൂടെ സ്വന്തമാക്കി. കണ്ണാടിവാതിലുകളും മറ്റുമായി കട വിപുലീകരിച്ചു. അയ്യപ്പവിലാസം മിൽട്രീ ഹോട്ടൽ; കണാരൻ മുതലാളിയുമായി. മുതലാളിയായ ശേഷം അയാൾക്കു മാറ്റങ്ങൾ വന്നു. ഒടുവിൽ നഷ്‌ടമാണിക്യം തേടി കരിനാഗം എത്തിയപ്പോൾ കണാരന് അനിവാര്യമായ ദുരന്തത്തെ തടയാനായില്ല. ഈ കഥയാണ് മാണിക്യം വിഴുങ്ങിയ കണാരനിൽ ഖാദർ പറയുന്നത്. 

 

തൃക്കോട്ടൂരിന്റെ ചരിത്രാണ് യു.എ.ഖാദർ അന്വേഷിച്ചതും എഴുതിയതും; വായിച്ചാലും കേട്ടാലും മതിവരാത്ത തൃക്കോട്ടൂർ കഥകൾ...

 

English Summary : U.A Khader Thrikotoor's Own Story Writer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com