കാക്കേ കാക്കേ സോപ്പെവിടെ ?

HIGHLIGHTS
  • ഖാദർ അന്ന് ഡ്രാക്കുളയുടെ സ്ഥിരം വായനക്കാരനാണ്.
  • ഖാദർ അന്ന് ആകാശവാണിയിൽ കഥ വായിക്കുമായിരുന്നു.
U. A. Khader
യു.എ.ഖാദർ
SHARE

ഇ.ടി.മുഹമ്മദ് ബഷീർ എംപി പണ്ട് ഒരു എഴുത്തുകാരന്റെ പകർത്തിയെഴുത്തുകാരനായിരുന്നു. പൊറോട്ടയും ചിക്കനുമായിരുന്നു പകർത്തിയെഴുത്തിനുള്ള ശമ്പളം എന്നു മാത്രം. ഇ.ടി. കഥകൾ പകർത്തിയെഴുതി നൽകിയ എഴുത്തുകാരൻ പിന്നീട് പ്രശസ്തനായി. യു.എ.ഖാദറായി. തൃക്കോട്ടൂർ പെരുമയുടെ കഥാകാരൻ ഇങ്ങനെയൊരു അപൂർവസൗഹൃദപ്പെരുമയുടെയും ഉടമയായി.

ചാലിയം ഇമ്പിച്ചി എച്ച്എസിൽ വിദ്യാർഥിയായിരിക്കെ ഇ.ടി. അവിടെ അടുത്ത് ഒരു കെട്ടിടത്തിൽ താമസിച്ചാണ് പഠിച്ചത്. അന്ന് ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായ ഖാദറും വിദ്യാർഥിയായ ഇ.ടി.യും ഒരു മുറിയിലായിരുന്നു താമസം.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നായ്ക്കളുടെ കുര കേൾക്കും. നായ്ക്കുര കേട്ടാൽപ്പിന്നെ ഖാദർ പേടിച്ച് തന്നെ കെട്ടിപ്പിടിച്ച് ഉറങ്ങാതെ കിടക്കുമായിരുന്നെന്ന് ഇ.ടി. പറയുന്നു. ഖാദർ അന്ന് ഡ്രാക്കുളയുടെ സ്ഥിരം വായനക്കാരനാണ്. അതൊക്കെ മനസ്സിലുള്ളതുകൊണ്ടുകൂടിയാണ് തനിക്കിത്ര പേടിയെന്ന് ഖാദർ പറയുമായിരുന്നു. വിദ്യാർഥിയായ ഇ.ടി.യുടെ കയ്യക്ഷരം വളരെ മനോഹരമായിരുന്നു. അതാണ് ഖാദർ കഥകൾ പ്രസിദ്ധീകരണങ്ങൾക്ക് അയയ്ക്കും മുൻപ് ഇ.ടി.യെക്കൊണ്ട് പകർത്തി എഴുതിച്ചിരുന്നത്. മുറിയിൽ വൈദ്യുതികണക്‌ഷൻ ഇല്ലാത്തതിനാൽ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലാണ് എഴുത്തും പകർത്തിയെഴുത്തുമൊക്കെ. പിറ്റേന്ന് വൈകിട്ട് ഇ.ടി.ക്ക് ഹോട്ടലിൽനിന്ന് ഖാദറിന്റെ വക പൊറോട്ടയും ചിക്കനും. 

ഖാദർ അന്ന് ആകാശവാണിയിൽ കഥ വായിക്കുമായിരുന്നു. അതിനുള്ള ചെക്ക് വന്നാലും ഖാദറിന്റെ ചെലവിൽ പൊറോട്ടയും ഇറച്ചിക്കറിയും കഴിക്കുക എന്നത് ഒരു സ്ഥിരം അവകാശം പോലെയായിരുന്നു ഇ.ടി.ക്ക്. പല പ്രമുഖ എഴുത്തുകാരുടെയും കൃതികൾ ഇ.ടി. ആദ്യമായി വായിച്ചതും അവിടുത്തെ താമസത്തിനിടെ ഖാദറിൽ നിന്നാണ്. വിക്തർയൂഗോയുടെ പാവങ്ങളും പേൾ എസ്. ബക്കിന്റെ നല്ല ഭൂമിയുമൊക്കെ വായിക്കാൻ നൽകി ഖാദർ ഇ.ടി.യെ സോപ്പിടുമായിരുന്നു.

സോപ്പിന്റെ കാര്യത്തിലും ഖാദറിനെ മറക്കാനാവില്ലെന്ന് ഇ.ടി. താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്തുള്ള കിണറ്റിൻ കരയിലായിരുന്നു രണ്ടാളുടെയും കുളി. കുളി കഴിഞ്ഞ് സോപ്പ് സൂക്ഷിച്ചിരുന്നത് അവിടെത്തന്നെ ജനൽപ്പടിയിലാണ്. ഇടയ്ക്ക് കാക്ക സോപ്പ് കൊത്തിക്കൊണ്ടു പോവും. ആ സോപ്പ് കാക്ക കൊണ്ടുപോയില്ലായിരുന്നു എങ്കിൽ തേച്ചു തീരാൻ എത്ര ദിവസമെടുക്കുമായിരുന്നോ അത്രയും നാൾ ഖാദർ വേറെ സോപ്പ് വാങ്ങാതെ കഴിച്ചുകൂട്ടുമായിരുന്നു എന്നു പറഞ്ഞപ്പോൾ ഇ.ടി അക്കാലം ഓർത്തുചിരിച്ചു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഇ.ടി.ക്കായിരുന്നു പ്രസംഗത്തിന് ഒന്നാം സമ്മാനം. പ്രസംഗമൽസരത്തിന് ചേരാൻ അന്ന് ഇ.ടി.യെ ഏറ്റവുമധികം പ്രോൽസാഹിപ്പിച്ചത് ഖാദറാണ്. ചങ്ങനാശേരിയിൽ വച്ചായിരുന്നു യുവജനോൽസവം. അന്ന് ഒന്നാം സമ്മാനത്തിന്റെ കൂടെ ഇ.ടിക്ക് ഒരു പുസ്തകവും കിട്ടി. ടി.പത്മനാഭന്റെ ‘സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ നിന്ന് ’. മുറിയിൽ വന്നയുടൻ ഇ.ടി. അത് ഖാദറെ കാണിച്ചു. ഇത് വളരെ വലിയ ഒരെഴുത്തുകാരന്റെ പുസ്തകമാണെന്നൊക്കെ അതു തിരിച്ചും മറിച്ചും നോക്കി ഖാദർ പറഞ്ഞുതന്നത് ഇ.ടി. ഓർക്കുന്നു. സമ്മാനമായി കിട്ടിയ കപ്പ് പിടിച്ചു കൊണ്ട് ഇ.ടി. നിൽക്കുന്ന ചിത്രം അന്ന് ഒരു പത്രപംക്തിയിൽ വന്നു. അതിന് മുൻകയ്യെടുത്തതും ഖാദറായിരുന്നു.

ഇവരുടെ തൊട്ടടുത്ത മുറിയിലായിരുന്നു അന്ന് ശങ്കരൻ വൈദ്യർ എന്നയാൾ താമസം. താമസം അവിടെയാണെന്നേയുള്ളൂ. ശങ്കരൻ വൈദ്യരുടെ വൈദ്യശാലയിലേക്ക് അവിടെ നിന്നു കുറേ നടക്കണം. രാത്രിയായാൽ വൈദ്യരെത്തേടി രോഗികളുടെ ബന്ധുക്കൾ വരും. മരുന്നെടുക്കാൻ വൈദ്യശാലയിലേക്ക് കൂട്ടുവരാമോ എന്ന് ചോദിച്ച് വൈദ്യർ പലപ്പോഴും ഖാദറിന്റെയും ഇ.ടി.യുടെയും മുറിയിലെത്തും. കൂട്ടുപോയാൽ വൈദ്യരുടെ പ്രതിഫലമുണ്ട്. രണ്ടാൾക്കും ഓരോ കൈക്കുമ്പിൾ നിറയെ ഉണക്കമുന്തിരി. അതു കൊതിച്ച് ‘നമുക്ക് പോവാം ’ എന്നു പറഞ്ഞ് ഇ.ടി. നിർബന്ധിക്കുമ്പോൾ ഖാദറും പുറപ്പെടുകയായി.

ഒഴിവുള്ളപ്പോൾ ഖാദറും ഇ.ടിയും കൂടി ബേപ്പൂർ അഴിമുഖത്ത് പോയിരുന്ന് സൂര്യാസ്തമയം കാണുന്നതും അക്കാലത്തെ അസ്തമിക്കാത്ത ഓർമ.

അതുകൊണ്ടാണ് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് വാങ്ങാൻ ഡൽഹിയിൽ ചെന്നപ്പോൾ അക്കാദമി നൽകിയ താമസസൗകര്യം ഒഴിവാക്കി ഖാദറും കുടുംബവും ഇ.ടി.യുടെ ഡൽഹിയിലെ എം.പി ഫ്ലാറ്റിൽ രണ്ടാഴ്ച താമസിച്ചത്.

English Summary : Friendship Between U.A Khader And E.T  Muhammed Basheer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;