ADVERTISEMENT

എഡ്വേഡ് ലൂയിസ് ഒരിക്കല്‍ കൂടി തകർന്നുപോയിരിക്കുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതുപോലെ. ശാരീരികമല്ല, മാനസിക ക്ഷതങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്. ഒരൊറ്റ വിധിയിലൂടെ 8 വര്‍ഷത്തെ അദ്ദേഹത്തിന്റെ പോരാട്ടം വിഫലമായിരിക്കുന്നു. ബെസ്റ്റ് സെല്ലര്‍ ആയ പുസ്തകത്തിന്റെ വിധി ഇനി എന്ത് എന്നതിന് ഉത്തരമില്ല. ഒപ്പം സമൂഹത്തിന്റെ മുന്നില്‍ പരിഹാസ കഥാപാത്രവും. ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ട ആ എഴുത്തുകാരന്‍ ഇപ്പോഴിതാ കോടതിവിധിയിലൂടെ വീണ്ടും പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. നഗ്നനാക്കപ്പെട്ടിരിക്കുന്നു. ചോരയൊലിക്കുന്ന മുറിവുകളുമായി നീതിക്കുവേണ്ടി യാചിക്കുന്നു. 

 

എഡ്വേഡ് ലൂയിസിന്റെ കഥയും ജീവിതവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലിലെ കഥാപാത്രവും മറ്റൊരാളല്ല. എന്നാല്‍ എല്ലാം വിഫലമായെന്ന തോന്നലിന്റെ കുരിശില്‍ പിടയുകയാണ് ഇപ്പോഴദ്ദേഹം. 

2012 ലാണ് സംഭവങ്ങളുടെ തുടക്കം. ലൂയിസ് അന്നു പാരിസില്‍ വിദ്യാര്‍ഥി. ഒരു ദിവസം പൊലീസില്‍ ഒരു പരാതി കൊ‍ടുക്കുന്നു. തലേന്നു വൈകിട്ട് ഒരു പുരുഷന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു പരാതി; കത്തിമുനയില്‍ നിര്‍ത്തി ഐപാഡും ഫോണും മോഷ്ടിച്ചെന്നും. 

 

ലൂയിസിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. പരസ്പര സമ്മതത്തോടെയല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ലൈംഗിക ബന്ധത്തിനു വിധേയനാക്കി എന്നതിന്റെ തെളിവുകള്‍ ലഭിച്ചു. കഴുത്തില്‍ മുറിവുകളും കണ്ടെത്തി. 

 

ഈ സംഭവമാണ് ലൂയിസിന്റെ ആദ്യത്തെ കൃതിക്കു പ്രേരണയായത്. 2016 ല്‍ പുറത്തുവന്ന, ‘ഹിസ്റ്ററി ഓഫ് വയലന്‍സ്. ദ് എന്‍ഡ് ഓഫ് എഡ്ഡി’ എന്ന പേരില്‍ എഴുതിയ ആത്മകഥയിലും കുട്ടിക്കാലം മുതലേ സഹിക്കേണ്ടിവന്ന ക്രൂരതകള്‍ ലൂയിസ് എഴുതിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. ഫ്രഞ്ച് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടു. 

 

ഈ സമയത്തൊക്കെ ലൂയിസ് കൊടുത്ത പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ലൈംഗിക പീഡനം നടന്നു  നാലു വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റിലായി. ഡിഎന്‍എ പരിശോധനയില്‍ ലൂയിസിനെ പീഡിപ്പിച്ചത് അറസ്റ്റിലായ പ്രതിയാണെന്നു തെളിയിക്കപ്പെട്ടു. 

 

ലൈംഗിക പീഡനത്തിനും മോഷണത്തിനും പ്രതിക്കു ലഭിച്ചത് നാലു വര്‍ഷത്തെ തടവുശിക്ഷ. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണു ലൂയിസുമായി ഉണ്ടായതെന്നും വാദിച്ച് പ്രതി അപ്പീല്‍ സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ആഴ്ച കേസില്‍ വിധി വന്നു.  പ്രതി കുറ്റവിമുക്തന്‍. നിര്‍ബന്ധിത ലൈംഗിക പീഡനത്തിന്റെ തെളിവുകളില്ല എന്നാണു കോടതിയുടെ കണ്ടെത്തല്‍. മോഷണത്തിന്റെ പേരില്‍ പ്രതിക്ക് മൂന്നു മാസത്തെ തടവുശിക്ഷ മാത്രം. 

 

എട്ടു വര്‍ഷം മുന്‍പുണ്ടായ പീഡനത്തിന്റെ വേദനകളുമായാണ് ലൂയിസ് ഇപ്പോഴും ജീവിക്കുന്നത്. അന്നത്തെ അനുഭവം പേടിസ്വപ്നങ്ങളായി അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. ഓര്‍മകളില്‍ നിന്നു രക്ഷപ്പെടാനാണ് ആ അനുഭവത്തെക്കുറിച്ച് എഴുതിയതുതന്നെ. എന്നാല്‍ ഇപ്പോഴത്തെ വിധി ഒരിക്കല്‍ക്കൂടി ലൂയിസിനെ തകര്‍ത്തിരിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോഴും അദ്ദേഹം അസ്വസ്ഥനാണ്. അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. 

 

തങ്ങള്‍ക്കു സഹിക്കേണ്ടിവന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് മൗനം പാലിക്കാറുണ്ട് ഇപ്പോഴും ഒട്ടേറെപ്പേർ. എന്നാല്‍ മറ്റാര്‍ക്കും തന്റെ വിധി ഉണ്ടാകാതിരിക്കാനാണ് ലൂയിസ് എല്ലാം തുറന്നുപറഞ്ഞതും എഴുതിയതും. ഇപ്പോഴിതാ വിധിയെന്ന പീഡനത്തിന് വിധേയനായ അദ്ദേഹം അനുഭവങ്ങളുടെ രണ്ടു പുസ്തകങ്ങളുമായി വീണ്ടും നീതിക്കുവേണ്ടി യാചിക്കുന്നു. 

 

English Summary : Edouard Louis in very bad way after man accused of his rape has charge dropped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com