ADVERTISEMENT

യുദ്ധമുന്നണിയിലേക്കു പോകാൻ തന്റെ വെള്ളക്കുതിരയെ കൊണ്ടുവരാൻ രാജാവ് ഭടന്മാരോട് ആവശ്യപ്പെട്ടു. കുതിരയെ അഴിക്കാനെത്തിയ ഭടൻ അപ്പോഴാണു ലാടം തറയ്‌ക്കാൻ കുതിരയെ കൊല്ലന്റെ ആലയിൽ ഏൽപ്പിച്ച കാര്യം ഓർത്തത്. ആലയിലെത്തിയപ്പോൾ അയാൾ പറഞ്ഞു: ‘ഞാൻ ലാടം ഉണ്ടാക്കുന്നതേയുള്ളൂ. ഉണ്ടാക്കിയ ലാടം തറയ്‌ക്കാൻ നോക്കിയപ്പോൾ ആവശ്യത്തിന് ആണികളില്ല’. ആണികൾ ഉണ്ടാക്കിത്തീരുന്നതിനു മുമ്പേ യുദ്ധകാഹളം മുഴങ്ങി. മുഴുവൻ ആണിയും തറയ്‌ക്കുന്നതിനു മുമ്പേ ഭടൻ കുതിരയുമായി പാഞ്ഞു. രാജാവ് ആ കുതിരപ്പുറത്തു കയറി യുദ്ധഭൂമിയിലെത്തി. അധികം പോകുന്നതിനു മുൻപുതന്നെ ലാടം ഊരിത്തെറിച്ച് കുതിരയും രാജാവും നിലംപതിച്ചു. ആർക്കും രക്ഷിക്കാൻ കഴിയുന്നതിനു മുൻപേ ശത്രുക്കൾ രാജാവിനെ പിടിച്ചുകെട്ടി കൊണ്ടുപോയി. 

ആണിയുടെ കുറവുകൊണ്ട് ലാടവും ലാടത്തിന്റെ കുറവു കൊണ്ട് കുതിരയും കുതിരയുടെ കുറവുകൊണ്ട് രാജാവും രാജാവിന്റെ കുറവുകൊണ്ട് രാജ്യവും നഷ്‌ടമാകും. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഒരു ആണിയുടെ കുറവ് കൊണ്ടും രാജ്യം നഷ്‌ടമാകാം. ചെറിയ കാരണങ്ങളാണ് എല്ലാ വീഴ്‌ചകളുടെയും കാരണം. വലിയ പോരായ്‌മകളെ പെട്ടെന്ന് തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യാം. ചെറിയ പിഴവുകളെ ശ്രദ്ധിക്കില്ല; ശ്രദ്ധിച്ചാൽതന്നെ അവയ്ക്ക് അർഹിക്കുന്ന പരിഗണന നൽകുകയുമില്ല. പ്രശ്‌നങ്ങളെ സമീപിക്കേണ്ടത് അവയുടെ വരുംകാല അപകടസാധ്യതകൾകൂടി മുൻകൂട്ടി കണ്ടാകണം. 

ഒരു ദിവസംകൊണ്ട് ആരും തകരില്ല. തകർച്ചയുടെ ദുഃസൂചനകൾ പലതവണ കൺമുമ്പിൽ വന്നിട്ടുണ്ടാകും. ഗൗനിക്കാതെ, ഗൗരവത്തോടെ കാണാതെ നടന്നകലുന്നവരെ തടഞ്ഞുനിർത്താൻ വീഴ്‌ച മാത്രമാണു പരിഹാരം. ചുവപ്പ് കാർഡിന് മുമ്പ് മഞ്ഞക്കാർഡുണ്ട്. അതിൽ നിന്നു പഠിക്കണം. പല മഞ്ഞക്കാർഡുകൾ ആവർത്തിക്കുമ്പോഴെങ്കിലും തിരിച്ചറിയണം സ്വന്തം പാകപ്പിഴകൾ. 

English Summary : Subhadinam - Are you ignorning life's warning signals?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com