കോവിഡ്കാലത്തെ മുൻനിർത്തി മാർപാപ്പ പറയുന്നു, സ്ത്രീകൾ നയിക്കട്ടെ !

HIGHLIGHTS
  • കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയാണ്.
  • പിടിച്ചുനിൽക്കാനുള്ള ശേഷി തെളിയിച്ചതും അവരാണ്.
VATICAN-POPE-VALENTINE
Pope Francis. Photo Credit: Gabierl Bouys / AFP Photo
SHARE

‘ലെറ്റ് അസ് ഡ്രീം – ദ് പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ’ എന്ന പുസ്തകത്തിലൂടെ കോവിഡ് ലോകത്തെ ചിന്തകൾ പങ്കുവയ്ക്കുന്നു ഫ്രാൻസിസ് മാർപാപ്പ. ബ്രിട്ടിഷ് മാധ്യമപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ചേർന്നു തയാറാക്കിയ പുസ്തകം ഇന്നലെ പുറത്തിറങ്ങി. 

കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയാണ്; പിടിച്ചുനിൽക്കാനുള്ള ശേഷി തെളിയിച്ചതും അവരാണ്. പാഠപുസ്തകങ്ങളിൽ കിട്ടാത്ത പ്രായോഗിക അറിവുകളാണ് അവരുടേത്. 

നിയന്ത്രണങ്ങൾക്കപ്പുറം, സുസ്ഥിരതയും സംരക്ഷണവും സാധ്യമാക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. 

‘സ്ത്രീകളുടെ നേതൃത്വമാണു പ്രതിസന്ധികാലത്തു പ്രതീക്ഷയുടെ വേറിട്ട അടയാളം. അവരാണു ഭരണനിർവഹണത്തിൽ പുരുഷൻമാരെക്കാൾ മെച്ചം. അവർക്കു പ്രക്രിയകൾ മനസ്സിലാകും, കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനറിയാം. വീട്ടമ്മമാർ എന്നു സ്ത്രീകളെ വിശേഷിപ്പിക്കുന്നതു തരംതാഴ്ത്തലായി കരുതപ്പെടുന്നു, അത്തരത്തിൽ ഉപയോഗിക്കാറുമുണ്ട്. എന്നാൽ, വീടു നടത്തുകയെന്നതു ചെറിയ കാര്യമല്ല. ഒരേ സമയത്തു പല കാര്യങ്ങൾ ചെയ്യണം; പല താൽപര്യങ്ങൾ ഒത്തുകൊണ്ടുപോകണം, വഴക്കമുണ്ടാവണം. ഒരേസമയം അവർ മൂന്നു ഭാഷകൾ സംസാരിക്കണം; മനസ്സിന്റെയും ഹൃദയത്തിന്റെയും കൈകളുടെയും.’

pope-francis-book

കോവിഡ് ലോക്ഡൗൺ കാലത്തെ കാഴ്ചകളെ മുൻനിർത്തി ഫ്രാൻസിസ് മാർപാപ്പ പുതിയ ലോകത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുകയാണ് ‘ലെറ്റ് അസ് ഡ്രീം – ദ് പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ’ എന്ന പുതിയ പുസ്തകത്തിൽ. ബ്രിട്ടിഷ് മാധ്യമപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ചേർന്നു തയാറാക്കിയ പുസ്തകം ഇന്നലെ പുറത്തിറങ്ങി. 

പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചതു സ്ത്രീകളെയാണ്, പിടിച്ചുനിൽക്കാനുള്ള ശേഷി തെളിയിച്ചതും അവരാണ്. ലോകത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതിൽ 70 ശതമാനവും സ്ത്രീകളാണ്.  ഒപ്പം, അനൗപചാരികവും ശമ്പളമില്ലാത്തതുമായ മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ സാമ്പത്തികമായി അവർക്കാണു കൂടുതൽ ആഘാതമേൽക്കുന്നത്. എന്നാൽ, സ്ത്രീകൾ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിട്ടുള്ള രാജ്യങ്ങൾ കോവിഡ് പ്രശ്നത്തോടു മെച്ചപ്പെട്ട രീതിയിലും വേഗത്തിലും പ്രതികരിച്ചുവെന്നും അവർ സുഗമമായി തീരുമാനങ്ങളെടുക്കുകയും അവയുടെ ആശയവിനിമയത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തുവെന്നും ഫ്രാൻസിസ് പാപ്പ വാദിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരായ സ്ത്രീകൾ പാഠപുസ്തകങ്ങളിൽ കിട്ടാത്ത പ്രായോഗിക അറിവുകളാണു മുന്നോട്ടുവയ്ക്കുന്നത്. ഉന്നതമായ പഠനങ്ങൾക്കു പുറമെ, ശമ്പളമില്ലാത്ത വീട്ടുജോലിയും മാതൃത്വവുമുൾപ്പെടെയുള്ള അനുഭവങ്ങളുള്ളതിനാൽ, നിലവിൽ മേൽക്കയ്യുള്ള സാമ്പത്തിക മാതൃകകളുടെ പിഴവുകൾ മനസ്സിലാക്കാൻ സ്ത്രീകൾക്കു സാധിക്കുന്നു. നിയന്ത്രണങ്ങൾക്കപ്പുറം, സുസ്ഥിരതയും സംരക്ഷണവും പുതുനാമ്പുകളും സാധ്യമാക്കുന്ന മാതൃഭാവമുള്ള സമ്പദ്‌വ്യവസ്ഥയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. അതാണ് ഇപ്പോൾ പ്രസക്തവും എന്നാണു മാർപാപ്പയുടെ പക്ഷം; വൈദികരാവാത്തതിനാൽ സ്ത്രീകൾ യഥാർഥ നേതാക്കളല്ലെന്ന വാദം അവരോടുള്ള അനാദരവാണെന്നും. 

പുതിയകാല വിശുദ്ധർ

സ്വന്തം ജീവനപ്പുറം, മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിച്ചവർക്കുവേണ്ടിയാണ് ലോക്ഡൗൺ കാലത്തു താൻ പല തവണ പ്രാർഥിച്ചതെന്നു മാർപാപ്പ എഴുതുന്നു. നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആതുരസേവകരെയുമാണു പാപ്പ അനുസ്മരിക്കുന്നത്: ‘അവരുടെ തീരുമാനം ഒരു ബോധ്യത്തിന്റെ സാക്ഷ്യമാണ്: മറ്റുള്ളവർക്കു സേവനം ചെയ്തുള്ള ഹ്രസ്വ ജീവിതമാണ് അതിനുള്ള വിളിയെ ചെറുക്കുന്ന ദീർഘ ജീവിതത്തെക്കാൾ നല്ലത്. അതിനാലാണു പല രാജ്യങ്ങളിലും ജനങ്ങൾ ജനാലയ്ക്കരികിലും വാതിൽപ്പടിയിലുംനിന്ന് അവർക്കു നന്ദി പ്രകടിപ്പിച്ചത്. അവർ നമുക്കു തൊട്ടപ്പുറത്തുള്ള വിശുദ്ധരാണ്. അകൽച്ചയെന്ന വൈറസിനുള്ള പ്രതിമരുന്നാണവർ. നമ്മുടെ ജീവിതം ദാനമാണെന്നും നമ്മെത്തന്നെ നൽകുന്നതിലൂടെയാണു നമ്മൾ വളരുന്നതെന്നും ഓർമപ്പെടുത്തുന്നു.’

VATICAN-POPE-MASS-INAUGURATION
Pope Francis. Photo Credit: Tiziana / AFP Photo

തന്റെ പോയകാല ജീവിതത്തിലെ ‘കോവിഡ് അനുഭവങ്ങ’ളെക്കുറിച്ചും മാർപാപ്പ ഓർത്തെടുക്കുന്നു. ‘1957 നവംബറിൽ എന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയത് ഓർക്കുമ്പോൾ, കൊറോണ വൈറസ് ബാധിതർ വെന്റിലേറ്ററിൽ ശ്വസിക്കാൻ പെടുന്ന പ്രയാസം മനസ്സിലാകും. ഞാൻ മരിക്കാൻ പോകുന്നുവെന്നു തിരിച്ചറിഞ്ഞ നഴ്സായ സിസ്റ്റർ കൊർണേലിയ കാരഗ്‌ലിയോ മരുന്നിന്റെ അളവു കൂട്ടാൻ മറ്റുള്ളവരോടു നിർദേശിച്ചു. സിസ്റ്ററാണ് എന്റെ ജീവൻ രക്ഷിച്ചത്. രോഗികളുമായുള്ള നിരന്തര സമ്പർക്കത്തിനാൽ, ഡോക്ടറെക്കാൾ നന്നായി രോഗിയുടെ ആവശ്യം മനസ്സിലാക്കി; ആ അറിവു പ്രയോഗിക്കാനുള്ള ധൈര്യവുമുണ്ടായി.’ കൊർണേലിയയും തന്നെ പരിചരിച്ച മറ്റൊരു നഴ്സായ മൈക്കേലയും ഇപ്പോൾ സ്വർഗത്തിലാണെന്നും താൻ അവരോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും മാർപാപ്പ എഴുതുന്നു.

ഏകാന്തതയുടെ കാലം

ജർമൻ ഭാഷ പഠിക്കാനും ഗവേഷണത്തിനുമായി 1986ൽ ജർമനിയിലായിരുന്ന കാലത്തു നേരിട്ട ഏകാന്തതയെക്കുറിച്ചു പറയുമ്പോൾ മാർപാപ്പ ഓർക്കുന്നത് അർജന്റീനയുടെ ഫുട്ബോൾ ലോകകപ്പ് ജയമാണ്: ‘ജർമനിയിലെ എന്റെ 1986ലെ നാളുകളെ ‘പറിച്ചുമാറ്റപ്പെടലിന്റെ കോവിഡ്’ എന്നു വിളിക്കാം. എന്റെ ജർമൻ ഭാഷ മെച്ചപ്പെടുത്താനും ഗവേഷണത്തിനു വിവരങ്ങൾ ശേഖരിക്കാനുമായി സ്വയം തീരുമാനിച്ചുള്ള പറിച്ചുമാറ്റലായിരുന്നു അത്.

ജർമനിയെ തോൽപിച്ച്, അർജന്റീന ലോകകപ്പ് നേടിയ ദിവസം ഞാനോർക്കുന്നു. ഞാൻ കളി കണ്ടില്ലായിരുന്നു. ‍ഞങ്ങൾ വിജയിച്ചുവെന്നു പിറ്റേന്നത്തെ പത്രങ്ങളിൽ വായിച്ചാണറി‍ഞ്ഞത്. ഞാൻ ജർമൻ ക്ലാസ്സിലേക്കു കയറിച്ചെന്നു, ആരും ഒന്നും പറഞ്ഞില്ല. ഒരു ജാപ്പനീസ് പെൺകുട്ടി ബ്ലാക്ക്ബോർഡിൽ ‘വീവ അർജന്റീന’ എന്നെഴുതി. എല്ലാവരും ആർത്തുചിരിക്കാൻ തുടങ്ങി. ടീച്ചറെത്തി, അതു മായ്ക്കാൻ പെൺകുട്ടിയോടു പറഞ്ഞു. ആ സന്തോഷം അവിടെത്തീർന്നു.’ പങ്കുവയ്ക്കാനാവാത്ത വിജയത്തിന്റെ ഏകാന്തതയെന്നാണ് ഇതിനെ പാപ്പ വിശേഷിപ്പിക്കുന്നത്. 

ചില പ്രതിസന്ധികളെ വ്യക്തിപരമായ കോവിഡുകളെന്നാണു പാപ്പ വിളിക്കുന്നത്. ‘എനിക്ക് അടിപതറുമെന്നു കരുതി വലയം ചെയ്യാൻ ശ്രമിക്കുന്ന സാത്താനെ കാണാൻ എന്റെ പ്രായത്തിൽ പ്രത്യേക കണ്ണടകൾ വേണം. കാരണം, ഞാൻ അവിടെയാണ്: എന്റെ ജീവിതാവസാനത്തിൽ.’

ടഗോറിന്റെ ഗീതാഞ്ജലി

POPE/
Pope Francis. Photo Credit: Tiziana Fabi / Reuters

കൊറോണയാൽ ഉത്തേജിതമായ മാറ്റം, കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ സഹായകമാണെന്നു പാപ്പ പറയുന്നു. പ്രകൃതിയിലെ ഒരു ഘടകം മാത്രമാണു മനുഷ്യരെന്ന ഈ തിരിച്ചറിവും പ്രകൃതിയോടുള്ള കരുതലിനു നമ്മെ സഹായിക്കണം. അകലത്തുള്ളവരെ അരികിലും അപരിചിതനെ സോദരനുമാക്കിയതിനു ദൈവത്തിനു നന്ദി പറയുന്ന, ടഗോറിന്റെ ഗീതാഞ്ജലിയിലെ വാക്കുകൾ പാപ്പ ഉദ്ധരിക്കുന്നു. വ്യക്തിയല്ല, ജനത എന്നതാണു ബോധ്യമെന്നാണ് ഇക്കാലത്ത് വേണ്ടതെന്നു വാദിക്കുന്നു.

റോഹിൻഗ്യകളാണു ലോകത്ത് ഏറ്റവും പീഡനമനുഭവിക്കുന്നവരെന്നു പറയുന്ന പാപ്പ, അവരെ സംരക്ഷിക്കാൻ ബംഗ്ലദേശ് കരം നീട്ടിയതിനെ പ്രകീർത്തിക്കുന്നു; കുടിയേറ്റക്കാരും അതിഥിത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരുമുൾപ്പെടെ പാർശ്വവൽകരിക്കപ്പെട്ടവരെ പരിഗണിക്കാതെ ലാഭം മാത്രം നോക്കുന്ന വിപണിയെ നിശിതമായി വിമർശിക്കുന്നു. കയ്യടി നേടാനും അധികാരം നിലനിർത്താനുമുള്ള പ്രഖ്യാപനങ്ങൾ നടത്തുന്ന രാഷ്ട്രീയ നേതാക്കൾക്കു കടുത്ത വിമർശനവുമുണ്ട്. 

ജീവിതം സാധാരണഗതിയിലേക്കു മടങ്ങുമെന്ന ഊഹത്തിന്റെ രാവണൻകോട്ടയിൽ പെടരുത്; അവരവരെയല്ല, ജനതയെ മുന്നിൽനിർത്തിയുള്ളതാവണം പുതിയ കാലത്തെ ജീവിതം: ‘സെൽഫി’ സംസ്കാരം ഉപേക്ഷിക്കുക, ചുറ്റുമുള്ളവരുടെ കണ്ണുകളും മുഖങ്ങളും കൈകളും ആവശ്യങ്ങളും കാണുക, അതിലൂടെ സ്വന്തം മുഖവും സാധ്യതകൾ നിറഞ്ഞ സ്വന്തം കരങ്ങളും കാണുക’ – പാപ്പ പറയുന്നു. 

English Summary: Let Us Dream: The Path to a Better Future Book by Pope Francis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;